- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജില്ലാ സെക്രട്ടറി പദത്തിൽ നിന്ന് ആനാവൂരിന് ഒഴിയേണ്ടി വരും; കത്തു വിവാദത്തിൽ മേയർക്കെതിരെ നടപടിയുണ്ടാകില്ല; അച്ചടക്ക ലംഘനമാണ് വിവാദമുണ്ടാക്കിയതെന്ന നിഗമനത്തിൽ എംവി ഗോവിന്ദൻ; ബുധാനാഴ്ചത്തെ യോഗം നാളെ അതിവേഗം ചേരുന്നത് സംസ്ഥാന സെക്രട്ടറിയുടെ ഉഗ്രശാസനയിൽ; തിരുത്തലിന് തുടക്കമിടാൻ യോഗത്തിനും ഗോവിന്ദൻ എത്തും; കത്ത് വിവാദത്തിൽ സിപിഎമ്മിൽ നിർണ്ണായക നീക്കം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനം ആനാവൂർ നാഗപ്പൻ ഒഴിയും. നാളെ ചേരുന്ന ജില്ലാ നേതൃയോഗത്തിൽ ഇതിനുള്ള ചർച്ചകൾക്കും തുടക്കമിടും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ആനാവൂരിന് ജില്ലയിലെ പാർട്ടിക്കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയാത്തതാണ് കത്തു വിവാദത്തിന് പിന്നിലെന്ന വിലയിരുത്തലിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മേയറുടെ പേരിലെത്തിയ കത്ത് വിവാദത്തിൽ സംസ്ഥാന സെക്രട്ടറി നേരിട്ട് ഇടപെടും. തിരുവനന്തപുരത്തെ പാർട്ടിക്കുള്ളിൽ തിരുത്തലുകളും വരും. പിബി അംഗമായ എംവി ഗോവിന്ദൻ അതിശക്തമായ നിലപാടാണ് തിരുവനന്തപുരത്തെ കത്തു വിവാദത്തിൽ എടുക്കുന്നത്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നതാണ് വിവാദമെന്ന് സെക്രട്ടറി തിരിച്ചറിഞ്ഞിട്ടുണ്ട്.
വിഷയം ചർച്ച ചെയ്യാൻ പാർട്ടി സമ്മേളനങ്ങൾ വിളിച്ചത് ബുധനാഴ്ചയാണ്. ഇക്കാര്യം മാധ്യമങ്ങളിലും വാർത്തയായി. എന്നാൽ അതു പോരെന്നും ഉടൻ വിളിക്കണമെന്നും ആനാവൂരിനോട് എംവി ഗോവിന്ദൻ ആവശ്യപ്പെടുകയായിരുന്നു. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ ആനാവൂർ നാഗപ്പനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഉയർത്തിയിരുന്നു. സാധാരണ സംസ്ഥാന നേതൃത്വത്തിൽ പ്രവർത്തിക്കുന്നവർ ജില്ലാ നേതൃത്വം ഒഴിയും. എന്നാൽ തിരുവനന്തപുരത്തെ പ്രത്യേക സാഹചര്യം കാരണം അതുണ്ടായില്ല. ഇതിനിടെ പല വിവാദങ്ങളിലും സിപിഎം ജില്ലാ നേതൃത്വം ചെന്നുപെട്ടു. അവസാനത്തേതായിരുന്നു കത്ത് വിവാദം. മേയർ ആര്യാ രാജേന്ദ്രനെ പാർട്ടിയിലെ ചിലർ തന്നെ കുടുക്കിയന്നാണ് ഉയരുന്ന വാദം. ഇതെല്ലാം ഗൗരവത്തോടെ പാർട്ടി സെക്രട്ടറി എടുത്തിട്ടുണ്ട്. മേയറുടെ കത്തിന് പുറമേ ഡി ആർ അനിലിന്റെ കത്ത് ചർച്ചയാതിലും എംവി ഗോവിന്ദൻ അതൃപ്തനാണ്. തിരുവനന്തപുരത്തെ നേതൃയോഗത്തിൽ ഗോവിന്ദനും പങ്കെടുക്കും.
തിരുവനന്തപുരം ജില്ലയിൽ പുതിയ സെക്രട്ടറിയെ നിയോഗിക്കേണ്ട സാഹചര്യം യോഗത്തിൽ ഗോവിന്ദൻ വിശദീകരിക്കും. പുതിയ ആളിനെ കണ്ടെത്താനും ആവശ്യപ്പെടും. എന്നാൽ പുതിയ സെക്രട്ടറി നാളെ തന്നെ ഉണ്ടാകാൻ സാധ്യത കുറവാണ്. അടുത്ത യോഗത്തിൽ തീരുമാനം എടുക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറും. കടകംപള്ളി സുരേന്ദ്രനും മന്ത്രി ശിവൻകുട്ടിയും യോഗത്തിൽ എടുക്കുന്ന നിലപാടും നിർണ്ണായകമാകും. അരുവിക്കരയിൽ നിന്നുള്ള സുനിൽ കുമാർ, ജയൻ ബാബു തുടങ്ങിയവരുടെ പേരാണ് സെക്രട്ടറി സ്ഥാനത്ത് പ്രധാനമായും പരിഗണിക്കുന്നത്. നിലവിലെ സാഹചര്യം ജയൻ ബാബുവിന് അനുകൂലമാണെന്നാണ് വിലയിരുത്തൽ. എന്നാൽ എം വി ഗോവിന്ദന്റെ തീരുമാനമാകും നിർണ്ണായകമാകുക.
തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ അടിയന്തര യോഗം വിളിച്ച് സിപിഎം. ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളാണ് വിളിച്ചു ചേർത്തത്. നാളെ യോഗം ചേരും. കത്ത് പുറത്തുവിട്ട സംഭവത്തിൽ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. എന്നാൽ മേയറെ മാറ്റില്ല. കത്ത് ചർച്ചയാക്കിയത് മേയറല്ലെന്ന നിലപാടിലാണ് സിപിഎം സംസ്ഥാന നേതൃത്വം. അത് മേയർക്കും തുണയാകും. കത്ത് വിവാദത്തിൽ മേയർ രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. എന്നാൽ കത്ത് വ്യാജമെന്ന മേയറുടെ വാദം സിപിഎം ജില്ലാ സെക്രട്ടറി ഇന്നും ഏറ്റെടുത്തില്ല. കത്ത് വ്യാജമാണോ എന്ന് പരിശോധിക്കാൻ അന്വേഷണം നടക്കുമെന്ന് ആനാവൂർ നാഗപ്പൻ വ്യക്തമാക്കി. മേയർ എഴുതി എന്ന് പറയപ്പെടുന്ന കത്ത് തനിക്ക് കിട്ടിയിട്ടില്ല എന്നും സിപിഎം ജില്ലാ സെക്രട്ടറി ആവർത്തിച്ചു. വിവാദവുമായി ബന്ധപ്പെട്ട് മേയറോട് സംസാരിച്ചിരുന്നതായും ആനാവൂർ നാഗപ്പൻ പറഞ്ഞു.
അതേസമയം വിവാദ കത്ത് താൻ എഴുതിയതല്ലെന്ന് വ്യക്തമാക്കി മേയർ ആര്യ രാജേന്ദ്രൻ രംഗത്തെത്തി. പാർട്ടിക്കാണ് ആര്യാ രാജേന്ദ്രൻ വിശദീകരണം നൽകിയത്. വ്യാജ കത്തിനെതിരെ നിയമ നടപടി എടുക്കുമെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി. പൊലീസിൽ പരാതി നൽകാൻ പാർട്ടി ആര്യക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണർക്കോ മ്യൂസിയം പൊലീസിലോ ആണ് മേയർ പരാതി നൽകുക. വ്യാജ ഒപ്പും, സീലില്ലാത്ത ലെറ്റർപാഡും ഉണ്ടാക്കി കത്ത് പ്രചരിപ്പിച്ചെന്ന് കാട്ടിയാകും പരാതി നൽകുക. അതിനിടെ കത്ത് വിവാദം ഗവർണ്ണറുടെ ശ്രദ്ധയിൽ പെടുത്താനാണ് ബിജെപി നീക്കം. ഹൈക്കോടതിയിൽ കേസു കൊടുക്കാൻ കോൺഗ്രസും തയ്യാറെടുക്കുന്നുണ്ട്. അതുകൊണ്ട് കത്ത് വിവാദം ആളിക്കത്താനാണ് സാധ്യത.
കത്ത് പുറത്തായതിനു പിന്നാലെ കോർപറേഷന്റെ നിയമനാധികാരം റദ്ദാക്കി സർക്കാർ തീരുമാനം എടുത്തതിന് പിന്നിലും എംവി ഗോവിന്ദനാണ്. കോർപറേഷനിലെ താൽക്കാലിക ഒഴിവുകളിൽ നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് അറിയിച്ചു. സർക്കാരിനെ നേർവഴിക്ക് നയിക്കാൻ പാർട്ടിയുണ്ടാകുമെന്ന സന്ദേശമാണ് ഇത് നൽകിയത്. ഇതിന് പിന്നാലെയാണ് അടിയന്തര യോഗം വിളിക്കണമെന്ന തീരുമാനം വന്നത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാർട്ടി നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകൾ വഴി പുറത്തായതോടെയാണ് വിവാദമായത്.
'സഖാവേ' എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയശേഷം ഇതിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് 'അഭ്യർത്ഥിക്കുന്നു'. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. കത്ത് പുറത്തായതിന് പിന്നാലെ മേയറുടെ നടപടിക്കെതിരെ കോൺഗ്രസും ബിജെപിയും രംഗത്തുവന്നു. അതിവേഗം തന്നെ എംവി ഗോവിന്ദൻ ഇടപെട്ടു. തദ്ദേശ മന്ത്രി എംബി രാജേഷ് ഇടപെടുകയും ചെയ്തു. ഇത് മുഖ്യമന്ത്രി പിണറായി വിജയനേയും ഞെട്ടിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളെ പെൻഷൻ പ്രായം ഉയർത്തും ഗോവിന്ദൻ അനുവദിച്ചിരുന്നില്ല. എകെജി സെന്ററിൽ ഗോവിന്ദൻ കരുത്തു കാട്ടുന്നതിന് തെളിവാണ് ഇടപെടൽ.
മറുനാടന് മലയാളി ബ്യൂറോ