- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈലപ്രയിലെ ക്രൂരന്മാരെ അകത്താക്കിയത് പൊലീസ് മികവ്
പത്തനംതിട്ട മൈലപ്രയിലെ പുതുവൽ സ്റ്റോഴ്സ് ഉടമ ജോർജ് ഉണ്ണൂണ്ണിയെ കൊലപ്പെടുത്തി സ്വർണമാലയും പണവും കവർന്നത് നാട്ടുകാരന്റെ ക്രൂരമായ ക്വട്ടേഷൻ. ഷർട്ട് ഇടാതെ നിൽക്കുന്ന ജോർജിന്റെ കഴുത്തിലെ ആറു പവനിലധികം വരുന്ന സ്വർണമാല കൈക്കലാക്കാൻ വേണ്ടി പത്തനംതിട്ട വലഞ്ചുഴി പള്ളിമുരുപ്പേൽ ക്വാർട്ടർ, ആരിഫ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഹരീബ് ആണ് കൊലപാതകം ആസുത്രണം ചെയ്തത്.
ഇയാൾക്ക് പുറമേ തെങ്കാശി സ്വദേശി മദ്രാസ് മുരുകൻ എന്നറിയപ്പെടുന്ന മുരുകൻ (42), മധുരൈ മുനിച്ചലാൽ സിന്താമണി ചിന്നഅനുപ്പനാടി കാമരാജർ സ്ട്രീറ്റിൽ വീട്ടുനമ്പർ 2/119 ൽ ബാലസുബ്രഹ്‌മണി എന്നു വിളിക്കുന്ന എം. സുബ്രഹ്‌മണ്യൻ (24), പത്തനംതിട്ട വലഞ്ചുഴി ജമീല മൻസിലിൽ നിയാസ് അമാൻ (33) എന്നിവരെയാണ് ഡിവൈ.എസ്‌പി എസ്.നന്ദകുമാർ, മൂഴിയാർ പൊലീസ് ഇൻസ്പെക്ടർ ജി. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. നാലാം പ്രതി ഡോൺ എന്ന് വിളിക്കുന്ന തെങ്കാശി സ്വദേശി മുത്തുകുമാർ ഒളിവിലാണ്. മൂന്നുതമിഴന്മാരും കൊടുംക്രിമിനലുകളാണ്. ഇവരെ കുടുക്കിയതാകട്ടെ പത്തനംതിട്ട എസ്‌പി വി. അജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് ടീം നടത്തിയ കൃത്യമായ ആസൂത്രണമാണ്.
ഓട്ടോ്രൈഡവറായ ഹരീബ് ആണ് കവർച്ച ആസൂത്രണം ചെയ്തത്. കൃത്യം നടത്തുന്നതിനായി മുരുകൻ, ബാലസുബ്രഹ്‌മണി, മുത്തുകുമാർ എന്നിവരെ വിളിച്ചു വരുത്തുകയായിരുന്നു. മുൻപ് സ്പിരിറ്റ് കേസിൽപ്പെട്ട് തെങ്കാശിയിലെ പാളയംകോട്ട ജയിലിൽ പ്രതികൾക്കൊപ്പം ഹരീബ് തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. തെങ്കാശിയിൽ നിന്ന് ബസിൽ വന്നിറങ്ങിയ പ്രതികളെ ഹരീബ് ഓട്ടോറിക്ഷയിൽ മൈലപ്രയിലേക്ക് വിളിച്ചു കൊണ്ടു വന്നു. മൂവരെയും കടയിൽ കയറ്റി വിട്ടതിന് ശേഷം ഹരീബ് ഓട്ടോറിക്ഷയിൽ കാത്തിരുന്നു. കയർ വാങ്ങാനെന്ന വ്യാജേനെ കടയിൽ കയറിയ പ്രതികൾ ജോർജിനെ ബലം പ്രയോഗിച്ച് കീഴടക്കുകയും കസേരയിൽ കെട്ടിവയ്ക്കുകയുമായിരുന്നു. ബലപ്രയോഗത്തിനിടെ ജോർജിന്റെ വാരിയെല്ലിന് ഒടിവുണ്ടായി. ജോർജിന്റെ മരണം ഉറപ്പാക്കിയ ശേഷം കഴുത്തിൽ കിടന്ന ഏഴു പവനോളം വരുന്ന സ്വർണമാല വലിച്ചു പൊട്ടിച്ചു. മേശവലിപ്പിലുണ്ടായിരുന്നതും കൈവശം ഉണ്ടായിരുന്നതുമായ പണവും സി.സി.ടി.വിയുടെ ഹാർഡ് ഡിസ്‌കും എടുത്ത് പ്രതികൾ പുറത്തു നിർത്തിയിരുന്ന ഓട്ടോയിൽ കയറി ബസ് സ്റ്റാൻഡിലെത്തി.
കൃത്യം നടന്ന് മണിക്കൂറുകൾക്കകം മാല വിൽക്കാൻ വേണ്ടി ഹരീബ് നിയാസിനെ ഏൽപ്പിച്ചു. ആദ്യം കൊടുത്ത ജൂവലറിക്കാർ കൊളുത്ത് പൊട്ടിയിരിക്കുന്നത് കണ്ട് സ്വീകരിച്ചില്ല. പിന്നീട് ഭാര്യയെയും മക്കളെയും കൂട്ടി കോളജ് റോഡിലെ മലബാർ ജൂവലറിയിൽ എത്തി മാല വിറ്റു. ഭാര്യയ്ക്ക് ചികിൽസയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞാണ് വിൽപ്പന നടത്തിയത്. കടയിൽ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകി. ഇവർ അക്കൗണ്ടിലേക്ക് രണ്ടര ലക്ഷത്തോളം രൂപ ഇട്ടു കൊടുത്തു. ജോർജിന്റെ കടയിൽ നിന്ന് മോഷ്ടിച്ച പണം ഹരീബും സൂക്ഷിച്ചു.
ഷർട്ട് ധരിക്കാതെ കടയിൽ നിൽക്കുന്നതായിരുന്നു ജോർജിന്റെ രീതി. സാധനം വാങ്ങുന്നവർക്ക് ബാക്കി പണം കൊടുക്കാൻ വേണ്ടി പോക്കറ്റിലിരിക്കുന്ന മുഴുവൻ നോട്ടുകളും എടുത്ത് പുറത്തു വച്ച് എണ്ണും. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഹരീബ് ജോർജിന്റെ മാലയിൽ കണ്ണു വച്ചാണ് പദ്ധതികൾ തയാറാക്കിയത്. ഒന്നാം പ്രതിയും മുഖ്യആസൂത്രകനുമായ ഹരീബിന് പത്തനംതിട്ടയിൽ ഒരു ലഹരി മരുന്ന് കേസ് മാത്രമാണുള്ളത്. ഒരു മാസം മുൻപ് ഹരീബും ഏതാനും സുഹൃത്തുക്കളും ജോർജിന്റെ കടയിൽ യാദൃശ്ചികമായി വരികയും സാധനങ്ങൾ വാങ്ങുകയും ചെയ്തിരുന്നു. ഷർട്ടിടാതെ നിൽക്കുന്ന ജോർജിന്റെ മാലയ്ക്ക് തൂക്കം ഏറെയുണ്ടെന്ന് മനസിലാക്കിയ ഹരീബ് പദ്ധതികൾ പ്ലാൻ ചെയ്തു.
പ്രതികളെ കുടുക്കിയത് വാഹനങ്ങളിലെ ഡാഷ്ബോർഡ് കാമറകളാണ്. കൊല നടന്ന ദിവസം പകൽ രണ്ടിനും വൈകിട്ട് ആറിനും സംസ്ഥാന പാതയിലൂടെ കടന്നു പോയ വാഹനങ്ങളുടെ ഡാഷ് ബോർഡ് കാമറകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളിലേക്ക് സൂചന കിട്ടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഓട്ടോറിക്ഷയിലേക്ക് അന്വേഷണം നീളുകയും ഇത് ഏഴംകുളം തൊടുവക്കാട് സ്വദേശിയുടേതാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഓട്ടോ ഉടമയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ താൻ ഓട്ടോ അടൂർ സ്വദേശിക്ക് വിറ്റുവെന്ന് പറഞ്ഞു. വാഹന വ്യാപാരിയായ അടൂർ സ്വദേശി താൻ ഓട്ടോ വിറ്റത് പത്തനംതിട്ട വലഞ്ചുഴി സ്വദേശിക്കാണെന്ന് മൊഴി നൽകി. തുടർന്നാണ് ഹരീബിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിപ്രകാരം തൊണ്ടിമുതൽ വിറ്റഴിച്ച നിയാസിനെയും പൊലീസ് പിടികൂടി. പക്ഷേ, മറ്റ് മൂന്നു പ്രതികളിലേക്കും എത്തിച്ചേരാൻ പൊലീസ് ഏറെ ബുദ്ധിമുട്ടി.
ബസ് സ്റ്റാൻഡിൽ നിന്ന് ഹരീബിന്റെ ഓട്ടോയിലാണ് പ്രതികൾ മൈലപ്രയിലേക്ക് വന്നത്. പുതുവൽ സ്റ്റോഴ്സിൽ നിന്ന് അൽപ്പം മാറ്റി നിർത്തിയ ഓട്ടോയിൽ നിന്ന് ഇറങ്ങിയ മൂവരും നടന്നു വന്ന് കടയിലേക്ക് കയറി. കയർ വാങ്ങുന്നതിന് വേണ്ടി വന്നതാണെന്ന് ജോർജിനോട് പറഞ്ഞു. എന്നിട്ട് സാധനം തിരയാനെന്ന മട്ടിൽ ഉള്ളിലേക്ക് പോയി. കടയുടെ മുൻവശത്ത് ഇരിക്കുകയായിരുന്ന ജോർജ് ഇവർക്ക് പിന്നാലെ അകത്തേക്ക് ചെന്നു. ഈ സമയം ജോർജിനെ വലിച്ച് അകത്തേക്കിട്ട് പ്രതികൾ കൃത്യം നടത്തുകയായിരുന്നു. അതിന് ശേഷം പുറത്തിറങ്ങി ഒന്നും സംഭവിക്കാത്തതു പോലെ ഹരീബിന്റെ ഓട്ടോയിൽ കയറി ബസ് സ്റ്റാൻഡിൽ ഇറങ്ങി അപ്പോൾ തന്നെ തെങ്കാശിക്ക് മടങ്ങി. സ്വർണമാലയും മോഷ്ടിച്ച പണത്തിൽ ഒരു ഭാഗവും ഹരീബിന് കൊടുത്തു. അരലക്ഷത്തിനും എഴുപതിനായിരത്തിനും ഇടയ്ക്ക് രൂപ ഇവർ കവർന്നിട്ടുണ്ട്. അതിന്റെ കൃത്യമായ കണക്കുകൾ പരിശോധിച്ചു വരികയാണെന്ന് എസ്‌പി പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ നേതൃത്വത്തിൽ കൃത്യമായ ആസൂത്രണമാണ് പ്രതികളെ കുടുക്കാൻ സഹായിച്ചത്. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം പ്രധാന പ്രതിയെ കുറിച്ച് സൂചന ലഭിച്ചിരുന്നു. പിന്നാലെ ജില്ലാ ആസ്ഥാനത്തുള്ള ഡിവൈ.എസ്‌പിമാരെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് പദ്ധതികൾ ആസൂത്രണം ചെയ്തു. അഡീഷണൽ എസ്‌പി ആർ. പ്രദീപ്കുമാർ, ഡിവൈ.എസ്‌പിമാരായ ആർ. ജോസ് (ജില്ലാ സ്പെഷൽ ബ്രാഞ്ച്), കെ.എ.വിദ്യാധരൻ (നാർക്കോട്ടിക് സെൽ), ജി. സുനിൽ കുമാർ (ജില്ലാ സി ബ്രാഞ്ച്), പൊലീസ് ഇൻസ്പെക്ടർമാരായ ജിബു ജോൺ (പത്തനംതിട്ട), സി.കെ. മനോജ് (ആറന്മുള), ബി. രാജഗോപാൽ (വെച്ചൂച്ചിറ), എസ്‌ഐമാരായ അനൂപ് ചന്ദ്രൻ, ജ്യോതി സുധാകർ (പത്തനംതിട്ട), ജി. ഉണ്ണിക്കൃഷ്ണൻ (കോയിപ്രം), വി എസ്. കിരൺ (മലയാലപ്പുഴ), പി.ബി. അരവിന്ദാക്ഷൻ നായർ (സൈബർ സെൽ), ഗ്രേഡ് എസ്‌ഐ. സവി രാജൻ (പത്തനംതിട്ട), ഡിവൈ.എസ്‌പി ഓഫീസിൽ നിന്നുള്ള ജയകൃഷ്ണൻ ജയരാജൻ, അബ്ദുൾ ഷഫീഖ് എന്നിവരും ഡാൻസാഫ് ടീമും അന്വേഷണത്തിൽ പങ്കെടുത്തു.