കോഴിക്കോട്: ആർ. ടി ഓഫീസുകളിലെ നിയമ ലംഘനം പരിശോധിക്കാനും ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്നസ് ടെസ്റ്റ് എന്നിവയിലെ ക്രമക്കേട് കണ്ടെത്താനും മോട്ടോർ വാഹന വകുപ്പ് നിയമിച്ച സ്‌ക്വാഡിലെ ഉദ്യോഗസ്ഥരിൽ പലരും കളങ്കിതരെന്ന് ആക്ഷേപം. പണപിരിവ് അടക്കമുള്ള നിയമ വിരുദ്ധ പ്രവർത്തനം കണ്ടെത്താനായി നിയമിച്ച പ്രത്യേക സ്‌കോഡിലെ അംഗങ്ങൾ കൈകൂലി കേസിൽ അന്വേഷണം നേരിടുന്നവരാണെന്നാണ് ആക്ഷേപം ഉയർന്നിട്ടുണ്ട്.

വളയാർ ചെക്ക്പോസ്റ്റിൽ നിന്ന് അനധികൃതമായി പണം പിടികൂടിയ കേസിൽ അന്വേഷണം നേരിടുന്നയാളാണ് പരിശോധന സംഘത്തിലെ പ്രധാനി. ഇയാൾക്കെതിരെ നിലവിൽ അന്വേഷണം തുടരുകയാണെന്ന് വിവരാവകാശ നിയമപ്രകാരം മോട്ടോർ വാഹന വകുപ്പിൽ നിന്ന് തന്നെ മറുപടി ലഭിച്ചിട്ടുണ്ട്. പിരിച്ച് വിടാൻ തക്കതായ കാരണമുള്ള ചട്ടം 15 കുറ്റകൃത്യങ്ങളിൽ പെട്ടയാളാണ് സ്‌ക്വാഡിലെ അംഗംമെന്നും വിവരവകാശ രേഖ പറയുന്നു.

മോട്ടോർ വാഹന വകുപ്പിലെ ഉന്നതനുമായുള്ള ബന്ധമാണ് സ്‌കോഡിൽ ഇടം പിടിക്കാനുള്ള യോഗ്യതയെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും പരിശോധ നടത്തി വൻതുക ആവശ്യപ്പെട്ടെന്നും ആക്ഷേപമുണ്ട്. ബസ് ബോഡി കോഡ് നടപ്പിലാക്കിയ സമയത്ത് വൻകിട ബോഡി നിർമ്മാതാക്കളിൽ നിന്ന് പണം കൈപറ്റിയയാളും സ്‌ക്വാഡിലെ അംഗമാണ്.

വകുപ്പിലെ നിയമ ലംഘനം കണ്ടെത്താൻ കളങ്കിതരെ നിയമിച്ചതിലൂടെ കള്ളനെ താക്കോലേൽപ്പിച്ച അവസ്ഥയിലാണ് മോട്ടോർ വാഹന വകുപ്പ്. ഇത്തരം നിയമനങ്ങൾ സർക്കാർ ഗൗരവത്തിലെടുക്കാത്തതിൽ ദുരൂഹതയുണ്ടെന്നും സ്‌ക്വാഡിലെ അംഗങ്ങളുടെ മുൻകാല സേവനങ്ങൾ പരിശോധിക്കണമെന്നും ആവശ്യമുയർന്നു.