അടിമാലി: പരിമിതമായ സൗകര്യം മാത്രമുള്ള താമസസ്ഥലം. സൗകര്യം വർദ്ധിപ്പിച്ചിട്ടുള്ളത് മുന്നിൽ ടാർപ്പോളിൻ വലിച്ചുകെട്ടി. മുറ്റമാകെ ചെളികൂമ്പാരം. ഏക യാത്രമാർഗ്ഗമാവട്ടെ കുണ്ടുംകുഴിയുമായി നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലും. മനസിന് കുളിർമ്മയാകുന്നത് തൊട്ടുരുമ്മി ഒഴുകുന്ന നല്ലതണ്ണി പുഴമാത്രം. സ്വയരക്ഷയ്ക്കുള്ള ശ്രമത്തിനിടെ തന്നെ ആക്രമിച്ച പുലിയെ വകവരുത്തി , നാട്ടുകാരുടെ പുലിമുരുകൻ ആയി മാറിയിട്ടുള്ള മാങ്കുളം അൻപതാംമൈൽ ചിക്കണാംകുടി ഗോപാലന്റെ ജീവിത സാഹചര്യത്തെക്കുറിച്ച് നേരിട്ടറിയാൻ എത്തിയപ്പോൾ കാണാൻ കഴിഞ്ഞ കാഴ്്ചകളുടെ ഏകദേശ രൂപം ഇങ്ങിനെ.

കൃഷി സ്ഥലത്തേയ്ക്ക് പോകവെ മാർഗ്ഗമധ്യേ ഗോപാലനെ പുലി ആക്രമിക്കുകയായിരുന്നു.സ്വയരക്ഷയ്ക്കായുള്ള ചെറുത്തുനിൽപ്പിനിടെ ഗോപാലൻ പുലിക്ക് നേരെ വാക്കത്തി വീശി. വെട്ടേറ്റ പുലി താമസിയാതെ ചത്തു. ഇതോടെ സംഭവം ദേശീയ മാധ്യമങ്ങളും വാർത്തയാക്കിയിരുന്നു. മാസങ്ങളായി നാട്ടിൽ ഭീതി വിതച്ചിരുന്ന പുലിയെ കൊന്നതോടെ നാട്ടുകാരുടെ കണ്ണിൽ ഗോപാലൻ രക്ഷകനായി.
ആശുപത്രിയിൽ എത്തി ഗോപാലനെ കണ്ട് സന്തോഷം അറയിക്കാൻ നാട്ടുകാർ മത്സരിക്കുകയായിരുന്നു. ആശുപത്രിയിലാണെങ്കിലും ഗോപാലനൊപ്പം സെൽഫിയെടുക്കാനും' ആരാധകർ 'മറന്നില്ല.

ആശുപത്രിയിൽ നിന്നിറങ്ങുന്ന മുറയ്ക്ക് നാട്ടിൽ ഗോപാലന് സ്വീകരണം ഒരുക്കുന്നതിനുള്ള നീക്കങ്ങളും തകൃതിയാണ്. ഈ സാഹചര്യത്തിലാണ് ഗോപാലന്റെ നാടും വീടും കാണുന്നതിനും വിവരങ്ങൾ ശേഖരിക്കുന്നതിനും യാത്രയായത്. അടിമാലിയിൽ നിന്നും മാങ്കുളത്തെത്തി , ഇവിടെ നിന്നും പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ എട്ടുകിലോമാറ്ററോളം സഞ്ചരിച്ചാൽ മാങ്കുളം ആറാംമൈലിലെ കരിമുണ്ട സിറ്റിയിലെത്താം. ഇവിടെ നിന്നും ഏകദേശം 2 കിലോമീറ്റർ കുടി പിന്നിട്ടാൽ ചിക്കണാംകുടിയിലെത്താം.

ഒരു കല്ലിൽ നിന്നും അടുത്ത കല്ലിലേയ്ക്ക് എന്ന നിലയിലാണ് ഈ പാതയിൽ പലസ്ഥലത്തും വാഹനങ്ങളുടെ ചക്രം ഉരുളുന്നത്. ഈ റോഡിലൂടെ വാഹനം ഓടിക്കാൻ നാട്ടുകാർ അല്ലാത്തവർ പ്രയാസപ്പെടുമെന്നും അപകടത്തിന് സാധ്യതയുണ്ടെന്നും ഒപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ അനീഷ് പറഞ്ഞു. ഗോപാലന്റെ വീടിനോട് അടുത്തപ്പോൾ മഴ ആരംഭിച്ചിരുന്നു.വീടിന്റെ മുറ്റത്തേയ്ക്ക് കയറണമെങ്കിൽ സർക്കസ് അഭ്യാസിയുടെ മെയ്വഴക്കം വേണമെന്നതാണ് അവസ്ഥ.

ചെളിയായതിനാൽ ഓരോ കാൽചുവടും ശ്രദ്ധയോടെയല്ലങ്കിൽ നിലംപതിക്കുമെന്ന് ഉറപ്പ്. വീട്ടിലെത്തുമ്പോൾ മക്കളായ സനുവും രാമനും മുൻ വശത്തു തന്നെയുണ്ടായിരുന്നു. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികത്സയിൽക്കഴിയുന്ന പിതാവിനെ പരിചരിക്കുന്നതിനായി താനും ഭാര്യയും അടിമാലി താലൂക്ക് ആശുപത്രിയിലായിരുന്നെന്നും ഇപ്പോൾ വീട്ടിലേയ്ക്ക് എത്തിയതെ ഉള്ളു എന്നും രാമൻ അറയിച്ചതോടെ സംസാരം ആശുപത്രി വിശേഷങ്ങളിലേയ്ക്ക് വഴി മാറി.

രണ്ട് കൈകൾക്കും പരിക്കുണ്ടെന്നും പൊട്ടലുള്ളതിനാൽ ഒരു കൈക്ക് പ്ലാസ്റ്റർ ഇട്ടിരിക്കുകയാണെന്നും ഒരു മാസത്തിലേറെയെങ്കിലും പിതാവിന് ജോലിയെടുക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും രാമൻ പറഞ്ഞു. പോരാൻ നേരം ചോദിച്ചപ്പോൾ തലേന്നത്തേക്കാൾ വേദന കൂടുതലാണെന്നാണ് അച്ഛൻ പറഞ്ഞത്. മരുന്നുകൊടുക്കുമ്പോൾ കുറയുമായിരിക്കും. രാമന്റെ വാക്കുകളിൽ പ്രത്യാശയുടെ തിളക്കം.

പിതാവിന് പുലിയിൽ നിന്നും ആക്രമണം നേരിട്ടതിനെക്കുറിച്ചും തുടർന്നുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചും രാമൻ മനസുതുറന്നു. വീടിനടുത്ത് തന്നെ മല മുകളിലാണ് കൃഷി സ്ഥലം.കൃഷിപ്പണി ഇല്ലാത്തപ്പോൾ അച്ഛൻ കൂലിപ്പണിണിക്കും പോകും.
തണുപ്പുള്ളതിനാൽ മിക്കവാറും മഴക്കോട്ട് ഇട്ടുകൊണ്ടാണ് അച്ഛൻ സാധാരണ കൃഷിസ്ഥലത്തേയ്ക്ക് പോകുന്നത്. ആക്രണം നേരിട്ട ദിവസവും മഴക്കോട്ട് ഇട്ടിരുന്നു. പുലിയുടെ മുൻ കാലിനുള്ള അടിയും മറ്റും മഴക്കോട്ടിലാണ് കൊണ്ടതെന്നാണ് മനസ്സിലാവുന്നത്. കോട്ട് ആകെ കീറിപ്പറിഞ്ഞ നിലയിലാണ്.

താനും കൂലിപ്പണിക്ക് പോകുകയാണ്. വീട്ടിൽ നിന്നും കുറച്ചകലെ പണിസ്ഥലത്ത് നിൽക്കുമ്പോഴാണ് അച്ഛനെ പുലി ആക്രമിച്ചതും പരിക്ക് പറ്റയതും അറയുന്നത്. ഉടൻ വീട്ടിലേക്ക് എത്തി. തുടർന്ന് ഓട്ടോവിളിച്ച് അച്ഛനെ ആശുപത്രിയിലേയ്ക്ക് മാറ്റി. കയ്യിൽ കാര്യമായ പണം ഇല്ലായിരുന്നു. ചിലമരുന്നുകൾ ഒക്കെ പുറമെ നിന്നും പണം കൊടുത്ത് വാങ്ങേണ്ടിവന്നതോടെ ആഹാരത്തിന് പോലും കൈയിൽ പണം തികയാത്ത അവസ്ഥയുമുണ്ടായി.'ഈ ചേട്ടായിയുടെ ഓട്ടോവിളിച്ചാണ് വീട്ടിലേയ്ക്ക് വന്നത്. ഓട്ടക്കാശ്് കൊടുക്കാനുണ്ട്. അവസ്ഥ അറിയാവുന്നതിനാൽ ആ ചേട്ടായി പിന്നെ മതിയെന്ന് പറഞ്ഞു' അടുനിന്നിരുന്ന ഓട്ടോ ഡ്രൈവർ അനീഷിനെ ചൂണ്ടി രാമൻ പറഞ്ഞു.

റേഷൻ വാങ്ങാൻ പോകുകയാണെന്ന് പറഞ്ഞ് രാമൻ പുറത്തേയ്്ക്ക് ഇറങ്ങിയതോടെ ഗോപാലന്റെ വീട്ടിൽ നിന്നും യാത്ര പറഞ്ഞിറങ്ങി.അപ്പോഴും മഴ നിലച്ചിരുന്നില്ല. തൊട്ടടുത്താണ് ചിക്കണാംകുടി എൽപി സ്‌കൂൾ പ്രവർത്തിക്കുന്നതെന്നും ഈ ഭാഗത്തേയ്ക്ക് പുലി എത്താതിരുന്നത് അനുഗ്രഹമായെന്നും തൽസമയം സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരികൂടിയായ ഷോനിൽ ബിബി പറഞ്ഞപ്പോഴാണ് .ഗോപാലന്റെ വീടും എൽപി സ്‌കൂളും തമ്മിലുള്ള അകലം ശ്രദ്ധയിൽ എത്തുന്നത്. പത്തോ പതിനഞ്ചോ മീറ്റർ മാത്രമാണ് സ്‌കൂളും വീടും തമ്മിലുള്ള അകലം.

വീട്ടിൽ നിന്നും തൊട്ടടുത്ത കൃഷിസ്ഥലത്തേയ്ക്ക് പോകുന്നതിനിടെയാണ് ഗോപാലന് നേരെ പുലി ചാടിവീണത്. ഗോപാലന്റെ വീട്ടിൽ നിന്നും തിരിച്ച് കരിമുണ്ട സിറ്റിയിൽ എത്തുമ്പോൾ വിരലിലെണ്ണാവുന്നവർ മാത്രമാണ്് അവിടെ ഉണ്ടായിരുന്നത്. പുലി ശല്യം കൂടുതൽ അനുഭവപ്പെട്ട പ്രദേശമായതിനാൽ ഇവിടെ നിന്നും നാട്ടുകാരുടെ പ്രിതികരണം തേടാമെന്ന് കരുതിയിരുന്നു. ഫലം നിരാശജനകമായിരുന്നു. മൈക്കിന് മുമ്പിൽ കാര്യങ്ങൾ വിശദീകരിക്കാൻ ഭൂരിപക്ഷം പേരും തയ്യാറായില്ല.

സിറ്റിക്ക് തൊട്ടടുത്തുകൂടിയാണ് നല്ലതണ്ണിയാർ ഒഴുകുന്നത്. ആരെയും ആകർഷിക്കുന്നതാണ് ഇവിടെ നിന്നുള്ള പുഴയുടെ ദൃശ്യം. കിട്ടിയ പ്രതികരണങ്ങളുമായി കരിമുണ്ടയിൽ നിന്നും തിരിക്കുമ്പോൾ സമയം വൈകിട്ട് 5 മണിയോട് അടുത്തിരുന്നു. തുള്ളിക്കൊരുകുടം പെയ്യുന്ന പെരുംമഴയിലൂടെ , വാളറ മുതൽ നേര്യമംഗലം വരെ റോഡിൽ പലഭാഗത്തായി ശക്തിയിൽ രൂപപ്പെട്ടിരുന്ന കുത്തൊഴുക്കും താണ്ടിയിരുന്നു മടക്കം.