- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെയ്യാറിലെ വിദ്യാർത്ഥി യോഗം തല്ലിപിരിയുമ്പോൾ
തിരുവനന്തപുരം: നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇന്റസ്റ്റിറ്റിയൂട്ടിലെ കെ എസ് യു മേഖലാ യോഗത്തിൽ നടന്നത് 'ആവേശം' മോഡൽ ആഘോഷം. തിരുവനന്തപുരത്തെ ഈ കേന്ദ്രത്തിൽ വെള്ളിയാഴ്ച തന്നെ യോഗത്തിനുള്ളവർ എത്തി. ശനിയാഴ്ചയായിരുന്നു ഉദ്ഘാടനം. അതിന് മുമ്പേ യോഗം കള്ളറാക്കാൻ കെ എസ് യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ തന്നെ മുന്നിട്ടിറങ്ങി. ആവേശം എന്ന സിനിമയിലെ സൂപ്പർ ഹിറ്റ് ചിത്രത്തിലെ പാട്ടിനൊപ്പം അലോഷ്യസ് സേവ്യർ നൃത്ത ചുവടു വച്ചു. കെ എസ് യുക്കാരുടെ 'രംഗൻ' ആവുകയായിരുന്നു അലോഷ്യസിന്റെ ലക്ഷ്യം. എന്നാൽ അടുത്ത ദിവസം രാത്രിയിലെ ആഘോഷം തമ്മിൽ തല്ലായതോടെ 'രംഗണ്ണന്റെ' ഡാൻസും പുറം ലോകത്ത് എത്തി.
കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പോലും വേണ്ട രീതിയിൽ യോഗത്തിന് വിളിച്ചിരുന്നില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഗ്രൂപ്പുകാരനാണ് അലോഷ്യസ്. സുധാകരനെ മാറ്റി നിർത്തിയെന്ന ആരോപണമടക്കം ചർച്ചയാകുന്നതിനിടെയാണ് അടിപൊട്ടിയത്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ കെപിസിസി അന്വേഷണവും നടക്കും. പുറത്തു നിന്നെത്തിയവരാണ് അടിയുണ്ടാക്കിയതെന്നാണ് കെ എസ് യുക്കാർ പറയുന്നത്. എന്നാൽ കെ എസ് യുക്കാർ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. മദ്യലഹരിയാണ് എല്ലാത്തിനും പ്രശ്‌നമായത്. ആഘോഷം അതിരുവിട്ടതോടെ കസേരയിൽ അടി. എല്ലാം കണ്ട് അലോഷ്യസ് സേവ്യറും നിന്നു. പാറശ്ശാലയിൽ നിന്നുള്ള നേതാവിന് കൈയ്ക്ക് വലിയ പരിക്കുണ്ടായി. കൈയ്ക്ക് പ്ലാസ്റ്റിക് സർജറി അടക്കം വേണ്ട അവസ്ഥ.
അതിനിടെ അലോഷ്യസ് സേവ്യറിന്റെ നൃത്തത്തിന് ശേഷമാണ് അടിയുണ്ടായതെന്ന പ്രചരണവും നടക്കുന്നുണ്ട്. എന്നാൽ ഇതിൽ വസ്തുതയില്ല. പുറത്തു വന്ന അലോഷ്യസ് സേവ്യറിന്റെ നൃത്തം വെള്ളിയാഴ്ച രാത്രിയുള്ളതായിരുന്നു. അപ്പോൾ അലോഷ്യസ് സേവ്യറുമായി അടുപ്പമുള്ളവർ മാത്രമാണ് ഉണ്ടായിരുന്നത്. ഈ ഡിജെ നൃത്തമാണ് യഥാർത്ഥത്തിൽ ക്യാമ്പിന്റെ മൂഡിനെ 'ആവേശം' മോഡലാക്കിയത്. ഇതിന്റെ തുടർച്ചയായി ശനിയാഴ്ച രാത്രിയിൽ ആവേശം സിനിമയെ വെല്ലും സംഘർഷവും ഉണ്ടായി എന്നതാണ് വസ്തുത.
ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങളിൽ ഇടപെടാനായിരുന്ന യോഗം വിളിച്ചത്. ഈ പഠന യോഗത്തിൽ ആവേശം കൊണ്ടു വന്ന അലോഷ്യസ് സേവ്യർ അടക്കം അച്ചടക്കമില്ലായ്മയുണ്ടാക്കാൻ കാരണമായി എന്ന വിലയിരുത്തൽ ശക്തമാണ്. എ-ഐ വിഭാഗങ്ങൾ പരസ്പരം ഏറ്റുമുട്ടിയെന്നാണ് റിപ്പോർട്ട്. മദ്യപിച്ചെത്തിയ ചിലർ ഹാളിന് പുറത്ത് പ്രശ്‌നം തുടങ്ങി. അത് ഹാളിലേക്കും എത്തി. രാജീവ് ഗാന്ധി സെന്ററിന്റെ ജനലും കസേരയും എല്ലാം തല്ലി തകർക്കുന്ന തരത്തിലേക്ക് വിദ്യാർത്ഥി നേതാക്കൾ നീങ്ങി. ഇതെല്ലാം കെപിസിസിയും ഗൗരവത്തോടെ എടുത്തിട്ടുണ്ട്. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പൊലീസും അന്വേഷണം തുടങ്ങി. പൊലീസിൽ കെ എസ് യുവോ കെപിസിസിയോ പരാതി നൽകാൻ ഇടയില്ല.
ഇന്നലെ അർധരാത്രിയോടെയാണ് കൂട്ടയടി നടന്നത്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂറ്റിന്റെ ജനൽ ചില്ലുകൾ അടിച്ച് തകർത്തു. കൂട്ടത്തല്ലിൽ നിരവധി ഭാരവാഹികൾക്ക് പരിക്കേറ്റു. കെപിസിസി നേതൃത്വത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് വഴി വച്ചത്. സംഘർഷത്തിൽ കെഎസ്‌യു പാറശ്ശാല നിയോജക മണ്ഡലം പ്രസിഡന്റ് സുജിത്തിന് ഗുരുതരപരിക്കേറ്റു. നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് അഭിജിത്തിനും പരിക്കേറ്റു. ഇരുവരും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. രാത്രി മദ്യപിച്ചാണ് നേതാക്കൾ തമ്മിൽ ഏറ്റുമുട്ടിയതെന്ന റിപ്പോർട്ട് കോൺഗ്രസ് നേതൃത്വത്തിനും തിരിച്ചടിയായി. ഈ സമയം കോൺഗ്രസ് നേതാക്കളാരും അവിടെ ഉണ്ടായിരുന്നില്ല.
കെ.എസ്.യു സംസ്ഥാന എക്സിക്യൂട്ടീവിൽ തയാറാക്കിയ പ്രവർത്തന കലണ്ടർ പ്രകാരമുള്ള മേഖല ക്യാമ്പുകളിൽ ഒന്നാണ് നെയ്യാർ ഡാമിൽ നടന്നത്. തെക്കൻ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കുന്ന "റിസർജ്ജൻസ്" തെക്കൻ മേഖല ക്യാമ്പിന് നെയ്യാർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പതാക ഉയർത്തി.ഡിസിസി പ്രസിഡന്റ് പാലോട് രവി, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ യദുകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് ഗോപുനെയ്യാർ, സംസ്ഥാന സംഘടനാ ജന:സെക്രട്ടറി മുബാസ് ഓടക്കാലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പഠന ക്യാമ്പ്് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തത് കഴിഞ്ഞ ദിവസം വൈകിട്ടാണ്. ഇതിന് ശേഷമാണ് പ്രശ്നം തുടങ്ങിയത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ ക്യാമ്പിൽ എത്തുമെന്നും അറിയിച്ചിരുന്നു. രാമക്കൽമേട്ടിൽ നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പിൽ വച്ചാണ് മേഖലാ ക്യാമ്പുകൾ സംഘടിപ്പിക്കാൻ തീരുമാനം എടുത്തത്. തിരുവനന്തപുരത്തെ ക്യാമ്പിൽ തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.