- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലും ഭാര്യയും പിന്നെ ജയറാമും പാർവ്വതിയും; മോദിക്കൊപ്പം നിറയാൻ സൂപ്പർതാര കുടുംബങ്ങളും
കൊച്ചി: നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് സാക്ഷിയാകാൻ ഗുരുവായൂരിൽ സൂപ്പർ താരം മോഹൻലാലും. ലാലും ഭാര്യയും താലികെട്ടിന് ക്ഷേത്രത്തിലെത്തും. മോഹൻലാലിനൊപ്പം നടൻ ജയറാമും പാർവ്വതിയും ചടങ്ങിൽ നിറയുമ്പോൾ കാരണവരുടെ റോളിൽ ആക്ഷൻ ഹീറോ സുരേഷ് ഗോപിയും.
എല്ലാം കൊണ്ടും വിവിഐപി വിവാഹമായി ഗുരുവായൂർ കല്യാണം മാറും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യമുള്ളതുകൊണ്ട് തന്നെ വമ്പൻ സുരക്ഷയാണ് ഒരുക്കുന്നത്. മോഹൻലാലും ജയറാമും കുടുംബ സമേതം വിവാഹത്തിനെത്തുമെന്ന് കേന്ദ്ര സുരക്ഷാ ഏജൻസികൾക്കും വിവരം കിട്ടിയിട്ടുണ്ട്. ഇവർക്ക് മറ്റു ബുദ്ധിമുട്ടുകളുണ്ടാകാതിരിക്കാൻ കേന്ദ്ര ഏജൻസികൾ പ്രത്യേകം ശ്രദ്ധിക്കും. കനത്ത സുരക്ഷയിലാകും കല്യാണം.
മമ്മൂട്ടിക്കും ഗുരുവായൂരിലേക്ക് ക്ഷണമുണ്ട്. എന്നാൽ എറണാകുളത്തെ റിസപ്ഷനിലാകും മമ്മൂട്ടി പങ്കെടുക്കുക എന്നാണ് സൂചന. ദിലീപും കാവ്യാ മാധവനും ഗുരുവായുരിൽ എത്തും. ഇവരും ക്ഷേത്ര നടയിലെ താലികെട്ടിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. നടി ഉർവ്വശി അടക്കമുള്ളവരും ഗുരുവായൂരിൽ എത്തുമെന്നാണ് സൂചന. താലികെട്ടിന് ശേഷം ഗുരുവായൂരിലും വിവാഹ റിസപ്ഷനുണ്ട്. കൂടുതൽ താരങ്ങളും ഗോകുലം പാർക്കിലെ റിസപ്ഷനിൽ പങ്കെടുക്കാനാണ് സാധ്യത. ഇവിടെ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. താലികെട്ടിന് അടുത്ത ബന്ധുക്കൾ മാത്രമാകും ക്ഷേത്ര നടയിൽ ചടങ്ങിന് എത്തുക എന്നാണ് സൂചന.
സഹോദരി ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതുകൊണ്ട് തന്റെ ഉത്തരവാദിത്തങ്ങൾ കൂടുതലാണെന്ന് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് വിശദീകരിച്ചിട്ടുണ്ട് അച്ഛന് ഒരുപാട് സമ്മർദ്ദം കൊടുക്കാതെ ഞാനും എന്റെ സുഹൃത്തുക്കളും ചേർന്നാണ് കാര്യങ്ങൾ ഏറ്റെടുത്ത് ചെയ്യുന്നതെന്ന് പറഞ്ഞ ഗോകുൽ സംസ്ഥാന സർക്കാർ ഓരോ കാര്യങ്ങൾ പറഞ്ഞ് ഞങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും ആരോപിച്ചു. മനുഷ്യത്വമില്ലാത്ത കാര്യങ്ങളാണ് അവർ ചെയ്യുന്നതെന്നും ഗോകുൽ പരാതിപ്പെടുന്നുണ്ട്.
നാളെയാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം. ഹൽദി, സംഗീത് ചടങ്ങുകൾ ഒക്കെ നടത്തി വിവാഹ ആഘോഷങ്ങൾക്ക് തുടക്കം നേരത്തെ തന്നെ കുറിച്ചിരുന്നു കുടുംബം. ഈ അവസരത്തിൽ തന്നെ സുരേഷ് ഗോപിയുടെ വീട്ടിലെത്തിയിരുന്നു നടൻ ദിലീപും കാവ്യ മാധവനും. മണവാട്ടിയായ ഭാഗ്യാ സുരേഷ് ഗോപിയേയും സഹോദരങ്ങളായ മാധവ്, ഭാവ്നി എന്നിവരെയും ദിലീപും കാവ്യാ മാധവനും സന്ദർശിച്ചിരുന്നു. സുരേഷ് ഗോപിയുടെ ഇളയമകനും നടനുമായ മാധവ് സുരേഷ് ഗോപിയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
മാവേലിക്കര സ്വദേശിയും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹൻ ആണ് വരൻ. ഭാഗ്യയുടെ വിവാഹത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു കാര്യം, വിവാഹത്തിനു സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തും എന്നതാണ്. ബ്രിട്ടീഷ് കോളമ്പിയ സർവകലാശാലയിൽ നിന്നാണ് ഭാഗ്യ ബിരുദം നേടിയത്. യുബിസി സൗഡെർ സ്‌കൂൾ ഓഫ് ബിസിനസിലായിരുന്നു പഠനം.
പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡിൽ എത്തും. രണ്ട് അകമ്പടി ഹെലികോപ്റ്ററുകൾ 20 മിനിറ്റ് മുൻപ് ഹെലിപ്പാഡിൽ കവചമായി നിർത്തും. അതിനു മധ്യത്തിലാണ് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങുക. തുടർന്ന് ജില്ലാ ഭരണകൂടവും ബിജെപി. നേതാക്കളും സ്വീകരണം നൽകും. ബുധനാഴ്ച ഗുരുവായൂരിൽ രജിസ്റ്റർചെയ്തിട്ടുള്ളത് 80 വിവാഹങ്ങളാണ്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹസമയത്ത് മറ്റ് മണ്ഡപങ്ങളിൽ താലികെട്ടുന്ന വധൂവരന്മാരും കൂടെയുള്ളവരും കോവിഡ് പരിശോധന നടത്തിയതിന്റെ സർട്ടിഫിക്കറ്റ് കൈമാറണം.
പ്രധാനമന്ത്രിയുടെ സന്ദർശനസമയത്ത് ക്ഷേത്രത്തിനകത്ത് ഉദ്യോഗസ്ഥരും പാരമ്പര്യപ്രവൃത്തിക്കാരുമടക്കം 15 പേർക്ക് നിൽക്കാനേ അനുവാദമുള്ളൂ. ദേവസ്വം ഭരണസമിതിയംഗങ്ങൾക്ക് കൊടിമരത്തിനുസമീപം നിൽക്കാം. തൃപ്രയാർ ക്ഷേത്രത്തിൽ തന്ത്രിയുൾപ്പെടെ അഞ്ചുപേർക്കേ അനുവാദമുണ്ടാകൂവെന്നാണ് ദേവസ്വത്തെ അറിയിച്ചിരിക്കുന്നത്. സുരക്ഷാനടപടികൾക്കായി 3,000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.