- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിരോധമൊരുക്കുക നിശബ്ദതയിൽ; രേഖകൾ പ്രതിപക്ഷത്തിന് കിട്ടിയതിൽ അന്വേഷണം
തിരുവനന്തപുരം: നിയമസഭയിൽ ഉന്നയിക്കുന്നതിൽ സ്പീക്കർ അനുമതിനൽകാതിരുന്ന അഴിമതി ആരോപണം മാത്യു കുഴൽനാടൻ എംഎൽഎ. പുറത്ത് ഉന്നയിച്ചുവെങ്കിലും സിപിഎമ്മോ മുഖ്യമന്ത്രി പിണറായി വിജയനോ ആരോപണത്തോട് പ്രതികരിക്കില്ല. ഈ വിവാദത്തിൽ സിപിഎം നേതാക്കളോടും കരുതലോടെ മാത്രമേ പ്രതികരിക്കാവൂവെന്ന് സിപിഎം അനൗദ്യോഗികമായി നിർദ്ദേശം നൽകി. നിയമസഭയിൽ മറുപടി പറയാതിരിക്കാൻ കൂടി വേണ്ടിയാണ് കുഴൽനാടനെ സ്പീക്കർ തടഞ്ഞത്. അപ്പോൾ തന്നെ ഇത്തരത്തിലൊരു പത്ര സമ്മേളനം സിപിഎം പ്രതീക്ഷിച്ചിരുന്നു. കുഴൽനാടൻ ഒരുക്കിയത് അഴിമതി കുഴിയാണെന്നും അതിൽ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നുമാണ് സിപിഎമ്മിലെ തീരുമാനം. എക്സാലോജിക്കുമായി ബന്ധപ്പെട്ട സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണത്തിലെ ഹർജികൾ കേരള-കർണ്ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് കൂടിയാണ് കരുതൽ.
പിണറായി വിജയൻ മുഖ്യമന്ത്രിയായ 2016 മുതൽ മകൾക്ക് മാസപ്പടി ലഭിച്ചിട്ടുണ്ടെന്ന ഗുരുതരമായ ആരോപണമാണ് കുഴൽനാടൻ ഉന്നയിച്ചത്. ഇതിന് പ്രത്യുപകാരമായി സ്വകാര്യ കരിമണൽക്കമ്പനിയായ സി.എം.ആർ.എലിനെ സഹായിക്കാൻ മുഖ്യമന്ത്രി ഇടപെട്ടു. സ്വകാര്യ കമ്പനികൾക്ക് ഖനനാനുമതി നൽകാൻ പാടില്ലെന്ന് കേന്ദ്രം ഉത്തരവിട്ടപ്പോൾ, പൊതുമേഖലാ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി മുഖ്യമന്ത്രി സംയുക്ത സംരംഭമുണ്ടാക്കി കരിമണൽ ഖനനം നടത്താനുള്ള വഴിതേടിയെന്നും കുഴൽനാടൻ ആരോപിച്ചു. സഭയിൽ മറുപടി ഒഴിവാക്കാൻ നിലവിട്ട് ഇടപെട്ട് മുഖ്യമന്ത്രിക്ക് പരിചതീർക്കുകയായിരുന്നു സ്പീക്കർ എ.എൻ. ഷംസീറെന്നും കുഴൽനാടൻ ആരോപിച്ചിരുന്നു. ഗുരുതര ആരോപണങ്ങളാണ് കുഴൽനാടൻ ഉന്നയിച്ചത്. ഈ രേഖകൾ എങ്ങനെ പ്രതിപക്ഷത്തിന് കിട്ടിയെന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണം നടത്തുന്നുണ്ട്.
കരിമണൽ കർത്തയിൽ നിന്നും അഴിമതി പണം മുഖ്യമന്ത്രിയുടെ മകൾക്ക് കിട്ടിയെന്ന് വരുത്താനാണ് ശ്രമം. പണം കൈപ്പറ്റിയതിന് തെളിവുണ്ട്. ഇനി വേണ്ടത് മുഖ്യമന്ത്രി ചെയ്തു കൊടുത്ത സഹായത്തിന് വിശദീകരണമാണ്. അതായിരുന്നു ചില രേഖകളിലൂടെ കഴൽനാടൻ സ്ഥാപിച്ചെടുത്തത്. 2004 സപ്തംബർ 15-ന് സി.എം.ആർ.എലിന് കരിമണൽ ഖനനംനടത്താൻ നാല് പാട്ടക്കരാറുകൾ ലഭിച്ചു. ഇന്നത്തെ മൂല്യമനുസരിച്ച് 1000 കോടിക്കുമുകളിൽ വിലവരുന്നതാണിത്. ജനകീയ എതിർപ്പുകാരണം, നിയമപോരാട്ടത്തിലൂടെ കരാർ മരവിപ്പിച്ചു. സ്വകാര്യകമ്പനിക്ക് ഖനനത്തിന് അനുമതി നൽകേണ്ടതില്ലെന്ന് പിന്നീട് ഉമ്മൻ ചാണ്ടി, വി എസ്. സർക്കാരുകൾ നിലപാട് സ്വീകരിച്ചു. എന്നാൽ പിണറായിയുടെ കാലത്ത് കഥമാറിയെന്നാണ് ആക്ഷേപം.
ഖനനക്കരാറിന്റെ വിലക്ക് ഒഴിവാക്കാൻ സി.എം.ആർ.എൽ. കേന്ദ്ര മൈൻസ് ട്രിബ്യൂണലിനെ സമീപിച്ചു. ഇക്കാര്യം സർക്കാർ പരിശോധിക്കണമെന്ന് ട്രിബ്യൂണൽ വിധിച്ചു. സർക്കാർ കമ്പനിക്ക് അനുകൂലനിലപാട് എടുത്തില്ല. സി.എം.ആർ.എൽ. ഹൈക്കോടതിയെ സമീപിച്ചു. സിംഗിൾ ബെഞ്ചും ഡിവിഷൻബെഞ്ചും കമ്പനിക്ക് അനുകൂലമായി വിധിച്ചു. ഉമ്മൻ ചാണ്ടി സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ പോയി. 2016 ഏപ്രിൽ എട്ടിന് സുപ്രീംകോടതി സർക്കാർ അപ്പീൽ തള്ളി. ഈ വിധിയിൽ കരിമണൽമേഖല സർക്കാർ ഏറ്റെടുക്കുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കി. എന്നാൽ അത് പിന്നീട് വന്ന പിണറായി സർക്കാർ ചെയ്തില്ല. ഇത് പൊതു ജനങ്ങളിൽ നിന്നും മറച്ചു വയ്ക്കുകയും ചെയ്തു.
ഖനനഭൂമി സർക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കാതിരിക്കാനും ഖനനാനുമതി കമ്പനിക്ക് ലഭിക്കാനും സി.എം.ആർ.എൽ. ശ്രമം തുടങ്ങി. 2016 ഡിസംബർ 20 മുതൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് മാസം അഞ്ചുലക്ഷം രൂപവീതം കരിമണൽക്കമ്പനി നൽകിത്തുടങ്ങി. 2017 മാർച്ച് രണ്ടുമുതൽ വീണയുടെ കമ്പനിയായ എക്സാലോജിക്കിന് മാസം മൂന്നുലക്ഷംവീതവും നൽകി. 2018 ജൂലായ് 27-ന് വ്യവസായനയം പ്രഖ്യാപിച്ചപ്പോൾ, ഖനനം പൊതുമേഖലയിൽമാത്രമാണെന്ന് പ്രഖ്യാപനം. ഇതിന്റെ മലയാളം പതിപ്പിൽ തിരുത്തൽ വരുത്തി. 'എന്നാൽ, ഇപ്പോൾ നിലവിലുള്ള സുപ്രീംകോടതി ഉത്തരവ് പാലിക്കപ്പെടുന്നതായിരിക്കും' എന്നതായിരുന്നു തിരുത്ത്. ഇത് സ്വകാര്യ കമ്പനിക്കുവേണ്ടിയായിരുന്നുവെന്ന് കുഴൽനാടൻ പറയുന്നു. ഇതിന് രേഖയും പുറത്തു വിട്ടു.
2019 ഫെബ്രുവരി 20-ന് അറ്റോമിക് മിനറൽസിന്റെ ഖനനം സ്വകാര്യമേഖലയിൽ പാടില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചു. സ്വകാര്യ ഖനനത്തിനുള്ള എല്ലാ കരാറുകളും റദ്ദാക്കണമെന്ന് 2019 മാർച്ച് 19-ന് ഉത്തരവിറക്കി. ഏപ്രിൽ 12-ന് സി.എം.ആർ.എലിന്റെ പാട്ടക്കരാർ വ്യവസായവകുപ്പ് റദ്ദാക്കി. 2019 ഓഗസ്റ്റ് 27-ന് വ്യവസായവകുപ്പിൽനിന്ന് മുഖ്യമന്ത്രി ഫയൽ വിളിപ്പിച്ചു. നടപടികൾ മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽ മാത്രമാക്കി. സി.എം.ആർ.എലിന്റെ സഹകമ്പനിയായ കെ.ആർ.ഇ.എമ്മിനെ പങ്കാളിയാക്കി പൊതുമേഖലാസ്ഥാപനങ്ങളായ കെ.എസ്ഐ.ഡി.സി., ഐ.ആർ.ഇ. എന്നിവ ചേർന്ന് സംയുക്തസംരംഭം തുടങ്ങാനായിരുന്നു പദ്ധതി.
കെ.ആർ.ഇ.എമ്മിന്റെ ഓഹരി 25 ശതമാനത്തിൽത്താഴെയായി നിർത്തിയാൽ പൊതുമേഖലാസ്ഥാപനമെന്ന പദവിയിൽ ഖനനത്തിന് അനുമതി നൽകാനാകുമോയെന്ന് പരിശോധിക്കാനായിരുന്നു നിർദ്ദേശം. ഇതിനുശേഷം എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാണ് കുഴൽനാടന്റെ ആവശ്യം. ഇതിൽ വലിയ കുരുക്കുകൾ ഉണ്ടെന്ന് സിപിഎം തിരിച്ചറിയുന്നു. ഈ സാഹചര്യത്തിൽ വിഷയത്തിൽ മൗനം തുടരും.