- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസാല ബോണ്ടിൽ തിരിച്ചടി മാത്രം
ലണ്ടൻ: മസാല ബോണ്ട് എന്ന പേരിൽ കേരളം ഉയർത്തിയ കടക്കെണിയുടെ പേരിലുള്ള വിവാദത്തിന്റെ പുകയും ചൂടും അടങ്ങിയിട്ടില്ലെങ്കിലും സമയ ബന്ധിതമായി തന്നെ സംസ്ഥാനം ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിന് പണം മടക്കി നൽകി. അതും കൂറ്റൻ പലിശയായ 1045 കോടി നൽകിയാണ് കിഫ്ബി കടക്കെണിയിൽ നിന്നും തലയൂരിയതും ഇനിയും ഏറെക്കാലത്തേക്ക് വിവാദ ബിന്ദുവായി മാറുന്നതും. വെറും 2150 കോടി രൂപ കടമായി ലഭിച്ചപ്പോളാണ് ചുരുങ്ങിയ കാലത്തേക്ക് സംസ്ഥാനത്തിന് അതിന്റെ പാതി തുകയോളം പലിശയായി നൽകേണ്ടി വന്നതും.
പണം കിട്ടിയ സമയത്ത് ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനം വിദേശ ബോണ്ട് കരസ്ഥമാക്കി എന്ന മട്ടിലുള്ള വീരവാദമാണ് കേരളം ഉയർത്തിയതെങ്കിലും പിന്നീട് കടക്കെണിയും ഉയർന്ന പലിശയും വിവാദ ലാവ്‌ലിൻ കമ്പനിയുടെ സാന്നിധ്യവും ഒക്കെ ചേർന്നപ്പോൾ മസാല ബോണ്ട് വലിയൊരു വിവാദമായി കേരള സർക്കാരിനെ തേടി എത്തുക ആയിരുന്നു. ഈ സാഹചര്യം തന്നെയാണ് എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ് മസാല ബോണ്ടിന്റെ സൂത്രധാരൻ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിനെ തേടി എത്താൻ കാരണമായതും.
എന്നാൽ പുറമെയ്‌ക്ക് ഒരു കൂസലും ഇല്ലെന്ന് ഭാവിക്കുന്ന തോമസ് ഐസക് ഇ ഡി നൽകിയ ഏഴു നോട്ടീസിനെയും വക വയ്ക്കാതെ അവരുടെ ചോദ്യങ്ങൾ നേരിടാൻ തനിക്ക് മനസില്ല എന്ന മട്ടിലാണ് പ്രതികരിക്കുന്നത്. പക്ഷെ ഇ ഡി ആകട്ടെ തോമസ് ഐസക് ചോദ്യങ്ങൾക്ക് മറുപടി നൽകിയേ പറ്റൂ എന്ന നിലപാടിലും. പ്രധാനമായും എന്തിനാകും ഉയർന്ന പലിശയിൽ കടം എടുത്തു സംസ്ഥാന ധനകാര്യ മാനേജ്‌മെന്റിന് ബാധ്യത വരുത്തിയത് എന്ന ചോദ്യമാകും തോമസ് ഐസക്കിനെ തേടി എത്തുക. എന്നാൽ അതൊരു പരീക്ഷണം ആയിരുന്നു എന്ന മട്ടിലാണ് ഇപ്പോൾ പ്രധാനമായും ഐസക്കിന്റെ വാദവും, മറുപടിയും ഒക്കെ.
അങ്ങനെയെങ്കിൽ സാധാരണ ജനങ്ങളുടെ അധ്വാന ഭാരം വച്ചാണോ പരീക്ഷണം നടത്തേണ്ടത് എന്ന ചോദ്യത്തിന് ഐസക്കിലെ ധന മിടുക്കന് കാര്യമായ ഉത്തരം ഇല്ലാതെ പോകും. ഇതുകൊണ്ടു തന്നെയാണ് തോമസ് ഐസക് ഇ ഡി യ്ക്ക് മുന്നിൽ എത്താൻ മടിക്കുന്നത്. അഴിമതിയേക്കാൾ തന്നിലെ ധന വിദഗ്ധൻ വെറും ഒരു കോലം കെട്ടൽ മാത്രമായിരുന്നു എന്ന് തുറന്നു പറയേണ്ടി വരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ തോമസ് ഐസക് ചെന്നെത്തി നിൽക്കുന്നത്.
എന്തുകൊണ്ട് പിണറായിക്ക് നോട്ടീസ് വന്നില്ല?
സാധാരണ ഗതിയിൽ ഇ ഡി നോട്ടമിടേണ്ടത് കിഫ്ബി ചെയർമാൻ ആയ മുഖ്യമന്ത്രി പിണറായി വിജയനെ തന്നെയാണ്. എന്നാൽ മസാല ബോണ്ടിന്റെ കാര്യത്തിൽ പിണറായി വിജയനിലെ പ്രായോഗിക രാഷ്ട്രീയക്കാരൻ കാണിച്ച ബുദ്ധി തന്നെയാണ് ഇപ്പോൾ ആ പരീക്ഷണത്തിന്റെ ഉത്തരവാദിത്തം പൂർണമായും തോമസ് ഐസക്കിന്റെ തലയിലേക്ക് ഇട്ടിരിക്കുന്നത്. കേരളത്തിന്റെ വികസന പദ്ധതികൾ കിഫ്ബി വഴി പൂർണമായും നടപ്പിലാക്കി എന്നതിന്റെ ക്രെഡിറ്റ് ഒന്നാം പിണറായി മന്ത്രിസഭയിൽ തോമസ് ഐസക്ക് ഏറ്റെടുക്കുമ്പോൾ മസാല ബോണ്ടിന്റെ പിതൃത്വവും അദ്ദേഹം തന്നെ ഏറ്റെടുക്കുക ആയിരുന്നു.
ഭാവിയിൽ ഈ പദ്ധതി പഴി കേൾക്കാൻ സാധ്യത ഉണ്ടെന്നു പിണറായി വിജയന് കിട്ടിയ ഉപദേശത്തെ തുടർന്ന് കിഫ്ബിയുടെ നിർണായക യോഗങ്ങളിൽ അദ്ദേഹം വിട്ടു നിന്നതാണ് ഇപ്പോൾ ഇഡിയുടെ കണ്ണിൽ അദ്ദേഹം കുറ്റക്കാരൻ അല്ലാതായി മാറുന്നത്. മസാല ബോണ്ട് അടക്കമുള്ള നിർണായക യോഗങ്ങളിൽ അധ്യക്ഷൻ ആയതും തോമസ് ഐസക് തന്നെയാണ്.
അത്തരം യോഗങ്ങളിൽ ഓരോ കാരണം ചൂണ്ടിക്കാട്ടി മനഃപൂർവം പിണറായി വിജയൻ പങ്കെടുത്തിട്ടില്ല എന്നതിനാൽ യോഗ തീരുമാനത്തിൽ നിർണായക റോൾ തോമസ് ഐസക്കിന്റെ തലയിൽ തന്നെ വന്നു വീഴുകയാണ്. കിഫ്ബി സംബന്ധിച്ച പ്രധാന വിവാദങ്ങൾ ഉയരുമ്പോൾ താൻ പങ്കെടുക്കാത്ത മീറ്റിങ്ങിലെ തീരുമാനം അല്ലേ എന്നാണ് പിണറായി വിജയൻ അടുപ്പക്കാരോട് പറഞ്ഞിട്ടുള്ളത്.
ഇത് പല മാധ്യമങ്ങളും പണ്ടേ ചൂണ്ടികാട്ടിയെങ്കിലും മിടുക്കനാകാനുള്ള വ്യഗ്രതയിൽ അപകടം മനസിലാക്കാതെ പോയതാണ് ഇപ്പോൾ ഈ വിവാദത്തിൽ തോമസ് ഐസക് ഒറ്റയ്ക്ക് മറുപടി പറയേണ്ട സാഹചര്യത്തിൽ എത്തിച്ചിരിക്കുന്നത്. ഒരു പക്ഷെ മസാല ബോണ്ട് എന്ന കാര്യം ഇനിയൊരിക്കലും കിഫ്ബി ചർച്ചകളിൽ ഉണ്ടാകാൻ പോലും സാധ്യത ഇല്ലാത്ത വിധത്തിലാണ് വിവാദം പെരുകി കയറി നിൽക്കുന്നത്.
മസാല ബോണ്ടിന്റെ കാര്യത്തിൽ തോമസ് ഐസക് അനാവശ്യ തിടുക്കവും ജാഗ്രതക്കുറവും കാട്ടി എന്നാണ് ഇ ഡിക്കു പറയാനുള്ളത്. കിഫ്ബിയുടെ മിനിട്സ് പരിശോധിക്കുമ്പോൾ എല്ലാ പ്രധാന തീരുമാനങ്ങളും തോമസ് ഐസക്കിന്റേത് ആണെന്ന് ഇ ഡി പറയുന്നു. ഇവിടെയാണ് ഒരിക്കൽ നിയമ നടപടി ഉണ്ടായാൽ തന്നെ ബാധിക്കില്ല എന്ന് പിണറായി വിജയൻ വിവാദം ഉയരും മുൻപ് തന്നെ പറഞ്ഞതും. എന്നാൽ ഭാവി മുഖ്യമന്ത്രി പദം തന്നിൽ എത്തും എന്ന ചിന്തയിൽ കേരളത്തിൽ വിപ്ലവകരമായ ആശയം അവതരിപ്പിക്കുന്നു എന്ന തരത്തിൽ സാമ്പത്തിക ആശയങ്ങൾ നടപ്പാക്കാൻ ഒരുങ്ങിയ തോമസ് ഐസക്ക് എല്ലാ നേട്ടവും തന്നിൽ കേന്ദ്രീകരിക്കണം എന്ന ചിന്തയോടെയാണ് കിഫ്ബിയുടെ കാര്യത്തിൽ ഒറ്റയാനായി മാറിയതും ഇപ്പോൾ കേസിനെ ഒറ്റയ്ക്ക് നേരിടേണ്ടി വരുന്നതും.
തിരിച്ചടവ് നടത്തിയത് ഇക്കഴിഞ്ഞ ബുധനാഴ്ച, തിരക്കിട്ട നീക്കം
അരഡസൻ തവണയിലേറെ ഇഡി ചോദ്യം ചെയ്യാൻ വിളിച്ച സാഹചര്യത്തിൽ തോമസ് ഐസക്കിനെ രക്ഷിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് വേഗത്തിൽ കിഫ്ബി മസാല ബോണ്ടിൽ തിരിച്ചടവ് നടത്തിയത്. മസാല ബോണ്ടിൽ കിട്ടിയ പണം വിവിധ പദ്ധതികൾ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിയെ കൊണ്ട് ടെണ്ടർ പോലും ഇല്ലാത്ത വിധത്തിൽ പണി നടത്തി വിഹിതത്തിൽ ഒരു പങ്കു പാർട്ടിയിലേക്ക് തന്നെ തിരിച്ചെത്തി എന്ന പ്രതിപക്ഷ ആരോപണം അന്തരീക്ഷത്തിൽ മുഴങ്ങവേയാണ് വൻ തുകയുടെ പലിശയും മടക്കി നൽകിയത്.
2019ൽ ലണ്ടനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും ധന മന്ത്രിയും അടക്കമുള്ള വൻ സംഘം എത്തിയാണ് മസാല ബോണ്ടിൽ ആചാര മണി മുഴക്കിയത്. ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് ഇത്തരം ഒരു കടമെടുക്കൽ നടത്തിയത് എന്ന വീരവാദം പറഞ്ഞിരുന്നെങ്കിലും ഉയർന്ന പലിശക്ക് എടുത്ത പണം തുടക്കത്തിലേ തന്നെ കരിനിഴലിൽ വീണിരുന്നു. ഇതിനിടെയാണ് മസാല ബോണ്ടിൽ ലാവ്‌ലിൻ കമ്പനിയുടെ അദൃശ്യ സാന്നിധ്യം ഉണ്ടെന്ന ആരോപണം ഉയർന്നത്. മസാല ബോണ്ടിന് പിണറായിയും സംഘവും ലണ്ടനിലേക്ക് പോകുന്നതിനു തൊട്ടു മുൻപ് ആ വർഷം ഫെബ്രുവരിയിൽ എസ് എൻ സി ലാവ്‌ലിൻ കമ്പനി പ്രതിനിധികൾ തിരുവനന്തപുരത്തെത്തി സർക്കാരുമായി ചർച്ച നടത്തിയതും പ്രതിപക്ഷ ആരോപണത്തിൽ നിറയുന്ന വസ്തുതതാണ്.
എന്നാൽ കനേഡിയൻ കമ്പനിക്ക് മസാല ബോണ്ടിൽ പ്രത്യേക താൽപര്യം ഉണ്ടായിരുന്നു എന്ന് അവർ എത്തും വരെ അറിഞ്ഞിരുന്നില്ല എന്നാണ് പിന്നീട് തോമസ് ഐസക്ക് വിശദീകരിച്ചത്. മസാല ബോണ്ടിലേക്ക് പോകാനുണ്ടായ സാഹചര്യത്തിൽ താൻ ഇപ്പോൾ നിരാശനാണ് എന്ന് അടുത്തിടെ തോമസ് ഐസക്ക് പറഞ്ഞിരുന്നു. എന്നാൽ മസാല ബോണ്ടിന് ശേഷം കേരളത്തിന് പണം കടം തരാൻ വൻകിട ബാങ്കുകൾ അടക്കം തയ്യാറായത് കാണാതെ പോകരുത് എന്നും അദ്ദേഹം പറയുന്നു. 2022ൽ 14,000 കോടി കടം ലഭിച്ചിരുന്ന കിഫബിക്ക് കഴിഞ്ഞ വർഷം ലഭിച്ചത് 18,000 കോടിയാണ്. ഇതൊക്കെ സംസ്ഥാനത്തിന്റെ ധന വ്യയ ശേഷിയാണ് വെളിപ്പെടുത്തുന്നത്.
പലിശയിലും സംശയം, ഇഡിക്കു പലതും ചോദിക്കാനുണ്ട്, ഐസക്കിന് മറയ്ക്കാനും
പ്രധാനമായും മസാല ബോണ്ടിൽ പ്രതിപക്ഷവും സർക്കാർ വിമർശകരും ഉയർത്തിയ ഒറ്റക്കാര്യം ലോകത്തെങ്ങും ഇല്ലാത്ത വിധം ഉയർന്ന പലിശക്ക് എന്തിനു കടം വാങ്ങി എന്നതാണ്. പലിശക്കാര്യത്തിൽ ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് പറഞ്ഞത് വെള്ളം തൊടാതെ കേരളം വിഴുങ്ങിയെങ്കിൽ സംസ്ഥാനത്തെ സാധാരണക്കാരുടെ വിയർപ്പിന്റെ വിലയാണ് കമ്മ്യുണിസ്റ്റ് സർക്കാർ പലിശയായി സായിപ്പിന്റെ നാട്ടിലേക്ക് എത്തിച്ചത് എന്ന വിരോധാഭാസമാണ് മുഴച്ചു നിൽക്കുന്നത്. മാത്രമല്ല 9.72 ശതമാനം പലിശ എന്നത് കിഫബിക്ക് മാത്രം ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് നൽകിയ നിരക്കാണ്.
എന്തോ വൈരാഗ്യം തീർക്കാൻ എന്ന പോലെയാണ് സ്റ്റോക്ക് എക്സ്ചേഞ്ച് ഇത്ര വലിയ പലിശ നിശ്ചയിച്ചത് എന്ന് പറഞ്ഞാലും വാദിച്ചു നിൽക്കാൻ തോമസ് ഐസക്കിന് മറുപടി ഉണ്ടാകില്ല. കിഫ്ബിക്ക് തൊട്ടുമുൻപ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് നിശ്ചയിച്ച അൻപതോളം മസാല ബോണ്ടുകളിൽ ഒന്നിന് പോലും ഇത്രയധികം പലിശ ഉണ്ടായിരുന്നില്ല. ഇതും എങ്ങനെ സംഭവിച്ചു എന്നും ഇഡിക്ക് ചോദിക്കാൻ ഉണ്ടാകും.
നാഷണൽ ഹൈവെ അഥോറിറ്റി ഓഫ് ഇന്ത്യ അടക്കമുള്ളവ ഇറക്കിയ ബോണ്ടുകളിൽ ഈ പലിശയേക്കാൾ രണ്ടു ശതമാനം താഴെ ആയിരുന്നു എന്നതും കേരളം ആർക്കു വേണ്ടിയാണ് ഇത്രയധികം ഉയർന്ന പലിശയിൽ മസാല ബോണ്ട് വാങ്ങിയത് എന്ന സംശയം ഉയർത്തുന്നതാണ്. എന്നാൽ ആ സമയം അതായിരുന്നു ഏറ്റവും മികച്ച പലിശ എന്നും ഇന്ത്യയിലെ ധനസ്ഥാപനങ്ങളെ സമീപിച്ചപ്പോൾ പത്തിന് മുകളിൽ ആയിരുന്നു പലിശ എന്നുമാണ് ഐസക്കിന്റെ വാദം. സെബിയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും അറിഞ്ഞു തന്നെയാണ് ഈ പലിശ നിരക്ക് നിശ്ചയിച്ചതെന്നും മുൻ ധനമന്ത്രി പറയുന്നു.