കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ കേസെടുത്തത് അതി ഗുരുതര വകുപ്പുകളിൽ. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ്. 47 കോടിയുടെ വഞ്ചനയാണ് ആരോപിക്കുന്നത്. ഈ തുക തിരിച്ചു കൊടുക്കേണ്ട സാഹചര്യം ഈ കേസുണ്ടാക്കിയേക്കും.

സിനിമയുടെ മുടക്കുമുതലോ ലാഭവിഹിതമോ തന്നില്ലെന്ന് കാണിച്ച് അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് രണ്ടാമതും നൽകിയ സ്വകാര്യ ഹർജിയിലാണ് ക്രിമിനൽ കേസെടുക്കാനുള്ള നടപടി. സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് നിർമ്മാതാക്കളുടെ പേരിൽ ചുമത്തിയിട്ടുള്ളത്. മരട് പൊലീസാണ് കേസെടുത്തത്. അതീവ ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പുകളും ഇതിലുണ്ട്. ഐപിസിയിലെ 120 ബി, 406, 420, 468, 34 വകുപ്പുകൾ പ്രകാരമാണ് പൊലീസ് എഫ് ഐ ആർ.

അതുകൊണ്ടു തന്നെ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ജയിലിലാകാനും സാധ്യതയുണ്ട്. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് 2022 നവംബർ 30ന് അഞ്ചു കോടി തൊണ്ണൂറ്റി ഒൻപത് ലക്ഷ്ം പറവ ഫിലിംസിന്റെ കടവന്ത്ര ശാഖയിലുള്ള ആക്‌സിസ് ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. പിന്നീട് അമ്പത് ലക്ഷം രൂപ ഷോൺ ആന്റണിയുടെ എച്ച് ഡി എഫ് സിയുടെ കടവന്ത്ര ശാഖയിലേക്കും നൽകി. ഇതിനൊപ്പം അമ്പത്തിയൊന്ന് ലക്ഷം പലപ്പോഴായി പണമായി കൈക്കാലാക്കിയെന്നാണ് എഫ് ഐ ആറിലെ ആരോപണം. കരാർ പ്രകാരം ഹർജിക്കാരന് നാൽപത് കോടിയുടെ അർഹതയുണ്ടെന്നും അത് നൽകിയില്ലെന്നും എഫ് ഐ ആർ പറയുന്നു. എല്ലാം കൂടി 47 കോടിയുടെ നഷ്ടം ഉണ്ടായി. ഇതിന് പിന്നിൽ വിശ്വാസ വഞ്ചനയും കുറ്റകരമായ ഗൂഡാലോചയും ഉണ്ടെന്നാണ് എഫ് ഐ ആർ പറയുന്നത്.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസെന്നും മരട് സർക്കിൾ ഇൻസ്‌പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിൽ വിശദീകരിക്കുന്നുണ്ട്. ആദ്യ ഹർജിയെത്തുടർന്ന് നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ എറണാകുളം സബ് കോടതി മരവിപ്പിച്ചിരുന്നു. ചിത്രത്തിന്റെ നിർമ്മാണക്കമ്പനിയായ പറവ ഫിലിംസിന്റെയും പങ്കാളി ഷോൺ ആന്റണിയുടെയും 40 കോടി രൂപയുടെ അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. ഏഴ് കോടി രൂപ സിനിമയ്ക്കായി താൻ മുടക്കിയെന്നും എന്നാൽ ചിത്രം വൻ വിജയമായിട്ടും മുടക്ക് മുതലോ ലാഭവിഹിതമോ തന്നില്ലെന്നുമായിരുന്നു സിറാജ് നൽകിയ ഹർജി. ഇതിന് അനുസരിച്ചാണ് എഫ് ഐ ആറും.

40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്താണ് നിർമ്മാതാക്കൾ പണം കൈപ്പറ്റിയതെന്നും എന്നാൽ തന്നെ കബളിപ്പിച്ചെന്നും ഹർജിയിൽ പറയുന്നു. ചിത്രത്തിന്റെ നിർമ്മാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ചാണ് തന്റെ പക്കൽനിന്ന് ഏഴുകോടി രൂപ വാങ്ങിയതെന്നും ഹർജിയിൽ സിറാജ് പറഞ്ഞു. ഇത് കോടതി അംഗീകരിച്ചാണ് കേസെടുത്തതും. ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രം 'മഞ്ഞുമ്മൽ ബോയ്സ്' ആഗോള തലത്തിൽ ഇരുന്നൂറ്റി ഇരുപതു കോടി രൂപ കളക്ഷൻ കൈവരിച്ച് മുന്നേറിയെന്നാണ് റിപ്പോർട്ട്.

മലയാള സിനിമാ ചരിത്രത്തിൽ 200 കോടി ക്ലബിൽ ഇടം നേടുന്ന ആദ്യ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22 നാണു തിയറ്ററുകളിലെത്തിയത്. തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്‌നാട്ടിൽ 50 കോടി നേടുന്ന ആദ്യ ഇതരഭാഷാ ചിത്രമാണ്. ഗുണാ ഗുഹയിൽ നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ഒരു സർവൈവൽ ത്രില്ലറാണ്. ആരും സഹായിക്കാൻ വരാതെ ഗുഹയ്ക്കുള്ളിൽ കുടുങ്ങിപ്പോയ ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണിത്. ചിദംബരം സംവിധാനം ചെയ്ത മൾട്ടി സ്റ്റാർ ചിത്രത്തിനു മലയാളത്തിനു പുറത്തുനിന്നും നല്ല പ്രതികരണമായിരുന്നു.

കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് 'മഞ്ഞുമ്മൽ ബോയ്സ്'ന്റെ പ്രമേയം.