തിരുവനന്തപുരം: കേരളീയം സ്‌പോൺസർഷിപ്പ് കമ്മിറ്റിയുടെ കൺവീനർക്കും സ്‌പോൺസർമാരെ അറിയില്ലെന്ന് വിവരവകാശ രേഖ. സ്‌പോൺസർഷിപ്പ് കമ്മിറ്റിയുടെ കൺവീനറായ ലോട്ടറി ഡയറക്ടർ എബ്രഹാം റെൻ ഐ ആർ എസ് ആണ് സ്‌പോൺസർമാരുടെ വിവരങ്ങൾ ലഭ്യമല്ലെന്ന് അറിയിച്ചിരിക്കുന്നത്. സ്‌പോൺസർമാരുടെ വിശദാംശങ്ങൾ എബ്രഹാം റെന്നിന്റെ പക്കലാണെന്നും വിശദാംശങ്ങൾ അവിടുന്ന് ലഭിക്കുമെന്നും അതുകൊണ്ട് വിവരവകാശ അപേക്ഷ ലോട്ടറി ഡയറക്ടർക്ക് കൈമാറിയിട്ടുണ്ടെന്നുമായിരുന്നു ടൂറിസം ഡയറക്ടറുടെ വിവരവകാശ മറുപടി.

എബ്രഹാം റെൻ കൈമലർത്തിയതോടെ സ്‌പോൺസർമാർ ആരെല്ലാം എന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. 27 കോടിയാണ് ഖജനാവിൽ നിന്ന് കേരളിയം പരിപാടിക്ക് നൽകിയത്. ബാക്കി തുക സ്‌പോൺസർഷിപ്പ് വഴിയും. സർക്കാർ കൊടുത്തതിന്റെ പല മടങ്ങ് സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്തിയെന്ന് മന്ത്രിമാർ അടക്കം വിശദമാക്കിയിരുന്നു.

ക്വാറി, ബാർ മുതലാളിമാർ തൊട്ട് സകല മാഫിയകളുടെ കയ്യിൽ നിന്നും എബ്രഹാം റെന്നിന്റെ നേതൃത്വത്തിൽ കോടികൾ പിരിച്ചിരുന്നു. ജി.എസ്.ടി വകുപ്പ് അഡീഷണൽ കമ്മീഷണർ കൂടിയായ എബ്രഹാം റെന്നിനെ കേരളീയം പരിപാടിയുടെ പിരിവ് ഗംഭീരമാക്കിയതിന് മുഖ്യമന്ത്രി കേരളീയം വേദിയിൽ ആദരിച്ചിരുന്നു. കേരളീയം പരിപാടി കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിൽ സ്‌പോൺസർമാരുടെ വിശദാംശങ്ങൾ പുറത്ത് വിടുമെന്നായിരുന്നു സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ കൂടിയായ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ പ്രഖ്യാപനം.

 


സ്‌പോൺസർമാരുടെ പേര് കേട്ടതോടെ ശിവൻകുട്ടി പ്രഖ്യാപനം മറന്ന് നവകേരള ബസിൽ ചാടി കയറി. കേരളീയം പരിപാടിയുടെ സ്‌പോൺസർമാർ ആരെല്ലാം , എത്ര കോടി പിരിച്ചു എന്ന വിവരവകാശ ചോദ്യത്തിന് മറുപടി പറയാതെ ഒഴിഞ്ഞ് മാറുകയായിരുന്നു കേരളീയം പരിപാടിയുടെ ജനറൽ കൺവീനറായ ചീഫ് സെക്രട്ടറി ഡോ. വേണു. വിവരങ്ങൾ ലഭ്യമല്ലെന്നും ടൂറിസം , വ്യവസായം, നികുതി, സാംസ്‌കാരികം വകുപ്പിൽ അപേക്ഷ അയച്ചിട്ടുണ്ടെന്നുമായിരുന്നു ഡോ. വേണുവിന്റെ മറുപടി.

സാംസ്‌കാരിക വകുപ്പ് വിവരവകാശം സാംസ്‌കാരിക കാര്യാലയത്തിലേക്കും വ്യവസായ വകുപ്പ് വ്യവസായ വാണിജ്യ ഡയറക്ടറേറ്റിലേക്കും നികുതി വകുപ്പ് ധനകാര്യ വകുപ്പിലേക്കും ജി.എസ് ടി കമ്മീഷണറേറ്റിലേക്കും അപേക്ഷ തട്ടി. ടൂറിസം ഡയറക്ടറേറ്റ് എബ്രഹാം റെന്നിന്റെ ഓഫിസിലേക്കും തട്ടി. എബ്രഹാം റെന്നും കൈമലർത്തിയതോടെ വിവരവകാശ കമ്മീഷണറെ സമീപിക്കാൻ ഒരുങ്ങുകയാണ് അഡ്വ . സി.ആർ. പ്രാണകുമാർ .

സ്‌പോൺസർമാരുടെ പേര് വെളിപ്പെടുത്താത്തതിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നാണ് പ്രാണകുമാറിന്റെ ആരോപണം. സ്‌പോൺസർമാരിൽ വിവാദ കമ്പനികൾ സ്ഥാനം പിടിച്ചു ണ്ടെന്നാണ് ലഭിക്കുന്ന സൂചന . സ്‌പോൺസർമാരുടെ വിവരങ്ങൾ പുറത്ത് വന്നാൽ മാസപ്പടിക്ക് പിന്നാലെ മറ്റൊരു വൻ വിവാദമായി മാറും.

27 കോടിയാണ് സർക്കാർ കേരളീയം പരിപാടിക്ക് നൽകിയത്. ബാക്കി തുക സ്‌പോൺസർഷിപ്പ് വഴിയാണ് കണ്ടെത്തിയത്. എന്നാൽ, പരിപാടിയുടെ സ്‌പോൺസർമാർ ആരെല്ലാം, എത്ര കോടി പിരിച്ചു എന്നു തുടങ്ങുന്ന വിവരാവകാശ ചോദ്യത്തിന് മറുപടി പറയാതെ ആദ്യം തന്നെ പരിപാടിയുടെ ജനറൽ കൺവീനറായ ചീഫ് സെക്രട്ടറി ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്ന് വിവിധ സർക്കാർ വകുപ്പുകളും കൈമലർത്തി.

എന്നാൽ കേരളീയം പരിപാടിക്കു സർക്കാർ പണം അധികം ചെലവാകാതിരിക്കാൻ കൊണ്ടുവന്ന സ്‌പോൺസർഷിപ് രീതി സർക്കാരിനുതന്നെ തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ. പരമാവധി പണം സ്‌പോൺസർഷിപ്പിലൂടെ സംഘടിപ്പിക്കണമെന്നും സെമിനാർ അടക്കമുള്ള പരിപാടികൾക്ക് ആളെ എത്തിക്കണമെന്നുമാണ് വകുപ്പുകൾക്ക് സർക്കാർ നൽകിയ നിർദ്ദേശം. വകുപ്പുകളുമായി ബന്ധമുള്ള വമ്പന്മാരെ മന്ത്രിമാർ നേരിട്ടു വിളിച്ചാണ് സ്‌പോൺസർഷിപ് ആവശ്യപ്പെട്ടതെന്നാണ് സൂചന. വൻകിട ക്വാറി നടത്തിപ്പുകാർ അടക്കം സ്‌പോൺസർമാരായി.

നികുതി വെട്ടിപ്പുകാർ അടക്കം സ്‌പോൺസർമാരായിട്ടുണ്ടെന്നാണ് സൂചന. ഇവരുടെ പണം ട്രഷറിയിൽ നിക്ഷേപിക്കുന്നതിനു പകരം പിആർഡി ഡയറക്ടറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ സ്വീകരിക്കാനാണ് നിർദ്ദേശം നൽകിയത്. വകുപ്പുകൾ ശേഖരിക്കുന്ന പണം ഉടൻ ട്രഷറിയിലേക്ക് എത്തുംവിധം ക്രമീകരണം ഏർപ്പെടുത്താൻ ഉത്തരവിറങ്ങി ഒരു മാസം പോലും ആകുന്നതിനു മുൻപാണ് ഇതു ലംഘിച്ചുള്ള പിരിവ്.

സ്‌പോൺസർമാർ സർക്കാരിൽനിന്നു വലിയ ഇളവുകൾക്കായി ഇനി ശ്രമം തുടങ്ങുമെന്ന ആശങ്ക ഉദ്യോഗസ്ഥർക്കുണ്ട്. ഇതു നികുതിവരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടിയാകും. ഇതുവരെ സ്‌പോൺസർമാരുടെ പട്ടിക പുറത്തുവിടാതെ അജ്ഞാതരായി നിലനിർത്താനാണ് ബന്ധപ്പെട്ടവരുടെ നീക്കമെന്നും ആക്ഷേപമുണ്ട്.