- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാൽ വീണ്ടും അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത്
കൊച്ചി: മലയാളം സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടരും. എതിരാളികൾ ഇല്ലാതെയാണ് മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടത്. അമ്മയെ നയിക്കാൻ മോഹൻലാൽ തന്നെ വേണമെന്ന ആവശ്യം ശക്തമായതോടെയാണ് അദ്ദേഹം വീണ്ടും അധ്യക്ഷ പദവിയിൽ എത്തുന്നത്. അതേസമയം ഇടവേള ബാബു ഒഴിയുന്ന അവസരത്തിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കുന്നുണ്ട്. നടൻ സിദ്ധിഖാണ് ഔദ്യോഗിക പാനലിലെ ശക്തൻ. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവർ മത്സര രംഗത്ത് ഉണ്ടെങ്കിലും സിദ്ദിഖ് തന്നെ ആ സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദൻ തിരഞ്ഞെടുക്കപ്പെട്ടു. എതിരാളികൾ ഇല്ലാതെയാണ് ഉണ്ണി സ്ഥാനത്തേക്ക് എത്തുന്നത്. അമ്മയുടെ നിർണായക റോളിലേക്കാണ് ഉണ്ണി മുകുന്ദന്റെ രംഗപ്രവേശം.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷും മഞ്ജു പിള്ളയുമാണ് മത്സര രംഗത്തുണ്ട്. ഔദ്യോഗിക പാനലിൽ നിന്നാണ് ഇവർ മത്സരിക്കുന്നത്. ഇവർക്കൊപ്പം ചേർത്തല ജയനും മത്സര രംഗത്തുണ്ട്. ജോയിന്റെ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ് മത്സരിക്കുന്നു. അനൂപ് ചന്ദ്രനും ഇതേ സ്ഥാനത്തേക്ക മത്സര രംഗത്തുണ്ട്. ജോയി, മാത്യു, റോണി ഡേവിഡ് രാജ്, വിനു മോഹൻ എന്നിവരും വിമതന്മാരായി എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സിക്കുന്നുണ്ട്. ഇതോടെ ഔദ്യോഗിക പക്ഷത്തുള്ള രചന നാരായണൻ കുട്ടി മത്സര രംഗത്തു നിന്നും പിന്മാറിയിട്ടുണ്ട്. ജോയ് മാത്യു കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത കൂടുതൽ.
കുഞ്ചാക്കോ ബോബൻ, ടിനി ടോം, സുരേഷ് കൃഷ്ണ, സുരാജ് വെഞ്ഞാറമൂട്, കലാഭവൻ ഷാജോൺ, അൻസിബ ഹസൻ, രമേശ് പിഷാരടി, അനന്യ, സരയു മോഹൻ, ടൊവിനോ തോമസ് തുടങ്ങിയവരും എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സര രംഗത്തുണ്ട്. വോട്ടവകാശമുള്ള 506 അംഗങ്ങളാണു സംഘടനയിലുള്ളത്. ജൂൺ 3 മുതൽ സംഘടന തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ആരും പത്രിക സമർപ്പിക്കാത്തതിനെ തുടർന്നാണ് മോഹൻലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ജൂൺ 30നാണ് സംഘടനയുടെ വാർഷിക പൊതുയോഗം നടക്കുന്നത്.
സംഘടനയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കും ഇത്തവണത്തെ പൊതുയോഗം വേദിയാകുമെന്നാണ് സൂചന. ക്ഷേമപ്രവർത്തനങ്ങൾക്കും ഇൻഷുറൻസിനും പ്രവർത്തനച്ചെലവിനും ഉൾപ്പെടെ 3 കോടി രൂപയെങ്കിലും സംഘടന പ്രതിവർഷം കണ്ടെത്തേണ്ടതുണ്ട്. സാമ്പത്തികസ്ഥിതി മോശമായ 112 അംഗങ്ങൾക്ക് നിലവിൽ അമ്മ കൈനീട്ടം നൽകുന്നുണ്ട്. പലപ്പോഴും ഈ തുക കണ്ടെത്താൻ പ്രയാസപ്പെടേണ്ടി വരുന്നുണ്ട്. താരനിശകൾ ഉൾപ്പെടെ നടത്തിയാണു പിടിച്ചുനിൽക്കുന്നത്. സാമ്പത്തിക വരുമാനം ഉയർത്താൻ സ്ഥിരം സംവിധാനം കൊണ്ടുവരുന്നതിനുള്ള നിർദ്ദേശങ്ങൾ ഇക്കുറിയുണ്ടാകുമെന്നാണു സൂചന.
മൂന്നു വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന തിരഞ്ഞെടുപ്പ് പൊതുയോഗമാണ് ഇനി വരാൻ പോകുന്നത്. 25 വർഷത്തിന് ശേഷം ഇടവേള ബാബുവിന് അമ്മയിൽ ചുമതലകൾ ഇല്ലെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ജൂൺ 30നു കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിലാണു പൊതുയോഗം. കഴിഞ്ഞ തവണ അമ്മയിൽ മത്സരങ്ങൾ നടന്നിരുന്നു.
ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരിച്ച മണിയൻ പിള്ള രാജു അടക്കം ജയിച്ചു. മമ്മൂട്ടിയായിരുന്നു അമ്മയുടെ ലാലിന് മുമ്പത്തെ അധ്യക്ഷൻ. നടിയെ ആക്രമിച്ച കേസിലെ വിവാദങ്ങളെ തുടർന്നാണ് മമ്മൂട്ടി മാറിയത്. ഇതോടെ മോഹൻലാലിനെ തേടി ദൗത്യമെത്തി. ഈ പദവിയിൽ മോഹൻലാൽ തുടരുന്നതാണ് നല്ലതെന്നാണ് മമ്മൂട്ടി അടക്കമുള്ളവർ ഉന്നയിച്ച കാര്യം. ഇതോടെയാണ് ലാൽ തന്നെ പദവിയിൽ തുടരുന്നതും.