- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുസ്ലിംലീഗ് പിളർപ്പിലേക്കോ? വിമത യോഗത്തിൽ പങ്കെടുത്ത പാണക്കാട് മുഈനലി ശിഹാബ് തങ്ങൾക്ക് ഒരു വിഭാഗത്തിന്റെ പിന്തുണ; പാണക്കാട് കുടുംബത്തിലെ യുവ നിരയും മുഈനലിയെ കൈവിടില്ല; പുറത്തുവരുന്നത് ലീഗിലെ കുഞ്ഞാലിക്കുട്ടി വിരോധം; ഹൈദരലി തങ്ങളുടെ പേരിൽ കുഞ്ഞാലിക്കുട്ടി വിരോധികളുടെ പുതിയ കൂട്ടായ്മ എത്തുമ്പോൾ
മലപ്പുറം: മുസ്ലിംലീഗ് പിളർപ്പിന്റെ ആദ്യഘട്ട സൂചന നൽകി ഔദ്യോഗിക പക്ഷത്തെ പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിയെ എതിർക്കുന്നവരുടെ നേതൃത്വത്തിൽ മുൻലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളുടെ പേരിൽ പുതിയ കൂട്ടായ്മ രൂപീകരിച്ചു. ലീഗ് വിമതരുടെ കൂട്ടായ്മാ യോഗം ഉദ്ഘാടനം ചെയ്തത് ഹൈദരലി തങ്ങളുടെ മകനും മുസ്ലിംയൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ്കൂടിയായ പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ തന്നെയാണ്.
വിമത യോഗത്തിൽ പങ്കെടുത്ത പാണക്കാട് മുഈനലി ശിഹാബ് തങ്ങൾക്ക് പാണക്കാട് കുടുംബത്തിലെ യുവ നിരയടേയും ലീഗ് ഔദ്യോഗിക പക്ഷത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുമുണ്ട്. പുറത്തുവരുന്നത് ലീഗിലെ കുഞ്ഞാലിക്കുട്ടി വിരോധം തന്നെയാണെന്നു നേതാക്കൾ തന്നെ സമ്മതിക്കുന്നു. വിവിധ കാരണങ്ങളാൽ മുസ്ലിം ലീഗിൽനിന്നും അനുബന്ധ സംഘടനകളിൽനിന്നും പുറത്താക്കപ്പെട്ടവരും നേതൃത്വത്തിനെതിരേ പട നയിച്ചവരുമാണ് പുതിയ വിമത സംഘടനയുടെ തലപ്പത്ത്.
കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ ചേർന്ന യോഗത്തിൽ നടപടി നേരിട്ടവരും അല്ലാത്തവരുമായ നിരവധി നേതാക്കൾ പങ്കെടുത്തു. ഹൈദരലി തങ്ങൾ ഫൗണ്ടേഷൻ എന്ന പേരിലാണ് കൂട്ടായ്മ രൂപീകരിച്ചിട്ടുള്ളത്്. പുതിയ സംഘടനയുടെ പേര് ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ എന്നാണെങ്കിലും പാർട്ടിയിലെ നിലവിലെ നേതൃത്വത്തിനെതിരേയുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. കുഞ്ഞാലിക്കുട്ടിക്കെതിരേ നേരത്തെ ലീഗ് ഹൗസിൽ വാർത്താസമ്മേളനം വിളിച്ചു പരസ്യ വിമർശനം ഉന്നയിച്ച നേതാവാണ് മുഈനലി ശിഹാബ് തങ്ങൾ.
ഇതേത്തുടർന്ന് അദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കണമെന്നു കുഞ്ഞാലിക്കുട്ടിയുൾപ്പെടെ ആവശ്യപ്പെട്ടിരുന്നെങ്കിലും പാണക്കാട് കുടുംബം അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തിയോടെ നടപടി നിർത്തിവയ്ക്കുകയായിരുന്നു. കെ.എസ്. ഹംസയാണ് ഫൗണ്ടേഷൻ കൺവീനർ. നേരത്തെ ലീഗ് യോഗത്തിൽ കുഞ്ഞാലിക്കുട്ടിക്കെതിരേ മാധ്യമങ്ങൾക്കു വാർത്ത ചോർത്തിനൽകിയെന്ന് ആരോപണമുന്നയിച്ച് ലീഗ് സെക്രട്ടറി സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട നേതാവാണ് ഹംസ. 11 അംഗ കമ്മിറ്റിക്കാണ് രൂപംനൽകിയിയിരിക്കുന്നത്.
ഹരിത വിവാദത്തിൽ എം.എസ്.എഫിൽനിന്നു പുറത്താക്കപ്പെട്ട ലത്വീഫ് തുറയൂരാണ് ഫൗണ്ടേഷന്റെ ജോയിന്റ് കൺവീനർ. ഇതേ വിവാദത്തിൽ എം.എസ്.എഫിൽനിന്നു പുറത്താക്കപ്പെട്ട പി.പി. ഷൈജൽ, ഫവാസ് എന്നിവരും ഫൗണ്ടേഷനിലുണ്ട്.ജനസേവനമാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്നും രാഷ്ട്രീയമില്ലെന്നും മുഈനലി തങ്ങൾ വ്യക്തമാക്കി. ലീഗുമായി ഇതിനു ബന്ധമില്ല. പൂർണമായും സന്നദ്ധപ്രവർത്തനങ്ങളാണ് ഉദ്ദേശിക്കുന്നത്. കൂടുതൽ കാര്യങ്ങൾ സ്വതന്ത്രമായി ചെയ്യാൻ കഴിയുന്ന സംവിധാനമാണിത്. ഹൈദരലി ശിഹാബ് തങ്ങളെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയാണിതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തിരുവനന്തപുരം, കൊല്ലം, എറണാകുളം ഉൾപ്പെടെ 13 ജില്ലകളിലെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടു. ലീഗിലെ ഭാരവാഹികളും പാർട്ടിയില്ലാത്തവരും ഫൗണ്ടേഷനിലുണ്ടെന്നു കെ.എസ്. ഹംസ പറഞ്ഞു. എല്ലാ ജില്ലകളിലും ചാപ്റ്ററുകൾ രൂപവത്കരിക്കാനാണ് കമ്മിറ്റിയുടെ തീരുമാനം. പാർട്ടിയിൽനിന്നുള്ള കൂടുതൽ പേരെ ഫൗണ്ടേഷന്റെ ഭാഗമാക്കും. കുഞ്ഞാലിക്കുട്ടിയും പാണക്കാട് സാദിഖലി തങ്ങളുംചേർന്ന് പാർട്ടിയെ ഹൈജാക്ക് ചെയ്യുന്ന അവസ്ഥയാണെന്നും ഇവരോടു കൂടുതൽ വിധേയത്വമുള്ളവർക്കു മാത്രം പരിഗണന നൽകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും പാർട്ടിയെക്കാൾ നേതാക്കളോടുള്ള വിധേയത്വം നോക്കി പരിഗണന നൽകുന്ന നീക്കത്തിനെതിരെ വലിയൊരു വിഭാഗത്തിന് അസംതൃപ്തിയുണ്ട്.
നേരത്തെ ലീഗിനെയും കുഞ്ഞാലിക്കുട്ടിയേയും വെട്ടിലാക്കി വാർത്താസമ്മേളനത്തിൽ പ്രതികരിച്ച പാണക്കാട് മുഈനഅലിയെ സംരക്ഷിക്കാൻ തീരുമാനിച്ചത് പാണക്കാട് റഷീദലി തങ്ങളുടെ നേതൃത്വത്തിൽ പാണക്കാട് ചേർന്ന കുടുംബയോഗത്തിൽവച്ചായിരുന്നു. പാണക്കാട് കുടുംബാംഗത്തിനെതിരെ നടപടിയെടുക്കുന്നതു ഭാവിയിൽ പാർട്ടിക്കും കുടുംബത്തിനും ദോഷംചെയ്യുമെന്ന അഭിപ്രായം എല്ലാവരും അംഗീകരിക്കുകയായിരുന്നു. സംഭവത്തിൽ മുഈൻ അലിയെ പരസ്യമായി തള്ളിയ പാണക്കാട്ടെ കുടുംബം രഹസ്യമായി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്