- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഉദയനാണ് താരത്തിലെ' പോലെ തിരക്കഥാ മോഷണം; ജിത്തു ജോസഫിന്റെ മോഹൻലാൽ ചിത്രം 'നേരിന്റെ' തിരക്കഥ മോഷണമെന്ന് ആരോപിച്ച് റിട്ട് ഹർജി; ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യം

കൊച്ചി: തിരക്കഥാ മോഷണം പ്രമേയമായി വന്ന ചിത്രമാണ് മോഹൻലാൽ നായകനായി അഭിനയിച്ച 'ഉദയനാണ് താരം'. ഇപ്പോൾ മോഹൻലാൽ തന്നെ നായകനായി അഭിനയിക്കുന്ന ചിത്രമായ ജിത്തു ജോസഫിന്റെ നേര് സിനിമയ്‌ക്കെതിരെയും തിരക്കഥാ മോഷണ ആരോപണം വന്നിരിക്കുകയാണ്. 21 ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പ്രദർശനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്. സിനിമാ തിരക്കഥാകൃത്തായ ദീപു കെ ഉണ്ണി ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിരിക്കുകയാണ്. തൃശൂർ അരിമ്പൂർ സ്വദേശിയാണ് ദീപു.
ഏറെ നാളുകൾക്ക് ശേഷം വീണ്ടും വക്കീൽ കുപ്പായത്തിലെത്തുകയാണ് 'നേരിൽ'മോഹൻലാൽ. ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒന്നിക്കുന്ന നേര് റിലീസിനെത്തുമ്പോൾ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. താൻ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് നേരിലേത് എന്ന് മോഹൻലാലും അടുത്തിടെ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
'വളരെ കാലത്തിന് ശേഷമാണ് ഒരു മുഴുനീള വക്കീൽ കഥപാത്രത്തെ അവതരിപ്പിക്കുന്നത്. മുൻപ് പല സിനിമകളിലും വക്കീലായി എത്തിയിട്ടുണ്ടെങ്കിലും അത് പൂർണമായും വക്കീൽ കഥാപാത്രമായിരുന്നില്ല. ഇതൊരു ഇമോഷണൽ കോർട്ട് റൂം ഡ്രാമയാണ്. അതുകൊണ്ടു തന്നെ ഒരു അഭിനേതാവെന്ന നിലയ്ക്ക് ഞാൻ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ് നേര് സിനിമയിലേത്,' മോഹൻലാൽ വിശദമാക്കിയിരുന്നു.
ദൃശ്യം 2' ൽ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയും ജിത്തു ജോസഫും ചേർന്നാണ് നേരിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഈ തിരക്കഥയാണ് മോഷണമെന്ന് ദീപു കെ ഉണ്ണി ആരോപിക്കുന്നത്.
ദീപു കെ ഉണ്ണി റിട്ട് ഹർജിയിൽ ആരോപിക്കുന്നത്:
മധ്യവർഗ്ഗ കുടുംബത്തിൽ നിന്നു വരുന്ന താൻ സിനിമയിൽ എഴുത്തുകാരനാകുക എന്ന ലക്ഷ്യത്തോടെ വളരെ കഷ്ടപ്പെട്ടാണ് കോടതിയെ ആധാരമാക്കിയുള്ള ഇമോഷണൽ ഫാമിലി ഡ്രാമയുടെ തിരക്കഥ പൂർത്തിയാക്കിയത്. ഒരുഅഭിഭാഷകന്റെയും, അഭിഭാഷകയുടെയും വ്യക്തിപരവും തൊഴിൽപരവുമായ യാത്ര കോടതി വിചാരണകളുടെ പശ്ചാത്തലത്തിൽ പറയുന്നതാണ് തന്റെ തിരക്കഥയുടെ പ്രമേയം.
മൂന്നുവർഷമായി ഈ തിരക്കഥ താൻ മലയാള സിനിമയിലെ അറിയപ്പെടുന്ന പല ചലച്ചിത്രകാരന്മാർക്കും അയച്ചുകൊടുത്തിരുന്നു. അക്കൂട്ടത്തിൽ, ജിത്തു ജോസഫിനും ശാന്തി മായാദേവിക്കും തിരക്കഥ അയച്ചുകൊടുത്തു. ഇരുവരുമായി ടെലിഫോണിലും സോഷ്യൽ മീഡിയയിലും വാട്‌സാപ്പിലും ഇ മെയിലിലും ആശയവിനിമയം നടത്തി. ഇ മെയിലിന്റെ സ്‌ക്രീൻ ഷോട്ടുകൾ തെളിവായുണ്ട്.

2021 ജനുവരിയിൽ ഉദയംപേരൂരിലെ ജിത്തു ജോസഫിന്റെ വസതിയിൽ വച്ച് മൂന്നു മണിക്കൂറോളം തിരക്കഥ ചർച്ച ചെയ്യുകയും ജിത്തു അനുകൂലമായി പ്രതികരിക്കുകയും തിരക്കഥയിന്മേൽ ഒന്നിച്ചുപ്രവർത്തിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. വീട്ടിൽ വച്ച് ജിത്തുവുമൊത്തുള്ള സെൽഫിയും ചിത്രങ്ങളും മറ്റും എടുക്കുകയും ചെയ്തു.
പിന്നീട് 2021 ഏപ്രിലിൽ ഇടപ്പള്ളിയിലെ മാരിയറ്റ് ഹോട്ടലിൽ വച്ച് ജിത്തുവുമായി തിരക്കഥാ ചർച്ച നടന്നു. ശാന്തി മായാദേവിയെയും അവിടേക്ക് ക്ഷണിച്ചുവരുത്തി. അരദിവസത്തോളം ചർച്ച നടന്നു. ദീപുവിന്റെ തിരക്കഥയുടെ കൃത്യതയ്ക്ക് വിദഗ്ധ അഭിഭാഷകരുടെ സഹായം തേടണമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമായി തിരക്കഥയുടെ രണ്ടുപകർപ്പുകൾ ജിത്തുവിനും ശാന്തിക്കും കൈമാറി. തിരക്കഥാ ചർച്ചയുടെ ഫോട്ടോകളും തെളിവായുണ്ട്.
ദീപുവിന്റെ ഇമോഷണൽ കോർട്ട് ഡ്രാമ തങ്ങൾക്ക് ഇഷ്ടമായെന്നും, ദീപുവിനെ തങ്ങളുടെ ചിത്രത്തിന്റെ തിരക്കഥാകൃത്തായി തിരഞ്ഞെടുത്തെന്നും ഇരുവരും അറിയിച്ചു. നായകനായ മോഹൻലാലിന്റെ ഡേറ്റുകൾ കിട്ടുന്ന മുറയ്ക്ക് തിരിച്ചുവിളിക്കാമെന്നും വ്യക്തമാക്കി.

പിന്നീട് ഡിസംബർ 17 ന് നേരിന്റെ ട്രെയിലർ ഇറങ്ങിയപ്പോൾ, അതിലെ ദൃശ്യങ്ങൾ മൂന്നുവർഷം മുമ്പ് താൻ കൈമാറിയ തന്റെ തിരക്കഥയുടെ തനിപകർപ്പാണെന്ന് വ്യക്തമായെന്നും ഹർജിയിൽ ആരോപിക്കുന്നു. താൻ കൈമാറിയ ഇമോഷണൽ ഫാമിലി ഡ്രാമയുടെ ത്രഡ് വികസിപ്പിച്ച് വിശദമായ ഇമോഷണൽ കോർട്ട് റൂം ഡ്രാമ ആക്കിയെന്ന് ട്രെയിലർ വിശകലനം ചെയ്തപ്പോൾ ബോധ്യമായെന്നും ഹർജിയിൽ പറയുന്നു.

തന്റെ അവകാശം സംരക്ഷിക്കാൻ ചിത്രത്തിന്റെ പ്രദർശനം തടയണമെന്നും, പിടിച്ചെടുക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. ജിത്തു ജോസഫിന്റെ ദൃശ്യത്തിന്റേതടക്കമുള്ള തിരക്കഥകൾ മോഷണമാണെന്നും ദീപു കെ ഉണ്ണി ഹർജിയിൽ ആരോപിക്കുന്നുണ്ട്. ദൃശ്യത്തിന്റെ യഥാർഥ തിരക്കഥാകൃത്ത് തിരക്കഥ തിരിച്ചാവശ്യപ്പെട്ടപ്പോൾ, ജിത്തുവും കൂട്ടരും ഭീഷണിപ്പെടുത്തിയാണ് പ്രശ്‌നം ഒത്തുതീർപ്പാക്കിയതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. സ്വന്തം ത്രഡ് മോഹിപ്പിക്കുന്നില്ല, മറ്റുള്ളവരുടെ ഒന്നാണ് നമ്മളെ മോഹിപ്പിക്കുന്നത് എന്ന് ജിത്തു ഒരു അഭിമുഖത്തിൽ പറഞ്ഞതായും ഹർജിയിൽ ആരോപിക്കുന്നു. അഡ്വ.ബി എ. ആളൂർ മുഖേനയാണ് റിട്ട് ഹർജി നൽകിയിരിക്കുന്നത്. ഹർജി നാളെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ച് പരിഗണിക്കും.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിജയമോഹനായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിടുന്നത് എന്നാണ് റിപ്പോർട്ട്. നേരിന്റെ റിലീസ് 21ന് ആണ്. ഛായാഗ്രാഹണം നിർവഹിക്കുന്നത് സതീഷ് കുറുപ്പും സംഗീതം വിഷ്ണു ശ്യാമുമാണ്. തിരക്കഥ എഴുതിയിരിക്കുന്നത് ശാന്തി മായാദേവിയും ജിത്തുവും ചേർന്നാണ്. യഥാർഥ ജീവിതത്തിലും അഭിഭാഷകയാണ് നേരിന്റെ തിരക്കഥാകൃത്തും നടിയുമായ ശാന്തി മായാദേവി. സൗണ്ട് ഡിസൈൻ സിനോയ് ജോസഫ്.


