തിരുവനന്തപുരം: ആ ബസിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതു കൊണ്ട് ഡ്രൈവർ യദുവിന് ഒരു നേട്ടവുമില്ല. ബസിനുള്ളിൽ കയറി ആരെങ്കിലും പ്രശ്നമുണ്ടാക്കിയാൽ കുടുങ്ങുന്ന സിസിടവി സ്ഥാപനമായിരുന്നു ആ ബസിലേത്. ഡ്രൈവറുടെ ചലനങ്ങളും കൈകാട്ടലുകളും ഒന്നും ആ സിസിടിവിയിൽ പതിയില്ല. എന്നാൽ ആ ദൃശ്യങ്ങൾ കിട്ടിയിരുന്നുവെങ്കിൽ എംഎൽഎ ബസിൽ കയറിയോ എന്ന് വ്യക്തമാകുമായിരുന്നു. സിസിടിവി മെമ്മറി കാർഡ് നശിപ്പിച്ചതിലൂടെ നഷ്ടമാകുന്നത് ഇതുറപ്പിക്കാനുള്ള തെളിവാണ്. ബസിൽ സിസിടിവി സ്ഥാപിച്ചവരുടെ വാക്കുകൾക്കിടയിൽ ആ സത്യം ഒളിച്ചിരിപ്പുണ്ട്.

മേയർ ആര്യ രാജേന്ദ്രനും കെ എസ് ആർ ടി സി ഡ്രൈവർ യദുവും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിനു പിന്നാലെ ഡ്രൈവർ യദു അശ്ലീല ആംഗ്യം കാണിച്ചുവെന്ന ആരോപണവുമായി മേയർ രംഗത്തു വന്നിരുന്നു. എന്നാൽ ഇതിനു തെളിവാകേണ്ട സി സി ടിവി ദൃശ്യങ്ങൾ പൊലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല. എം എൽ എ അടക്കം ബസ്സിൽ കയറിയിട്ടുണ്ടെങ്കിൽ ഏക തെളിവും ഈ മെമ്മറി കാർഡിലുണ്ട്. എന്നാലിപ്പോൾ ഈ ബസ്സിലുണ്ടായിരുന്ന ക്യാമറകളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരികയാണ്. ബസ്സിൽ 3 സി സി ടിവി ക്യാമറകളടക്കമുള്ള സിസ്റ്റം ഇൻസ്റ്റാൾ ചെയ്ത് എം എം അസോസിയേറ്റ്സ് എന്ന കമ്പനിയുടെ മാനേജിംങ് ഡയറക്ടർ മുഹമ്മദ് നൗഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണ്.

മൂന്ന് ക്യാമറകളിലൊന്ന് ബസ്സിന്റെ മുൻഭാഗത്തായി റോഡിന്റെ ദൃശ്യം കാണാവുന്ന തരത്തിലാണ് ഘടിപ്പിച്ചരിക്കുന്നത്. രണ്ടാമത്തെ ക്യാമറ ഡ്രൈവർ ഇരിക്കുന്നതിനു പുറകിലുമാണ്. യാത്രക്കാരെയും ഫുട്ബോർഡും കാണുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മൂന്നാമത്തേത് വാഹനത്തിന്റെ പുറകുവശത്തുമാണുള്ളത്. ഈ മൂന്ന് ക്യാമറകളിൽ ഒന്നിൽ പോലും ഡ്രൈവറെ ഒരിക്കൽ പോലും കാണുവാൻ സാധിക്കില്ലെന്നാണ് മറുനാടനോട് മുഹമ്മദ് നിഷാദ് പറയുന്നു. സാങ്കേതികമായി ഏറെ മുന്നിൽ നിൽക്കുന്ന ക്യാമറയല്ല ഈ ബസിലുള്ളത്.

അതായത് ഡ്രൈവർ എന്തു ചെയ്താലും ഈ ക്യാമറകണ്ണുകൾ ഒപ്പിയെടുക്കില്ല എന്നു സാരം. ഡ്രൈവർ ക്യാബിനിലാണ് ക്യാമറ ഉള്ളതെങ്കിലും പൂർണ്ണമായും ബസ്സിനു പുറത്തുള്ള ദൃശ്യങ്ങൾ മാത്രമേ മുമ്പിലുള്ള ക്യാമറയിൽ പതിയുകയുള്ളൂവെന്നാണ് ഈ വെളിപ്പെടുത്തൽ പറഞ്ഞു വയ്ക്കുന്നത്. അതായത് യദുവിനെ കുടുക്കുന്നതൊന്നും കിട്ടില്ല. എന്നാൽ എംഎൽഎ ബസിൽ കയറിയെന്ന യദുവിന്റെ വാദം ശരിയാണോ എന്ന് ഈ മെമ്മറി കാർഡിലൂടെ അറിയാമായിരുന്നു. നേരത്തെ താൻ ഈ കാർഡ് എടുത്തില്ലെന്ന് യദു മറുനാടനോട് പറഞ്ഞിരുന്നു.

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ നിർണ്ണായക തെളിവായ മെമ്മറി കാർഡ് ഇനിയും കണ്ടെത്താനാകാതെ പൊലീസ് വലയുകയാണ്. മൊഴികളിൽ വൈരുധ്യം ഉള്ളതിനാൽ ഡ്രൈവർ യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. യദുവിനെയും കണ്ടക്ടർ സുബിനെയും തമ്പാനൂർ സ്റ്റേഷൻ മാസ്റ്റർ ലാൽ സജിയെയും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. തർക്കത്തിന് ശേഷം ബസിൽ കയറി മെമ്മറി കാർഡ് പരിശോധിച്ചുവെന്ന യദു പറഞ്ഞ സമയങ്ങളിൽ വൈരുധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

മെമ്മറി കാർഡ് കാണാതായതിൽ കഴിഞ്ഞ ദിവസം പൊലീസിന്റെ നാടകീയ നീക്കങ്ങളാണ് നടന്നത്. കണ്ടക്ടർ സുബിനെ രാവിലെ വെമ്പായം കൊപ്പത്തെ വീട്ടിലെത്തി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് ചോദ്യം ചെയ്യാൻ കൊണ്ടുവന്നു. സ്റ്റേഷൻ മാസ്റ്റർ ലാൽ സജിയെ വിഴിഞ്ഞത്തെ വീട്ടിൽ നിന്നും പുലർച്ചെ പൊലീസെത്തി ചോദ്യം ചെയ്യാൻ കൊണ്ടുപോയി. ഇരുവരുടെയും ചോദ്യം ചെയ്യൽ തുടരുന്നിനിടെയാണ് ഡ്രൈവർ യദുവിനെയും പൊലീസ് വാഹനത്തിൽ വീട്ടിൽ നിന്ന് കമ്മീഷണർ ഓഫീസിലേക്ക് കൊണ്ടുവന്നത്. പക്ഷേ നിർണ്ണായകമായ ഒന്നും കിട്ടിയില്ല.

വിവാദ സംഭവത്തിന് ശേഷം സുബിൻ ബസിൽ ഡ്രൈവർ സീറ്റിനടത്തേക്ക് പോകുന്നത് സാഫല്യം കോംപ്‌ളകിലെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടിരുന്നു. എന്നാൽ തനിക്ക് മെമ്മറി കാർഡിനെ കുറിച്ച് അറില്ലെന്നാണ് സുബിന്റെ മൊഴി. തർക്കമുണ്ടായതിന് പിന്നാലെ ബസ് തമ്പാനൂർ ടെർമിനലിൽ കൊണ്ടുവന്നപ്പോൾ ചുമതലയിലുണ്ടായിരുന്ന ആളാണ് ലാൽസജി. ബസിനടുത്തേക്ക് പോയിട്ടില്ലെന്നാണ് ഇയാളുടെ മൊഴി.

സംഭവ ദിവസം സ്റ്റേഷനിൽ നിന്ന് വിട്ടയച്ചശേഷം ബസിൽ കയറിയതിനെ കുറിച്ച് യദു പറഞ്ഞ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് ക്യാമറകളുടെ പൊസിഷനിൽ വ്യക്തത വരുന്നത്.