- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളം ഗസ്റ്റ് ഹൗസിലെ മോദി വാഴ്ത്തു പാട്ട് പിആർഡിക്ക് വിനയായി
കൊച്ചി: അയോധ്യയിലെ പ്രാണ പ്രതിഷ്ഠയ്ക്കായി എങ്ങനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വൃതം എടുക്കുന്നതെന്നതിന്റെ വിശദാംശങ്ങൾ പുറത്ത് വിട്ട് കേരളാ സർക്കാർ വിഭാഗമായ പി ആർ ഡിയുടെ വാർത്താ കുറിപ്പ് പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിലൂടെയാണ് വാർത്ത പിൻവലിച്ചതെന്നാണ് സൂചന. പി ആർ ഡി വെബ് സൈറ്റിലൂടെയാണ് ഈ വാർത്ത പുറത്തറിയുന്നത്. ഇത് മറുനാടൻ റിപ്പോർട്ട് ചെയ്തു. വാർത്തയും വീഡിയോയും വൈറലായി. ഇത് അറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ അതിവേഗ ഇടപെടൽ നടത്തി. പ്രധാനമന്ത്രിയെ താരവത്കരിക്കുന്ന സർക്കാർ റിപ്പോർട്ടിലെ വിമർശന സാധ്യത തിരിച്ചറിഞ്ഞായിരുന്നു ഇത്. അങ്ങനെ ആ വാർത്ത വെബ് സൈറ്റിൽ നിന്നും പിൻവലിച്ചു. നിലവിൽ ആ യു ആർ എൽ പരിശോധിച്ചാൽ പേജ് നോട്ട് ഫൗണ്ട് എന്ന സന്ദേശമാണ് കിട്ടുന്നത്.
മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിലാണ്. ഈ അന്വേഷണം അട്ടിമറിക്കാനുള്ള ചർച്ചകൾ അണിയറയിൽ പുരോഗമിക്കുന്നുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. ഇതിനെല്ലാം മോദിയെ പുകഴ്ത്തി പി ആർ ഡി ഇറക്കിയ പത്രക്കുറിപ്പ് പുതിയ തലം നൽകുമായിരുന്നു. ഇത് മനസ്സിലാക്കി കൂടിയാണ് പി ആർ ഡിയുടെ വെബ് സൈറ്റിൽ നിന്നും വാർത്ത പിൻവലിപ്പിക്കുന്നത്. എറണാകുളം ജില്ലാ വിഭാഗം ഇറക്കിയ വാർത്ത കുറിപ്പുകളുടെ കൂട്ടത്തിൽ നിന്നും ഈ വാർത്ത ഇന്ന് രാവിലെ മുതൽ അപ്രത്യക്ഷമാണ്. രാഷ്ട്രീയ വിവാദം ഭയന്നാണ് ഇതു ചെയ്തതെന്നാണ് സൂചന.
പി ആർ ഡി വാർത്താകുറിപ്പിലൂടെയാണ് പ്രധാനമന്ത്രിയുടെ നിഷ്ഠ വിശദീകരിച്ചത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച എറണാകുളം സർക്കാർ ഗസ്റ്റ് ഹൗസിൽ കിടന്നുറങ്ങിയത് നിലത്ത് യോഗ മാറ്റ് വിരിച്ചായിരുന്നു കഴിച്ചതാകട്ടെ കരിക്കിൻ വെള്ളവും പഴങ്ങളും മാത്രം. വ്രതത്തിലായതിനാലാണ് പ്രധാനമന്ത്രി ബെഡ് ഉപയോഗിക്കുകയോ മറ്റ് ഭക്ഷണങ്ങൾ കഴിക്കുകയോ ചെയ്യാതിരുന്നതെന്നാണ് സംസ്ഥാന സർക്കാരിന്റെ പി ആർ ഡി വിഭാഗം അറിയിച്ചത്. ഇത് മറുനാടൻ വാർത്തയാക്കി. ചില മുഖ്യധാര പത്രങ്ങളിലും ഇത് വാർത്തയായി എത്തി. അവരൊന്നും പി ആർ ഡിയുടെ വാർത്താ കുറിപ്പാണെന്ന് പറയുന്നില്ല. മറുനാടൻ വാർത്തയിൽ നിന്നാണ് പ്രധാനമന്ത്രിയെ പുകഴ്ത്തി പി ആർ ഡി നൽകി വാർത്ത മുഖ്യമന്ത്രിയുടെ ഓഫീസ് അറിയുന്നത്. ഇതോടെയാണ് വാർത്ത പിൻവലിക്കാൻ നിർദ്ദേശം നൽകിയത്.
ഡ്രാഗൺ, ആപ്പിൾ, ഏത്തപ്പഴം, മുന്തിരി, പേരയ്ക്ക, മാതളം, ഓറഞ്ച് എന്നീ പഴങ്ങളാണ് മോദിക്ക് നൽകിയത്. പ്രധാനമന്ത്രിക്കായി കേരള, നോർത്ത് ഇന്ത്യൻ വിഭവങ്ങൾ തയ്യാറാക്കിയിരുന്നു. വെൽക്കം ഡ്രിങ്കായി കരിക്കിൻ വെള്ളമാണ് നൽകിയത്. പ്രധാനമന്ത്രിക്ക് വേണ്ടി കിങ് സൈസ് ബെഡ് തയാറാക്കിയിരുന്നു. എങ്കിലും നിലത്ത് വുഡൻ ഫ്ളോറിൽ യോഗ മാറ്റ് വിരിച്ച് അതിന്റെ മുകളിൽ ബെഡ് ഷീറ്റ് വിരിച്ചാണ് കിടന്നുറങ്ങിയതെന്ന് ഗസ്റ്റ് ഹൗസ് ജീവനക്കാർ പറഞ്ഞുവെന്നാണ് റിപ്പോർട്ട്. കേരള സന്ദർശനത്തിന് 16 ന് രാത്രി എട്ടിനാണ് പ്രധാനമന്ത്രി എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ എത്തിച്ചേർന്നത്. പിറ്റേദിവസം പുലർച്ചെ 4.30 ന് ഉണർന്ന് ചൂടുവെള്ളം കുടിച്ച ശേഷം യോഗ ചെയ്തു. എല്ലാ ജീവനക്കാർക്കും നന്ദി പറഞ്ഞാണ് പ്രധാനമന്ത്രി മടങ്ങിയതെന്നും പി ആർ ഡിയുടെ വാർത്ത കുറിപ്പ് വിശദീകരിച്ചിരുന്നു. ഇതിന് മുമ്പ് അയോധ്യ പ്രാണപ്രതിഷ്ഠയ്ക്കായി മോദി എങ്ങനെയാണ് വ്രതം നോക്കുന്നതെന്ന സൂചനകൾ പുറത്തു വന്നിരുന്നില്ല.
ബിജെപി വിരുദ്ധ പക്ഷ സർക്കാരാണ് കേരളത്തിലുള്ളത്. അയോധ്യാ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് സിപിഎമ്മാണ്. അതുകൊണ്ടു തന്നെ പിണറായിയുടെ കീഴിലെ പി ആർ ഡി മോദിയെ പുകഴ്ത്തിയത് പല വിധത്തിലെ ചർച്ചകൾക്ക് വഴിയൊരുക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് വാർത്ത പിൻവലിച്ചത്. ഇതോടെ ആ വാർത്തയുമായി സർക്കിരന് ബന്ധമില്ലെന്ന സന്ദേശമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകാൻ ആഗ്രഹിക്കുന്നത്. ഏതോ ഒരു ഉദ്യോഗസ്ഥന്റെ പിഴവായി ഇതിനെ വിവാദമുണ്ടായാൽ പോലും ചിത്രീകരിക്കും. പി ആർ ഡി വാർത്ത വന്ന വഴിയിൽ അനൗദ്യോഗിക അന്വേഷണവും നടത്തി. അതിന് ശേഷമാണ് വാർത്ത പിൻവലിച്ചതെന്നാണ് സൂചന.
മോദിയെ സ്വീകരിക്കാനും യാത്ര അയയ്ക്കാനും ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വിമാനത്തിന് അടുത്തേക്ക് പോയെന്നതും പ്രത്യേകതയാണ്. മറ്റൊരു പ്രധാന പരിപാടി മാറ്റിവച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാനമന്ത്രിയെ കാണൽ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉണ്ടായിരുന്നു. പഴുതടച്ച സുരക്ഷയാണ് എസ് പി ജി ഒരുക്കിയത്. കേരള കേഡർ എഡിജിപിയായ സുരേഷ് രാജ് പുരോഹിതിനായിരുന്നു മേൽനോട്ട ചുമതല. എല്ലാ അർത്ഥത്തിലും ചർച്ചയാക്കിയാണ് കൊച്ചിയിൽ നിന്നും മോദി മടങ്ങിയത്. ജനുവരിയിൽ മോദിയുടെ കേരളത്തിലേക്കുള്ള രണ്ടാം വരവാണ് ഇത്. ആദ്യ വരവിൽ സ്വീകരിക്കാൻ പിണറായി എത്തിയിരുന്നില്ല. ഇതെല്ലാം രാഷ്ട്രീയ ചർച്ചയുമായി ഉയർന്നു.
തൃശൂരിൽ ബിജെപി പരിപാടിക്ക് ജനുവരിയിൽ ആദ്യം എത്തിയ മോദി അന്നു തന്നെ ഡൽഹിയിലേക്ക് മടങ്ങിയിരുന്നു. ഇത്തവണ കൂടുതൽ വിപുലമായ പരിപാടി തയ്യാറാക്കിയാണ് മോദി എത്തിയത്. അയോധ്യയിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് തൃപ്രയാർ ക്ഷേത്രത്തിൽ മോദി സന്ദർശനം നടത്തിയത്. കേരളത്തിലെ പ്രധാന രാമക്ഷേത്രമാണ് തൃപ്രയാർ. കേരളീയരും അയോധ്യയിലെ പ്രതിഷ്ഠാദിനത്തിൽ ആചാരപരമായ ചടങ്ങുകൾ നിർവ്വഹിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനൊപ്പം രാഷ്ട്രീയവും വികസനവും ചർച്ചയാക്കി.
ഗുരുവായൂരിലെ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിനും മോദി ഉയർത്തിയത് 'അയോധ്യ'യിലെ പ്രാധാന്യം. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വധൂവരന്മാരെ അനുഗ്രഹിച്ചത് അക്ഷതം നൽകിയായിരുന്നു. ഭാഗ്യ സുരേഷിന്റെ താലികെട്ട് ചടങ്ങിൽ പങ്കെടുത്തിന് ശേഷം തൊട്ടടുത്ത വേദിയിൽ നടന്ന താലികെട്ട് ചടങ്ങിലെ 10 നവദമ്പതികളെ അക്ഷതം നൽകിയാണ് അനുഗ്രഹിച്ചത്.
വിവാഹത്തിൽ പങ്കെടുക്കാനെത്തിയ താര നിരയേയും മോദി കണ്ടു. സുരേഷ് ഗോപി ഓരോരുത്തരെയായി പരിചയപ്പെടുത്തി. എന്നാൽ ചിലരെ മോദിക്ക് നേരിട്ട് അറിയാമായിരുന്നു. മോഹൻലാലിനേയും മമ്മൂട്ടിയേയും പിന്നെ ഖുശ്ബുവിനേയും. മോഹൻലാലിനെ കണ്ടതും മോദി കുശലാന്വേഷണത്തിലായി. എല്ലാവർക്കും നൽകിയത് പോലെ അക്ഷതം നൽകി. തൊട്ടടുത്ത് മമ്മൂട്ടി. മമ്മൂട്ടിയേയും മോദിക്ക് നന്നായി അറിയാം. മോദിക്കും അക്ഷതം നൽകി. പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അയോദ്ധ്യയിൽ പൂജിച്ച അക്ഷതമാണ് ഗുരുവായൂർ അമ്പലത്തിന്റെ നടയിൽ വച്ച് പ്രധാനമന്ത്രി മോദിയിൽ നിന്നും മമ്മൂട്ടി അടക്കം ഏറ്റുവാങ്ങിയത്. ഭാര്യ സുൽഫത്തും അക്ഷതം സ്വീകരിച്ചു.