തിരുവനന്തപുരം: തിരുവനന്തപുരത്തെ മാനവീയം വീഥിയിൽ ഇടവേളക്ക് ശേഷം വീണ്ടും സംഘർഷമെത്തുമ്പോൾ പൊലീസ് എഫ് ഐ ആറിൽ അവ്യക്തകൾ. ഇന്നലെ രാത്രി ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണക്ക് വെട്ടേറ്റു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ധനുകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ധനു കൃഷ്ണയെ വെട്ടിയ ഷെമീറും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയും മ്യൂസിയം പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇന്ന് പുലർച്ചെ 1.30 യോടെയാണ് സംഭവം നടന്നത്. റീൽസ് എടുക്കുന്നതിനിടെയാണ് തർക്കമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് ആരോപിക്കുന്നു. കഞ്ചാവും ലഹരിയും ഇവിടെ സുലഭമാണ്. ഇത് തന്നെയാണ് ഈ ആക്രമത്തിലും കാരണം.

ധനുകൃഷ്ണയെ വെട്ടിപ്പരിക്കേൽപ്പിച്ചത് ക്രിമിനൽ കേസിലെ പ്രതിയായ വട്ടിയൂർക്കാവ് സ്വദേശി ഷമീറാണ്. ഷമീർ കൈവശംവച്ചിരുന്ന വെട്ടുകത്തി കൊണ്ട് ധനു കൃഷ്ണന്റെ കഴുത്തിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ധനു കൃഷ്ണന് ഒപ്പമുണ്ടായിരുന്ന പെൺ സുഹൃത്തിനെ ഷമീറിനൊപ്പം ഉണ്ടായിരുന്ന യുവാവ് നോക്കിയതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. റീൽസ് എടുക്കുന്നതിനിടെയായിരുന്നു ഇതെല്ലാം. പൊലീസ് തയ്യാറാക്കിയ എഫ് ഐ ആറിൽ ചില അട്ടിമറി സൂചനകളുമുണ്ട്.

ധനുഷ് കൃഷ്ണയ്‌ക്കൊപ്പം അനുജൻ ഗോകുൽ ശേഖർ എന്നിവർക്കൊപ്പമുണ്ടായിരുന്ന യുവതിയെയാണ് ഷമീർ മോശമായി കളിയാക്കിയത്. ഇത് ചോദ്യം ചെയ്തതിന്റെ പ്രതികാരത്തിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. കഴുത്തിനാണ് വെട്ടേറ്റത്. ബ്ലാക്ക് ടി ഷർട്ടു ധരിച്ച യുവാവാണ് രണ്ടാം പ്രതിയെന്ന് എഫ് ഐ ആറിൽ പറയുന്നു. മൂന്നാം പ്രതി തിരിച്ചറിയാത്ത പെൺകുട്ടിയാണ്. ഈ പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലാണെന്നാണ് മാധ്യമ വാർത്തകൾ. എന്നിട്ടും പെൺകുട്ടി പ്രതിയല്ലെന്നത് ഏറെ ദുരൂഹമാണ്. എന്നാൽ ധനുഷ് കൃഷ്ണയ്‌ക്കൊപ്പമുണ്ടായിരുന്ന ഇരയായ പെൺകുട്ടിയുടെ പേര് എഫ് ഐ ആറിലുമുണ്ട്.

എല്ലാ പ്രധാന മാധ്യമങ്ങളും പെൺകുട്ടിയും പൊലീസ് കസ്റ്റഡിയിലുണ്ടെന്ന് പറയുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ഈ പെൺകുട്ടി അജ്ഞാതയായ യുവതിയായി എഫ് ഐ ആറിൽ മാറുന്നുവെന്നത് പലവിധ സംശയങ്ങളും ഇട നൽകുന്നു. പെൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമമായും ഇതിനെ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ബ്ലാക്ക് ടി ഷർട്ട് ധരിച്ച യുവാവിനേയും എല്ലാവർക്കും അറിയാമെന്നതാണ് വസ്തുത.

തിരഞ്ഞെടുപ്പ് പ്രചരണ ചൂടിലായതു കൊണ്ട് പൊലീസിന് പിടിപ്പത് പണിയാണ്. ഇതോടെ ലഹരി സംഘങ്ങൾ വീണ്ടും സജീവമായി. സിനിമാ പ്രവർത്തകയുടെ മരണത്തിന് പിന്നിലെ ശക്തികൾ വീണ്ടും ഈ മേഖലയിൽ സജീവമാകുകയാണ്. അതേസമയം നിരന്തര സംഘർഷത്തെ തുടർന്ന് മാനവീയം വീഥിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും പൊലീസ് നടപടികൾ പലതും പ്രഖ്യാപനത്തിലൊതുങ്ങിയതിന്റെ തെളിവാണ് ഇന്ന് പുലർച്ചെയുണ്ടായ ഈ സംഘർഷം.

പൊലീസ് നിയന്ത്രണങ്ങൾ അയഞ്ഞതോടെ ലഹരി സംഘങ്ങൾ വീണ്ടും മാനവീയം വീഥിയിൽ താവളമാക്കി. തെരഞ്ഞെടുപ്പ് ചുമതലയുള്ളതിനാൽ കൂടുതൽ പൊലീസുകാരെ ഈ സ്ഥലത്ത് വിന്യസിക്കാൻ സാധിക്കുന്നില്ല. ഇവിടെ ബാരിക്കേഡുകളും സ്ഥാപിക്കുന്നില്ല. സിസിടിവി ഇല്ലാത്ത ഭാഗം ലഹരിക്കാർക്കില്ല. ചില രാഷ്ട്രീയ പാർട്ടി അനുഭാവികളും ഈ ഗ്രൂപ്പിനൊപ്പമുണ്ട്.

അതുകൊണ്ടു തന്നെ നടപടികൾ എടുക്കാൻ പൊലീസിനും സാങ്കേതിക തടസങ്ങൾ ഏറെയാണ്. 12 മണിക്ക് ശേഷം ഇവിടെ നിന്ന് പിരിഞ്ഞുപോകണമെന്ന് നിർദ്ദേശമുണ്ടെങ്കിലും അതിന് തയാറാകാതെ ഇവിടെ തുടർന്ന യുവാക്കളാണ് കുറ്റകൃത്യത്തിന്റെ കാരണക്കാർ.