- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സഭാനേതൃത്വത്തിന് വീണ്ടും അധികാര മോഹം; കാഞ്ഞിരപ്പള്ളി മെത്രാന്റ് നേതൃത്വത്തിൽ പുതിയ സംഘടന; ലക്ഷ്യം ഇടുക്കിയിൽ സ്വന്തം സ്ഥാനാർത്ഥിയെ ജയിപ്പിക്കുക; അഡ്വക്കേറ്റ് വിസി സെബാസ്റ്റ്യനെ ജയിപ്പിച്ചെടുക്കാൻ അണിയറ നീക്കങ്ങൾ സജീവം
കോട്ടയം: കേരളത്തിലെ രാഷ്ട്രീയ രംഗത്ത് ശക്തമായ ഇടപെടൽ നടത്തുന്ന അപൂർവ്വം മെത്രാന്മാരിൽ ഒരാളാണ് കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ. പരമ്പരാഗതമായി കത്തോലിക്കാ സഭാ മെത്രാന്മാർ കോൺഗ്രസിനെയും യുഡിഎഫിന്റെയും ചുവട് താങ്ങുമ്പോൾ ഈ മെത്രാൻ എന്നും വേറിട്ട വഴിയിലാണ്. ഇടത് മുന്നണിയുമായും ബിജെപിയുമായുമാണ് മെത്രാന്റെ ചങ്ങാ
കോട്ടയം: കേരളത്തിലെ രാഷ്ട്രീയ രംഗത്ത് ശക്തമായ ഇടപെടൽ നടത്തുന്ന അപൂർവ്വം മെത്രാന്മാരിൽ ഒരാളാണ് കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ. പരമ്പരാഗതമായി കത്തോലിക്കാ സഭാ മെത്രാന്മാർ കോൺഗ്രസിനെയും യുഡിഎഫിന്റെയും ചുവട് താങ്ങുമ്പോൾ ഈ മെത്രാൻ എന്നും വേറിട്ട വഴിയിലാണ്. ഇടത് മുന്നണിയുമായും ബിജെപിയുമായുമാണ് മെത്രാന്റെ ചങ്ങാത്തം. വാജ്‌പേയി സർക്കാരിന്റെ കാലത്ത് കേന്ദ്രത്തിന്റെ ഏറ്റവും അടുത്ത കേരള നേതാവായിരുന്നു മാർ അറയ്ക്കൽ. ഫാരിസ് അബൂബേക്കർ എന്ന വിവാദ വ്യവസായിയിലൂടെ ദീപികയെ ഇല്ലാതാക്കാൻ നടത്തിയ ശ്രമത്തിന്റെ പേരിലും മാർ അറയ്ക്കൽ വിവാദത്തിൽ അകപ്പെട്ടിരുന്നു.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കവേ മാർ അറയ്ക്കലിന്റെ ആശീർവാദത്തോടെ മലയോര മേഖലയിൽ പ്രത്യേക രാഷ്ട്രീയ ധ്രൂവീകരണത്തിന് കളം ഒരുങ്ങുന്നതായാണ് സൂചന. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കസ്തൂരി രംഗൻ റിപ്പോർട്ട് ഉയർത്തിക്കാട്ടി കത്തോലിക്കാ സഭ ഇടത് ലേബലിൽ സ്വന്തം സ്ഥാനാർത്ഥിയെ വിജയിപ്പിച്ചതുപോലെ ഇടുക്കിയിലെ ചില നിർണ്ണായക സീറ്റുകൾ സ്വതന്ത്രർക്ക് ഉറപ്പ് വരുത്താനാണ് ഇപ്പോഴത്തെ പദ്ധതി. ഇതനുസരിച്ച് ഇടുക്കി, പീരുമേട് സീറ്റുകൾക്കായി സഭാ നേതൃത്വത്തിന്റെ അറിവോടെ ചില നീക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു.
രാഷ്ട്രീയാതീതമായി സംസ്ഥാനത്തെ കർഷകരെ സംഘടിപ്പിക്കാനെന്ന പേരിൽ പീപ്പിൾ എന്ന വിപ്ലവ പേരിൽ കർഷക നവോത്ഥാന പ്രസ്ഥാനം എന്നു പറഞ്ഞ് ഒരു സംഘടനയ്ക്ക് തുടക്കമിട്ടാണ് കളം പിടിക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ പേരിൽ സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിച്ച് വിജയിപ്പിച്ച ഇടുക്കി രൂപതയുടെ മാതൃക പിന്തുടർന്ന് സംസ്ഥാനതലത്തിൽ കർഷകശക്തിയായി വളരാനാണ് നീക്കം. മാർ അറയ്ക്കലിനെ കൂടാതെ ഇടുക്കി രൂപതാ ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിനേയും പുതിയ സംഘടനയുടെ തലപ്പത്ത് വച്ചിട്ടുണ്ട്.
മാർ മാത്യുവിന്റെ വിശ്വസ്തനും വിദേശയാത്രകളിലെ സഹയാത്രികനുമായ കത്തോലിക്കാ സഭയുടെ അല്മായ കമ്മിഷൻ കോർഡിനേറ്റർ അഡ്വ.വി സി സെബാസ്റ്റ്യനെയാണ് പീപ്പിളിന്റെ തലപ്പത്തും പ്രതിഷ്ഠിച്ചിരിക്കുന്നത്. സമ്മർദ്ദം ശക്തമാക്കിയ ശേഷം ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമായി സെബാസ്റ്റ്യന് വേണ്ടി ഇടുക്കിയോ പീരുമേടോ ചോദിച്ച് വാങ്ങാനാണ് ലക്ഷ്യം.
മലയോര മേഖലയിലെ നീക്കങ്ങൾക്ക് ശക്തിപകരാൻ പതിവുപോലെ മാണി വിരുദ്ധ രാഷ്ട്രീയവും ഇവർ പരീക്ഷിക്കുന്നുണ്ട്. ഈ മേഖലയിൽ മാണിക്കുള്ള മുൻതൂക്കം ഇല്ലാതാക്കിയാലേ മുന്നോട്ട് പോകാൻ സാധിക്കൂ എന്ന തിരിച്ചറിവിൽ നിന്നാണ് ഇത്. കസ്തൂരി രംഗൻ വിഷയത്തിൽ ജോയ്‌സ് ജോർജ്ജ് നടത്തിയ അതേ നീക്കമാണ് ഇവരും പരീക്ഷിക്കുന്നത്. മാണിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയാണ് കസ്തൂരി രംഗൻ സമരത്തിന് ആദ്യം ഇവർ ചൂട് പകർന്നത്. ബാർ കോഴയും റബ്ബർ വിലയിടിവും അടങ്ങിയ വിഷയങ്ങളിൽ മാണിയെ പ്രതിക്കൂട്ടിലാക്കി പ്രസ്താവനകൾ ഇറക്കി ജനശ്രദ്ധ നേടാനാണ് ആദ്യ നീക്കം. ഇതുവഴി ഇടത് മുന്നണിയുമായുള്ള വിലപേശൽ എളുപ്പമാകുമെന്ന് ഇവർ കണക്ക് കൂട്ടുന്നു.
ജോസഫുമായി വിഘടിച്ച് നിൽക്കുന്ന മുൻ എംഎൽഎ. പി.സി. ജോസഫ്, ദേശീയ കർഷക സമാജം ജനറൽസെക്രട്ടറി മുതലാംതോട് മണി, സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ മാനേജിങ് ട്രസ്റ്റി ഡിജോ കാപ്പൻ, ഹൈറേഞ്ച് സംരക്ഷണ സമിതി രക്ഷാധികാരി സമിതിയംഗം സി.കെ. മോഹനൻ, അഗ്രികൾച്ചറൽ ഫോറം കൺവീനർ വി.വി. അഗസ്റ്റിൻ, പി.എസ്.എസ്‌പി. പാലക്കാട് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, കോട്ടയം കർഷകവേദി അംഗം ജോസ് വെട്ടം, തൃശൂർ പരിയാരം കർഷകസമിതി അംഗം ജെനറ്റ് മാത്യു, ദേശീയ കർഷകമുന്നണി അംഗം പി.എം. സണ്ണി, ദേശീയ കർഷക സമാജം അംഗം കെ.എ. പ്രഭാകരൻ എന്നിവരാണു സംഘടനയെ നയിക്കുന്നത്. പിസി തോമസിന്റെയും പിസി ജോർജ്ജിന്റെയും പിന്തുണ കൂടിയുണ്ട്. ചർച്ചകളിൽ സെബാസ്റ്റ്യന്റെ പ്രാധാന്യം നഷ്ടമാകുമെന്ന ഭയത്താൽ ഇരുവരേയും അകറ്റി നിർത്തിയിരിക്കയാണ്.
കർഷക പ്രസ്ഥാനങ്ങളോടു കേന്ദ്രസർക്കാർ ചർച്ചയ്ക്കു തയാറാകണമെന്നും കേരളത്തിൽ മാത്രമുള്ള ഇ.എഫ്.എൽ. നിയമം പിൻവലിക്കണമെന്നും സംഘടന ആദ്യം തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞു. ഡോ. മീനാകുമാരി റിപ്പോർട്ട് റദ്ദാക്കുക, മലയോരമേഖലയിൽ ഉപാധിരഹിത പട്ടയം നൽകുക, നെല്ലിനു കിലോഗ്രാമിനു 30 രൂപയാക്കുക, ന്യായവിലയ്ക്കു റബർ സംഭരിക്കുക, പശ്ചിമഘട്ടത്തിൽ വിദഗ്ധരുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ സംരക്ഷണ പദ്ധതികൾ ആവിഷ്‌കരിക്കുക, നീര ഉത്പാദനത്തിനു ലൈസൻസിങ്ങിനുള്ള നടപടിയെടുക്കുക, തേനി ജില്ലയിലെ പൊട്ടിപ്പുറത്തുനിന്നും ഇടുക്കി ജില്ലയിലെ മതികെട്ടാൻചോലവരെ 2.5 കിലോമീറ്റർ ഭൂഗർഭ അറയിലെ കണികാപരീക്ഷണത്തിൽ ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിച്ച് കഴിഞ്ഞു. അടുത്ത പടിയായി സംസ്ഥാനത്തെ 30 കേന്ദ്രങ്ങളിൽ ജനകീയ സമ്മേളനങ്ങൾ വിളിച്ചുകൂട്ടും. ജൂണിൽ വിപുലമായ കർഷകസമ്മേളനം നടത്തി കാർഷിക നയരേഖ അവതരിപ്പിക്കും.
തുടർന്ന് പരസ്യമായി തന്നെ മാണിയെ വിമർശിച്ച് രംഗത്ത് ഇറങ്ങാൻ ആണ് പദ്ധതി. സാമൂഹ്യ വിഷയങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുന്ന ഡിജോ കാപ്പനെ ഒപ്പം കിട്ടിയതാണ് ഇവർക്ക് ലഭിച്ച പ്രധാന നേട്ടം. സഭയുടെ ഇടപെടലും ലക്ഷ്യവും രഹസ്യമാക്കി വച്ച് ജില്ലയിലെ ചില ഈഴവ നേതാക്കളേയും ഇവർ ഒപ്പം ചേർത്തിട്ടുണ്ട്. എന്നാൽ ഈ കൂട്ടുകെട്ടിനോട് വെള്ളാപ്പള്ളി നടേശന് പൂർണ്ണമായും വിയോജിപ്പാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കസ്തൂരി രംഗൻ കാലത്തും വെള്ളാപ്പാള്ളിയുടെ നിലപാട് വ്യത്യസ്തമായിരുന്നു.