മലപ്പുറം: വിവാഹം ഉറപ്പിച്ച കാമുകൻ വിവാഹത്തിൽനിന്നും പിന്മാറുകയാണെന്നും പോയി ചത്തൂടെ'യെന്നും മെസ്സജ് അയച്ചതിന് പിന്നാലെ 22 കാരി വീട്ടിൽ കെട്ടിത്തൂങ്ങി മരിച്ച കേസിൽ കാമുകൻ അറസ്റ്റിലായത് പൊലീസിന്റെ തന്ത്രപരമായ അന്വേഷണത്തിനൊടുവിൽ. വെറും ആത്മഹത്യാകേസിൽ ഒതുങ്ങുമായിരുന്ന കേസിൽ മരിച്ച മന്യയുടെ വീട്ടുകാർ പരാതി നൽകുന്നതിന് മുമ്പെ പൊലീസ് രഹസ്യാന്വേഷണം നടത്തിയിരുന്നു. വീട്ടുകാർ കേസിൽ ദുരൂഹത ആരോപിച്ചു രംഗത്തുവന്നതോടെ അരീക്കോട് സിഐ അബ്ബാസലിയുടെ മേൽനോട്ടത്തിൽ എസ്‌ഐ അമദിന്റെ നേതൃത്വത്തിലുള്ള സംഘമാണു അന്വേഷണം നടത്തിയത്.

മന്യയുമായി വിവാഹം ഉറപ്പിച്ച പ്രതി പല സ്ഥലങ്ങളിലും കറങ്ങുകയും വീട്ടുകാർ അറിയാതെ അമ്പലത്തിൽ കയറി താലികെട്ടുകയും ചെയ്തു. ശേഷം ഇത് വീട്ടുകാർ അറിയേണ്ടെന്നും നമുക്കുള്ളിൽ ഇരിക്കട്ടെയെന്നും പറഞ്ഞ് വിശ്വാസ്യത നേടി. ഇതോടെ താലിയുടെ ധൈര്യത്തിൽ മന്യ ഭർത്താവിനോടെന്ന പോലെ അശ്വിനോടൊപ്പം നിന്നു. എന്നാൽ പിന്നീട് അശ്വിൻ ജോലി ആവശ്യാർഥം ഗൾഫിൽപോയതോടെ സ്വഭാവം മാറി. മോശമായ രീതിയിൽ സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. മറ്റു പുരുഷ സുഹൃത്തുക്കളോട് ബന്ധമുണ്ടെന്ന രീതിയിലെല്ലാം സാംസാരിക്കാൻ തുടങ്ങി. ഇതോടെ മന്യക്ക് മാനസിക പ്രയാസമായി. മന്യയുടെ ഒറ്റ നിർബന്ധംകൊണ്ടാണ് ഇവരുടെ വീട്ടുകാർ അശ്വിനോട് താൽപര്യമില്ലാതിരുന്നിട്ടുകൂടി വിവാഹത്തിന് സമ്മതിച്ചത്.

എന്നാൽ ഇതെല്ലാം ഈ 22കാരിയുടെ മനോനില തെറ്റിക്കാൻ തുടങ്ങി. തുടർന്നു അശ്വിനോടു വളരെ ദയനീയമായി സംസാരിക്കുന്ന മന്യയുടെ സന്ദേശങ്ങൾവരെ അവരുടെ ഫോണിലുള്ളതായാണ് വിവരം. പല മെസ്സേജുകളും ഡിലീറ്റ് ചെയ്തിരുന്നെങ്കിലും പലതും ഫോറൻസിക് പരിശോധനയിലൂടെ തിരിച്ചെടുത്തതായും സൂചനകളുണ്ട്. ഇക്കാര്യങ്ങളെല്ലാം തന്നെ പൊലീസ് നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നെങ്കിലും സിഐ അബ്ബാസലിയുടെ നിർദ്ദേശ പ്രകാരം എല്ലാം രഹസ്യമാക്കിവെച്ചു. പിന്നീട് എല്ലാ തെളിവുകളും രഹസ്യമായി ക്രോഡീകരിക്കാനായിരുന്നു നീക്കം ഇക്കാര്യം എസ്‌ഐ അമദ് നല്ല വൃത്തിയായി തന്നെ ചെയ്തു. അശ്വിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അശ്വിൻ പോലും അറിയാതെ പരമാവധി തെളിവുകൾ ശേഖരിച്ച് ശേഷം പിടികൂടാനായിരുന്നു ശ്രമം.

യുവതിയുടെ മരണ സമയത്ത് ഗൾഫിലായിരുന്ന അശ്വിൻ നാട്ടിലെത്തിയതും ഇതെല്ലാം കാരണമാണ്. തനിക്കെതിരെ കേസുണ്ടാകില്ലെന്ന ആത്മവിശ്വാസത്തോടെ നാട്ടിലെത്തിയ അശ്വിനെ ആദ്യം പൊലീസ് സ്വാഭാവികമായി രീതിയിൽ ചോദ്യചെയ്യാൻ വിളിച്ചു. ഈസമയത്ത് നിർണായക തെളിവായി മാറി അശ്വിന്റെ ഫോൺ മാത്രം വാങ്ങി വെച്ചു വിട്ടയച്ചു. മന്യയുടെ മരണത്തിനും മുമ്പും ശേഷവുമുള്ള അശ്വിന്റെ ഫോൺകോളുകളും വാട്സ്ആപ്പ് സന്ദേശങ്ങളുമെല്ലാം അശ്വിൻ ഡിലീറ്റ് ചെയ്തു കളിഞ്ഞിരുന്നെങ്കിലും പൊലീസ് എല്ലാം തിരിച്ചെടുത്തു. ഈസമയത്ത് മന്യയുടെ ഫോണും പൊലീസിന്റെ പക്കലുണ്ടായിരുന്നു. തുടർന്നു രണ്ടുഫോണുകളിലും വന്ന മെസ്സേജ് എസ്‌ഐ അമദിന്റെ നേതൃത്വത്തിൽ പരിശേധിച്ച് വ്യക്തത വരുത്തു. കൂടുതൽ വിവരങ്ങൾക്കായി മന്യയുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മൊഴിയെടുത്തു. ഇരുവരുടേയും ചില സുഹൃത്തൃക്കളേയും ചോദ്യംചെയ്തു വ്യക്തത വരുത്തി.

പിന്നീടാണ് അശ്വിനെ അറസ്റ്റ് ചെയ്യുന്നത്. തനിക്ക് മരണത്തിൽ പങ്കില്ലെന്ന് ആണയിട്ട് പറഞ്ഞ അശ്വിന് മുന്നിൽ തെളിവുകൾ നിരത്തിയപ്പോൾ മിണ്ടാട്ടം മുട്ടി. അങ്ങിനെയാണ് അരീക്കോട് എസ്‌ഐ അമ്മദ് തന്റെ അന്വേഷണ മികവ് തെളിയിച്ചത്. കേസിന് ചുക്കാൻ പിടിച്ച അമദ് എസ്‌ഐ 1993ൽ കോൺസ്റ്റബിളായാണ് സർവ്വീസിൽ കയറിയത്. പിന്നീട് തന്റെ പ്രവർത്തന പരിചയവും മികവിലും പ്രമോഷനുകൾ ലഭിച്ചത്. എസ്‌ഐയായി മാറിയത്. നിലവിൽ രണ്ടുവർഷത്തോളമായി അരീക്കോട് പൊലീസ് സ്റ്റേഷനിലാണ്. അരീക്കോട് സിഐ അബ്ബാസലിയുടെ പൂർണമായി പിന്തുണയും ഇടപെടലുകളും ലഭിച്ചതോടെയാണു കേസിലേക്ക് വഴിത്തിരിവാകുന്ന നിരവധിതെളിവുകൾ എസ്‌ഐക്കു ശേഖരിക്കാൻ സാധിച്ചത്.

മലപ്പുറം കീഴുപറമ്പ് തൃക്കളയൂരിൽ 10വർഷത്തെ പ്രണയത്തിന് ശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം ഉറപ്പിച്ചശേഷമാണ് മന്യവീട്ടിൽ തൂങ്ങി മരിച്ചത്. സംഭവത്തിൽ അശ്വിനെ കൂടുതൽ ചോദ്യംചെയ്യാനും തെളിവെടുപ്പ് നടത്താനുമായി കസ്റ്റഡിയിൽ ചോദിച്ച് പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. കാമുകൻ തൃക്കളയൂർ ചീനത്തുംകണ്ടി സ്വദേശി അശ്വിൻ (26) നെയാണ് കഴിഞ്ഞ ദിവസമാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. മരണത്തിലേക്ക് നയിക്കാൻ അശ്വിനുമായുള്ള പ്രശ്‌നം തന്നെയാണെന്ന ഉറപ്പു ലഭിച്ചതോടെയാണ് അറസ്റ്റ് ചെയ്തതെന്നു അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർ പറയുന്നു.

എട്ടാംക്ലാസ് മുതൽ പ്രണയിച്ച കാമുകനുമായി വിവാഹം നിശ്ചയിച്ച മന്യയുടെ ആത്മഹത്യ സ്വന്തം വീട്ടുകാർക്കും ഇതുവരെ വിശ്വസിക്കാനായിട്ടില്ല. തങ്ങൾ ആദ്യം എതിർത്ത വിവാഹം മന്യയുടെ താൽപര്യവും അവളുടെ പിടിവാശിയും കണക്കിലെടുത്താണ് സമ്മതിച്ചത്. മകളുടെ സന്തോഷം മാത്രം കണക്കിലെടുത്തായിരുന്നു വീട്ടുകാർ ഇത്തരമൊരു തീരുമാനത്തിലെത്താൻ കാരണം. എന്നാൽ മകളുടെ ഈ തീരുമാനം തെറ്റായിരുന്നുവെന്ന് അവളുടെ ജീവൻ നഷ്ടമാകുമ്പോൾ മാത്രമാണ് വീട്ടുകാരും അറിയുന്നത്.
മലപ്പുറം കീഴുപറമ്പ് തൃക്കളയൂരിലെ സ്വന്തം വീട്ടിലാണ് മന്യ ആത്മഹത്യചെയ്തത്. വിവാഹം ഉറപ്പിച്ചതോടെ അശ്വിന്റെ സ്വഭാവം മാറുകയായിരുന്നു. വീട്ടുകാർ അറിയാതെ പലയിടത്തും ബൈക്കിൽ കറങ്ങി. വിവാഹം കഴിച്ചെന്ന് വരുത്തിത്തീർക്കാൻ മന്യയെ തനിച്ച് അമ്പലത്തിൽകൊണ്ടുപോയി താലിയും ചാർത്തി. പിന്നെ സംശയരോഗമായി.

ഇതിനടയിലാണ് അശ്വിൻ ഗൾഫിൽപോയത്. ചില സുഹൃത്തുക്കളുമായി ബന്ധമുണ്ടെന്നാരോപിച്ച് മന്യയെ മാനിസകമായി മെസ്സേജുകളിലൂടെ പലപ്പോഴും പീഡിപ്പിച്ചു. എന്നാൽ അങ്ങിനെയൊന്നും ഇല്ലെന്നും തെറ്റിദ്ധരണയാണെന്നും മന്യ പറഞ്ഞിട്ടും അശ്വിൻ ഒന്നും മുഖവിലയ്ക്കെടുത്തില്ല. ഇതിനിടെ തനിക്കുപേയി പോയി ചത്തൂടെ'യെന്ന മെസ്സേജും അയച്ചു. മന്യ കരഞ്ഞ് പറഞ്ഞിട്ടും വിവാഹത്തിൽനിന്നും പിന്മാറുകയാണെന്ന് അശ്വിന്റെ വാട്സ്ആപ്പ് മെസ്സേജും പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മന്യ വീട്ടിൽ തൂങ്ങിമരിച്ചത്. ഇരുവരുടേയും ഫോൺ സന്ദേശങ്ങളിൽനിന്നാണ് ഇക്കാര്യങ്ങളെല്ലാം പൊലീസിന് ബോധ്യമായത്.

ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് മന്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2021 സെപ്റ്റംബർ മാസം ഇവരുടെ വിവാഹനിശ്ചയവും ബന്ധുക്കൾ നടത്തിയിരുന്നു. തുടർന്ന് എട്ടു മാസങ്ങൾക്ക് ശേഷമാണ് യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.നിലവിൽ ഐപിസി 306 പ്രകാരം ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.