- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അപ്പീൽ ഹൈക്കോടതി തള്ളിയത് നിസാം അറിഞ്ഞത് ഉച്ചയ്ക്ക്; രാത്രിയിലെ ചോറും തോരനും മെഴുക്കും കഴിക്കാതെ മാറ്റിവെച്ചു; സഹാനുഭൂതിയോടെ സഹതടവുകാർ അടുത്ത കൂടിയെങ്കിലും ഒന്നും മിണ്ടിയില്ല; ശിഷ്ടകാലം ജയിലിൽ തന്നെയാവും എന്ന് ഉറപ്പിച്ച് ഉറങ്ങാതെ നേരം വെളുപ്പിച്ച് കിംങ്സ് ബീഡി ഉടമ; പൊളിഞ്ഞത് വിധി അനുകൂലമെങ്കിൽ ജയിലിൽ മധുരം വിളമ്പാനുള്ള പദ്ധതി
തിരുവനന്തപുരം. ചന്ദ്രബോസ് വധക്കേസ് പ്രതി നിസാം ഉച്ച ഭക്ഷണം കഴിഞ്ഞ ശേഷമാണ് തന്റെ അഭിഭാഷകനെ വിളിച്ചത്. വിളിക്കുന്നതിന് മുൻപ് സഹതടവുകാരോടു കേസ് ഹൈക്കോടതി പരിഗണിക്കുന്ന വിവരം പറഞ്ഞിരുന്നു. കേസിൽ അനുകൂല വിധി വന്നാൽ ജയിൽ ക്യാന്റീനിൽ നിന്നു മധുരം വാങ്ങി ഒന്നാം ബോള്ക്കിലെ താൻ കിടക്കുന്ന ഒന്നാമത്തെ റൂമിലെ സഹ തടവുകാർക്ക് നല്കാനും നിസാം ആലോചിച്ചിരുന്നു. ഇക്കാര്യം ജയിലിലെ സഹായികളോടും നിസാം പറഞ്ഞിരുന്നു. എന്നാൽ അഭിഭാഷകനോടു സംസാരിച്ചപ്പോൾ കിട്ടിയ വാർത്ത ശുഭകരമായിരുന്നില്ല.
ശിക്ഷാ വിധിയിൽ സുപ്രീംകോടതിയിൽ അപ്പീൽ പോകാമെന്നും വക്കീൽ അറിയിച്ചു. എന്നാൽ നേരത്തെ ജാമ്യത്തിലൂടെ പുറത്തിറങ്ങാൻ നിസാം ശ്രമിച്ചിരുന്നു. അന്ന് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി ഏറ്റു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ പോയാൽ ഈസിയായി കേസ് ജയിക്കുമെന്ന് വക്കീൽ പറഞ്ഞുവെങ്കലും അത് മുഴുവൻ കേൾക്കാൻ നിസാം കൂട്ടാക്കിയില്ല. പിന്നീട് വീട്ടിലേയ്ക്ക് വിളിച്ച നിസാമിനെ ഭാര്യ സമാധാനിപ്പിച്ചുവെങ്കിലും അസ്വസ്ഥനായി തന്നെയായിരുന്നു പെരുമാറ്റം.
മണിക്കൂറിന് ലക്ഷങ്ങൾ വാങ്ങുന്ന അഭിഭാഷകനെ സുപ്രീം കോടതിയിൽ ഹാജരാക്കി ഈസിയായി പുറത്തു ഇറങ്ങാമെന്നും ചില നിയമവിദഗ്ധരുടെ അഭിപ്രായം ഉൾപ്പെടെ സൂചിപ്പിച്ച് ഭാര്യ പറഞ്ഞു. ഇതും വലിയ പ്രതീക്ഷ നിസാം കാണുന്നില്ല. ജയിലിലെ ടെലി ഫോൺ ബുത്തിൽ നിന്നും ഇറങ്ങി ആരോടു മിണ്ടാതെയാണ് നിസാം സെല്ലിലേയ്ക്ക് പോയത്. ഉച്ചത്തെ പോലെ തന്നെ ആറു മണിയോടെ ചോറും തോരനും മെഴുക്കും എത്തിയെങ്കിലും കഴിച്ചില്ല. സാധാരണ ഗതിയിൽ ഭക്ഷണം ഇഷ്ടപ്പെട്ടില്ലായെങ്കിൽ ജയിൽ ക്യാന്റീനിൽ നിന്നും ഫുഡ് വരുത്താറുണ്ട്.
അതും ഇന്നലെ ഉണ്ടായില്ല. ഹൈക്കോടതി വിധി അറിഞ്ഞ്് സഹ തടവുകാർ സഹനുഭൂതിയോടെ ചുറ്റു കൂടിയിട്ടും നിസാം ഒന്നും മിണ്ടിയില്ല. രാത്രിയിൽ സഹ തടവുകാർ കൂർക്കം വലിച്ചുറങ്ങിയപ്പോൾ നിസാം മുകളിലേയ്ക്ക് നോക്കി കിടന്നു. സഹായികളായ രണ്ടു തടവുകാരും നിസാമിനൊപ്പം ഉറങ്ങാതെ നേരം വെളിപ്പിച്ചു. നിസാമിന്റെ അപ്പീൽ ഹരജി ഹൈക്കോടതി ഇന്നലെയാണ് തള്ളിയത്.. 2015 ജനുവരി 29 ന് അറസ്റ്റിലായ നിസാമിന് തൃശൂർ സെഷൻസ് കോടതി ജീവപര്യന്തത്തിന് പുറമെ 24 വർഷം തടവും 80,30,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ നിസാം നൽകിയ അപ്പീലിലാണ് വിധി പറഞ്ഞത്. ഇതോടെ നല്ലകാലം മുഴുവൻ ബിഡി കമ്പനി മുതലാളിയായിരുന്ന നിസാമിന് അഴിക്കുള്ളിൽ കഴിയേണ്ടി വരും.
വിധിക്കെതിരെ നിസാം സുപ്രീംകോടതിയിൽ അപ്പീലും നൽകും. തൃശൂർ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു കണ്ടശ്ശാംകടവ് സ്വദേശിയായ ചന്ദ്രബോസ്. ഗേറ്റ് തുറക്കാൻ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐഡി കാർഡ് ചോദിച്ചതിലും പ്രകോപിതനായാണ് ചന്ദ്രബോസിനെ നിസാം ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു. വീണു കിടന്ന ഇയാളെ നിസാം എഴുന്നേൽപ്പിച്ച് വാഹനത്തിൽ കയറ്റി പാർക്കിങ് ഏരിയയിൽ കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദിച്ചു. വാഹനമിടിച്ച് പരിക്കേൽപ്പിച്ചതിന് പുറമെ ചന്ദ്രബോസിനെ നിസാം മാരകമായി ആക്രമിക്കുകയും ജീപ്പിലിട്ട് ചവിട്ടുകയും ചെയ്തു.
സെക്യൂരിറ്റി റൂമും ഫർണിച്ചറുകളും ജനലുകളും നിസാം അടിച്ചു തകർത്തു. ആക്രമണം തടയാനെത്തിയ സെക്യൂരിറ്റി സൂപ്പർവൈസർ അയ്യന്തോൾ കല്ലിങ്ങൽ വീട്ടിൽ അനൂപിനും മർദനമേറ്റു. മറ്റ് സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് ഫ്ളൈയിങ് സ്ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചികിത്സയിലിരിക്കേ ഫെബ്രുവരി 16ന് ചന്ദ്രബോസ് മരിച്ചു.നേരത്തെ നിസാമിന്റെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയിരുന്നു. തൃശൂർ പേരാമംഗലം പൊലീസിന്റെ കസ്റ്റഡിയിലുള്ള ഹമ്മർ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി തൃശൂർ ആർ.ടി.ഒ ഉത്തരവിറക്കി. ഗുരുതര കുറ്റകൃത്യത്തിൽ ഉൾപ്പെടുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്. ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ബിസിനസുകാരനായ നിസാം കൊലപ്പെടുത്തിയ സംഭവം കോളിളക്കം സൃഷ്ടിച്ചിരുന്നു.
2015 ജനുവരി 29ന് രാത്രിയാണ് സംഭവം. ആഡംബര വാഹനമായ ഹമ്മർ അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്തതാണ്. കേസിൽപ്പെട്ട് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ സാധാരണയായി പൊലീസ് പൊളിക്കാറില്ല. നിശ്ചിത കാലശേഷം സർക്കാർ അനുമതിയോടെ ലേലം ചെയ്യാറാണ് പതിവ്. നിസാമിന്റെ കാറിന്റെ കാര്യത്തിലും അതുതന്നെയാണ് നിലവിൽ പൊലീസിന്റെ മുന്നിലുള്ള വഴി. നിലവിൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങൾക്കു മാത്രമേ ലൈസൻസും പെർമിറ്റും റദ്ദാക്കൂ. എന്നാൽ, വാഹനം ഉപയോഗിച്ചുള്ള ഏത് കുറ്റത്തിനും ഇത് ബാധകമാണ് എന്ന ഭേദഗതി നിർദ്ദേശപ്രകാരമാണ് നിസാമിന്റെ വാഹന രജിസ്ട്രേഷൻ റദ്ദാക്കിയത്.
വിയ്യൂരിലും കണ്ണൂരിലും ശിക്ഷ അനുഭവിച്ച നിസാം ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിലാണ്. ജീവപര്യന്തവും 24 വർഷം തടവുശിക്ഷയുമാണ് ജില്ല കോടതി വിധിച്ചത്. അതേസമയം, സഹ തടവുകാരന്റെ കാലിൽ ചൂടുവെള്ളം ഒഴിച്ചെന്ന പരാതിയിൽ നിസാമിനെതിരെ മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂണിൽ നടന്ന സംഭവത്തിൽ സഹതടവുകാരൻ ആദ്യം പരാതിയൊന്നും പറഞ്ഞിരുന്നില്ലെന്നും ഇപ്പോഴാണ് പരാതിപ്പെടുന്നതെന്നും ജയിൽ ഉദ്യോഗസ്ഥർ പറയുന്നു. അതേ സമയം നിസാമിന് ജയിലിൽ വധ ഭീഷണി ഉണ്ടെന്ന മറ്റൊരു പരാതി നേരത്തെ ജയിൽ അധികൃതർക്ക് ലഭിച്ചിരുന്നു.
ഇതേ തുടർന്ന് അതിസുരക്ഷ സെല്ലിലേയ്ക്ക് മാറ്റിയപ്പോൾ പരാതി പിൻവലിച്ച്്് പഴയ സെല്ലിലേയ്ക്ക് തിരികെ മടങ്ങിയിരുന്നു. ജയിലിൽ രമ്ടു സഹായികൾ അടക്കം കിംഗസ്്് ബിഡി മുതലാളി കിംഗായി തന്നെയാണ് കഴിയുന്നത്. ജയിൽ കാന്റീനിൽ നിന്നും പരിധിയില്ലാതെ ഇഷ്ടഭക്ഷണം വാങ്ങാൻ കുറുക്കു വഴിയും നിസാം കണ്ടെത്തിയിരുന്നു. ് ജയിൽ കാന്റീനിൽ നിന്നും മട്ടനും ചിക്കനും അടക്കമുള്ള സ്പെഷ്യൽ വിഭവങ്ങൾ ഒരു മാസത്തിൽ വാങ്ങാനുള്ള പരിധി 800 രുപയാണ്. ഈ പരിധി കഴിയുമ്പോഴാണ് മറ്റുള്ളവരുടെ അക്കൗണ്ട് ഉപയോഗപ്പെടുത്തുന്നത്. നിസാമിന് സഹായം നല്കാൻ കൂടെ ഉള്ള തടവുകാർ തന്നെയാണ് ഊഴം വരുമ്പോൾ സെല്ല് വൃത്തിയാക്കുന്നതും പാത്രം കഴുകുന്നതും തുണി അലക്കി നല്കുന്നതും. ജയിലിനുള്ളിലെ ബീഡി കച്ചവടത്തിൽ നിസാമിന്റെ മൊണോപൊളി പൊളിച്ചെടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് തടവുകാർ തമ്മിൽ നേരത്ത ചില പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു.
നിസാം ബീഡി കച്ചവടത്തിന് പുറമെ ജയിലിനെ തന്നെ നിയന്ത്രിക്കുന്ന അവസ്ഥയിൽ എത്തി. അപ്പോഴാണ് പുതിയ സൂപ്രണ്ട് എത്തിയതും ഉദ്യോഗസ്ഥർ ആക്ടീവായതും നടപടികൾ ശക്തിമാക്കിയതും. എന്നിട്ടും ഒരു വിഭാഗം ഉദ്യോഗസ്ഥർ നൽകിയ പിന്തുണയിൽ മുഹമ്മദ് നിസാം ബീഡി കച്ചവടം തുടർന്നു. നിസാമിന്റെ ബീഡി കച്ചവടത്തിന്റെ പങ്ക് ചില ഉദ്യോഗസ്ഥർക്കും കിട്ടുന്നതായി വിവരം ഉണ്ട്. അതേ സമയം നിസാം സഹ തടവുകാരന്റെ കാലിൽ ചൂടുവെള്ളം ഒഴിച്ചുവെന്ന കേസിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. പൂജപ്പുര പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കേസിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസും ജയിൽ ഉദ്യോഗസ്ഥരും പറയുന്നത്. ജൂണിൽ നടന്ന സംഭവത്തിൽ നിസാമിന്റെ സഹതടവുകാരനായ നസീർ ആദ്യം പരാതിയൊന്നും പറഞ്ഞിരുന്നില്ലെന്നാണ് ജയിൽ ഉദ്യോഗസ്ഥർ പറയുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പൂജപ്പുരയിൽ കഴിയുന്ന ബിനുവെന്ന തടവുകാരനുമായി ചേർന്ന് നസീറെന്ന സഹതടവുകാരന്റെ കാലിൽ ചൂടുവെള്ളം ഒഴിച്ചുവെന്നാണ് നിസാമിനെതിരായ കേസ്.
നസീർ കോടതിയിൽ നൽകിയ പരാതിയിൽ പൂജപ്പുര പൊലീസ് കേസെടുത്ത് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. ജൂൺ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കേസെടുത്തത് ഈ മാസം രണ്ടിനും. പൂജപ്പുര സെൻട്രൽ ജയിലിലെ 12ാം ബ്ലോക്കിലെ മേസ്തിരിയാണ് കൊലക്കേസ് പ്രതിയും പരാതിക്കാരനുമായ നസീർ. ഈ ബ്ലോക്കിൽ ജോലിക്കു പോകുന്നയാളാണ് വധശിക്ഷക്ക് ശിക്ഷക്കപ്പെട്ട് ജയിലിൽ കഴിയുന്ന മറ്റൊരു തടവുകാരനായ ബിനു. ജയിൽ ബാർബർ ഷോപ്പിലെ സാമഗ്രികൾ വൃത്തിയാക്കാൻ വച്ചിരുന്ന ചൂടുവെള്ളം കാലിൽ വീണെന്ന് പറഞ്ഞ് നസീർ ജയിൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ സംഭവം നടന്ന ദിവസം തന്നെ ആരെങ്കിലും ആക്രമിച്ചതായി പരാതിയൊന്നും നസീർ അറിയിച്ചില്ലെന്ന് ജയിൽ സൂപ്രണ്ട് പറയുന്നു. സംഭവം നടക്കുമ്പോൾ ഒന്നാം ബ്ലോക്കിലായിരുന്നു നിസാം. നിസാമിന്റെ പ്രേരണയോടെ ബിനു കാലിൽ ചൂടുവെള്ളമൊഴിച്ചുവെന്നാണ് പരാതി. ഇത്തരമൊരു സംഭവം ജയിലിൽ നിന്നും നേരത്തെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസും പറയുന്നു.സഹതടവുകാരുടെ അനുയായികൾക്ക് നിസാം പണം നൽകാറുണ്ടെന്ന വിവരം ജയിൽ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഒരു വിഭാഗം ഉദ്യോഗസ്ഥർ നിസാമിന്റെ വലം കൈയായി മാറുന്നത് പുതിയ സൂപ്രണ്ടിനും തലവേദനയായി മാറിയിട്ടുണ്ട്.
ഇത് സംബന്ധിച്ച മുഴുവൻ വിവരങ്ങളും സൂപ്രണ്ട് സത്യരാജ് ജയിൽ വകുപ്പ് ദക്ഷിണ മേഖല ഡിഐജി എ എസ് വിനോദിന് കൈമാറിയെന്നാണ് സൂചന. ജയിൽ ചട്ടങ്ങൾ ലംഘിച്ച് ആറു വർഷം മുൻപ് മുഹമ്മദ് നിസാമിനെ കണ്ണൂർ സെൻട്രൽ ജയിലിലെ പത്താംബ്ലോക്കിൽ താമസിപ്പിച്ചത് അന്ന് വിവാദമായിരുന്നു. മാനസിക രോഗമുള്ളവരെയാണ് സാധാരണയായി ഈ ബ്ലോക്കിൽ പാർപ്പിക്കാറുള്ളത്. നിസാമിന് അത്തരത്തിൽ അസുഖങ്ങളൊന്നും ഉള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ചട്ടങ്ങൾ ലംഘിച്ച് നിസാമിന് ഇവിടെയൊരു സഹായിയെയും ജയിൽ വകുപ്പ് അധികൃതർ അനുവദിച്ച് നൽകിയിരുന്നു. ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്നാണ് നിസാമിന് സൗകര്യങ്ങൾ അനുവദിക്കുന്നതെന്നാണ് അന്ന് ആക്ഷേപം ഉയർന്നിരുന്നു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്