- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുമ്പനാട് പ്രേതാലയം അല്ല ട്രിപ്പിൾ ബിയുടെ നാട്; ചരിത്രം തിരുത്തിയത് 'കുമ്പനാട് യൂണിവേഴ്സിറ്റി'യും നേഴ്സിങ് കോളജും; വിദേശത്തുള്ള മക്കൾ മാതാപിതാക്കളെ ഉപേക്ഷിച്ചു പോയി എന്ന വാർത്ത പച്ചക്കള്ളം; ബിബിസി വാർത്തയെ കുമ്പനാട്ടുകാർ പൊളിച്ചടുക്കുമ്പോൾ
പത്തനംതിട്ട: കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കിൽ അതിന്റെ ഹൃദയം കുമ്പനാട് ആയിരിക്കുമെന്ന് നാട്ടുകാർ. കുമ്പനാട് എന്ന ഗ്രാമത്തെപ്പറ്റി പറയുമ്പോൾ ഈ നാട്ടിലെ അബാലവൃദ്ധം ജനങ്ങളും വാചാലരാകുകയാണ്. മത, രാഷ്ട്രീയ വൈര്യങ്ങൾ ഇല്ലാത്ത പൊലീസ് സ്റ്റേഷനിൽ ഒരു കുറ്റകൃത്യങ്ങൾ പോലും രജിസ്റ്റർ ചെയ്യപ്പെട്ടില്ലാത്ത നാട്.
വാദ്യോപകരണമായ തമ്പേറ്, ട്രിപ്പിൾസ് എന്നിവയുടെ റിപ്പയറിങും വിൽപ്പനയും വർഷങ്ങളോളമായി കൂടുതലും കുമ്പനാട് ചെയ്തു വരുന്നതോടെ കലാകാരന്മാരുടെ കൂടി നാടാണ് കുമ്പനാട്. പത്തനംതിട്ട -തിരുവല്ല പാതയിലാണ് കുമ്പനാട്. ബി. ബി. സി. വാർത്തയുടെ തലക്കെട്ടിൽ രാജ്യത്തെ പ്രേതാലയ നഗരം എന്ന് കുമ്പനാടിനെ വിശേഷിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.
ഇവിടെയുള്ള വീടുകളിൽ ഭൂരിഭാഗവും അടഞ്ഞു കിടക്കുകയാണ്. കൂടുതൽ പേരും വിദേശരാജ്യങ്ങളിലേയ്ക്ക് കുടിയേറിയതിനാൽ ചില വീടുകളിൽ മാതാപിതാക്കൾ അനാഥരായി കഴിയുന്നു. ഇതാണ് കേരളത്തിനും വിദൂര ഭാവിയിൽ വരാനിരിക്കുന്ന അവസ്ഥയെന്ന് കുമ്പനാടിനെ ചൂണ്ടികാട്ടിയാണ് റിപ്പോർട്ട്. അതിനായി അവർ നൽകിയിരിക്കുന്ന വാദങ്ങൾ ഓരോന്നായി തിരുത്തുകയാണ് നാട്ടുകാർ.
ഉപേക്ഷിച്ച നിലയിൽ പൂട്ടിയിട്ടിരിക്കുന്ന ഭവനത്തിന്റെ ചിത്രം നൽകിയിരിക്കുന്നത് വാസ്തവിരുദ്ധമായാണ്. ഈ വീട്ടിലെ രണ്ട് മക്കളും ഇന്ത്യയിൽ തന്നെ ഉന്നത ജോലി ചെയ്യുകയാണ്. മൂത്തമകനും ഭാര്യയും തിരുവനന്തപുരത്ത് എൻജിനീയർമാരായി ജോലി ചെയ്യുന്നു. രണ്ടാമത്തെ മകനും ഭാര്യയും ഡോക്ടർമാരായി ജോലി ചെയ്യുന്നു. ഇവർ ആഴ്ചയിൽ ഒരിക്കൽ വീട്ടിൽ വരും.
ഒരു വീടിന് മുമ്പിലുള്ള ഗെയ്റ്റിൽ വൃദ്ധമാതാവ് നിൽക്കുന്ന ചിത്രത്തിലൂടെ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണ്. അന്നമ്മ ജേക്കബ് എന്നയാളുടെ ചിത്രമാണുള്ളത്. ഈ ഭവനം കുമ്പനാട് അല്ല മൂന്നര കിലോമീറ്റർ അകലെ പുല്ലാടിനും അപ്പുറമുള്ള സ്ഥലമാണ്. ഇവർ സ്കൂൾ അദ്ധ്യാപികയാണ്. കൃഷി കാണാൻ വരുന്നുവെന്ന് പറഞ്ഞാണ് തന്നെ വിളിക്കുന്നതെന്ന് മകൻ പറയുന്നു.
അമ്മയുടെ കുറച്ചു ഫോട്ടോയെടുത്തതായും അതൊന്നും ഇടാതെ ഗേറ്റിന്റെ ഗ്രില്ലിൽ വിഷാദ ഭാവത്തിൽ പിടിച്ചു നിർത്തു എടുത്തിരിക്കുന്ന ഫോട്ടോയാണിതെന്ന് മകൻ അറിയിച്ചു. ഈ രണ്ട് ചിത്രങ്ങളും തെറ്റായി പ്രസിദ്ധീകരിച്ചിരിക്കുന്നത് കുടുംബാംഗങ്ങൾക്ക് കടുത്ത മാനസിക വിഷമത്തിന് ഇടയാക്കിയതായി ജോൺ കെ. മാത്യൂസ് പറയുന്നു.
ഈ നാടിനെ 'ട്രിപ്പിൾ ബി' എന്നാണ് വിശേഷിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ ബാങ്ക് ശാഖകൾ, ഏറ്റവും കൂടുതൽ ബൈബിൾ വിറ്റഴിക്കുന്ന സ്ഥലം, ഏറ്റവും കൂടുതൽ ബേക്കറികൾ പ്രവർത്തിക്കുന്ന സ്ഥലം എന്നീ പ്രത്യേകതയാണ് 'ട്രിപ്പിൾ ബി' എന്ന വിശേഷണത്തിന് പിന്നിൽ. യുവജനങ്ങൾ വിദേശത്ത് പോകുന്നത് അവരുടെ കുടുംബത്തെ നന്നായി നോക്കുന്നതിനാണ്. വിദേശ പണത്തിലൂടെ ഈ നാടിനും നേട്ടമുണ്ട്.
വർഷങ്ങൾക്ക് മുൻപ് മികച്ച വിദ്യാഭ്യാസം നേടിയാണ് പലരും വിദേശത്തേയ്ക്ക് പോയത്. ആദ്യം ആളുകൾ ഗൾഫ് രാജ്യങ്ങളിലേയ്ക്കാണ് പോയിരുന്നത്. 'കുമ്പനാട് യൂണിവേഴ്സിറ്റി' എന്ന പേരിൽ മികച്ച സാങ്കേതിക വിദ്യാഭ്യാസം നൽകിയിരുന്ന സ്ഥാപനം പ്രവർത്തിച്ചിരുന്നു. ഇവിടെ പഠിച്ചിറങ്ങിയാൽ വിദേശരാജ്യങ്ങളിൽ ജോലി ലഭിക്കുന്നത് എളുപ്പമായിരുന്നു. അതുപോലെ ആദ്യകാലങ്ങളിൽ അലക്സാണ്ടർ ഹോസ്പിറ്റലിന് കീഴിൽ പ്രവർത്തിച്ചിരുന്ന നേഴ്സിങ് കോളജിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ ആളുകൾ പഠിച്ച് വിദേശത്തേയ്ക്ക് പോയിട്ടുണ്ട്. ഈ രണ്ടു സ്ഥാപനങ്ങളുമാണ് കുമ്പനാട് എന്ന കർഷക കുടിയേറ്റ ഗ്രാമത്തിന്റെ ചരിത്രം തിരുത്തിയെഴുതിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾ ഇല്ലായെന്ന് പറയുന്നതും ശരിയല്ല. കുമ്പനാട് ബോയ്സ് സ്കൂളിൽ ഏഴ് കുട്ടികൾ പഠിക്കുന്നുവെന്നാണ് ബി. ബി. സി. റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ 57 കുട്ടികളാണ് അവിടെ പഠിക്കുന്നത്. നോയൽ മെമോറിയൽ സ്കൂളിൽ 170 ഓളം കുട്ടികൾ പഠിക്കുന്നു. ബ്രദറൺ സ്കൂളിൽ 165 കുട്ടികൾ പഠിക്കുന്നതായും കോയിപ്രം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ മുന്നൂറോളം കുട്ടികൾ പഠിക്കുന്നു. എൽ. പി. സ്കൂളിൽ 19 കുട്ടികൾ പഠിക്കുന്നതായും ഈ േ്രേപദശത്തുള്ള കുട്ടികൾ സമീപ സ്കൂളുകളിൽ പഠിക്കുന്നതായും വാർഡംഗം ബിജു വർക്കി പറയുന്നു.
കുമ്പനാട് മേഖലയിലെ വീടുകളിൽ പ്രായമായവർ ഒറ്റയ്ക്ക് താമസിക്കുന്നതായുള്ള വാർത്തയിൽ പരിഭ്രാന്തരാണ് ജനങ്ങൾ. ഈ വാർത്ത പരന്നതോടെ ക്രിമിനലുകൾ ആരെങ്കിലും വീടുകൾ കേന്ദ്രീകരിച്ച് മോഷണവും ആക്രമണവുമായെത്തിയാൽ പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് കുമ്പനാട് ബ്രദേഴ്സ് കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് ജോബിൻ മോഹൻ പറയുന്നു.
മേഖലയിലെ നിരവധിയാളുകൾ വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. കുറച്ചു വീടുകൾ അടഞ്ഞു കിടക്കുന്നുണ്ട്. ഓരോ വർഷവും മക്കളിൽ ആരെങ്കിലുമൊക്കെ വീട്ടിലെത്തി താമസിക്കാറുണ്ടെന്നും നാട്ടുകാരിൽ നിന്നും മനസിലാക്കി. മക്കൾ വിദേശത്തെങ്കിലും മാതാപിതാക്കൾ സന്തുഷ്ടരാണെന്നും അവർ തന്നെ പറയുന്നു. സമ്പൽ സമൃദ്ധിയുടെ നാട്ടിൽ ഒന്നു വരാൻ കൊതിക്കുകയാണെന്ന് വിദേശത്തുള്ളവർ പറയുന്നു.
ജോലി തിരക്കുകൾ മൂലം അത് സാധിക്കാതെ വരുന്ന പലരും നിരാശരാണ്. ശുദ്ധവായുവും ജലസമൃദ്ധിയുമുള്ള പ്രളയദുരിതങ്ങൾ ബാധിക്കാത്ത നാട്ടിൽ കൂടുതൽ ആളുകൾ സ്ഥലം വാങ്ങി താമസിക്കുന്നതിന് ആഗ്രഹിക്കുന്നു. ബി. ബി. സി. പ്രസിദ്ധീകരിച്ച വാർത്ത വിദേശത്തും സ്വദേശത്തുമുള്ള കുമ്പനാട്ടുകാരെ ഏറെ വേദനിപ്പിച്ചിരിക്കുകയാണ്.