- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വധശിക്ഷ ആവശ്യപ്പെട്ടുള്ള ഹർജി സർക്കാർ പിൻവലിക്കുമെന്നറിഞ്ഞത് ജയിലിൽ നിന്നും അഭിഭാഷകനെ വിളിച്ചപ്പോൾ; ജയിലിനുള്ളിലും സുരക്ഷാ ഭീഷണിയെന്ന് പരാതി നൽകിയതു മൂലം മുള്ളാൻ പോയാൽ പോലും കൂടെ സുരക്ഷാ ഗാർഡ്; തുണി അലക്കാനും സെല്ല് വൃത്തിയാക്കാനും സഹായികളില്ല; ഉള്ള സ്വാതന്ത്ര്യം കൂടി നഷ്ടപ്പെട്ട് ലോക്കായി മുഹമ്മദ് നിഷാം
തിരുവനന്തപുരം: പ്രമാദമായ ചന്ദ്രബോസ് വധക്കേസ് പ്രതിയും കിങ്സ് ബീഡി കമ്പിനി ഉടമയുമായ മുഹമ്മദ് നിഷാമിന് തിരുവനന്തപുരം സെന്ററൽ ജയിലിൽ പഴയതു പോലെ ചലിക്കാനാവുന്നില്ല. സഹായത്തിന് തടവുകാരെ വെച്ച് ജയിലിനുള്ളിൽ സമാന്തര ബീഡിക്കച്ചവടം പോലും നടത്തിയിരുന്ന നിഷാം ഇപ്പോൾ ഒതുങ്ങിയ മട്ടാണെന്നാണ് വാർഡന്മാർ പറയുന്നത്. സഹ തടവുകാരനായ നസീറിന്റെ മുറിവിൽ ചൂടുവെള്ളമൊഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൂട്ടിലായപ്പോൾ രക്ഷപ്പെടാൻ കാട്ടിയ അതി ബുദ്ധിയാണ് ഇപ്പോൾ പാരയായി വന്നിരിക്കുന്നത്. ജയിലിനുള്ളിൽ നിന്നും നിഷാമിന് വധ ഭീക്ഷണി ഉണ്ടെന്നും സുരക്ഷിതമായ മറ്റൊരു ജയിലിലേക്ക് മാറ്റണമെന്നും ആവിശ്യപ്പെട്ടാണ് പരാതി നൽകിയത്.
വിയ്യൂർ ജയിലിലേയ്ക്ക് മാറാനുള്ള തന്ത്രത്തിന്റെ ഭാഗം കൂടിയായിരുന്നു പരാതി. എന്നാൽ ഇതോടെ നിഷാമിന് പ്രത്യേക സുരക്ഷ ഒരുക്കാൻ ജയിൽ വകുപ്പ് തീരുമാനിച്ചു. എപ്പോഴും ഒരു വാർഡൻ സുരക്ഷ ഉദ്യോഗസ്ഥനായി നിഷാമിന് ഒപ്പമുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി അധിക സുരക്ഷ ഒരുക്കിയതു കാരണം നിഷാമിന് ഒന്ന് മുള്ളാൻ പോകണമെങ്കിൽ പോലു ഈ ഉദ്യോഗസ്ഥന്റെ അനുമതി വേണം. ഒന്നാം ബ്ലോക്കിലെ ഒന്നാം സെല്ലിൽ കഴിയുന്ന നിഷാം വസ്ത്രം അലക്കാനും പാത്രം കഴുകാനും സെല്ല് വൃത്തിയാക്കൽ ടേം വരുമ്പോൾ അത് ചെയ്യാനും തടവുകാരെ തന്നെജോലിക്കാരായി വെച്ചിരുന്നു. അവരുടെ വീടുകളിലെ അക്കൗണ്ട് വഴി ശമ്പളവും നല്കിയിരുന്നു. എന്നാൽ ഇപ്പോൾ ഇതൊക്കെ ചെയ്യാൻ സുരക്ഷ ഉദ്യോഗസ്ഥർ കനിയണം. പ്രമാദമായ കേസിലെ പ്രതിയായതിനാൽ പുലിവാലു പിടിക്കാൻ വാർഡന്മാരും മുതിരാറില്ല. അതു കൊണ്ട് തന്നെ തുണിഅലക്കും പാത്രം കഴുകലും എല്ലാം നിഷാം തന്നെ നേരിട്ടു ചെയ്യേണ്ടി വരുന്നു.
അതിന്റെ വിമ്മിഷ്ടത്തിലും വീർപ്പു മുട്ടലിലും കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം ജയിലിൽ നിന്നും അഭിഭാഷകനെ വിളിച്ചപ്പോഴാണ് നിഷാം ആ സന്തോഷ വാർത്ത അറിഞ്ഞത്. നിഷാമിന് വധ ശിക്ഷ നല്കണമെന്നുള്ള ഹർജി പിൻവലിക്കാൻ സർക്കാർ തയ്യാറെടുക്കുന്നുവെന്ന വാർത്തയിൽ ഹാപ്പിയാണെങ്കിലും ജയിലിൽ ഉള്ള സ്വാതന്ത്ര്യം പോലും നഷ്ടപ്പെട്ടതിന്റെ വിമ്മിഷ്ടം ഉണ്ട്. വധ ശിക്ഷ നീക്കം ഉപേക്ഷിക്കണമെന്ന് ആവിശ്യപ്പെട്ട് നിഷാമിന്റെ ബന്ധുക്കൾ തൃശൂരിലെ ചില പാർട്ടി നേതാക്കളുടെ സഹായത്താൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയപ്പോൾ അനുകൂല നിലപാട് ഉണ്ടായില്ല. ഇതിനിടെ മറ്റൊരാളുടെ ബുദ്ധിയിൽ ചിലരുടെ സഹായത്താൽ സി പി എം കേന്ദ്ര നേതൃത്വത്തെ സമീപിച്ചതാണ് കാര്യങ്ങൾ അനുകൂലമാവാൻ കാരണെമന്ന് കരുതുന്നു. സി പി എം വധ ശിക്ഷയ്ക്ക് എതിരായതും 2013 ലെ സി പി എം കേന്ദ്ര കമ്മിറ്റി വധശിക്ഷയ്ക്ക് എതിരെ നിലപാട് എടുത്തതും നിഷാമിന് ഗുണകരമായി.അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽ നിന്നു കൂടി ഗ്രീൻ സിഗ്‌നൽ ലഭിച്ചാൽ കാര്യങ്ങൾ എളുപ്പമാകുമെന്നാണ് അഭിഭാഷകൻ നിഷാമിനെ അറിയിച്ചിരിക്കുന്നത്. വക്കീൽ പറഞ്ഞ കാര്യങ്ങൾ നിഷാം ഭാര്യയേയും വിളിച്ചറിയിച്ചു.
ജയിലിൽ കിട്ടിയ അതി സുരക്ഷ കാരണം നിഷാമിന്റെ ബിരിയാണി കഴിക്കലും ചിക്കനും പെറോട്ടയും തട്ടലും കുറഞ്ഞിട്ടുണ്ട്. ഒരു മാസം 1200 രൂപയ്ക്ക് ജയിൽ കാന്റീനിൽ നിന്നും ഒരു തടവുകാരന് ഭക്ഷണം കഴിക്കാം. എന്നാൽ മറ്റു പല തടവുകാരുടെയും അക്കൗണ്ടുകൾ ഉപയോഗപ്പെടുത്തി മാസം അയ്യായിരത്തിലധികം രൂപയുടെ ഭക്ഷണമാണ് നിഷാം തട്ടി കൊണ്ടിരുന്നത്. അതും നടക്കാത്തതിൽ നിഷാമിന് അമർഷം ഉണ്ട്. കൊടുത്ത പരാതി പിൻവലിക്കാൻ എന്താണ് മാർഗമെന്ന് അഭിഭാഷകനെ വിളിച്ച് ചോദിക്കലാണ് നിഷാമിന്റെ പ്രധാന പണി. അങ്ങനെ വിളിച്ചപ്പോഴാണ് കഴിഞ്ഞ ദിവസം വധ ശിക്ഷ ഹർജി പിൻവലിക്കാൻ നീക്കമുണ്ടെന്ന കാര്യം വക്കീൽ പറഞ്ഞത്. കഴിഞ്ഞ ഡിസംബറിലാണ് നിഷാമിന് വധശിക്ഷ നൽകണമെന്ന് ആവിശ്യം ഉന്നയിച്ച് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഡിസംബർ 13 ന് വൈകുന്നേരം കൂടെ സുരക്ഷ ഡ്യൂട്ടിയിൽ നിന്ന വാർഡനാണ് നിസാമിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ച കാര്യം ആദ്യം പറയുന്നത്.
ടി വി ഫ്‌ളാഷ് കണ്ട് കാര്യങ്ങൾ പറഞ്ഞ വാർഡന് കേസ് സംബന്ധിച്ച സർക്കാർ നീക്കത്തെ കുറിച്ച് വിശദമായി പറയാനായില്ല. പിന്നീട് സെല്ലിൽ തന്നെയുള്ള ടിവിയിൽ ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിട്ടപ്പോഴാണ് തനിക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമീപിച്ച സർക്കാരിന്റെ നിലപാടുകൾ നിഷാം മനസിലാക്കുന്നത്. സമചിത്തതയോടെ അന്ന് വാർത്ത മുഴുവനും കണ്ട നിഷാം തനിക്ക് ദുഃഖമില്ലന്ന് വരുത്താൻ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകർ തനിക്കായി ഹാജരാകുമെന്നും പറഞ്ഞിരുന്നു. സിറ്റിംഗിന് ലക്ഷങ്ങൾ വാങ്ങുന്ന അഭിഭാഷകരെ രംഗത്തിറക്കി സർക്കാർ നീക്കം പൊളിക്കാനായിരുന്നു നിഷാമിന്റെ നീക്കം. എന്തായാലും ഇനി അത് വേണ്ടല്ലോ എന്ന ആശ്വാസത്തിലാണ് ഇയാൾ. നിസാം ജയിലിലായതിനാൽ ബിസിനസിലെല്ലാം വലിയ പാളിച്ചയും നഷ്ടവും വരുന്നു. ഇതിൽ അസ്വസ്ഥതയുണ്ടെങ്കിലും കാര്യങ്ങളെല്ലാം കലങ്ങി തെളിയുമെന്ന പ്രതീക്ഷയിലാണ് നിഷാം .
അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിഷാമിന് വധശിക്ഷ ആവശ്യപ്പെട്ടത്. നിഷാമിനെതിരെ ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. ഭ്രാന്തമായ ആക്രമണമാണ് പ്രതി നടത്തിയതെന്നായിരുന്നു അന്ന് ഹൈക്കോടതി പറഞ്ഞത്. എന്നാൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്. മനസാക്ഷി മരവിപ്പിക്കുന്ന കൃതൃമാണ് നിഷാം നടത്തിയതെന്നും ശിക്ഷയിലൂടെ പരിഷ്‌ക്കരിക്കാനാകുന്ന വ്യക്തിയല്ല പ്രതിയെന്നും അപ്പീലിൽ പറഞ്ഞിരുന്നു. ഇതാണ് പെട്ടെന്ന് വേണ്ടെന്ന് വച്ചത്. 2015 ജനുവരി 29 ന് അറസ്റ്റിലായ നിഷാമിന് തൃശൂർ സെഷൻസ് കോടതി ജീവപര്യന്തത്തിന് പുറമെ 24 വർഷം തടവും 80,30,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ നിഷാം നൽകിയ അപ്പീലിലും ഫലം കണ്ടില്ല. ഇതോടെ നല്ലകാലം മുഴുവൻ ബിഡി കമ്പനി മുതലാളിയായിരുന്ന നിഷാമിന് അഴിക്കുള്ളിൽ കഴിയേണ്ടി വരും എന്ന ചിന്തയും ഉടലെടുത്തിരുന്നു.
തൃശൂർ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു കണ്ടശ്ശാംകടവ് സ്വദേശിയായ ചന്ദ്രബോസ് ഗേറ്റ് തുറക്കാൻ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐഡി കാർഡ് ചോദിച്ചതിലും പ്രകോപിതനായാണ് ചന്ദ്രബോസിനെ നിഷാം ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. വീണു കിടന്ന ഇയാളെ നിഷാം എഴുന്നേൽപ്പിച്ച് വാഹനത്തിൽ കയറ്റി പാർക്കിങ് ഏരിയയിൽ കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദിച്ചു. വാഹനമിടിച്ച് പരിക്കേൽപ്പിച്ചതിന് പുറമെ ചന്ദ്രബോസിനെ നിഷാം മാരകമായി ആക്രമിക്കുകയും ജീപ്പിലിട്ട് ചവിട്ടുകയും ചെയ്തു. സെക്യൂരിറ്റി റൂമും ഫർണിച്ചറുകളും ജനലുകളും നിഷാം അടിച്ചു തകർത്തു. ആക്രമണം തടയാനെത്തിയ സെക്യൂരിറ്റി സൂപ്പർവൈസർ അയ്യന്തോൾ കല്ലിങ്ങൽ വീട്ടിൽ അനൂപിനും മർദനമേറ്റു. മറ്റ് സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് ഫ്ളൈയിങ് സ്‌ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചികിത്സയിലിരിക്കേ ചന്ദ്രബോസ് മരിച്ചു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്