തിരുവനന്തപുരം: നെയ്യാർഡാമിലെ കെ എസ് യുവിന്റെ മേഖലാ ക്യാമ്പിൽ കൂട്ടത്തല്ല. ക്യാമ്പിലെ അടിയിൽ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള പ്രധാന വിദ്യാർത്ഥി നേതാവിന് ഗുരുതര പരിക്കേറ്റു. കെ എസ് യു സംസ്ഥാന അധ്യക്ഷൻ ആലോഷ്യസ് സേവിയർ അടക്കമുള്ളവർക്ക് നേരെ കയ്യാങ്കളിയുണ്ടായി. നെയ്യാർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസിൽ കെ എസ് യുക്കാർ തമ്മിൽ തല്ലുകയായിരുന്നു.

പാറശ്ശാലയിൽ നിന്നുള്ള നേതാവിനാണ് ഗുരതര പരിക്കേറ്റത്. അടിയിൽ പൊട്ടിയ ഈ നേതാവിന്റെ കൈയ്ക്ക് ഗുരുതര പരിക്കേറ്റു. യോഗത്തിനിടെ നേതാക്കൾ പരസ്പരം വെല്ലുവിളിക്കുകയും സംഘർഷത്തിലേർപ്പെടുകയും ചെയ്യുന്ന വീഡിയോ മറുനാടന് കിട്ടി. യോഗ സ്ഥലത്ത് രക്തക്കറയും സജീവം. എത്രമാത്രം സംഘർഷമാണ് അവിടെ ഉണ്ടായി എന്നതിന് തെളിവാണ് യോഗ സ്ഥലത്തെ രക്തപ്പാടുകൾ. നെയ്യാർഡാമിൽ നടന്ന ഈ അടിയെ കുറിച്ച് പൊലീസിൽ ആരും പരാതിപ്പെട്ടിട്ടില്ല. ഗുരതരമായി പരിക്കേറ്റ പാറശ്ശാലയിലെ നേതാവിനെ തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ചു. അടിയന്തര ശസ്ത്രക്രിയ നേതാവിന് വേണ്ടിവരും.

ചില നേതാക്കൾ മദ്യലഹരിയിൽ എത്തി പ്രശ്‌നമുണ്ടാക്കിയതാണ് പ്രശ്‌നമായതെന്ന് സൂചനയുണ്ട്. നേതൃത്വത്തിനെ പരസ്യമായി വെല്ലുവിളിച്ച് തുടങ്ങിയ സംഘർഷം രണ്ടു ചേരിയായി മാറി ഏറ്റുമുട്ടലിലേക്ക് കടക്കുകയാണ്. കോൺഗ്രസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള നെയ്യാർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസിൽ വിദ്യാർത്ഥി നേതാക്കളെ നേർ വഴിക്ക് നയിക്കാനാണ് ക്യാമ്പ് നടത്തിയത്. എന്നാൽ അത് കൂട്ടതല്ലിലേക്കും കാരണമെത്തി. സംഭവത്തെ കുറിച്ച് തിരുവനന്തപുരം ഡിസിസി പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കെ.എസ്.യു സംസ്ഥാന എക്‌സിക്യൂട്ടീവിൽ തയാറാക്കിയ പ്രവർത്തന കലണ്ടർ പ്രകാരമുള്ള മേഖല ക്യാമ്പുകളിൽ ഒന്നാണ് നെയ്യാർ ഡാമിൽ നടന്നത്. തെക്കൻ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കുന്ന "റിസർജ്ജൻസ്" തെക്കൻ മേഖല ക്യാമ്പിന് നെയ്യാർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസിൽ കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പതാക ഉയർത്തി.ഡിസിസി പ്രസിഡന്റ് പാലോട് രവി, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ യദുകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് ഗോപുനെയ്യാർ, സംസ്ഥാന സംഘടനാ ജന:സെക്രട്ടറി മുബാസ് ഓടക്കാലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്.

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പഠന ക്യാമ്പ്് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തത് കഴിഞ്ഞ ദിവസം വൈകിട്ടാണ്. ഇതിന് ശേഷമാണ് പ്രശ്‌നം തുടങ്ങിയത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ ക്യാമ്പിൽ എത്തുമെന്നും അറിയിച്ചിരുന്നു. രാമക്കൽമേട്ടിൽ നടന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പിൽ വച്ചാണ് മേഖലാ ക്യാമ്പുകൾ സംഘടിപ്പിക്കാൻ തീരുമാനം എടുത്തത്. തിരുവനന്തപുരത്തെ ക്യാമ്പിൽ തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.