- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
ലണ്ടൻ: ജീവിത ചെലവിന് അനുസരിച്ചു കയ്യിൽ കിട്ടുന്ന ശമ്പളം കൊണ്ട് യുകെയിൽ ജീവിക്കാനാകുന്നില്ല എന്നത് വർഷങ്ങളായി നഴ്സുമാരിൽ നിന്നും ഉയരുന്ന പരാതിയാണ്. ശമ്പള വർധനയ്ക്ക് വേണ്ടി മാസങ്ങൾ നീണ്ടു നിന്ന സമരമാണ് നഴ്സുമാർ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയത്. വർഷങ്ങളായി അരലക്ഷത്തോളം നഴ്സുമാരുടെ കുറവാണു ബ്രിട്ടനിൽ രേഖപ്പെടുത്തുന്നത്. ഇത് നികത്തനായി മലയാളികൾ അടക്കം ആയിരക്കണക്കിന് വിദേശ നഴ്സുമാർ എത്തുന്നുണ്ടെങ്കിലും രാജ്യത്തു നഴ്സുമാരുടെ കുറവിന് ഒരു മാറ്റവും സംഭവിക്കുന്നില്ല. ആകർഷകം അല്ലാത്ത ശമ്പളവും ഉയർന്ന ഉത്തരവാദിത്തവും മൂലം തദ്ദേശീയർ നഴ്സിങ് പഠനത്തോട് വിമുഖത കാട്ടുന്നതാണ് പ്രധാന കാരണം. ഇതിനു പരിഹാരമായി എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന ചിന്തയിലാണ് സർക്കാർ ഇപ്പോൾ അഭിപ്രായ ശേഖരണത്തിനു തയ്യാറാകുന്നത്. അജണ്ട ഫോർ ചേഞ്ച് എന്നറിയപ്പെടുന്ന ശമ്പള ഘടന മാറ്റാനാകുമോ എന്ന ചിന്തയാണ് ഇപ്പോൾ സർക്കാരിൽ.
ഈ മാറ്റം നല്ലതാണു എന്ന അഭിപ്രായമാണ് യുകെയിലെ നഴ്സുമാരിൽ വലിയൊരു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ആർസിഎൻ പറയുന്നത്. എന്നാൽ ശക്തമായ മറ്റൊരു സംഘടനാ യൂനിസണ് നേരെ എതിർ അഭിപ്രായവും. ഈ സാഹചര്യത്തിൽ സർക്കാർ തുറന്ന ചർച്ചയ്ക്കും അഭിപ്രായ സമന്വയത്തിനും തയ്യാറാവുകയാണ്. ഇതിനായി സർക്കാർ വെബ് സൈറ്റിൽ കൂടി തന്നെ നഴ്സുമാർക്കും പൊതു ജനങ്ങൾക്കും അഭിപ്രായം അറിയിക്കാം. ഏപ്രിൽ നാലാം തിയതി അർദ്ധ രാത്രി വരെയാണ് ഇതിനായി സർക്കാർ നൽകുന്ന സമയം. വ്യക്തികൾക്ക് പുറമെ എൻഎച്ച്എസ് ട്രസ്റ്റുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്കും അഭിപ്രായം പറയാം. ഓരോ വിഭാഗവും പ്രത്യേകമായാണ് ചോദ്യങ്ങളോട് പ്രതികരിക്കേണ്ടത്. അതിനാൽ ഓരോ വിഭാഗത്തിന്റെയും താൽപര്യങ്ങൾ പ്രത്യേകമായി മനസിലാക്കാനും സർക്കാരിന് സാധിക്കും.
സ്വാഗതമോതി ആർസിഎൻ, നഴ്സുമാരുടെ ശമ്പളം കണക്കാക്കുന്നത് 20 വർഷം പഴക്കമുള്ള തൊഴിൽ വ്യവസ്ഥയിലൂടെ
സർക്കാരിനെ അഭിപ്രായം അറിയിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തും എന്നാണ് ആർസിഎൻ പറയുന്നത്. അതിനായി അവർ സംഘടനയിൽ അംഗങ്ങളായ നഴ്സുമാരോട് പ്രത്യേക അഭ്യർത്ഥനയും നടത്തും. നഴ്സുമാർക്ക് പ്രത്യേക ശമ്പള പാക്കേജ് വരുന്നത് എന്തുകൊണ്ടും നല്ലതാണ് എന്ന അഭിപ്രായമാണ് ആർസിഎൻ പങ്കിടുന്നത്. നഴ്സുമാർക്ക് തൊഴിൽ രംഗത്ത് ഉയരങ്ങൾ താണ്ടാൻ തീർച്ചയായും ഇത് ഉപകാരപ്രദമാകും എന്നാണ് ആർസിഎൻ കരുതുന്നത്.
കഴിഞ്ഞ വർഷം ആർസിഎൻ നടത്തിയ സമ്മേളനത്തിൽ സർക്കാർ വേതന പരിഷ്കരണം സംബന്ധിച്ച ഉറപ്പുകൾ നൽകിയിരുന്നതാണ്. അന്ന് തന്നെ അജണ്ട ഫോർ ചേഞ്ചിലെ അപര്യപ്തതകൾ ആർസിഎൻ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. നിലവിൽ 20 വർഷം പഴക്കമുള്ള ശമ്പള രീതിയാണ് നഴ്സുമാരിൽ അടിച്ചേൽപിക്കപ്പെട്ടിരിക്കുന്നത്. ഇതിനു മാറ്റം വേണം. സകല തൊഴിൽ മേഖലകളിലും ഉണ്ടായതിനു സമാനമായ മാറ്റം നഴ്സിങ് മേഖലയിലും വേണമെന്ന് ആർ സി എൻ ചീഫ് എക്സിക്യൂട്ടീവ് പാറ്റ് കള്ളൻ വ്യക്തമാക്കി.
രണ്ടു പതിറ്റാണ്ട് മുൻപ് വിഭാവനം ചെയ്ത നഴ്സിങ് സേവന വേതന വ്യവസ്ഥയിൽ നിന്നും അജഗജാന്തരമുള്ള വ്യത്യാസമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. എന്നാൽ ശമ്പളക്കാര്യത്തിൽ മാത്രം ഈ അന്തരം കാര്യമായി സംഭവിച്ചിട്ടില്ല. കൂടുതൽ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലാണ് ഓരോ നഴ്സും ഇപ്പോൾ ജോലി ചെയ്യുന്നത്. രാജ്യം നേരിടുന്ന നഴ്സിങ് ഷോർട്ടേജ് മറികടക്കാൻ ഈ തൊഴിലിലേക്ക് യുവജനങ്ങളെ ആകർഷിക്കണമെങ്കിൽ വേതന വ്യവസ്ഥയിൽ അടിമുടി മാറ്റം ഉണ്ടാകണമെന്നും ആർസിഎൻ പറയുന്നു. എത്ര വർഷത്തെ എക്സ്പിരിയൻസ് ഉണ്ടെങ്കിലും ഏതു ബാൻഡിലാണോ അതിന്റെ താഴെത്തട്ടിൽ കിടക്കുന്ന നഴ്സുമാർ അനേകമാണ്.
തൊഴിലിൽ പ്രൊമോട്ട് ചെയ്യപ്പെടാതെ നഴ്സുമാർ കഷ്ടപ്പെടുമ്പോൾ അതിന്റെ ഒരു വിഹിതം കഷ്ടപ്പാട് രോഗികളും അനുഭവിക്കേണ്ടി വരികയാണ്. എന്നാൽ മറ്റു ആരോഗ്യ പ്രവർത്തകരിൽ പലരും ഓട്ടോമാറ്റിക് ആയി ബാൻഡിൽ ഉയർച്ച തേടുമ്പോൾ നഴ്സുമാർക്ക് ഈ അവസരം ലഭിക്കുന്നില്ല എന്നും ആർസിഎൻ പറയുന്നു. നഴ്സുമാരുടേത് വൈദഗ്ധ്യം ആവശ്യമില്ലാത്ത തൊഴിൽ ആണെന്ന പഴയ ചിന്തയ്ക്ക് ബദലായി രീതിയിൽ കാണുവാൻ തയ്യാറായാൽ മാത്രമേ ശമ്പള കാര്യത്തിലും മാറ്റം ഉണ്ടാകൂ എന്നും ആർസിഎൻ കൂട്ടിച്ചേർക്കുന്നു. പല രാജ്യങ്ങളിലും ദേശീയ ശരാശരി ശമ്പളത്തേക്കാൾ 20 ശതമാനം അധികമാണ് നഴ്സുമാരുടെ ശമ്പളം, എന്നാൽ യുകെയിൽ ഇത് ലഭ്യമാകുന്നില്ല. ദേശീയ ശരാശരി വേതനത്തേക്കാൾ കുറവുമാണ് യുകെയിൽ നഴ്സുമാർക്ക് ലഭിക്കുന്നത്.
പാരാമെഡിക്സിനു കൊമ്പുണ്ടോ സർക്കാരേ? മലയാളി നഴ്സുമാർ ശബ്ദമുയർത്താൻ കാമ്പയിൻ വേണ്ടി വരും
നഴ്സുമാർ ബാൻഡ് അഞ്ചിൽ വർഷങ്ങളോളം കഷ്ടപ്പെട്ട് ജോലി ചെയ്താലും മുൻപോട്ടുള്ള ബാൻഡിലേക്ക് കയറ്റം നൽകാതെ കഷ്ടപ്പെടുത്തി ജോലി ചെയ്യിക്കുന്ന എൻഎച്ച്എസും സർക്കാരും ഈ വിവേചനം പാരാമെഡിക്സിനോട് കാണിക്കുന്നില്ല. ജോലിക്ക് കയറി കൃത്യം രണ്ടു വർഷം കൊണ്ട് ഇവർ ഓട്ടോമാറ്റിക് ആയി ബാൻഡ് ആറിലേക്ക് ഉയരും, കൂടുതൽ ശമ്പളവും നേടും. ഈ അനീതിക്ക് എന്താണ് കാരണം എന്ന് വ്യക്തമല്ല. കടുത്ത ക്ഷാമം നേരിടുന്ന പീഡിയാട്രിക് നഴ്സിനും ഈ പരിഗണന നൽകണം എന്ന ആവശ്യം ചില കോണുകളിൽ നിന്നും ഉയർന്ന സാഹചര്യത്തിൽ ഒരേ ജോലിക്ക് രണ്ടു നീതി എന്ന പക്ഷപാതമാണ് ഇപ്പോൾ നിലനിൽക്കുന്നത്.
നഴ്സുമാർക്കൊപ്പം പാരാമെഡിക്സ് ജീവനക്കാരും കഴിഞ്ഞ വർഷങ്ങളിൽ ശമ്പള വർധനയ്ക്ക് സമരം ചെയ്തതും ഇതിനൊപ്പം കൂട്ടിവായിക്കണം. കൂടുതൽ ശമ്പളം കിട്ടാൻ നിലവിൽ തന്നെ സാഹചര്യം ഉണ്ടായിട്ടും അത് ഉയർത്താൻ പാരാമെഡിക്സ് ജീവനക്കാർ ശ്രമം നടത്തുമ്പോൾ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യേണ്ടി വരുന്ന നഴ്സുമാരുടെ സങ്കടവും കഷ്ടപ്പാടും സർക്കാരോ എൻഎച്ച്എസോ അറിയുന്നില്ല എന്ന ആക്ഷേപമാണ് ഇപ്പോൾ അജണ്ട ഫോർ ചേഞ്ച് വേണമെന്ന ആവശ്യത്തിൽ ശക്തമായി നിഴലിക്കുന്നത്.
ഇതിൽ മാറ്റം വരുത്താൻ മലയാളി ജീവനക്കാർ മുന്നിട്ടു ഇറങ്ങിയാൽ സർക്കാരിന് മാറി ചിന്തിക്കേണ്ടി വരും എന്നുറപ്പാണ്. ഇത്തരം കാര്യങ്ങളിൽ പൊതുവെ നിശബ്ദത പാലിക്കുന്ന മലയാളി നഴ്സുമാർ അഞ്ചു മിനിറ്റ് സമയം എടുത്തു സർക്കാരിൽ തങ്ങളുടെ ആശങ്ക അറിയിച്ചാൽ ഭാവിയിലേക്ക് വലിയ പ്രയോജനം ഉണ്ടാകും എന്ന് ഉറപ്പാണ്. ഇത്തരം കാര്യങ്ങൾ അതാതു സമയം സാധാരണ നഴ്സുമാർ അറിയണം എന്ന് നിര്ബന്ധമില്ലാത്തതിനാൽ മലയാളി നഴ്സുമാർക്കിടയിൽ അവബോധം ഉയർത്താൻ കാമ്പയിൻ നടത്തേണ്ട സാഹചര്യമാണ് ഇപ്പോൾ സംജാതമാകുന്നത്. ഇക്കാര്യത്തിൽ മലയാളി സംഘടനകളും മറ്റും ഉത്തരവാദിത്തം കാട്ടുമോ എന്ന ചോദ്യവും നിർണായകമാണ്.
ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്ത് സർക്കാർ വെബ് സൈറ്റ് സന്ദർശിക്കുക
https://www.gov.uk/government/calls-for-evidence/separate-pay-spine-for-nursing/separate-pay-spine-for-nursing
തങ്ങൾ എതിർക്കുമെന്ന് യൂനിസൺ, എൻഎച്ച്എസ് ജീവനക്കാരെ പല തട്ടിലാക്കാനാകില്ല
പുതിയ രീതിയിൽ നഴ്സുമാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കാൻ ഉള്ള നീക്കം തങ്ങൾ എന്ത് വില നൽകിയും എതിർക്കും എന്നാണ് പ്രമുഖ തൊഴിൽ സംഘടനയായ യൂനിസൺ പറയുന്നത്. ഇപ്പോൾ എൻഎച്ച്എസ് ജീവനക്കാർ എല്ലാ ഒരൊറ്റ ശമ്പള സിസ്റ്റത്തിൽ ആണെന്നതിനാൽ അതിൽ നിന്നും നഴ്സുമാരെ മാത്രം അടർത്തി മാറ്റാനുള്ള നീക്കം അനുവദിക്കാനാകില്ല എന്നാണ് യൂനിസൺ നിലപാട്. പ്രത്യേക ശമ്പള ഘടന വന്നതുകൊണ്ട് ഇപ്പോൾ ഉള്ള പ്രയാസം മാറില്ല എന്നാണ് യൂനിസൺ പറയുന്നത്.
കാതലായ പ്രശ്നം അവിടെ അവശേഷിക്കുകയാണ്. അതാരുടെയും കണ്ണിൽ പെടുന്നില്ല. ഈ നിലപാട് കഴിഞ്ഞ വർഷം ഏപ്രിലിൽ ബേൺമൗത്തിൽ നടന്ന സംഘടനയുടെ സമ്മേളനത്തിലും അവർ ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. ജോലി സ്ഥലത്തെ സങ്കീർണതകൾ കൂടി പരിഗണിച്ചു വേണം ശമ്പള പരിഷ്കരണം നടപ്പാക്കാൻ എന്നും യൂനിസൺ നിർദ്ദേശം മുന്നോട്ടു വയ്ക്കുന്നു. ഡോക്ടർമാരുടെ ജോലി പോലും ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യം നിലവിൽ ഉണ്ട്.
ജൂനിയർ സ്റ്റാഫിന്റെ മേൽനോട്ടവും പഠനവും ഒക്കെ മുതിർന്ന നഴ്സുമാരുടെ ഉത്തരവാദിത്തമായി മാറുകയാണ്. ഇതിനൊക്കെ പ്രത്യേകമായി ശമ്പള സ്കെയിൽ ആവശ്യമാണ്. അതിനു പകരം ഒരൊറ്റ തുലാസിൽ തൂക്കി എടുക്കുന്ന പരിപാടി അനുവദിക്കാനാകില്ല എന്നാണ് യൂനിസൺ നൽകുന്ന നിർദേശങ്ങളിൽ പ്രധാനം. ബാൻഡ് അഞ്ചിൽ തന്നെ ഡ്രഗ് ഇൻഫ്യൂഷൻ, മാനുവൽ വെന്റിലേഷൻ, സ്ട്രോക് രോഗികളെ പരിചരിക്കുന്നത്, ബ്ലഡ് വെരിഫിക്കേഷൻ, മരണം ഉറപ്പാക്കൽ തുടങ്ങി സങ്കീർണമായ പല ജോലികളും ബാൻഡ് അഞ്ചിൽ ഉൾപ്പെട്ട നഴ്സ് ഏറ്റെടുക്കേണ്ടതായി വരുന്നുണ്ട്. ഇവർക്കെല്ലാം ഒരേ തരം ശമ്പളം എന്നതും ശരിയായ രീതിയല്ല. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ സ്വകാര്യ മേഖലയിൽ സ്പെഷ്യലിസ്റ്റ് വിഭാഗത്തിൽ നഴ്സുമാർക്ക് ഉയർന്ന ശമ്പളമാണ് നൽകുന്നത് എന്നതും യൂനിസൺ ചൂണ്ടിക്കാട്ടുമ്പോൾ അവർ പറയുന്നതിലും കാര്യമുണ്ട് എന്നാണ് ഒരു വിഭാഗം നഴ്സുമാർ പറയുന്നത്.