പത്തനംതിട്ട: കോടികളുടെ ക്രമക്കേട് നടന്ന മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ നിന്ന് പുതിയൊരു അഴിമതിക്കഥ കൂടി പുറത്തു വരുന്നു. ബാങ്കിന്റെ പേരിൽ ബാങ്ക് ഓഫ് ബറോഡ പത്തനംതിട്ട ശാഖയിൽ ഉള്ള അക്കൗണ്ടിൽ നിന്നും രണ്ടു കോടിയോളം രൂപ മുൻ സെക്രട്ടറി ഷാജി ജോർജും പ്രസിഡന്റ് ജെറി ഈശോ ഉമ്മനും ചേർന്ന് ആരുമറിയാതെ പിൻവലിച്ചു. ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഇരുവർക്കുമെതിരേ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ പൊലീസിൽ പരാതി നൽകി. വിദേശത്തേക്ക് കടന്നിട്ടുള്ള ഷാജി ജോർജിനെ അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി സസ്പെൻഡ് ചെയ്തു.

മൈലപ്രയിൽ മോഷണസംഘം കൊലപ്പെടുത്തിയ വ്യാപാരി ജോർജ് ഉണ്ണൂണ്ണിയുടെ മകനാണ് ഷാജി ജോർജ്. കോടികളുടെ ക്രമക്കേട് നടന്നതിന് പിന്നാലെ മൈലപ്ര സഹകരണ ബാങ്കിന്റെ ഭരണസമിതി പിരിച്ചു വിട്ട് അഡ്‌മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരുന്നു. അംഗങ്ങളായി ഉള്ളത് ഷെപ്യൂട്ടി രജിസ്ട്രാർ വി.ജി. അജയകുമാർ, അസി. രജിസ്ട്രാർ പ്ലാനിങ് നസീർ, കോഴഞ്ചേരി അസി. രജിസ്ട്രാർ ശ്യാംകുമാർ, എന്നിവരാണ് അംഗങ്ങൾ.

അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി അധികാരമേറ്റതിന് പിന്നാലെ ഷാജി ജോർജിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി റിക്കവറിയുടെ ചുമതല നൽകിയിരുന്നു. എല്ലാ ചുമതലകളിൽ നിന്നും ഷാജിയെ ഒഴിവാക്കിയിരുന്നു. ഇതിന് ശേഷം ഷാജി ജോർജ് അവധിയായിരുന്നു. പകരം സാലി ജോർജിന് സെക്രട്ടറിയുടെ ചുമതല കൊടുത്തു. പിതാവിന്റെ കൊലപാതകത്തെ തുടർന്ന് അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി ഷാജിക്ക് അവധി അനുവദിച്ചിരുന്നു. ഈ അവധി മുതലാക്കിയാണ് ഷാജി യു.കെയിലേക്ക് പോയത്.

ആഭ്യന്തര അന്വേഷണത്തിലാണ് ബാങ്ക് ഓഫ് ബറോഡ പത്തനംതിട്ട ശാഖയിൽ മൈലപ്ര ബാങ്കിനുള്ള അക്കൗണ്ടിൽ നിന്ന് ചെക്കും ആർടിജിഎസും മുഖേനെ രണ്ടു കോടിയോളം രൂപ പിൻവലിച്ചതായി പരിശോധനയിൽ കണ്ടെത്തിയത്. ഇങ്ങനെ പിൻവലിച്ച തുകയുടെ കണക്കുകൾ മൈലപ്ര ബാങ്കിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് ഷാജിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല. ഈ രീതിയിൽ പണം പിൻവലിച്ചതിന്റെ ഉത്തരവാദിത്തം സെക്രട്ടറിക്കും പ്രസിഡന്റിനുമാണ്. ഇതു കാരണം ജോയിന്റ് രജിസ്ട്രാർ നിയയമോപദേശം തേടിയതിന് ശേഷമാണ് ഇവർക്കെതിരേ പണാപഹരണത്തിന് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെയോ സഹകരണ വകുപ്പിന്റെയോ അനുമതിയില്ലാതെയാണ് ഷാജി ജോർജ് വിദേശത്തേക്ക് പോയിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ 29 നാണ് ഷാജിയുടെ പിതാവ് ജോർജ് ഉണ്ണൂണ്ണിയെ മൈലപ്രയിലെ പുതുവൽ സ്റ്റോഴ്സിലിട്ട് തമിഴർ അടങ്ങുന്ന മോഷണസംഘം കൊലപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി ഷാജിക്ക് അവധി അനുവദിച്ചത്. ഇതിന്റെ മറവിലാണ് ഷാജി വിദേശത്തേക്ക് കടന്നത്. പൊലീസിൽ നൽകിയ പരാതിയിൽ കേസ് എടുത്താൽ ഷാജിയെ തിരികെ എത്തിച്ച് അറസ്റ്റ് ചെയ്യും.