ലണ്ടൻ: പ്രവാസികൾക്ക് സഹായം എത്തിക്കാൻ എന്ന പേരിൽ കേരള സർക്കാർ തുടങ്ങിയ, തുടക്കത്തിൽ ഭരണഘടനാപരമായ അവകാശങ്ങളും സാധ്യതകളും ഉണ്ടാകും എന്ന് വീമ്പു പറഞ്ഞിരുന്ന സംഘടന ആറാം വർഷത്തിൽ എത്തുമ്പോഴും നോക്കുകുത്തി ആയി തുടരുന്ന കാഴ്ച. രണ്ടു വർഷം കൂടുമ്പോൾ ഓരോ പ്രവാസ നാടിനും വേണ്ടി എത്തുന്ന പ്രതിനിധികൾ മാറും എന്ന ആശയത്തിനും ലോക കേരള സഭയുടെ നാലാം എഡിഷനിൽ വിട്ടുവീഴ്ചകൾ സംഭവിച്ചതായി സൂചന. യുകെ ഘടകത്തിൽ നിലവിൽ ഉണ്ടായിരുന്നതിൽ തുടരാൻ താൽപര്യം ഇല്ലെന്നു വ്യക്തമാക്കിയിരിക്കുന്നത് സ്‌കോട്ലൻഡ് പ്രതിനിധിയും മാർട്ടിൻ ഡേ എംപിയുടെ ഭാര്യയുമായ നിധിൻ ചാന്ദ് മാത്രമാണ്.

എന്നാൽ ലോക കേരള സഭയിൽ കയറിപ്പറ്റാൻ കൂട്ടയിടി നടത്തിയവരിൽ സിപിഎം, കേരള കോൺഗ്രസ് അനുഭാവികൾ തുല്യ എണ്ണം സീറ്റുകൾ വീതം വച്ച് എടുത്തു എന്നാണ് ഒടുവിലായി ലഭിക്കുന്ന സൂചനകൾ. സിപിഎം അനുഭാവ സംഘടനകൾ എന്നറിയപ്പെടുന്ന സമീക്ഷ യുകെ, കൈരളി, എസ്എഫ്ഐ യുകെ എന്നിവയുടെ കീഴിൽ ഉള്ളവരാണ് ഭൂരിഭാഗം യുകെ ഘടകം പ്രതിനിധികൾ. കേരള കോൺഗ്രസ് മാണി വിഭാഗത്തിന് അവരുടെ വലിപ്പം അനുസരിച്ചുള്ള സ്ഥാനം മാത്രം നൽകിയിട്ടുണ്ട്.

ആദ്യമായി യുക്മയിൽ നിന്നും ഒരാളെ ലോക കേരള സഭയിൽ എടുക്കാൻ രാഷ്ട്രീയക്കാർ തീരുമാനിച്ചു എന്നതാണ് ഇത്തവണത്തെ ഏക മാറ്റം. അതും ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന നിലയിൽ ഉള്ള പദവി കൈമാറ്റം മാത്രമാണ്. ലോക കേരള സഭ മൂന്നാം എഡിഷന്റെ ഭാഗമായി ലണ്ടനിൽ നടന്ന യൂറോപ്യൻ മേഖല സമ്മേളനത്തിൽ രാഷ്ട്രീയ കൂട്ടായ്മ എന്ന വിളിപ്പേര് വീഴാതിരിക്കാൻ ഓർഗനൈസർ സ്ഥാനത്തു കണ്ടെത്തിയ യുക്മ പ്രസിഡന്റ് ബിജു പെരിങ്ങത്തറയ്ക്ക് അന്നത്തെ പ്രവർത്തനത്തിന്റെ പേരിൽ ഇത്തവണ ലോക കേരള സഭയിൽ അംഗമാക്കാൻ തീരുമാനിക്കുക ആയിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

മൂന്നാം എഡിഷന്റെ ഭാഗമായി സമീക്ഷ യുകെ ഘടകം ഭാരവാഹി ഗ്ലോസ്റ്റർ മലയാളി ആയ ദിനേശ് വെള്ളാപ്പളി സ്ഥാനം ഉറപ്പിച്ചപ്പോൾ കൈരളി യുകെയ്ക്ക് ഭാരവാഹികളായ കുര്യൻ ജോർജിനെയും ലിനു വർഗീസിനെയും ലോക കേരള സഭയിൽ എത്തിക്കാൻ ആയി. കേരള കോൺഗ്രസിൽ നിന്നും ന്യുകാസിലിലെ ഷൈമോൻ തോട്ടുങ്കലും സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. എസ്എഫ്ഐ യുകെയ്ക്ക് വേണ്ടി വിശാലും പുതിയ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ്.

ബാക്കിയുള്ള നിലവിലെ അംഗങ്ങൾ തുടരാൻ താൽപര്യം ഉണ്ട് എന്ന് അറിയിച്ചതിനെ തുടർന്നു പുതുതായി മറ്റാർക്കും അവസരം ഇല്ലെന്നാണ് വ്യക്തമാകുന്നത്. ചുരുക്കത്തിൽ രാഷ്ട്രീയക്കാരുടെ ലാവണമായി പ്രവാസികൾക്ക് വേണ്ടിയെന്ന പേരിൽ തുടങ്ങിയ ലോക കേരള സഭയും മാറിക്കഴിഞ്ഞിരിക്കുന്നു. പ്രവാസ ലോകത്തെത്തുന്ന നല്ല പങ്കു മലയാളികൾക്കും കേരളത്തിലെ രാഷ്ട്രീയത്തോട് താൽപര്യം ഇല്ലായ്മ സ്വാഭാവികമായി സംഭവിക്കുമ്പോഴാണ് അവർക്ക് വേണ്ടിയെന്ന് അവകാശപ്പെട്ട് ആരംഭിച്ച സംവിധാനത്തിൽ രാഷ്ട്രീയക്കരുടെ ഏറാൻ മൂളി നടക്കുന്നവരെ മാത്രം അംഗത്വം നൽകി മറ്റുള്ളവരെ അവഹേളിക്കുന്നത് എന്നതും വിരോധാഭാസമായി മാറുകയാണ്.

യുകെയിൽ ഏറ്റവും കൂടുതൽ മലയാളികൾ ജോലി ചെയ്യുന്ന എൻഎച്ച്എസിനെ പ്രതിനിധീകരിച്ചു ഡോക്ടർമാരുടെ സംഘടനയിൽ നിന്നും നഴ്‌സുമാരുടെ കൂട്ടായ്മയിൽ നിന്നും ഐ ടി ജീവനക്കാരുടെ ഭാഗത്തു നിന്നും ഒക്കെ പ്രതിനിധികൾ വേണമെന്ന് ലണ്ടൻ സമ്മേളനത്തിൽ ആവശ്യം ഉയർന്നിരുന്നെങ്കിലും അതൊക്കെ സമ്മേളന ദിവസം തന്നെ ചവറ്റു കൊട്ടയിൽ വീണിരുന്നു എന്നാണ് നാലാം എഡിഷണറെ ഭാഗമായി മാറുന്നവരുടെ പേരുകളിൽ നിന്നും വെളിപ്പെടുന്നത്.

അടിയന്തിര ഘട്ടത്തിൽ കൈ നീട്ടണം, സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ നേരവുമില്ല

ഇന്ത്യയിലെ പല സംസ്ഥാനങ്ങളും സ്വന്തം നാട്ടിലെ ജനങ്ങൾ വിദേശത്തു പോകുമ്പോൾ ഇൻഷുറൻസ് എടുക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയും വിദേശത്തു വച്ച് അപകടപ്പെട്ടാൽ രണ്ടു ലക്ഷം രൂപ വരെ ഉടൻ സഹായമായി നൽകുകയും ചെയ്യുന്നുണ്ട്. എന്നാൽ കേരളത്തിന് ഇനിയും ഇത്തരം കാര്യങ്ങൾ ചിന്തിക്കാൻ പോലും സമയമായിട്ടില്ല. ലോക കേരള സഭയെന്ന പ്രവാസ ഉത്സവ കാലത്തൊക്കെ വമ്പൻ ആശയങ്ങളായ പ്രവാസി പെൻഷൻ പോലെ ഒരിക്കലും നടക്കാത്ത കാര്യങ്ങൾ പറഞ്ഞു കയ്യടി വാങ്ങി പിരിയുന്ന പതിവ് തന്നെയാകും അടുത്ത മാസം നടക്കാനിരിക്കുന്ന നാലാം എഡിഷനിലും കാണാനാവുക.

ഒന്നും സംഭവിക്കില്ല എന്നറിഞ്ഞാലും ആരെയൊക്കെയോ പിണക്കാനാകില്ല എന്ന കാരണത്താൽ മാത്രം ഓടിക്കിതച്ചു നാട്ടിൽ എത്തുന്നവരാണ് പ്രവാസി സഭയിൽ അംഗത്വം ചോദിച്ചു വാങ്ങുന്നവരുടെ രീതി. സ്വന്തം വീട്ടിൽ ഒരാവശ്യം വന്നാൽ പോലും ഇത്ര ആവേശത്തോടെ ഇവരൊക്കെ എത്താറുണ്ടോ എന്ന് രോക്ഷത്തോടെ ഇതൊക്കെ കണ്ടു നിൽക്കുന്ന ഒരു പ്രവാസിക്ക് ചോദിക്കാൻ തോന്നിയാലും അത്ഭുതപ്പെടേണ്ട.

ഇന്നേവരെ ലോക കേരള സഭയിൽ നിന്നും യുകെ അടക്കമുള്ള രാജ്യങ്ങളിൽ പ്രവാസികൾ മരണപ്പെടുമ്പോഴോ മറ്റോ മൃതദേഹം നാട്ടിൽ എത്തിക്കാൻ ലോക കേരള സഭയിൽ നിന്നും ഒരു രൂപ ചിലവഴിച്ചിട്ടില്ല എന്ന നഗ്ന്ന സത്യത്തിൽ നിന്നുമാണ് ലോക കേരള സഭ ധൂർത്തിനു എതിരെ പ്രവാസി സമൂഹത്തിൽ രോഷം ഉയരുന്നത്. ഇത്തവണയും കുറെ കാതടപ്പൻ പ്രസംഗങ്ങൾ കേൾക്കാൻ വിദേശത്തു നിന്നും എത്തുന്നവർ അടക്കമുള്ള 351 പേര് മാത്രം പങ്കെടുക്കുന്ന മൂന്നു ദിവസത്തെ പരിപാടിക്കായി മൂന്നു കോടി രൂപയാണ് സർക്കാർ ചെലവാക്കുക. അതേ സമയം യുകെയിലും മറ്റും ഇന്ത്യൻ പാസ്പോർട് കൈവശമുള്ള മലയാളികൾ മരിക്കുകയോ രോഗം കലശലായി നാട്ടിൽ എത്തണമെങ്കിലോ യുകെ മലയാളി സമൂഹം നാടൊട്ടുക്ക് കൈനീട്ടി പിരിവെടുക്കണം. ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെ മൃതദേഹങ്ങൾ നാട്ടിൽ എത്താൻ രണ്ടോ മൂന്നോ ആഴ്ച സമയമെടുക്കുകയും ചെയ്യും.

സർക്കാർ സഹായത്തിന്റെ പുറകെ പോയാൽ ഒരു മാസത്തിലധികം വേണ്ടി വരും എന്നത് മറ്റൊരു കാര്യം. എന്നാൽ മരണവും അടിയന്തിര സാഹചര്യവും എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും എന്നതിനാൽ അതിനായി ഉപയോഗിക്കാൻ ഒരു നിശ്ചിത ഫണ്ട് മാറ്റിവയ്ക്കാൻ ഇന്നും കേരളത്തിനില്ല. പ്രതിവർഷം ഒരു ലക്ഷം കോടിയിലേറെ രൂപ കേരളത്തിൽ എത്തിക്കുന്ന അമ്പതു ലക്ഷത്തോളം പ്രവാസികളോടാണ് ഈ വിവേചനം എന്നതാണ് ഏറെ ദുഃഖകരം. പ്രവാസികളുടെ ലിസ്റ്റിലേക്ക് പഠിക്കാൻ വേണ്ടി പ്ലസ് ടു പഠന ശേഷം വിദ്യാർത്ഥികളും പറന്നു തുടങ്ങിയതോടെ സഹായം ആവശ്യമായവരുടെ പട്ടികയിൽ വീണ്ടും ലക്ഷക്കണക്കിന് മലയാളികളുടെ തലയെണ്ണം കൂട്ടി ചേർക്കേണ്ടി വരുകയാണ്.

വെറും നോക്കുകുത്തികളെ പോലെ കുറേയാളുകൾ

യുകെ അടക്കമുള്ള ലോക കേരള സംവിധാനം തികഞ്ഞ പരാജയം ആണെന്ന് തെളിയിക്കുന്നത് അവർ തന്നെ പുലർത്തുന്ന നിസ്സംഗതയാണ്. കടലാസ്സ് സംഘടനയാണ് എന്ന് അവർക്ക് തന്നെ ബോധ്യമുള്ളതിനാൽ ജനകീയ സംഭവങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക് നിയമപരമായി ഇടപെടാനാകില്ലല്ലോ എന്നാണ് ഇവർ സ്വയം പങ്കുവയ്ക്കുന്ന ആശങ്ക. എന്നാൽ പൊതു പ്രവർത്തകർ എന്ന നിലയിൽ ജനകീയ പ്രശ്നങ്ങളിൽ ഇടപെടാൻ ഒരു നിയമവും തടസം നിൽക്കുന്നില്ല എന്ന അടിസ്ഥാന പാഠം പോലും മനസിലാക്കാത്തവരാണ് സംഘടനാ പ്രവർത്തനത്തിന്റെ ലേബൽ ഒട്ടിച്ചു ലോക കേരള സഭയിൽ എത്തുന്നത് എന്നത് അതിലേറെ രസകരം.

ഒരു വർഷം മുൻപ് ലിവർപൂളിൽ മലയാളി വിദ്യാർത്ഥി റിക്രൂട്ടിങ് എജൻസികളുടെ കെണിയിൽ കുടുങ്ങി ആത്മഹത്യ ചെയേണ്ടി വന്ന സാഹചര്യത്തിൽ പൊതുജന രോഷം ഉയർന്നപ്പോൾ യുകെയിൽ പ്രവർത്തിക്കുന്ന ഏജൻസി നടത്തിപ്പുകാർക്ക് അനാവശ്യ പ്രവണതകൾ അവസാനിപ്പിക്കണം എന്ന ഒരു കത്ത് എങ്കിലും നൽകിക്കൂടെ എന്ന ആശയം ലോക കേരള സഭ അംഗങ്ങളെ തേടി വന്നപ്പോൾ തുടക്കത്തിലേ ആ ചർച്ച വെട്ടി മാറ്റുക ആയിരുന്നു. കാരണം ഏജൻസി നടത്തിപ്പുകാരായ തീവെട്ടിക്കൊള്ളക്കാർ സമൂഹത്തിൽ പലരുടെയും ശിങ്കിടികൾ ആണെന്നത് ലോക കേരള അംഗങ്ങളെയും മനസ്താപപ്പെടുത്തിയിരിക്കണം.

ജീവിതം തേടി വന്നു ഒടുവിൽ മരണത്തിൽ അഭയം തേടിയവനേക്കാളും പ്രിയപ്പെട്ടവർ കൊള്ള സംഘം പോലെ പ്രവർത്തിക്കുന്ന ഏജൻസി നടത്തിപ്പുകാർ ആണെന്നത് മൗനത്തിലൂടെ തെളിയിക്കുന്നതായിരുന്നു അക്കാലത്തെ മികച്ച പ്രവർത്തനം. ഒടുവിൽ സമ്മർദ്ദം സഹിക്കാൻ പറ്റാതായ സാഹചര്യത്തിൽ ഒരു പത്ര പ്രസ്താവനയിൽ തങ്ങളുടെ റോൾ അവസാനിപ്പിക്കാനും അന്നത്തെ ലോക കേരള സഭ അംഗങ്ങൾ മിടുക്ക് കാട്ടി. അത്തരം അനാശാസ്യ പ്രവർത്തനം തുടർന്നും നൂറു കണക്കിന് യുകെ മലയാളികളെ കണ്ണീർ കുടിപ്പിച്ചപ്പോഴും ലോക കേരള സഭയുടെ ശബ്ദം ആരും കേട്ടില്ല.

മൗനി ബാബാകളെ അനുസ്മരിപ്പിക്കുന്ന ആളുകളാണ് എന്ന് സ്വയം തെളിയിക്കാൻ വേണ്ടി ലേബൽ ഒട്ടിച്ചവർ എന്ന വിളിപ്പേര് വീണതിനാൽ സഹായ ഹസ്തം തേടി ഒരു യുകെ മലയാളിയും ഇവരെ സമീപിച്ചതുമില്ല. അടുത്തിടെയായി റിക്രൂട്ടിങ് ഏജൻസി നടത്തിപ്പുകാരുടെ താമസ സ്ഥലത്തു വരെ എത്തി പണം നഷ്ടമായവർ ബഹളം കൂട്ടിയപ്പോഴും അവർക്ക് തെല്ലെങ്കിലും ആശ്വാസമായി കൂടെ നിന്നതു സമൂഹ മാധ്യമ കൂട്ടായ്മകളാണ്. ഇംഗ്ലണ്ടിലെ അച്ചായന്മാർ തുടങ്ങിയ കൂട്ടായ്മകളിൽ ജനങ്ങൾ സഹായം ചോദിച്ചത്താൻ കാരണം ലോക കേരള സഭ പോലുള്ളവയുടെ പരാജയത്തിന് തികഞ്ഞ ഉദാഹരണമാണ്. നോക്കുകുത്തികൾക്ക് ശബ്ദം ഉണ്ടാകില്ല എന്ന പ്രകൃതി സത്യം തിരിച്ചറിയുന്ന യുകെ മലയാളികൾക്കെന്നും ആശ്രയം മനസ്സിൽ നന്മയുള്ള ജനകീയ കൂട്ടായ്മകൾ തന്നെയാണ്.

വേദിയും വഴിയും അലങ്കരിക്കാൻ 35 ലക്ഷം

ധൂർത്തിന് ഓരോരോ കാരണങ്ങൾ തേടുന്ന പതിവ് മുടക്കാതെ കേരള സർക്കാർ അടുത്ത മാസത്തെ ലോക കേരള സഭയുടെ നടത്തിപ്പിന് ചെലവിടുന്ന തുക കേട്ടാൽ ഏതു പ്രവാസിയും ഞെട്ടും. ചെലവിൽ 35 ലക്ഷം വേദിയും വഴിയും അലങ്കരിക്കാൻ മാത്രമാണ്. സാംസ്‌കാരിക പരിപാടിക്ക് 25 ലക്ഷം, ഡിജിറ്റൽ കാലത്തും പ്രസാധനത്തിനും അച്ചടിക്കും 15 ലക്ഷം, പരസ്യത്തിന് പത്തു ലക്ഷം, പ്രവാസി വിദ്യാർത്ഥികളുടെ പരിപാടിക്ക് 20 ലക്ഷം, ഫോട്ടോയും വിഡിയോയും ലോകമെങ്ങും എത്തിക്കാൻ 30 ലക്ഷം - അതും മുഖ്യമന്ത്രിയും മന്ത്രിമാരും ഒക്കെ സ്വന്തം സോഷ്യൽ മീഡിയ പേജിൽ ഷെയർ ചെയ്താൽ പോലും ഏറ്റെടുക്കാൻ ലോകമെങ്ങും മലയാളികൾ ഉള്ളപ്പോൾ തന്നെ, ഭക്ഷണത്തിനും താമസത്തിനും 35 ലക്ഷം - മുൻപൊരിക്കൽ വിവാദം ഉണ്ടായപ്പോൾ ഭക്ഷണം കഴിച്ച ബിൽ കയ്യിൽ നിന്നും കൊടുത്തോളം എന്ന് രവിപ്പിളയെ പോലുള്ളവർ പറഞ്ഞിട്ടും, വിമാന ടിക്കറ്റിനു അഞ്ചു ലക്ഷം, പലവക ചെലവിനു 20 ലക്ഷം എന്നിങ്ങനെയാണ് കണക്കുകൾ.

ലോക കേരള സഭ മുഖ്യ ഓഫിസിനു അൻപത് ലക്ഷവും വേറെ അനുവദിച്ചിട്ടുണ്ട്. ശുപാർശകൾ നടപ്പാക്കാൻ എന്ന പേരിൽ 50 ലക്ഷം വേറെ. പണം തികഞ്ഞില്ലെങ്കിൽ വീണ്ടും നൽകുമെന്നും ധനവകുപ്പ്. ഈ കണക്കുകളിൽ എവിടെയാണ് പ്രയാസം അനുഭവിക്കുന്ന പ്രവാസിക്ക് ഒരു രൂപ നീക്കി വച്ചിരിക്കുന്നത് എന്ന് ആരെങ്കിലും ചോദിച്ചാൽ അവർക്ക് അരാഷ്ട്രീയവാദി മുദ്ര സൗജന്യമായി ചാർത്തി കൊടുക്കപ്പെടും. ഇത്തവണയും വിദേശത്തു രണ്ടു സമ്മേളനം ഉണ്ടായിരിക്കും എന്ന് മുൻപേ പറഞ്ഞു കഴിഞ്ഞു.

നനഞ്ഞു ചീറ്റിയ പടക്കമായി പ്രവാസി നിക്ഷേപം, യുകെയിലെ ഷാജിമോനെ പോലെയുള്ള പ്രവാസികൾ നെഞ്ചു കലങ്ങി നിൽക്കുന്നത് എത്ര കോടി പരസ്യം ചെയ്താലും മായ്ക്കാനാകില്ല

പ്രവാസി മലയാളികളുടെ പണം നിക്ഷേപമായി നാട്ടിൽ എത്തിക്കാം എന്നാണ് ലോക കേരള സഭയുടെ ആസൂത്രത്തിൽ പ്രധാനമായും മുന്നിൽ നിന്ന ആശയം. എന്നാൽ വർഷം ഇത്രയായിട്ടും ലോക കേരള സഭയുടെ കണക്കിൽ കാണിക്കാൻ എത്ര പ്രവാസികൾ നിക്ഷേപത്തിന് തയ്യാറായി, അതുവഴി എത്ര തൊഴിൽ സൃഷ്ടിക്കപ്പെട്ടു, എത്ര വരുമാനം ഉണ്ടാക്കാനായി എന്നൊക്കെ ചോദിച്ചാൽ സർക്കാരും നോർക്കയും ഒക്കെ വെള്ളം കുടിക്കും.

എന്നാൽ യുകെയിൽ നിന്നും ആഗ്രഹിച്ചെത്തി സ്വന്തം നാടായ കുറുപ്പന്തറയിൽ വിനോദ വ്യവസായത്തിൽ പണം മുടക്കി ഒടുവിൽ നടുറോഡിൽ കിടന്നു സമരം ചെയേണ്ടി വന്ന ബസിൽഡൺ മലയാളി ഷാജിമോൻ വലിയവെളിച്ചത്തെ പോലെയുള്ള പ്രവാസികൾ അധ്വാനിച്ച പണം നാട്ടിൽ എത്തിക്കാൻ തോന്നിയ സമയത്തെ ശപിച്ചു നെഞ്ചു പൊള്ളി നിൽക്കുമ്പോൾ ആ കാഴ്ച കാണുന്ന പ്രവാസിയുടെ കണ്ണ് വെട്ടിക്കാൻ ആയിരം കോടി രൂപ മുടക്കി പരസ്യം ചെയ്താലും സർക്കാർ തോൽക്കുകയേ ഉള്ളൂ.

വ്യവസായത്തെ തകർക്കുന്ന ശൈലിയുമായി സർക്കാർ എത്തിയപ്പോൾ മടുത്തു പോയ കിറ്റെക്സ് സാബു നാട് വിട്ടത് വർഷങ്ങൾ വിയർപ്പൊഴുക്കിയ പണം നിക്ഷേപിക്കാൻ തയ്യാറാകുന്ന ഏതു പ്രവാസിയെയും ആയിരം വട്ടം ചിന്തിപ്പിക്കും. ബ്രിട്ടനിലും യൂറോപ്പിലും അമേരിക്കയിലും ഒക്കെ കയറ്റുമതി ഓർഡർ ഉള്ള കിറ്റെക്സ് കേരളത്തിൽ നിന്നും നാട് വിടുമ്പോൾ നാട്ടിൽ ഉളവരേക്കാൾ ആ കാഴ്ച വേദനിപ്പിക്കുന്നത് പ്രവാസിയെയാണ്.

പ്രവാസികൾക്ക് പ്രോത്സാഹനവും ആദരവും നൽകിക്കൊണ്ട് കേരളത്തിൽ അവരുടെ നിക്ഷേപകസംരംഭങ്ങൾ ശക്തിപ്പെടുത്തുകയും അതുവഴി കേരളത്തെ കൂടുതൽ വികസനപാതയിലേക്കെത്തിക്കുകയും ചെയ്യുകയെന്ന നല്ല ഉദ്ദേശ്യശുദ്ധിയാണ് ലോക കേരളസഭ മുന്നോട്ടുവച്ചത്. പക്ഷേ ഒന്നും രണ്ടും ലോക കേരളസഭയ്ക്ക് ശേഷമാണ് കണ്ണൂർ തളിപ്പറമ്പിലെ സാജൻ എന്ന പ്രവാസി വ്യവസായിയുടെ ആത്മഹത്യയുണ്ടായത്. ലോകകേരളസഭയ്ക്ക് നിയമപരമായ ഉറപ്പുനൽകാൻ നിയമനിർമ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതാണെങ്കിലും ഒന്നും നടന്നില്ല.

ലോകകേരള സഭാംഗങ്ങളുടെ അഭിപ്രായത്തോടെ ബില്ല് നിയമസഭയിലേക്ക് പോവുമെന്നും നിയമം വരുന്നതോടെ ലോകകേരള സഭയ്ക്ക് നിയമപരമായ ഉറപ്പും ഊർജ്ജവും ലഭിക്കുമെന്നുമുള്ള പ്രഖ്യാപനവും വെറും വാക്കായി. ലോക കേരള സഭ സ്ഥിരം സംവിധാനമാക്കുന്നതുമായി ബന്ധപ്പെട്ട ബില്ലിന്റെ കരട് സഭയുടെ വേദിയിൽ ചർച്ചക്കെടുത്തത് വൻ വിവാദമായിരുന്നു. ലോകകേരള സഭയുടെ തീരുമാനങ്ങളിലോ നടപടികളിലോ സിവിൽ കോടതികൾക്ക് ഇടപെടാനാവില്ലെന്ന് കരടുബില്ലിൽ വ്യവസ്ഥ കൊണ്ടുവന്നതും വിവാദമായി.

കഴിഞ്ഞ തവണത്തെ സമ്മേളനത്തിൽ പ്രഖ്യാപിച്ച കാര്യങ്ങളിൽ ഏതിൽ ഒക്കെ വിജയം കണ്ടെത്തി എന്ന ചോദ്യത്തിന് എങ്കിലും ഉത്തരം നൽകിയ ശേഷം ഇത്തവണത്തെ സമ്മേളനം കൊഴുപ്പിക്കാൻ പണം ഒഴിക്കിയെങ്കിൽ അത്ര കുറച്ചു വിമർശം കേൾക്കേണ്ടി വരുമായിരുന്നുള്ളൂ. പ്രവാസി ക്ഷേമത്തിനായി ഭാവനാ പൂർണമായ പദ്ധതികൾ ഒരുക്കും, മടങ്ങിയെത്തുന്നവരുടെ പുനരധിവാസത്തിന് വിപുലമായ പദ്ധതികളൊരുക്കും, കേന്ദ്ര, സംസ്ഥാന ഓഹരിയോടെ കൺസോർഷ്യം രൂപീകരിക്കും, കേന്ദ്രത്തെ കൊണ്ട് ദേശീയ കുടിയേറ്റ നയം രൂപീകരിപ്പിക്കും, വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തിൽ ഇമിഗ്രേഷൻ പരിശോധന ആവശ്യമുള്ളവരെന്നും ഇല്ലാത്തവരെന്നും തിരിക്കുന്നത് അവസാനിപ്പിക്കും, കേന്ദ്രത്തിന്റെ പുതിയ എമിഗ്രേഷൻ ബില്ലിൽ ഇടനിലക്കാരെ നിയന്ത്രിക്കലിനും കുടിയേറ്റത്തിലെ വേർതിരിവിനും വ്യവസ്ഥയുണ്ടാക്കിക്കും ഇങ്ങനെ എണ്ണമറ്റ പ്രഖ്യാപനങ്ങളായിരുന്നു ലോക കേരള സഭകളിലുണ്ടായത്. ഇതെല്ലാം കടലാസിൽ മാത്രമൊതുങ്ങി.

ലോക കേരളസഭയിൽ പങ്കെടുത്തവരുടെ പശ്ചാത്തലം പോലും ആർക്കും അറിയില്ലെന്നും അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണെന്ന് വ്യക്തമല്ലെന്നുമാണ് ആക്ഷേപം. കേരള സർക്കാരിന്റെ സമീപനം പാർലമെന്ററി സംവിധാനത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്നതാണെന്നാണ് പ്രധാന ആക്ഷേപം. കേരള സർക്കാരിന്റെ സമീപനം പാർലമെന്ററി സംവിധാനത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്നതാണെന്നാണ് മറ്റൊരു ആക്ഷേപം. ലോക കേരളസഭ ഭൂലോക തട്ടിപ്പാണെന്നും അത് വെറും രാഷ്ട്രീയ പരിപാടിയായി അധഃപതിച്ചെന്നുവെന്നുമാണ് പ്രതിപക്ഷത്തിന്റെ വിമർശനം. ലോക കേരള സഭയ്ക്ക് രണ്ടു കോടി രൂപയാണ് ബഡ്ജറ്റ് വിഹിതം. ഇതിനു പുറമെയാണ് ഒരു കോടി രൂപ കോടി ക്ഷേമ പെൻഷൻ വിതരണം അടക്കം നിലച്ച സാഹചര്യത്തിലും അനുവദിച്ചിരിക്കുന്നത്.