കോതമംഗലം: നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചിലെ അനധികൃത മരംമുറിക്കൽ സംബന്ധിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. രണ്ട് മാസത്തിനിടെ പഴമ്പിള്ളിച്ചാലിൽ നിന്ന് മാത്രം 25 ലേറെ ലോഡ് തടി മുറിച്ചുകടത്തിയെന്ന് സൂചന. 20 ലോഡിലേറെ തടി മുറിച്ചട്ടതായുള്ള പ്രചാരണവും ശക്തിപ്പെട്ടിട്ടുണ്ട്.ഇതെ റെയിഞ്ചിലെ കാഞ്ഞിരവേലിയിൽ നിന്നം സമാന രീതിയിൽ മരംമുറിച്ച് കടത്തുന്നതായുള്ള വിവരവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ഇന്ന് ഇത് സബന്ധിച്ച് മറുനാടൻ കാഞ്ഞിരവേലിയിൽ എത്തി അന്വേഷണം നടത്തി.ഇവിടെ നിന്നും ദിവസം 4 ഉം 5 ഉം ലോഡ് തടികടത്തുന്നുണ്ടെന്നാണ് നാട്ടുകാരിൽ നിന്നും ലഭിച്ച വവിരം.

ഇന്ന് രാവിലെ 8 മണിയോടെ തന്നെ ഇവിടെ തടികയറ്റാൻ ലോറികൾ എത്തിയിരുന്നെന്നാണ് സൂചന.12 മണിയോടെ തന്നെ രണ്ട് ലോഡ് തടി ഇവിടെ നിന്നും കൊണ്ടുപോയി.വലിയ മരങ്ങൾ പാതയോരങ്ങളിൽ വെട്ടിയിട്ടിട്ടുള്ളതും കാണാൻ കഴിഞ്ഞു. പഴംമ്പിള്ളിച്ചാൽ മേഖലയിൽ നടന്നുവരുന്ന അനധികൃത മരംമുറിക്കൽ സംബന്ധിച്ച് കഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.ഇതിന് പിന്നാലെ നടത്തിയ തുടർ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച് കൂടതൽ വിവരങ്ങൾ ലഭിക്കുന്നത്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മൂന്നാർ എസിഎഫ് സാൻട്രീ ടോം അറയിച്ചു. ആന ശല്യം വ്യാപകമാണെന്നും അതിനാൽ വീടിന് ചുറ്റുമുള്ള മരങ്ങൾ മുറിച്ചുനീക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികളിൽ ചിലർ മൂന്നാർ ഡി എഫ് ഒ യ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.

ദശാബ്ദങ്ങളായി ഭൂമി കൈവശത്തിലുണ്ടെങ്കിലും ഇവിടുത്തുകാരിൽ ഭൂരിപക്ഷം പേർക്കും പട്ടയം ലഭിച്ചിരുന്നില്ല.നിലവിൽ ഇവിടുത്തെ കൈവശ ഭൂമി രേഖകലിൽ റിസർവ്വ് വനമാണ്.അതുകൊണ്ട് തന്നെ ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ മാത്രമാണ് വനംവകുപ്പ് അധികൃതർ സ്ഥലം ഉടമകൾക്ക് മരം മുറിക്കാൻ അനുമതി നൽകാറുള്ളു. ആന ശല്യം വാർത്തകളിൽ ഇടം പിടിച്ചതോടെ ,സാഹചര്യം അനുകൂലമാണെന്ന തിരച്ചറിവിൽ തടിവ്യാപാരികളിൽ ചിലരുടെ അടുപ്പക്കാരാണ് മരം മുറിക്കാൻ അനുമതി ഡിഎഫ്ഒ യെ സമീപിച്ചതെന്ന വിവരവും ചർച്ചയായിട്ടുണ്ട്.ഡി എഫ് ഒ ഇക്കാര്യത്തിൽ അന്വേഷിച്ച് വേണ്ടത് ചെയ്യാൻ നിർദ്ദേശിച്ച് അപേക്ഷ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി.

തുടർന്ന് നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസർ അപേക്ഷകരുടെ ആവശ്യം പരിശോധിച്ചെന്നും റിപ്പോർട്ട് ഉന്നതാധികൃതർക്ക് കൈമാറിയെന്നുമാണ് അറിയുന്നത്.ഇതിന് പിന്നാലെ മരം മുറിക്കൽ ആരംഭിച്ചെന്നും ജണ്ടയ്ക്കുള്ളിൽ നിന്നുപോലും മരം മുറിച്ചുകടത്തിയെന്നും മാസങ്ങൾ പിന്നിട്ടിട്ടും ഇതെക്കുറിച്ച് അന്വേഷിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥരിൽ ആരും തന്നെ സ്ഥലം സന്ദർശിച്ചിട്ടില്ലന്നുമാണ് പൊതുവിൽ ഉയർന്നിട്ടുള്ള ആരോപണം.

മരംമുറിക്കാൻ അനുമതി നൽകിയിട്ടില്ലന്ന് സംഭവത്തിൽ പ്രതികരണം ആരാഞ്ഞപ്പോൾ നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസർ വ്യക്തമാക്കിയിരുന്നു.
ഇതിനകം തന്നെ മേഖലയിലെ കൈവശഭൂമിയിൽ നിന്നും 25 ലോഡിലേറെ തടി കടത്തിയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.കഴിഞ്ഞ ദിവസം മേഖലയിലെ ഒരു പുരയിടത്തിൽ നിന്നും രണ്ട് ലോഡ് തടി കടത്തിയെന്നും തുടർന്നും മരം വെട്ടിമറിച്ച് ,ലോഡ് കയറ്റുന്നതിനുള്ള നീക്കം നടന്നുവരുന്നതായിട്ടുമാണ് വിവരം ലഭിച്ചിരുന്നത്.

എന്നാൽ ഇതിനകം പ്രദേശത്തുനിന്നും 25 ലോഡിലേറെ തടികയറ്റിക്കൊണ്ടുപോയിട്ടുണ്ടെന്നും ഏകദേശം 20 ലേറെ ഡോഡിനുള്ള തടി വെട്ടിമറിച്ചിട്ടുണ്ടെന്നുമാണ് മേഖലയിലെ പ്രമുഖ തടിവ്യാപരികളിൽ ഒരാൾ മറുനാടനുമായി പങ്കിട്ട വിവരം. മേഖലയിലെ രാഷ്ട്രീയ പ്രവർത്തകരിൽ ചിലരാണ് മരംമുറിക്കലിന് നേതൃത്വം നൽകുന്നതെന്നാണ് സൂചന.മരം കൊണ്ടുപോകാനാനെത്തുന്ന ലോറി ഉടമകൾ പണം കൈമാറുന്നുണ്ടെന്നും ഈ പണം സ്ഥലം ഉടമകൾക്ക് നൽകിയാണ് ഇവർ മരംവാങ്ങുന്നതെന്നുമാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വവിരം.ലോറി ഉടകൾ ആരുടെയെങ്കിലും ബിനാമികളായി പ്രവർത്തിക്കുന്നുണ്ടോ എന്നുള്ള സംശയവും നാട്ടുകാർക്കുണ്ട്്.

മുറിച്ചുകടത്തിയ മരത്തിൽ ഏറെയും വിൽപ്പന നടത്തിയിട്ടുള്ളത് പെരുമ്പാവുരിലെ തടിമാർക്കറ്റിലാണെന്നാണ് അറിയുന്നത്.വൻ മരങ്ങൾക്ക് പ്രത്യേകം പാസ് സംഘടിപ്പിച്ച് നൽകി ലാഭം കൊയ്യാൻ ഇടനിലക്കാർ പ്രവർത്തിക്കുന്നതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.25000 മുതൽ മുകളിലേയ്ക്ക് വില ലഭിക്കുന്ന വൻ മരങ്ങളും ഇവിടെ നിന്നും വെട്ടികടത്തിയതായിട്ടാണ്് ലഭ്യമായ വിവരം.

കഴിഞ്ഞ രണ്ട് മാസത്തിലേറെയായി തുടരുന്ന മരംമുറിക്കൽ ഒരുഘട്ടത്തിൽ തർക്കത്തെത്തുടർന്ന് അധികൃതർ ഇടപെട്ട് നിർത്തിവയ്‌പ്പിച്ചെന്നും രാഷ്ട്രീയ നേതൃത്വങ്ങൾ ഇടപെട്ട് പ്രശ്നം രമ്യതയിൽ എത്തിച്ചതിനെത്തുടർന്ന മരം വെട്ടിക്കടത്താൻ ബന്ധപ്പെട്ട അധികൃതർ വീണ്ടും അനുമതി നൽകുകയായിരുന്നു.