- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമ്മ മരിച്ചതിന്റെ പിറ്റേന്ന് മുതൽ ബാങ്കിലിട്ട അമ്മയുടെ പെൻഷൻ തുകയെ ചൊല്ലി മരുമകളെ ചോദ്യംചെയ്തു; പ്രബിതയെ വീട്ടുകാർ മാനസികമായി പീഡിപ്പിച്ചത് മൂന്നുലക്ഷം തട്ടിയെടുത്തെന്ന് പറഞ്ഞ്; മരുമകൾ പിഞ്ചു കുഞ്ഞുമായി ട്രെയ്നിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത് അമ്മായിയമ്മ മരണപ്പെട്ടതിന്റെ 14-ാം ദിവസം; പ്രബിതയുടെയും പിഞ്ചുകുഞ്ഞിന്റെയും മരണത്തിൽ ദുരൂഹതകൾ ബാക്കി
മലപ്പുറം: കൊയിലാണ്ടിയിൽ 38വയസ്സുകാരിയായ പ്രബിതയും പിഞ്ചുകുഞ്ഞും ട്രെയ്നിന് മുന്നിൽ ചാടി ആത്മഹത്യചെയ്ത സംഭവത്തിൽ നിരവധി ദുരൂഹതകൾ ബാക്കി. പ്രബിത ആത്മഹത്യ ചെയ്തത് ഭർതൃമാതാവ് മരണപ്പെട്ടതിന്റെ 14-ാം ദിവസമാണ്. ഭർതൃമാതാവിന് പെൻഷനായി മാസം ലഭിക്കുന്ന 1600 രൂപ പ്രബിതയുടെ അക്കൗണ്ടിലാണ് നിക്ഷേപിക്കാറുള്ളതെന്ന് വാർഡ് മെമ്പർ മനോഹരി മറുനാടൻ മലയാളിയോട് വ്യക്തമാക്കി.
പ്രബിത നാല്ലൊരു സ്ത്രീയായിരുന്നു. എല്ലാവരോടുമുള്ള പെരുമാറ്റം മാതൃകാപരമായിരുന്നു. കുടുംബശ്രീയിലും അംഗമായിരുന്നു. അമ്മായിയമ്മ മാധവിക്കും ഏറെ സ്നേഹമായിരുന്നു പ്രബിതയോട്. അതുകൊണ്ടുതന്നെയാണ് അഞ്ചുമക്കളുണ്ടായിട്ടും പെൻഷനായി ലഭിക്കുന്ന തുക മരുമകളെ ഏൽപിച്ചിരുന്നതെന്നും നാട്ടുകാർ പറയുന്നു. വീട്ടുകാർ പറയുന്നതുപോലെ അതു മൂന്നു ലക്ഷമൊന്നും ഉള്ളതായി അറിവില്ലെന്നും അയൽവാസികൾ പറയുന്നു.
ഈ പണത്തെ ചൊല്ലിയാണ് ഭർത്താവിന്റെ സഹോദരങ്ങൾ പ്രബിതയെ മാനസികമായി പീഡിപ്പിച്ചിരുന്നത്. അമ്മായിയമ്മ മരണപ്പെട്ടതോടെ ഭർതൃസഹോദരങ്ങളായ അഞ്ചുപേരും വീട്ടിലെത്തിയിരുന്നു. മൂന്നു സ്ത്രീകളും രണ്ടുപുരുഷന്മാരും ഉൾപ്പെടെ സഹോദരങ്ങളാണ് ഇത്തരത്തിൽ ഇവരെ മാനസിക സമ്മർദത്തിലാക്കിയതെന്നാണ് മൂത്തമകളും ഭർത്താവ് സുരേഷ് ബാബുവും പറയുന്നത്.
അമ്മ മരിച്ച പിറ്റേ ദിവസം മുതൽ ബാങ്കിലിട്ട അമ്മയുടെ പെൻഷൻ തുകയെ ചൊല്ലി മരുമകളെ ചോദ്യംചെയ്തു തുടങ്ങി. മരണപ്പെട്ട ശേഷം 11 ദിവസം സഹോദരങ്ങൾ വീട്ടിലുണ്ടായിരുന്നു. ഇതിനുശേഷമാണ് ഇവർ തിരിച്ചുപോയത്. തുടർന്നു 14-ാം ദിവസമാണ് കൊല്ലംവളപ്പിൽ പ്രബിതയും ഒൻപതു മാസം പ്രായമുള്ള ഇളയമകൾ അനുഷികയും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യചെയ്തത്.
പ്ലസ്ടുവിന് പഠിക്കുന്ന മൂത്തമകളോട് എല്ലാം പ്രബിത തുറന്നു പറഞ്ഞിരുന്നു. സംഭവത്തെ തുടർന്നു ഭർത്താവിന്റെ പരാതിയിൽ കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ മരണം ആത്മഹത്യയാണെന്നും പ്രേരണാകുറ്റത്തിന് തെളിവുകളൊന്നും ഇതുവരെ ലഭിച്ചില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും കൊയിലാണ്ടി സിഐ സുനിൽ പറഞ്ഞു.
ഇക്കഴിഞ്ഞ 30ന് കൊയിലാണ്ടി കൊല്ലംവളപ്പിൽ പ്രബിതയും ഒൻപതു മാസം പ്രായമുള്ള ഇളയമകൾ അനുഷികയും ട്രെയിൻ തട്ടി മരിച്ചത്. വീട്ടിൽനിന്നും കുഞ്ഞിനെ ആശുപത്രിയിൽ കാണിക്കാനെന്ന് പറഞ്ഞാണ് പ്രബിത വീട്ടിൽനിന്നും പുറത്തിറങ്ങിയത്. തുടർന്നു വീടിന്റെ ഒരു കീലോമീറ്റർ അപ്പുറത്തെ റെയിൽവേ ട്രാക്കിൽ ട്രെയ്‌നിടിച്ച് മരിച്ച നിലയിലാണ് രണ്ടുപേരുടേയും മൃതദേഹം കണ്ടെത്തിയത്.
എനിക്ക് മണ്ണിനടിയിൽ പോയാലെ സമാധാനം കിട്ടൂവെന്ന് അമ്മ തന്നോട് പറഞ്ഞിരുന്നുവെന്ന് മൂത്തമകൾ പറയുന്നു. തന്റെ അഞ്ചു സഹോദരങ്ങളുടെ പീഡനം മൂലമാണ് ഭാര്യ കുഞ്ഞുമായി ട്രെയിനിനു മുൻപിൽ ചാടി മരിക്കാൻ കാരണമെന്നാരോപിച്ചാണ് ഭർത്താവ് സുരേഷ്ബാബു കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയത്. പ്രബിതയുടെ മരണത്തിനു കാരണക്കാരായവർക്കെതിരെ പൊലീസ് നടപടി ആവശ്യപ്പെട്ടു നാട്ടുകാർ ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്