തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട എക്‌സാലോജിക് മാസപ്പടി ആരോപണം നിയമസഭയിൽ ഉയർത്താനുള്ള പ്രതിപക്ഷ ശ്രമം വീണ്ടും തടഞ്ഞ് സ്പീക്കർ പ്രതിരോധം തീർത്തതോടെ ആരോപണം എന്തെന്ന് പുറത്താരും അറിഞ്ഞില്ല. എഴുതി നൽകിയ ആരോപണം ഉന്നയിക്കാൻ മാത്യു കുഴൽനാടൻ ശ്രമിച്ചെങ്കിലും സഭയുടെ വിശുദ്ധി കളയാൻ അനുവദിക്കില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഇതോടെ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് വാർത്ത സമ്മേളനത്തിലും എന്തായിരുന്നു രേഖയെന്ന് കുഴൽനാടൻ പറഞ്ഞില്ല. ഏഷ്യാനെറ്റ് ന്യൂസിന്റെ ചർച്ചയിലും അതു മാത്രം വെളിപ്പെടുത്തിയില്ല. രണ്ടു ദിവസത്തിനകം പുറത്തു പറയാമെന്നായിരുന്നു കുഴൽനാടന്റെ വിശദീകരണം.

ഈ രേഖ നേരത്തെ സ്പീക്കർക്ക് കുഴൽനാടൻ നൽകിയിരുന്നു. രേഖമൂലം എഴുതി ആരോപണം ഉന്നയിക്കാനായിരുന്നു പദ്ധതി. ഇതിനിടെ രേഖ വേണമെന്ന് സ്പീക്കറുടെ ഓഫീസ് കുഴൽനാടനോട് പറഞ്ഞു. ഈ സാഹചര്യത്തിൽ രേഖയുടെ ഫോട്ടോ സ്റ്റാറ്റ് കൈമാറി. ഇത് പരിശോധിച്ച ശേഷം ഒർജിനൽ വേണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. എന്നാൽ സ്പീക്കറോട് ഈ രേഖ സെക്രട്ടറിയേറ്റിലെ ഫയലിലാണുള്ളതെന്ന് കുഴൽനാടൻ പറഞ്ഞു. ഈ രേഖ സ്പീക്കറുടെ ഓഫീസിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് കിട്ടിയെന്നാണ് സൂചന. രേഖയുടെ ആധികാരികതയും മറ്റും മുഖ്യമന്ത്രിയുടെ ഓഫീസ് പരിശോധിച്ചു. സെക്രട്ടറിയേറ്റിലെ ഫയലിലുള്ളതാണോ ഈ രേഖയെന്നും പരിശോധിക്കും. രേഖാ ചോർച്ചയിൽ നടപടിയും വരും.

നൽകിയ രേഖ വ്യാജമാണെങ്കിൽ നടപടി എടുക്കാമെന്ന് കുഴൽനാടനും പറയുന്നുണ്ട്. ഇതോടെ രേഖ ഒർജിനലാണെന്നാണ് വ്യക്തമാകുന്നത്. കരിമണൽ കമ്പനിക്ക് സർക്കാരിൽ നിന്നും കിട്ടിയ അനധികൃത സഹായത്തിനുള്ള തെളിവാണിതെന്നാണ് സൂചന. അഴിമതിക്കുള്ള തെളിവാണ് താൻ നിയമസഭയിൽ വയ്ക്കാൻ ശ്രമിച്ചതെന്നാണ് കുഴൽനാടൻ പറയുന്നത്. ഏതായാലും രേഖ കിട്ടിയോ ഇല്ലയോ എന്ന് പോലും സ്പീക്കർ പറയുന്നില്ല. അതുകൊണ്ടു തന്നെ കുഴൽനാടൻ പറയുന്നത് മാത്രമാണ് പൊതു സമൂഹത്തിന് മുന്നിലുള്ളത്. ഈ രേഖ കുഴൽനാടൻ പൊതു സമൂഹത്തിൽ എത്തിച്ചാൽ മാത്രമേ അതിന്റെ ഗൗരവം വ്യക്തമാകൂ.

സ്പീക്കറുമായി നടന്ന ആശയ സംവാദം ഏഷ്യാനെറ്റ് ന്യൂസിന്റെ ചർച്ചയിൽ കുഴൽനാടൻ തുറന്നു പറഞ്ഞിരുന്നു. സെക്രട്ടറിയേറ്റിലെ ഫയലിലുള്ള രേഖയുടെ ഫോട്ടോ കോപ്പിയാണ് സ്പീക്കർക്ക് നൽകിയത്. സെക്രട്ടറിയേറ്റിലെ ഫയലിലാണെന്ന് പറഞ്ഞപ്പോൾ ഫോട്ടോ സ്റ്റാറ്റ് എടുത്തു തന്നവരോട് പറഞ്ഞ് ഒർജിനൽ എത്തിക്കാനായിരുന്നു സ്പീക്കറുടെ നിർദ്ദേശമെന്നും കുഴൽനാടൻ വിശദീകരിച്ചിരുന്നു. ഏതായാലും കുഴൽനാടന്റെ ഫോട്ടോ സ്റ്റാറ്റ് ബന്ധപ്പെട്ടവർ പരിശോധിക്കുന്നുണ്ട്. അതിൽ വസ്തുതയുണ്ടോ എന്ന് മനസ്സിലാക്കാനാണ് ശ്രമം. അതിനിടെ രേഖയിലെ വിവരങ്ങൾ വച്ച് പ്രതിരോധത്തിന് ശ്രമം സൈബർ സഖാക്കളും നടത്തും. ഇതിന് വേണ്ടിയുള്ള ക്യാപ്‌സ്യൂൾ സിപിഎം കേന്ദ്രങ്ങൾ തയ്യാറാക്കുന്നുണ്ട്.

ഇതിനിടെ സെക്രട്ടറിയേറ്റിലെ ഫയലിലുള്ള രേഖയാണ് നിയമസഭയിൽ ചർച്ചയാക്കാൻ കുഴൽനാടൻ ശ്രമിച്ചതെങ്കിൽ രേഖാ ചോർച്ചയിലും പരിശോധന നടത്തും. ആരാണ് ഇങ്ങനെ പ്രതിപക്ഷത്തിന് രഹസ്യ സ്വഭാവമുള്ള ഫയലുകൾ നൽകുന്നതെന്ന് കണ്ടെത്താനാണ് ശ്രമം. ഇതിന് സെക്രട്ടറിയേറ്റിലെ ഇടതു സംഘടനാ നേതാക്കൾ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവർക്കെതിരെ നടപടിക്കും സർക്കാർ ആലോചനയുണ്ട്. മതിയായ തെളിവ് കിട്ടിയാൽ മാത്രമേ അതുണ്ടാകൂ. സെക്രട്ടറിയേറ്റിലെ ഫയലിലെ രഹസ്യ സ്വഭാവമുള്ള രേഖയാണ് ചോർന്നതെങ്കിൽ മാത്രമേ നടപടിയുണ്ടാകൂ. ഏതായാലും കുഴൽനാടന്റെ നീക്കം സർക്കാരിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. മറുപടി പറയാൻ ഇല്ലാത്തതുകൊണ്ടാണ് തൽകാലം അനുമതി നൽകാത്തത്.

അതിനിടെ മാസപ്പടിയിൽ മുഖ്യമന്ത്രിക്കെതിരെ തെളിവുണ്ടെന്ന നിലപാടിലാണ് കുഴൽനാടൻ. ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയായിരുന്നു നിയമസഭയിൽ സംഭവിച്ചത്. മുഖ്യമന്ത്രിക്ക് കൂടി ആരോപണത്തിന് മറുപടി പറയാമെന്ന നിലയിലാണ് സഭയിൽ അവതരിപ്പിച്ചതെന്നും പറഞ്ഞു. ബജറ്റ് ചർച്ചയ്ക്കിടെയാണ് മാത്യു കുഴൽനാടൻ എക്‌സാലോജിക് വിവാദം സഭയിലെത്തിക്കാൻ ശ്രമിച്ചത്. രേഖകൾ സഹിതം സ്പീക്കർക്ക് എഴുതി നൽകിക്കൊണ്ടായിരുന്നു നീക്കം. സ്പീക്കർ തടഞ്ഞതോടെ രമേശ് ചെന്നിത്തല ഇടപെട്ടെങ്കിലും ചട്ടം ഉദ്ധരിച്ചായിരുന്നു സ്പീക്കറുടെ പ്രതിരോധം.

നേരത്തെ വിഷയത്തിൽ അടിയന്തരമപ്രമേയ നോട്ടിസ് നൽകിയപ്പോഴും കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ തടഞ്ഞിരുന്നു. രേഖകൾ നൽകിയിട്ടും വിഷയം അവതരിപ്പിക്കാൻ അനുവദിക്കാത്ത സ്പീക്കറാണ് ഒരു രേഖയുമില്ലാതെ പ്രതിപക്ഷ നേതാവിനെതിരെ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിക്കാൻ പി.വി.അൻവറിന് അനുമതി നൽകിയതെന്ന് മാത്യു പിന്നീട് വാർത്താസമ്മേളനത്തിൽ പരിഹസിച്ചു.

എക്‌സാലോജിക് സഭയിൽ കൊണ്ടുവരുന്നതിനെ ഭരണപക്ഷം എല്ലാ കരുത്തും ഉപയോഗിച്ച് തടയുമ്പോൾ സഭയ്ക്ക് പുറത്ത് വിഷയം കത്തിച്ചുനിർത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.