- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിലെ സ്പെയ്സ് നഴ്സിങ് റിക്രൂട്ട് ഏജൻസി ചതിച്ചെന്ന് കേരളമെങ്ങുമുള്ള അപേക്ഷകർ
ലണ്ടൻ: കഴിഞ്ഞ രണ്ടുവർഷമായി അനവധി യുകെ വിസ തട്ടിപ്പുകളെ കുറിച്ച് കേട്ട യുകെ മലയാളികളെ തേടി അതിന്റെ ഭീകര രൂപം ഇപ്പോൾ കൊച്ചിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. മലയാളി നഴ്സുമാരെ സൗജന്യമായി ബ്രിട്ടീഷ് സർക്കാർ യുകെയിൽ എത്തിക്കുന്നുണ്ടെങ്കിലും അതിനു ബ്രിട്ടൻ ആവശ്യപ്പെടുന്ന ഇംഗ്ലീഷ് ഭാഷ വൈദഗ്ധ്യം ഇല്ലാതെ പോകുന്ന നഴ്സുമാർ കെയർ ഹോമുകളിൽ വൃദ്ധരെ പരിചരിക്കുന്ന കെയർ വിസയ്ക്കായി സ്വകാര്യ റിക്രൂട്ടിങ് കമ്പനികളെ സമീപിക്കുന്നതിന്റെ ചതിയും വഞ്ചനയും മാത്രമാണ് രണ്ടു വർഷത്തിലേറെ ആയി ബ്രിട്ടീഷ് മലയാളി ഏറ്റവും അധികം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കേരളത്തിലും യുകെയിലും അഴിഞ്ഞാടുന്ന വ്യാജ റിക്രൂട്ട് കമ്പനികളെ നിലയ്ക്ക് നിർത്താൻ സർക്കാരുകൾ കാണിച്ച വൈമുഖ്യം കാരണം ആയിരക്കണക്കിന് ആളുകളിൽ നിന്നായി ശത കോടികളാണ് ഇതിനകം നഷ്ടമായത്. യുകെയിലേക്ക് എത്താനുള്ള വിസ റൂട്ട് വ്യാപകമായി മലയാളികൾ ദുരുപയോഗം ചെയുന്നു എന്ന പരാതി വന്നതോടെ ബ്രിട്ടീഷ് സർക്കാർ കർശന നടപടിക്രമങ്ങൾ പ്രഖ്യാപിച്ചത് അടുത്തിടെയാണ്. ഇതോടെ വിദ്യാർത്ഥി വിസയിലും വർക്ക് വിസയിലും എത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞിരിക്കുകയാണ്.
അതേസമയം തുടർച്ചയായി പരാതികൾ നൽകിയിട്ടും കേരളത്തിൽ വ്യാജ വിസ ലോബിക്കെതിരെ ചെറു വീരൽ അനക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതും സംശയം ഉയർത്തുകയാണ്. വിസ ലോബിയുടെ പിന്നിൽ രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയ ശക്തമായി നിലയുറപ്പിക്കുന്നു എന്ന സംശയം ഉണർത്തുകയാണ് ഇതിനകം നൽകിയ പരാതികളിൽ കാണുന്ന മെല്ലെപ്പോക്ക് നയം. പരാതിക്കാരെ വിളിച്ചു റിക്രൂട്ടിങ് ഏജൻസി നടത്തിപ്പുകാർ വെല്ലുവിളി ഉയർത്തുന്നതും ഈ കൂട്ടുകെട്ടിന്റെ സൂചനയാണ് നൽകുന്നത്.
അടുത്തിടെ വ്യാപകമായി പരാതി ഉയർന്ന ചാലക്കുടി സ്വദേശിയുടെ ഇടപ്പള്ളിയിൽ ഉള്ള സ്ഥാപനം നൂറുകണക്കിന് മലയാളികളെ യുകെ വിസയുടെ പേരിൽ ചതിയിൽ പെടുത്തിയ കാര്യം കേരളത്തിലും പ്രധാന മാധ്യമങ്ങൾ വാർത്ത ആക്കിയപ്പോൾ താൻ ഒരു അൻപത് ലക്ഷം രൂപ വാരി വിതറി ആ വാർത്ത ഒക്കെ ഒതുക്കും ഒരു നടപടിയും ഉണ്ടാകില്ല എന്നാണ് ഇയാൾ പരാതിക്കാരോട് പറയാൻ തയ്യാറായായത്. യുകെയിൽ ഇയാളുടെ ചതിക്കിരയായവർ ആപ്പിൾ തിന്നും പുല്ലുവെട്ടിയുമാണ് യുകെയിൽ കഴിയുന്നത് എന്ന അൽപം നിറം പിടിപ്പിച്ച വാർത്തകൾ വ്യാപക ശ്രദ്ധ നേടിയതോടെയാണ് തന്നെ ഒതുക്കാനാകില്ല എന്ന വെല്ലുവിളിയുമായി ഏജൻസി നടത്തിപ്പുകാരൻ എത്തിയിരിക്കുന്നത്.
ബ്രിട്ടൻ വിലക്കിയതോടെ മറ്റു നാലു രാജ്യങ്ങളിൽ കൂടി പോകാനാകില്ല
ഇപ്പോൾ സമാനമായ സാഹചര്യത്തിൽ മറ്റൊരു പരാതി ഉയർന്നിരിക്കുകയാണ്. ഈ പരാതിയിൽ ഉൾപ്പെട്ട 22 പേരും സ്പെയ്സ് എന്ന റിക്രൂട്ടിങ് ഏജൻസിയിൽ ആണ് കൊച്ചിയിൽ പണം നൽകിയത്. ഒരാളിൽ നിന്നും 14 ലക്ഷം രൂപ വീതമാണ് ഈ ഏജൻസി കൈക്കലാക്കിയത്. ഇവർ വ്യാജമായി നിർമ്മിച്ച സിഒഎസ് സഹിതം യുകെ വിസയ്ക്ക് അപേക്ഷിച്ചതോടെയാണ് മുഴുവൻ ആളുകൾക്കും പത്തു വർഷത്തേക്ക് യുകെയിൽ വരുവാൻ കഴിയാത്ത വിധം ബ്രിട്ടീഷ് അധികൃതർ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ പണവും പോയി യുകെയിലേക്ക് വരുവാനുള്ള ശ്രമം പോലും ഉപേക്ഷിക്കണം എന്ന ചതിയാണ് ഈ മുഴുവൻ പേരെയും തേടി എത്തിയിരിക്കുന്നത്. ബ്രിട്ടൻ വിലക്കിയതോടെ അഞ്ചു കണ്ണുകൾ എന്നറിയപ്പെടുന്ന അമേരിക്ക, കാനഡ, ന്യുസിലാൻഡ്, ഓസ്ട്രേലിയയ തുടങ്ങിയ രാജ്യങ്ങളിലേക്കും സ്വാഭാവിക വിലക്ക് ഉണ്ടാകും എന്ന് ഉറപ്പാണ്. ഫലത്തിൽ ഈ രാജ്യങ്ങളിലേക്കൊന്നും ജോലി തേടി എത്താനാകില്ല എന്നാണ് ഈ വിലക്കിലൂടെ തെളിയുന്നത്.
കൂസൽ ഇല്ലാതെ ഏജൻസി നടത്തിപ്പുകാർ, പേരിനൊരു കേസും
പണം കൈക്കലാക്കുക മാത്രമല്ല വ്യാജ രേഖകൾ കൂടി നിമ്മിക്കുകയും ചെയ്ത ഏജൻസി നടത്തിപ്പുകാർ ഒരു കൂസലും കൂടാതെയാണ് ഈ പരാതികളെ നേരിടുന്നത് എന്നതാണ് മറ്റൊരു വസ്തുത. ഇതിനർത്ഥം ഏജൻസി നടത്തിപ്പുകാർക്ക് രാഷ്ട്രീയ, ഭരണ നേതൃത്വങ്ങളിൽ വേണ്ട ബന്ധങ്ങൾ ഉണ്ടെന്നു തന്നെയാണ്. ഇത്തരം വ്യാജ ഏജൻസി നടത്തിപ്പുകാർ കൃത്യമായി മാസപ്പടി നൽകുന്നവർ കൂടിയാണ് എന്ന ആരോപണവും ഇതിനൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.
അധികാരത്തിന്റെ തണലിൽ അല്ലാതെ ഇത്തരം ഒരു വ്യാജ ബിസിനസ് ശൃംഖല തഴച്ചു വളരില്ല എന്ന കാര്യം കൂടി ഊട്ടിയുറപ്പിക്കുകയാണ് കൊച്ചിയിലെ സ്പേസ് ഇന്റർനാഷണൽ. കേരളത്തിൽ അംഗീകാരത്തോടെ പ്രവര്തിക്കുന്ന റിക്രൂട്ടിങ് ഏജൻസികൾ വിരലിൽ എണ്ണാവുന്ന മാത്രം ആണെന്നിരിക്കെയാണ് നൂറു കണക്കിന് വ്യാജന്മാർ ഓരോ പട്ടണത്തിലും കൂസലന്യേ പ്രവർത്തിക്കുന്നത്.
ഓരോ പരാതിയിലും കേസ് എടുത്ത് അന്വേഷിക്കാൻ മിനക്കെടാതെ പൊലീസ് സംവിധാനം നിസംഗരായി നിൽക്കുന്നതും സംശയം ഉണർത്തുന്നതാണ്. കേസെടുത്താൽ തന്നെ രണ്ടാഴ്ച റിമാൻഡിൽ കഴിയുക എന്നതിനപ്പുറം വിസ ലോബിയെ തളർത്താൻ ഉള്ള ഒരു നടപടിയും സ്വീകരിക്കാൻ കേരള സർക്കാർ തയ്യറാകുന്നുമില്ല. ഒന്നര വർഷം മുൻപ് 2022 നവംബറിൽ കൊച്ചിയിലെ കടവന്ത്ര കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്പേസ് ഇന്റർനാഷണൽ ഇൻസ്റ്റാഗ്രാം വഴി നൽകിയ പരസ്യം കണ്ടാണ് അനേകമാളുകൾ യുകെ മോഹവുമായി ഇവരെ സമീപിച്ചത്. യുകെയിലേക്ക് അനേകം നഴ്സുമാരെ ആവശ്യമുണ്ട് എന്ന പരസ്യമാണ് ഇപ്പോൾ ചതിക്ക് ഇരയായവരെ ആകർഷിക്കാൻ കാരണമായതും. കൊച്ചി ഓഫിസിലെ ബ്ലെസി എന്ന ജീവനക്കാരി, മാനേജർ എന്ന് വിളിക്കപ്പെടുന്ന സന്ദീപ് എന്നയാളും മാത്രമാണ് പണം നൽകിയ പലരും കണ്ടിട്ടുള്ളത്. തട്ടിപ്പിന്റെ പിന്നിലെ യഥാർത്ഥ ചീങ്കണ്ണികൾ ആര് എന്നത് പോലും പണം നൽകിയവർക്ക് അറിയില്ല.
ചോദിക്കാനും പറയാനും ആരുമില്ലെങ്കിൽ പിന്നെന്തുമാകാല്ലോ
വ്യാജ രേഖകൾ നൽകിയത് തങ്ങൾ അല്ലെന്നു പണം നൽകിയവർ ബ്രിട്ടീഷ് അധികൃതരെ അറിയിച്ചെങ്കിലും യാത്രാ വിലക്ക് മാറ്റാൻ ബ്രിട്ടൻ തയ്യാറല്ല. ഇക്കാര്യത്തിൽ കേന്ദ്ര മന്ത്രി മുരളീധരന്റെ സഹായം തേടിയെങ്കിലും ഇക്കാര്യങ്ങളിൽ ഔദ്യോഗികമായി ഒരു രാജ്യത്തിനും മറ്റൊരു രാജ്യത്തോട് സമ്മർദ്ദം ചെലുത്താനാകില്ല എന്നതാണ് യാഥാർത്ഥ്യം. പണം നഷ്ടമായത് അനേകം പേർക്ക് ആണെങ്കിലും ഇപ്പോഴും പരാതി പോലും നൽകാൻ തയ്യാറായത് വെറും നാലു പേര് മാത്രമാണ് എന്ന് കേരളത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവർ നൽകിയ പരാതി അനുസരിച്ചു പ്രാഥമിക വിവര റിപ്പോർട്ട് തയ്യാറാക്കിയ കൊച്ചി പൊലീസ് ഏജൻസി നടത്തിപ്പിന് പിന്നിൽ ഉള്ളവരെ അറസ്റ്റ് ചെയ്യാൻ തയ്യാറായിട്ടില്ല.
ഏജൻസി ഉടമ എന്നറിയപ്പെടുന്ന തിരുവനന്തപുരം സ്വദേശി രജനി, ഭർത്താവ് ശ്രീപ്രസാദ്, മാനേജർ സന്ദീപ്, ജീവനക്കാരി ബ്ലെസി എന്നിവർക്ക് എതിരെയാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്. ഈ ഏജൻസിക്ക് തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിൽ ഉള്ള ഓഫിസുകൾ വഴി ഇപ്പോഴും വിദേശ റിക്രൂട്ടിങ്ങിനു പണം സ്വീകരിക്കാൻ ഒരു തടസവും കേരള സർക്കാർ സൃഷ്ടിക്കുന്നില്ല എന്നതാണ് കൂടുതൽ കൗതുകം ഉണർത്തുന്നത്.
ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കുറഞ്ഞ ചെലവിൽ പരസ്യം നൽകി പരമാവധി ആളുകളിൽ നിന്നും പണം പിടുങ്ങാൻ സാധിക്കും എന്ന കിടിലൻ ബിസിനസ് മോഡൽ വഴിയാണ് ഈ ഏജൻസി കോടികൾ സമ്പാദിച്ചു കൂട്ടിയിരിക്കുന്നത്. ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു നാട്ടിൽ ആർക്കും എന്ത് ചതിയും കാട്ടാൻ പേടിക്കേണ്ടതില്ല എന്നതിന് കൂടി ഉദാഹരണമാകുകയാണ് യുകെ വിസാ തട്ടിപ്പിലെ ഈ പുത്തൻ എപ്പിസോഡ്.