തിരുവനന്തപുരം: മേയർ- ഡ്രൈവർ തർക്കത്തെ തുടർന്ന് ബസ്സിനുള്ളിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ വില്ലനെ കണ്ടെത്തുക അസാധ്യം. ഡിപ്പോയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനൊരുങ്ങുമ്പോഴും പൊലീസിന് സംശയം ഏറെയാണ്. കെഎസ്ആർടിസി തിരുവനന്തപുരം ഡിപ്പോയ്ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. മെമ്മറി കാർഡ് എടുത്തു മാറ്റിയത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നാണ് എന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം. എന്നാൽ അതിന് അപ്പുറത്തേക്കും സാധ്യതകളുണ്ട്. യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലാണ് എല്ലാം നടന്നത്. അതുകൊണ്ട് തന്നെ ആർക്കും ബോധപൂർവ്വം ആ മെമ്മറി കാർഡ് അഴിച്ചെടുക്കാം. പ്രത്യേകിച്ച് ബസിൽ സിസിടിവിയുണ്ടെന്ന വിവരം എല്ലാവരും അറിയാൻ സാധ്യതയുള്ളതിനാൽ. അതുകൊണ്ട് തന്നെ ഈ ബസിലെ കണ്ടക്ടറെ ചോദ്യം ചെയ്യുന്നത് കേസിൽ നിർണ്ണായകമാണ്.

സംഭവം നടന്നതിന് പിന്നാലെ മെമ്മറി കാർഡ് നീക്കം ചെയ്തു എന്നതാണ് പൊലീസിന്റെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ അത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് ആയിരിക്കാം എന്ന സംശയമാണ് ചിലർ ചർച്ചയാക്കുന്നത്. ഡിപ്പോയിലെ ജീവനക്കാരെ ചോദ്യം ചെയ്യുന്നതിലൂടെയും, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിലൂടെയും ഇതിൽ വ്യക്തത വരുമെന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്. എന്നാൽ അതിന് മുമ്പ് തന്നെ മെമ്മറി കാർഡ് നഷ്ടപ്പെടാൻ സാധ്യത ഏറെയാണ്. കൃത്യമായി അറിയുന്ന ഒരാളാണ് ഈ മെമ്മറി കാർഡ് അഴിച്ചു മാറ്റിയിട്ടുണ്ടാവുക എന്നാണ് വിലയിരുത്തൽ. ബസിലെ കണ്ടക്ടർ മുതൽ ആർക്കും അതിന് കഴിയും. എന്നാൽ ഈ മോഷണ കേസും യദുവിലേക്ക് എത്തിക്കാനും ശ്രമമുണ്ട്. ഇതിന് സാധ്യതയും സാഹചര്യവും കുറവാണെന്നതാണ് വസ്തുത. യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ നിന്ന് ആ മെമ്മറി കാർഡ് നഷ്ടമാകാനും സാധ്യത ഏറെയാണ്. അവിടുത്തെ സിസിടിവി പരിശോധന ഇതിൽ നിർണ്ണായകമാണ്. എന്നാൽ പൊലീസ് അതിന് മെനക്കെടുന്നില്ല.

വാക്കുതർക്കത്തെത്തുടർന്ന് മേയർ വിളിച്ചതിനു പിന്നാലെ പാളയത്ത് എത്തിയ കന്റോൺമെന്റ് പൊലീസ് ഡ്രൈവർ യദുവിനെ അറസ്റ്റ് ചെയ്തു. പൊലീസ് ജീപ്പിലാണ് കൊണ്ടുപോയത്. ബസ് പാളയത്തു തന്നെ ഒതുക്കിയിട്ടു. മണിക്കൂറുകൾ കഴിഞ്ഞ് രാത്രി ഒരുമണിക്കാണ് കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം എത്തി ബസ് തമ്പാന്നൂരിലെ ഗാരേജിലേക്കു കൊണ്ടുപോയത്. ഈ സമയം ആരെല്ലാം ബസിൽ കയറിയെന്നതാണ് നിർണ്ണായകം. സച്ചിൻദേവ് എംഎൽഎ ബസിൽ കയറിയെന്ന വാദത്തിന് തെളിവുള്ളത് ഈ മെമ്മറി കാർഡിൽ നി്ന്നാണ്. കേസ് ബലപ്പെടുത്താൻ ഈ മെമ്മറി കാർഡ് വിനയാകുമെന്ന് മനസ്സിലാക്കി യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ വച്ചു തന്നെ അട്ടിമറി നടക്കാൻ സാധ്യതയുണ്ട്. സാഫല്യം കോപ്ലക്‌സും യൂണിവേഴ്‌സിറ്റി കോളേജുമെല്ലാം പ്രത്യേക സംഘടനയുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ്. ഇവിടെ ബസ് ഒതുക്കിയിട്ടപ്പോൾ പൊലീസ് കാവലൊന്നും ഉണ്ടായിരുന്നില്ല.

വലിയ വീഴ്ച മെമ്മറി കാർഡുമായി ബന്ധപ്പെട്ട് കെ എസ് ആർ ടി സിക്കും ഉണ്ടായി. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തിയശേഷമേ ബസ് പൊലീസ് കസ്റ്റഡിയിൽനിന്നും വാങ്ങേണ്ടിയിരുന്നുള്ളൂ എന്ന നിലപാടിലാണ് യൂണിയൻ നേതാക്കൾ. വിജിലൻസ് വിഭാഗം ബസ് കൃത്യമായി പരിശോധിച്ചില്ലെന്നും ആക്ഷേപമുയർന്നു. തമ്പാനൂരിൽ നാല് സൂപ്പർ ഫാസ്റ്റ് ബസുകൾ ടെസ്റ്റിങ് കഴിഞ്ഞ് ഇറങ്ങിയതിൽ യദു ഓടിച്ച തിരുവനന്തപുരം- തൃശൂർ ബസിൽ മാത്രം മെമ്മറി കാർഡ് ഇല്ലാതായതെങ്ങനെ എന്നതാണ് ബാക്കിയാകുന്ന ചോദ്യം. അതുകൊണ്ടുതന്നെ, ഈ മെമ്മറി കാർഡ് കിട്ടിയിട്ടു മതി തുടർനടപടിയെന്ന നിലപാടിലാണ് ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ. കെഎസ്ആർടിസിയുടെ ആഭ്യന്തര അന്വേഷണവും ഇക്കാര്യത്തിൽ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഫോറൻസിക് സംഘം കെഎസ്ആർടിസി ബസ് പരിശോധന നടത്തിയിരുന്നു.

അതിന്റെ ഫലം കൂടി കാത്തിരിക്കുന്നുണ്ട് അന്വേഷണസംഘം. അതേസമയം മെമ്മറി കാർഡ് കാണാത്ത പശ്ചാത്തലത്തിൽ മേയർ കൊടുത്ത പരാതിയിൽ അന്വേഷണം എങ്ങനെ മുന്നോട്ടു പോകുമെന്ന സംശയത്തിലാണ് കണ്ടോൺമെന്റ് പൊലീസ് ഉള്ളത്.