മലപ്പുറം: മുന്നണിമാറ്റ ചർച്ചക്ക് തുടക്കമിടാൻ 2024 ലോകസഭാ തെരഞ്ഞെടുപ്പിൽ ഇരട്ടി സീറ്റ് ചോദിക്കാൻ മുസ്ലിംലീഗ്. നാലു സീറ്റ് ചോനിക്കുമെങ്കിലും മൂന്നിൽ തൃപ്തിപ്പെടും. എന്നാൽ നിലവിലുള്ള രണ്ടു സീറ്റിൽ ഒന്നും അധികം ലഭിച്ചില്ലെങ്കിൽ മുന്നണിമാറ്റം ഗൗരവമായി ചർച്ചയാകും.

എന്നാൽ യു.ഡി.എഫ് മുന്നണി വിടണമെന്ന ചർച്ചകൾ പല നേതാക്കളും ചൂണ്ടിക്കാട്ടുന്നുണ്ടെന്നും മുന്നണി വിടുന്നതിനു മുമ്പു കലഹമുണ്ടാക്കണമെന്നും വെറുതെ മുന്നണി വിട്ടുപോകുന്നതു അണികളെ ബോധ്യപ്പെടുത്താൻ പ്രയാസമാണെന്ന ചർച്ചകൾവരെ നേതൃതലത്തിൽ നടന്നു. നിലവിലെ സാഹചര്യത്തിൽ മുന്നണിവിട്ടുപേകുന്നതു രാഷ്ട്രീയപരമായ ലീഗിന് ഏറെ ഗുണം ചെയ്യുമെന്ന അഭിപ്രായം തന്നെയാണു ഭൂരിഭാഗം ലീഗ് നേതാക്കൾക്കുമുള്ളത്. എന്നാൽ കേരളത്തിൽ ബിജെപി അക്കൗണ്ടു തുറക്കാൻ ഇതു കാരണമാകുമോ എന്ന ഭയവും ലീഗിനുണ്ട്.

നിലവിൽ സിപിഎമ്മുമായി മാനസികമായി ലീഗും, ലീഗിന്റെ വോട്ടുബാങ്കായ ഇ.കെ. സമസ്തയും അടുത്തിട്ടുണ്ട്. അതേ സമയം പ്രതിപക്ഷ നേതാവ് വി.ഡി. സതീഷനോടും, കെപിസിസി പ്രസിഡന്റ് സുധാകരനോടും താൽപര്യക്കുറവുണ്ട്. ശശി തരൂരിനെ കൂടുതൽ പരിഗണിക്കമെന്ന ആവശ്യവും ലീഗിനുണ്ടായിരുന്നു. നേരത്തെ ഉമ്മൻ ചാണ്ടിയും, ചെന്നിത്തലയും ലീഗിനു നൽകിയ പ്രാധാന്യം പുതിയ നേതൃത്വത്തിൽനിന്നും ലഭിക്കുന്നില്ല. ഇതിനു പുറമെ വർഗീയ വിഷയങ്ങളിൽ ശക്തമായ നിലപാട് എടുക്കാനും കോൺഗ്രസിന് സാധിക്കുന്നില്ല.

യു.ഡി.എഫ് മൂന്നിണി പ്രകാരം നിലവിൽ മുസ്ലിംലീഗിനു രണ്ടുസീറ്റാണുള്ളത്. എന്നാൽ ഇത്തവണ നാലു സീറ്റുവേണമെന്നും വിജയസാധ്യതയുള്ള സീറ്റുതന്നെ വേണമെന്ന നിലപാടാണിപ്പോൾ മുസ്ലിംലീഗ് നേതൃത്വത്തിനുള്ളത്. ഇതു സംബന്ധിച്ചു വിവിധ ജില്ലാകമ്മിറ്റികളുടെ വികാരവും സംസ്ഥാന നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. ലീഗിന്റെ ഡിമാന്റ് അംഗീകരിച്ചില്ലെങ്കിൽ മൂന്നണി മാറ്റം ഗൗരവായി പരിഗണിക്കാനുമാണ് നീക്കം. നിലവിൽ കോൺഗ്രസ് തകർന്നുകൊണ്ടിരിക്കുമ്പോൾ മുസ്ലിംലീഗ് ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുകയാണെന്നും ലീഗ് കൂടുതൽ മേഖലയിൽ വ്യാപിച്ച സാഹചര്യമാണെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

മുസ്ലിംലീഗിന്റെ ശക്തിയും കോൺഗ്രസിന്റെ തകർച്ചയും രാഷ്ട്രീയമായി ഉപയോഗപ്പെടുത്തണമെന്ന വികാരമാണു ലീഗിന്റെ ചില മുതിർന്ന നേതാക്കൾക്കുൾപ്പെടെയുള്ളത്. ലീഗിന്റെ ശക്തിയില്ലാതെ നിലവിൽ കോൺഗ്രസിനു ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഇതിനാൽ തന്നെ നാലുസീറ്റുകൾ ലീഗിന് അർഹമായതാണെന്നും ഇതു വാങ്ങിച്ചെടുക്കാൻ നേതൃത്വത്തിന് സാധിക്കണമെന്നും വിവിധ ജില്ലാ കമ്മിറ്റികളുടെ വികാരം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

കേരളത്തിൽ നിലവിൽ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളാണു ലീഗിനുള്ളത്. രണ്ടും ലീഗിന്റെ കോട്ടകളായതിനാൽ തന്നെ ഈ രണ്ടു മണ്ഡലങ്ങൾക്കും പുറമെ വയനാടും, മറ്റൊരു മണ്ഡലവും ചോദിക്കാനാണ് ലീഗ് നീക്കം. വയനാട് രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുമെങ്കിൽ പകരം മറ്റൊരു മണ്ഡലം ചോദിക്കും. കൂടുതൽ സീറ്റ് ലഭിക്കുന്നതിൽ യുവാക്കളെ പരിഗണിക്കാനാണ് നീക്കം. നിലവിലെ പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇ.ടി.മുഹമ്മദ് ബഷീർ അടുത്ത തവണ മലപ്പുറത്തു മത്സരിക്കാനും, മലപ്പുറത്തെ പ്രതിനിധീകരിക്കുന്ന അബ്ദുസമദ് സമദാനിയെ മാറ്റി മറ്റൊരാളെ പരിഗണിക്കാനുമാണ് നീക്കം.

ദേശീയ തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ നേതൃത്വം നൽകുന്നതിനാൽ തന്നെ തവണകൾ നോക്കാതെ ഇ.ടിയെ വീണ്ടും മത്സരിപ്പിക്കും. ദേശീയ തലത്തിൽ ഏറെ ഗൗരവപരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാൽ തന്നെ ലോകസഭയിൽ മുസ്ലിംലീഗിന്റെ കൂടുതൽ പ്രതിനിധികൾ ഉണ്ടാകണമെന്ന ആവശ്യം പൊതുവെ നേതൃത്വത്തിനുണ്ട്. നിലവിൽ തമിഴ്‌നാട് രാമനാഥപുരത്ത്നിന്നും ലീഗിന്റെ ലോകസഭാ പ്രതിനിധിയായി നവാസ് ഗനിയുമുണ്ട്.

മുസ്ലിംസമദായങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്താൻ കോൺഗ്രസിനു സാധിക്കില്ലെന്നും ഇതിനാൽ ലീഗ് പ്രതിനിധികൾ ഗൗരവമായ ഇടപെടൽ നടത്തണമെന്ന നിലപാട് സമസ്തക്കുമുണ്ട്. കോൺഗ്രസിനെക്കാൾ സമദായത്തെ ബാധിക്കുന്ന വിഷയങ്ങളിൽ സിപിഎമ്മിനെയാണു സമസ്തക്ക് വിശ്വാസമുള്ളത്.

ഇതിനാൽ തന്നെ അധിക സീറ്റ് വിവാദമായാൽ മുന്നണിമാറ്റ ചർച്ചയുണ്ടാകുമെന്നും പേരുവെളിപ്പെടുത്താൻ തെയ്യാറാവാത്ത മുസ്ലിംലീഗ് നേതാവ് പറഞ്ഞു. നിലവിൽ മുന്നണി വിട്ടു എൽ.ഡി.എഫിനൊപ്പം ചേരണമെന്ന ചിന്തിക്കുന്ന വലിയൊരു വിഭാഗം നേതാക്കൾ ലീഗിലുണ്ട്. വിവിധ ജില്ലാകമ്മിറ്റികളും നേരത്തെ ഇക്കാര്യം ചർച്ചചെയ്തിരുന്നു. നേരത്തെ ഇതിനോട് എതിർപ്പ് പ്രകടിപ്പിച്ച ജില്ലാ കമ്മിറ്റികൾ ഉൾപ്പെടെ നിലവിൽ ഇതിനോട് മാറ്റത്തിനോട് എതിർപ്പില്ലെന്ന് അറിയിച്ചതായും സൂചനയുണ്ട്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിൽ 19 സീറ്റും യു.ഡി.എഫിനാണു ലഭിച്ചിരുന്നത്. എന്നാൽ ഇത്തവണ സമാനമായ രാഷ്ട്രീയ സാഹചര്യമല്ലെന്നും ലീഗ് കണക്ക് കൂട്ടുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും മികച്ച വിജയം നേടാൻ എൽ.ഡി. എഫിന് കഴിഞ്ഞിരുന്നു.