തിരുവനന്തപുരം: കെ.വി. തോമസിന് മുഖ്യമന്ത്രിയുടെ ന്യൂ ഇയർ സമ്മാനം. കെ.വി തോമസിന് വീണ്ടും പേഴ്‌സണൽ സ്റ്റാഫിനെ അനുവദിച്ചു. തനിക്ക് പ്രൈവറ്റ് സെക്രട്ടറിയെ വേണമെന്ന കെ.വി. തോമസിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡൽഹിയിൽ താമസിക്കുന്ന അഡ്വ. കെ. റോയ് വർഗീസിനെയാണ് കെ.വി. തോമസിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്.

ന്യൂ ഇയർ സമ്മാനമായി ജനുവരി 1 ന് മുഖ്യമന്ത്രി ഉത്തരവും ഇറക്കി കൊടുത്തു. 2023 ജനുവരി 27 മുതൽ നിയമനത്തിന് പ്രാബല്യം ഉണ്ട്. നിയമനത്തിന് ഒരു വർഷത്തെ മുൻ കാല പ്രാബല്യം കൊടുത്തതോടെ 12 മാസത്തെ ശമ്പളമായി 5, 28,240 രൂപ ഉടൻ പ്രൈവറ്റ് സെക്രട്ടറിക്ക് ലഭിക്കും. പ്രൈവറ്റ് സെക്രട്ടറി തസ്തിക ഇല്ലാത്തതിനാൽ പുതിയ തസ്തിക സൃഷ്ടിച്ചാണ് നിയമനം നടത്തിയത്.

കരാർ നിയമനത്തിലാണ് പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചത്. 44,020 രൂപയാണ് പ്രതിമാസ ശമ്പളം. വാഹനം, ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും പ്രൈവറ്റ് സെക്രട്ടറിക്ക് ലഭിക്കും. കെ.വി തോമസിന്റെ മുൻഗാമി എ. സമ്പത്തിന് പ്രൈവറ്റ് സെക്രട്ടറി ഇല്ലായിരുന്നു. പ്രൈവറ്റ് സെക്രട്ടറി കൂടിയേ തീരൂ എന്ന കെ.വി. തോമസിന്റെ പിടിവാശിക്ക് മുഖ്യമന്ത്രി വഴങ്ങി കൊടുക്കുകയായിരുന്നു.

നാല് ജീവനക്കാരാണ് കെ.വി തോമസിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നത്. 2 അസിസ്റ്റന്റ് , 1 ഓഫിസ് അറ്റൻഡന്റ് , 1 ഡ്രൈവർ എന്നീ തസ്തികകളാണ് കെ.വി തോമസിന് അനുവദിച്ചിരുന്നത്. ഡൽഹി ഓഫിസിലെ അസിസ്റ്റന്റിന് ശമ്പളം 34,095 രൂപയും കൊച്ചി ഓഫിസിലെ അസിസ്റ്റന്റിന് 30, 995 രൂപയും ആണ് ശമ്പളം. ഡൽഹി ഓഫിസിലെ ഡ്രൈവറുടെ ശമ്പളം 22,072 രൂപയും കൊച്ചിയിലെ ഓഫിസ് അറ്റൻഡന്റിന്റെ ശമ്പളം 22,072 രൂപയും ആണ്.

1 ലക്ഷം രൂപയാണ് കെ.വി തോമസിന്റെ ഓണറേറിയം. കാബിനറ്റ് റാങ്കിലാണ് കെ.വി. തോമസിന്റെ നിയമനം. കാബിനറ്റ് റാങ്ക് ഉള്ളതു കൊണ്ട് പൈലറ്റ് വാഹനം ഉൾപ്പെടെയുള്ള എല്ലാ ഫെസിലിറ്റിയും കെ.വി തോമസിന് ലഭിക്കും. ഓണറേറിയം കൂടാതെ ടെലിഫോൺ ചാർജ്, വാഹനം , യാത്ര ബത്ത എന്നി ആനുകൂല്യങ്ങളും കെ.വി തോമസിന് ലഭിക്കും.

പൈലറ്റ് വാഹനത്തിന്റെ അകമ്പടിയോടെ സർക്കാർ വാഹനത്തിൽ കേരളമാകെ ചുറ്റി നടന്ന് സഞ്ചരിക്കുകയാണ് കെ.വി തോമസിന്റെ ഹോബി. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി 12.50 ലക്ഷം രൂപ കെ.വി തോമസിന് ഡിസംബർ 18 ന് ഓണറേറിയം നൽകിയത് വിവാദം ആയിരുന്നു. കെ.വി തോമസ് എന്ത് സേവനമാണ് കേരളത്തിന് വേണ്ടി ഡൽഹിയിൽ ചെയ്യുന്നതെന്ന് ആർക്കും അറിവില്ല. ഖജനാവ് തുരന്ന് തിന്നുന്ന മറ്റൊരു വെള്ളാനയായി കെ.വി തോമസും മാറിയിരിക്കുകയാണ്.