- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എസ് ആർ ടി സിയിൽ പരിഷ്കാരങ്ങൾക്ക് ഗണേശിനു കഴിയുമോ?
തിരുവനന്തപുരം: ഗതാഗത മന്ത്രി കെബി ഗണേശ് കുമാറിനെതിരെ പരസ്യ പ്രസ്താവനകൾ അരുതെന്ന് മുൻ മന്ത്രിയും ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവുമായ ആന്റണി രാജുവിനോട് നിർദ്ദേശിച്ച് സിപിഎം. ഗണേശിന്റെ ഇടപെടലുകളിൽ അന്റണി രാജുവിനുണ്ടായ വേദന തിരിച്ചറിയുന്നുണ്ടെന്നും സിപിഎം അറിയിച്ചു. ഈ സാഹചര്യത്തിൽ വിവാദങ്ങളിൽ തൽകാലം ആന്റണി രാജു പ്രതികരിക്കില്ല. ഇലക്ട്രിക് ബസുകൾ കെ.എസ്.ആർ.ടി.സിക്കു ലാഭകരമല്ലെന്നു പ്രഖ്യാപിച്ചും മുന്മന്ത്രി ആന്റണി രാജുവിനെതിരേ ഒളിയമ്പുകളെയ്തും പുതിയ ഗതാഗതമന്ത്രി കെ.ബി. ഗണേശ്കുമാറിന്റെ തുടക്കമാണ് വിവാദങ്ങൾക്ക് കാരണം.
ആന്റണി രാജുവിന്റെ നിലപാടുകൾ കൂടി കേട്ട ശേഷമാണ് ഇലക്ട്രിക്കൽ ബസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ പരസ്യമായി രംഗത്ത് വന്നത്. ഇലക്ട്രിക് ബസ് വിവാദം മുറുകുമ്പോഴും കെ.എസ്.ആർ.ടി.സിയിലെ പരിഷ്കരണനടപടികളുമായി മുന്നോട്ടു പോകാനുറച്ച് ഗണേശ്കുമാർ. കോർപറേഷനെ ലാഭത്തിലാക്കി, ജീവനക്കാർക്കു കൃത്യമായി ശമ്പളം നൽകുന്നതിനാണു മുൻഗണനയെന്ന നിലപാടിലാണ് അദ്ദേഹം. എന്നാൽ ഇലക്ട്രിക് ബസ് വേണമെന്ന നിലപാടിലാണ് സിപിഎം. അത് പാർട്ടി നേരിട്ട് പറയുകയും ചെയ്തു.
അടുത്ത ഇടതു യോഗത്തിൽ ഈ വിഷയം ചർച്ചയാകും. ആന്റണി രാജു തന്നെ വിഷയം ഉയർത്തും. അതിന് ശേഷം മുന്നണി പൊതു തീരുമാനം എടുക്കും. ഇവിടെ മന്ത്രി ഗണേശിനും അഭിപ്രായം പറയാം. മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടി മനസ്സറിഞ്ഞാണ് സിപിഎം ഇലക്ട്രിക്കൽ ബസ് വിഷയത്തിൽ നിലപാട് എടുത്തത്. അതുകൊണ്ട് തന്നെ പത്തു രൂപ ബസിൽ ഇടതു മുന്നണി ഉറച്ചു നിൽക്കുമെന്നും സൂചനയുണ്ട്.
തിരുവനന്തപുരത്തു സിറ്റി സർവീസ് നടത്തുന്ന ഇലക്ട്രിക് ബസുകൾ നഷ്ടമാണെന്നും ഇനി വാങ്ങില്ലെന്നുമുള്ള ഗണേശ്കുമാറിന്റെ പ്രസ്താവനയ്ക്കെതിരേ വി.കെ. പ്രശാന്ത് എംഎൽഎയാണു സിപിഎമ്മിൽനിന്ന് ആദ്യവെടി പൊട്ടിച്ചത്. ഇലക്ട്രിക് ബസ് സർവീസ് സർക്കാരിന്റെ നയതീരുമാനമാണെന്നും കെ.എസ്.ആർ.ടി.സിക്ക് അതിൽ ബാധ്യതയില്ലെന്നുമായിരുന്നു പ്രശാന്തിന്റെ പ്രതികരണം. ഇടതു യോഗത്തിൽ ഇതു തന്നെയാകും സിപിഎമ്മും നിലപാട്.
ഇലക്ട്രിക് ബസ് സർവീസിനെ ആശ്രയിക്കുന്ന നിരവധി ആളുകളുണ്ട്. അവ നിലനിർത്താനുള്ള നടപടിയാണു വേണ്ടത്. നഗരമലിനീകരണം കുറയ്ക്കുന്ന ഇലക്ട്രിക് ബസുകൾ ഒഴിവാക്കുകയെന്നത് ഇടതുമുന്നണിയുടെ നയമല്ലെന്നും പ്രശാന്ത് തുറന്നടിച്ചു. പ്രശാന്തിനു പിന്നാലെ, സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മന്ത്രിക്കെതിരേ രംഗത്തെത്തി. ജനത്തിന് ആശ്വാസമെങ്കിൽ ഇലക്ട്രിക് ബസ് തുടരുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. മന്ത്രി മാത്രമല്ലല്ലോ, മന്ത്രിസഭയല്ലേ കാര്യം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയോട് അനുമതി വാങ്ങിയാണ് ഈ നിലപാട് സിപിഎം സെക്രട്ടറി പ്രഖ്യാപിച്ചതെന്നും സൂചനയുണ്ട്.
അതേസമയം, ഇലക്ട്രിക് ബസ് സർവീസ് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടറോടു മന്ത്രി വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഓരോ ബസിന്റെയും വരുമാനം, റൂട്ട് വിവരങ്ങൾ ഉൾപ്പെടെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ ഓർഡിനറി സർവീസ് നടത്തിയിരുന്ന ഡീസൽ ബസുകൾ പിൻവലിച്ചാണ് ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കിയത്. ഒരു ഇലക്ട്രിക് ബസിന്റെ വിലയ്ക്ക് കൂടുതൽ ഡീസൽ ബസുകൾ വാങ്ങാമെന്നാണു ഗണേശ്കുമാറിന്റെ വാദം. ഇവയാകട്ടെ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിനു വേണ്ടിയാണു സർവീസ് നടത്തുന്നത്.
വൻതുകയ്ക്കു വാങ്ങിയ ഇലക്ട്രിക് ബസുകൾ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ (10 രൂപ) ഓടിക്കുന്നതു കോർപറേഷനു വൻബാധ്യതയാണെന്ന യാഥാർത്ഥ്യമാണു മന്ത്രി ചൂണ്ടിക്കാട്ടിയത്.