- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
കൊച്ചി: റോബിൻഹുഡ് എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ സംവിധായകനാണ് ജോഷി. ഒടുവിൽ ജോഷിയുടെ വീട്ടിലും ബീഹാറിൽ നിന്നും 'റോബിൻ ഹുഡ്' എത്തി. പക്ഷേ കേരളാ പൊലീസിന്റെ കരുതൽ അവനെ അതിവേഗം കുടുക്കി. ജോഷിയുടെ കൊച്ചിയിലെ വീട്ടിൽനിന്ന് മോഷണം നടത്തിയ കേസിലെ പ്രതി കൊടും കുറ്റവാളി. ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാനാണ് പിടിയിലായത്. കർണാടക പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ഒരുകോടി വിലവരുന്ന സ്വർണ-വജ്രാഭരണങ്ങൾ ഇയാളിൽ നിന്ന് കണ്ടെത്തി. പൊലീസിന്റെ അതിവേഗ നീക്കമാണ് ഇതിന് കാരണം. 12 സംസ്ഥാനങ്ങളിൽ നിറഞ്ഞു നിൽക്കുന്ന കള്ളനാണ് ഇയാൾ.
ലക്ഷ്വറി കാറുകളിൽ കറങ്ങി നടന്ന് താൽപ്പര്യം തോന്നുന്ന വീടുകളിൽ കവർച്ച നടത്തുന്ന സ്വഭാവമാണ് ഇയാൾക്ക്. നാട്ടുകാരെ കൈയയച്ച് സഹായിക്കും. അതുകൊണ്ട് തന്നെ നാട്ടുകാരുടെ പിന്തുണ ഇയാൾക്കുണ്ട്. 12 സംസ്ഥാനങ്ങളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇർഫാൻ എന്നാണ് സൂചന. കൊച്ചി പൊലീസ് നാല് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്. ബിഹാറിലെ റോബിൻഹുഡ് എന്നാണ് ഇർഫാൻ അറിയപ്പെടുന്നത്. ജോഷിയുടെ വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങളും മറ്റൊരു സി.സി.ടി.വി. ക്യാമറയിൽനിന്ന് ലഭിച്ച, മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ഒരു കാറിന്റെ ദൃശ്യങ്ങളുമാണ് പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.
സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ഈ കാർ പോയ വഴി കേരള പൊലീസ് നീങ്ങി. ഈ കാർ കർണാടക അതിർത്തി കടന്നുവെന്നും മനസ്സിലായി. കർണാടക പൊലീസിന് വിവരം കൈമാറുകയും ഉഡുപ്പിയിൽവെച്ച് ഇർഫാനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കർണാടക പൊലീസിന്റെ കസ്റ്റഡിയിലുള്ള ഇയാളെ അവിടെ കോടതിയിൽ ഹാജരാക്കിയതിന് ശേഷമാകും കേരളാ പൊലീസിന് കൈമാറുക. ഇയാളുടെ കൂടതൽ സംഘാംഗങ്ങൾ കേരളത്തിലുണ്ടെന്നാണ് പൊലീസ് നിഗമനം. ഇതേ കുറിച്ച് അന്വേഷണം തുടരും.
പൊലീസിന് വർഷങ്ങളോളം തലവേദനയായി തുടരുന്ന കുപ്രസിദ്ധ മോഷ്ടാവ് സ്വന്തം സംസ്ഥാനമായ ബിഹാറിലെ ഏഴ് ഗ്രാമങ്ങളിൽ കോൺക്രീറ്റ് റോഡുകൾ നിർമ്മിക്കുകയും പാവപ്പെട്ടവരെ അവരുടെ പെൺമക്കളുടെ കല്യാണം നടത്താൻ ഉദാരമായി സഹായിക്കുകയും ചെയ്യുന്ന നന്മമരമാണെന്നും പറയുന്നു. ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ഭാര്യ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചത് ഈ സാമൂഹിക പ്രവർത്തനങ്ങളുടെ കരുത്തിലാണ്.
ബീഹാറിലെ സിതാമർഹി ജില്ലയിൽ താമസിക്കുന്ന മുഹമ്മദ് ഇർഫാൻ ഗ്രാമങ്ങളിൽ വിവിധ സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നതിനും ദുരിതമനുഭവിക്കുന്ന പാവങ്ങളെ സഹായിക്കുന്നതിനുമായി മോഷ്ടിച്ച തുക ഉദാരമായി ചെലവഴിക്കുകയായിരുന്നു. മോഷണക്കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുന്നത് വരെ പ്രാദേശിക ഗ്രാമവാസികൾക്ക് ഇയാളൊരു കള്ളനാണെന്ന് അറിയില്ലായിരുന്നു.
ഇർഫാൻ ഒരു കോടി ചെലവഴിച്ച് ഏഴ് ഗ്രാമങ്ങളിൽ റോഡുകൾ നിർമ്മിച്ചു, ഡസൻ കണക്കിന് പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്തി, ഒരു കാൻസർ രോഗിക്ക് 20 ലക്ഷം രൂപ സംഭാവന നൽകി, കൂടാതെ തന്റെ പ്രദേശത്തെ നിരവധി പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ഫീസും ഇർഫാൻ നൽകിയെന്ന് പ്രദേശവാസികൾ പറഞ്ഞിരുന്നതായി ദേശീയ മാധ്യമങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലവട്ടം ഇയാൾ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്.
ഇയാൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിലായി 25 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, യുപി, ഡൽഹി, പഞ്ചാബ്, ഗോവ, കർണാടക, കേരളം, തമിഴ്‌നാട്, തെലങ്കാന തുടങ്ങി നിരവധി സംസ്ഥാനങ്ങളോടാണ് കൂടുതൽ താൽപ്പര്യം.