മലപ്പുറം: അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ നൽകി മയക്കി വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്ത മൂന്നു യുവാക്കളെ മഞ്ചേരിയിൽ അറസ്റ്റ് ചെയ്തത് ഇന്നലെയാണ്. കൊടുംക്രൂരതയുടെ കഥകളാണ് ഈകേസിനു പിന്നിൽ നടന്നത്. താടിയും മുടിയും വളർത്തി ഇൻസ്റ്റഗ്രാമിൽ വന്നു വീട്ടമ്മയോട് ശൃംഗാരം തുടങ്ങിയത് 28കാരനായ മഞ്ചേരി മുള്ളമ്പാറ സ്വദേശി തെക്കുംപുറം വീട്ടിൽ മുഹ്‌സിനാണ്.

മഞ്ചേരി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട മുഹ്‌സിനെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ വധശ്രമം, ലഹരിക്കടത്ത് തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്. ഇൻസ്റ്റഗ്രാമിൽ ന്യൂജെൻസ്റ്റൈലിൽ വന്ന മുഹ്സിനോട് ആദ്യമെല്ലാം അകൽച്ച പാലിച്ച യുവതി പിന്നീട് സൗഹൃദത്തിലായി. കുഞ്ഞുങ്ങളുള്ള യുവതിയുടെ ഭർത്താവ് പ്രവാസിയാണ്. ഇതുകൊണ്ടുതന്നെ രാത്രി സമയത്തെല്ലാം ആദ്യം ഇടതടവില്ലാതെ മെസ്സേജുകളയച്ചു. പിന്നീട് ഫോൺവിളിയായി അടുപ്പും വളർന്നതോടെയാണു പ്രതി തനിസ്വരൂപം പുറത്തെടുക്കാൻ തുടങ്ങിയത്്.

യുവതിയെ ആദ്യം സ്വന്തമായും പിന്നീട് സുഹുത്തുക്കൾക്കും കാഴ്‌ച്ചവെച്ചത് എം.ഡി.എം.എ നൽകി മയക്കിയശേഷമായിരുന്നു. ഇത്തരത്തിൽ തനിക്കു അഞ്ചുതവണയോളം എം.ഡി.എം.എ നൽകിയതായാണ് യുവതി പൊലീസിനു നൽകിയ മൊഴി. ഇത് എം.ഡി.എം.എ ആണെന്നുപോലും ഇവർക്കു അറിയില്ലായിരുന്നു. കഴിഞ്ഞ ശേഷം ഉണ്ടായ മാറ്റങ്ങൾ കാരണം സംഭവം മയക്കുമരുന്നാണെന്ന് പിന്നീട് മനസ്സിലായെന്നും യുവതി മൊഴി നൽകി.

വീട്ടുകാർ സംഭവം അറിഞ്ഞതോടെ സഹോദരന്റെകൂടെ വന്നാണു യുവതി പൊലീസിൽ പരാതി നൽകിയത്. യാതൊരു കാരണവശാലും കേസിൽനിന്നും പിന്മാറില്ലെന്നും ഏതറ്റംവരെയും പോയി പ്രതികൾക്കു ശിക്ഷ വാങ്ങിച്ചു നൽകുമെന്ന നിലപാടിലാണിപ്പോർ ഇവരുടെ വീട്ടുകാരും. ഭർത്താവും വീട്ടുകാരുമെല്ലാം കേസുമായി സഹകരിക്കുന്നുണ്ട്. മറ്റൊരു സ്ത്രീക്കും സമാനമായ അനുഭവം ഉണ്ടാകാൻ പാടില്ലെന്നും ഇവർ പറയുന്നു.

കേസിൽ മഞ്ചേരി മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടിൽ മുഹ്‌സിൻ (28), മണക്കോടൻ വീട്ടിൽ ആഷിഖ് (25), എളയിടത്ത് ആസിഫ്(23) എന്നിവരെയാണ് ഇന്നലെ മലപ്പുറം ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിൽ ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രതിയായ മുഹ്സിൻ ഫോണിലൂടെ ബന്ധം തുടരുകയും സൗഹൃദം നടിച്ച് വീട്ടമ്മക്ക് പലതവണയായി അതിമാരക മയക്കുമരുന്ന് നൽകി വരുതിയിലാക്കുകയുമായിരുന്നു. തുടർന്ന് വീട്ടമ്മയെ പലസ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ബലാൽസംഗത്തിനിരയാക്കുകയും സുഹൃത്തുക്കൾക്ക് കാഴ്ചവയ്ക്കുകയുമായിരുന്നു.

വീട്ടമ്മയുടെ പരാതിയെ തുടർന്ന് ഇന്നലെ പുലർച്ചെ പ്രതികളുടെ വീടുകളിലെത്തിയാണ് അന്വേഷണം സംഘം യുവാക്കളെ പിടികൂടുന്നത്. കേസിലെ മറ്റൊരു പ്രതിയായ പറക്കാടൻ നിഷാദ് പൊലീസ് സംഘം വീടു വളയുന്നതിനിടെ ഓട് പൊളിച്ചു രക്ഷപ്പെട്ടു. ഇയാൾക്കെതിരെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

മഞ്ചേരി എസ് ഐമാരായ വി ഗ്രീഷ്മ, കെ ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള മഞ്ചേരി പൊലീസും മലപ്പുറം ഡിവൈഎസ്‌പിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ ഐ കെ ദിനേഷ്, പി സലീം, ആർ ഷഹേഷ്, കെ കെ ജസീർ, കെ സിറാജുദ്ദീൻ എന്നിവരും മലപ്പുറം എസ് ഐ നിതിൻദാസ് എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.