ലണ്ടൻ: സോജൻ ഒരു പോരാളിയാണ്. ജീവിതത്തോട് എന്നും മല്ലിട്ടു ജയിച്ചു കയറുന്ന യഥാർത്ഥ പോരാളി. രോഗം കീഴ്പ്പെടുത്തും എന്ന അവസ്ഥയിലാണ് സോജൻ ആരോഗ്യം വീണ്ടെടുക്കാൻ ഓടി തുടങ്ങിയത്. ആഷ്‌ഫോർഡ് മലയാളികളെ നല്ല ശീലം പഠിപ്പിക്കാൻ സോജൻ കാട്ടിയ ഉത്സാഹമാണ് 2013ൽ ആദ്യമായി അദ്ദേഹത്തെ മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ പ്രധാന വാർത്തയിൽ എത്തിച്ചത്. പിന്നീട് ഇടയ്ക്കിടെ പോസിറ്റീവ് വാർത്തകളുമായി എത്തിക്കൊണ്ടിരുന്ന സോജൻ കഴിഞ്ഞ വർഷമാണ് അവസാനമായി പ്രധാന വാർത്തയിൽ വീണ്ടും എത്തുന്നത്. അന്ന് പ്രാദേശിക തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയ സോജനെയാണ് വായനക്കാർക്ക് മുൻപിൽ അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ ഇതുവരെ ഒരു യുകെ മലയാളിയും നേടാത്ത വിധം വമ്പൻ രാഷ്ട്രീയ വിജയമാണ് സോജനെ തേടി എത്തിയിരിക്കുന്നത്.

അദ്ദേഹത്തെ ലേബർ പാർട്ടി ആഷ്ഫോർഡ് സീറ്റിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. നേരത്തെ മുൻ ക്രോയ്‌ഡോൺ മേയർ മഞ്ജു ഷാഹുൽ ഹമീദിന്റെ പേര് ക്രോയ്‌ഡോൺ സീറ്റിൽ പരിഗണിച്ചിരുന്നതായി ശ്രുതി പരന്നിരുന്നെങ്കിലും ഇപ്പോൾ ആ സീറ്റ് മഞ്ജുവിന് ഏറെക്കുറെ നഷ്ടമായ സാധ്യതയാണ് ലഭ്യമാകുന്നത്. യുകെ മലയാളികൾ വർഷങ്ങളായി കാത്തുകാത്തിരുന്ന വാർത്ത ഒടുവിൽ എത്തുന്നത് സോജന്റെ പേരിൽ ആണെന്നത് ചരിത്ര നിയോഗം കൂടി ആയി മാറുകയാണ്. കോട്ടയം കൈപ്പുഴ സ്വദേശിയായ സോജൻ യുകെയിലെ നൂറുകണക്കിന് കൈപ്പുഴക്കാരുടെ സ്വകാര്യ അഹങ്കാരമായി മാറുകയാണ്.

സോജനെ ലേബർ സ്ഥാനാർത്ഥി ആക്കിയ വിവരം സമൂഹ മാധ്യമമായ എക്‌സ് വഴിയാണ് പുറം ലോകം അറിയുന്നത്. ടുമാറോ എംപി എന്ന പേജിലൂടെ രാഷ്ട്രീയ സ്‌കൂപ്പുകൾ പുറത്തു വിടുന്ന ടീം ആണ് സോജന്റെ സ്ഥാനാർത്ഥിത്വം വെളിപ്പെടുത്തുന്നത്. വാർത്തയോട് പ്രതികരണം തേടി സോജനെ വിളിച്ചെങ്കിലും അദ്ദേഹത്തിന് ഇതുവരെ സ്ഥിരീകരണം നൽകാനായിട്ടില്ല. കൺസർവേറ്റീവ് തേരാളി ഡാമിയൻ ഗ്രീൻ ജയിച്ചിരുന്ന സീറ്റിലേക്കാണ് സോജൻ പടക്കുതിരയെ പോലെ പട നയിക്കാൻ എത്തുന്നത്. പട്ടണവും ഗ്രാമങ്ങളും ചേർന്ന മണ്ഡലം എന്ന നിലയിൽ ഇത്തവണ പ്രവചനാതീതമായ മത്സരത്തിലേക്ക് എത്തിക്കാൻ സോജന് കഴിയും എന്നുറപ്പാണ്.

പലപ്പോഴും ഇവിടെ പത്തു ശതമാനം വരെ ഭൂരിപക്ഷം എത്തുന്ന മണ്ഡലം എന്ന നിലയിൽ ശക്തമായ പ്രചാരണത്തിലൂടെ സീറ്റു പിടിച്ചെടുക്കാനാകും എന്ന പ്രതീക്ഷയാണ് ലേബറിന് ഉള്ളത്. ഇക്കഴിഞ്ഞ കൗൺസിൽ തിരഞ്ഞടുപ്പിൽ സോജൻ നടത്തിയ ഐതിഹാസികമായ പോരാട്ട വിജയമാണ് കൺസർവേറ്റീവ് കോട്ടയിൽ ഈ പോരാളിയെ തന്നെ നിയോഗിക്കാൻ ലേബറിനെ പ്രേരിപ്പിച്ചത്. എന്നാൽ സോജന്റെ സ്ഥാനാർത്ഥിതം ലേബർ പാർട്ടി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയിട്ടില്ല.

കഴിഞ്ഞ 30 വർഷമായി മണ്ഡലത്തിലെ നിത്യ സാന്നിധ്യമായ ഡാമിയൻ ഗ്രീൻ പടിപടിയായി ഭൂരിപക്ഷം ഉയർത്തി വിജയിക്കുന്ന എംപിയാണ്. കഴിഞ്ഞ ഏഴു തിരഞ്ഞെടുപ്പിൽ വിജയിച്ച ഡാമിയൻ ഇത്തവണ മണ്ഡല പുനർവിഭജനത്തിൽ സീറ്റ് നഷ്ടമായ നിലയിലാണ്. ഡാമിയൻ ജയിച്ചു വന്ന പ്രദേശങ്ങൾ അടിമുടി മാറി പുതിയ മണ്ഡലം ആയതോടെ പ്രാദേശിക കൺസർവേറ്റീവുകൾ ഈ സീറ്റിൽ ഡാമിയൻ ജയിക്കില്ല എന്ന നിലപാട് എടുക്കുക ആയിരുന്നു. മുതിർന്ന നേതാവിന്റെ സീറ്റ് നഷ്ട കഥ ദേശീയ മാധ്യമങ്ങളും നന്നായി ആഘോഷമാക്കിയിരുന്നു.

പുതിയ മണ്ഡലത്തിൽ ഏകദേശം 80000 വോട്ടർമാരാണ് ആകെയുള്ളത്. ഡാമിയൻ 30000 വോട്ടിനു മുകളിൽ പിടിച്ചു ജയിക്കുമ്പോൾ ലേബർ സ്ഥാനാർത്ഥി ഇവിടെ പരമാവധി കണ്ടെത്തിയിട്ടുള്ളത് 17000 വോട്ടുകളാണ്. അതിനർത്ഥം സോജൻ കൂടുതലായി കണ്ടെത്തേണ്ടത് 13000 ഓളം വോട്ടുകളാണ്. ജീവിതത്തിൽ മാരത്തോൺ ഓട്ടക്കാരനായ സോജന് രാഷ്ട്രീയത്തിലും കിതപ്പറിയാതെ ഓടിക്കയറാനാകും എന്ന പ്രതീക്ഷയാണ് ലേബർ ക്യാമ്പുകളിൽ. എന്നാൽ അവസാന വട്ട ലോബിയിങ്ങിൽ ഇപ്പോൾ വീണ്ടും ഡാമിയൻ തന്നെ രംഗത്ത് എത്തുകയാണ് എന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. അതിനാൽ സോജന് മുന്നിൽ ഉള്ളത് വമ്പൻ വെല്ലുവിളി തന്നെയാണ്. ഈ തിരഞ്ഞെടുപ്പിൽ സോജൻ ജയിച്ചു കയറിയാൽ ബ്രിട്ടൻ കാണുന്ന ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായിരിക്കും ആഷ്ഫോഡിൽ സംഭവിക്കുക.

കോട്ടയം കൈപ്പുഴക്കാരനായ സോജൻ കഴിഞ്ഞ ഏഴു വർഷമായി ലേബർ പാർട്ടിയുടെയും 20 വർഷമായി പാർട്ടി യൂണിയനായ യൂനിസന്റെയും സജീവ പ്രവർത്തകനാണ്. മുൻപ് സോജൻ പാർട്ടിയുടെ ലോക്കൽ യൂണിറ്റ് എക്‌സിക്യൂട്ടീവ് കമ്മറ്റിയിലും ഉൾപ്പെടുത്തിയിരുന്നു. എൻഎച്ച്എസിൽ മേട്രൺ ആയി ജോലി ചെയ്യുന്ന സോജൻ തനിക്കു കിട്ടുന്ന എല്ലാ അവസരങ്ങളിലും മലയാളീ നഴ്‌സുമാരുടെ മികവുകൾ യുകെയിൽ ഉടനീളം ഉയർത്തിപിടിക്കുവാൻ എപ്പോഴും ശ്രമിക്കുമെന്ന് ഉറപ്പിച്ചു പറയുന്നു.