- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെയർ വിസ: ഇനിയാർക്കും വരാനാകില്ലെന്ന് ഉറപ്പിച്ചു ബ്രിട്ടീഷ് സർക്കാരിന്റെ ഉത്തരവ്
ലണ്ടൻ: 2022 ഫെബ്രുവരി 15 നു ബ്രിട്ടൻ തുറന്നിട്ട കെയർ വിസ റൂട്ടിലൂടെ എത്തിയ പതിനായിരക്കണക്കിന് കുടിയേറ്റക്കാരും അവരെക്കാൾ പല ഇരട്ടിയായി വന്ന ആശ്രിത വിസക്കാരും ചേർന്ന് രാജ്യത്തെ ആശുപത്രികളും സ്കൂളുകളും മാത്രമല്ല കിടക്കാൻ ഉള്ള വീടുകൾ വരെ വീർപ്പു മുട്ടിച്ച സാഹചര്യത്തിലാണ് ഇനിയാരെയും വേണ്ട എന്ന നിലപാടിലേക്ക് സർക്കാരിനെ എത്തിച്ചത് . ഈ സാഹചര്യം സൃഷ്ടിച്ചത് ആകട്ടെ മലയാളികൾ അടക്കമുള്ള കുടിയേറ്റക്കാർക്കിടയിലെ വിസ ഏജൻസികളുടെ ആർത്തിയും .
ഒരു പണം പോലും നിക്ഷേപം വേണ്ടാത്ത ബിസിനസ് ആയി വിസ കച്ചവടം മാറിയപ്പോൾ ലക്ഷക്കണക്കിന് രൂപ വാങ്ങി പതിനായിരങ്ങളെ യുകെയിൽ എത്തിക്കാൻ ആവേശത്തോടെ യുകെയിലും കേരളത്തിലും വേഷമിട്ടത് നൂറു കണക്കിന് അവതാരങ്ങളാണ് . ഇവർ വഴി ആയിരക്കണക്കിന് ആളുകൾ നിസാര ശമ്പളമുള്ള കെയർ ജോലിക്ക് എത്തി പട്ടിണിയും പരിവട്ടവും നിറഞ്ഞ യുകെ ജീവിതത്തിന്റെ മറുമുഖം കണ്ടു തുടങ്ങിയപ്പോൾ പതിനായിരക്കണക്കിന് ആളുകളാണ് യുകെ മോഹത്തിൽ ഏജൻസികൾക്ക് പണം നൽകി കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയിൽ എത്തിയിരിക്കുന്നത് .
യുകെയിലേക്കുള്ള അവസാന വണ്ടിയിലും സീറ്റുറപ്പിക്കാൻ ഇടിയിടുന്നവർ
ഇപ്പോഴും അവസാന വണ്ടിയിൽ സീറ്റുണ്ട് എന്ന് മോഹിപ്പിച്ചു ഇനിയും മോഹവുമായി നിൽക്കുന്നവരെ എന്നന്നേക്കുമായി കബളിപ്പിക്കുവാനും ഏജൻസി വേഷം കെട്ടിയവർ തകൃതിയായ ശ്രമത്തിൽ ആണെന്നതാണ് ഏറ്റവും കൗതുകമായി മാറുന്നത് .എന്നാൽ അങ്ങനെ പുറപ്പെടാൻ ഒരു വണ്ടിയോ കാലിയായി കിടക്കുന്ന സീറ്റുകളോ ഇല്ല എന്ന യാഥാർഥ്യം മലയാളികളെ പറഞ്ഞു മനസിലാക്കാനും പ്രയാസമാണ് . ഏജന്സി നടത്തിപ്പുകാർ പറയുന്നത് അക്ഷരം പ്രതി വിശ്വസിച്ചു ലക്ഷകണക്കിന് രൂപ കൈമാറി ലോകത്തെ ഏറ്റവും വലിയ വിഡ്ഢികൾ തങ്ങളാണ് എന്ന് തെളിയിക്കാനും മടിയില്ലാതെ ഇടിച്ചു കയറുകയാണ് കേരളത്തിൽ നിന്നും എങ്ങനെയും രക്ഷപ്പെടണം എന്ന ചിന്തയിൽ കഴിയുന്ന അനേകായിരങ്ങൾ . യുകെയിൽ നടക്കുന്ന നിയമ മാറ്റം ഒന്നും അവരറിയുന്നില്ല , അഥവാ അറിഞ്ഞാലും ഏജൻസിക്കാരുടെ മധുര വാക്കുകളിൽ മയങ്ങുന്ന മാരക രോഗത്തിന് അടിമകളാകുകയാണ് മലയാളികൾ എന്നാണ് അടിക്കടി എത്തുന്ന പരാതി പ്രവാഹം തെളിയിക്കുന്നതും .
മാസങ്ങളായി പറഞ്ഞുറപ്പിച്ചിരുന്ന കാര്യങ്ങൾ ഇന്നലെയാണ് സർക്കാർ വെബ്സൈറ്റിൽ വിജ്ഞാപനമായി ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലിയുടെ പേരിൽ എത്തിയിരിക്കുന്നത് . ഇതിൽ പറയുന്നതനുസരിച്ചു മാർച്ച് 11 മുതൽ കെയർ വർക്കർമാർക്കും സീനിയർ കെയർ വർക്കർമാർക്കും ആശ്രിത വിസയിൽ കുടുംബത്തെ കൊണ്ടുവരാൻ നിയന്ത്രണം ഉണ്ടാകും എന്നുറപ്പായിരിക്കുകയാണ് . ഈ വര്ഷം ജനുവരി മുതൽ സ്ടുടെന്റ്റ് വിസയിൽ എത്തുന്നവർക്ക് നടപ്പാക്കിയ നിയമം കെയർ വിസയിൽ കൂടി നടപ്പാക്കുന്നതോടെ മലയാളികളിൽ നല്ല പങ്കിനും യുകെ വിസ റൂട്ട് അടയുകയാണ് .
ശേഷിച്ച മലയാളി കുടിയേറ്റം നേഴ്സുമാർ , ഡോക്ടർമാർ , ഗവേഷകർ തുടങ്ങിയ ചുരുക്കം മേഖലയിലേക്ക് ഒതുങ്ങും . വിദ്യാഭ്യസത്തിലും പ്രൊഫഷണലിലും മുന്നിൽ നില്കുന്നവർക്കു മാത്രമായി ബ്രിട്ടീഷ് വിസ മാറുന്ന കാഴ്ചയാണ് സർക്കാർ നടപടിയിലൂടെ സംഭവിക്കാനിരിക്കുന്നത് . ഈ മേഖലയിൽ വരുന്നവർക്ക് സ്വകാര്യ ഏജന്സികളെയോ തൊഴിൽ ഉടമകളെയോ ആശ്രയിക്കേണ്ട എന്നതും പ്രധാനമാണ് . മാത്രമല്ല യുകെയിലേക്ക് എത്തുന്നതിനു പത്തു പൈസ പോലും ഏജൻസികൾക്ക് നൽകേണ്ട എന്നതും പ്രധാനമാണ് . ഇത്തരത്തിൽ പണം വാങ്ങി യുകെയിൽ ആളെ എത്തിച്ചാൽ നേഴ്സിങ് റിക്രൂട്മെന്റ് ഏജൻസികൾക്ക് ലൈസൻസ് നഷ്ടമാകും എന്നതിനാൽ ആരും അതിനു ശ്രമിക്കുകയുമില്ല .
സർക്കാർ ഒരിഞ്ചു പിന്നോട്ടില്ല , നിയന്ത്രണം കടുപ്പിക്കും എന്നുറപ്പ്
ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ച രണ്ടാമത്തെ പ്രധാന കാര്യം പ്രൊഫഷണൽ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഉള്ള ശമ്പള പരിധി ഉയർത്തുന്നു എന്നതാണ് . പുതുതായി യുകെ വിസ ലഭിക്കണമെകിൽ മാറിയ ജീവിത സാഹചര്യങ്ങളിൽ 38700 പൗണ്ടിന്റെ വാർഷിക ശമ്പളം കാണിക്കണം . സാധാരാണ ജോലികൾക്ക് ഈ ശമ്പളം നല്കാൻ തൊഴിൽ ഉടമകൾ തയ്യാറാകില്ല എന്നിരിക്കെ സീനിയർ പോസ്റ്റുകളിൽ മാത്രമായി ലഭിക്കുന്ന ഈ വാർഷിക ശമ്പളക്കണക്കിൽ വിസ നൽകേണ്ടി വരുന്നത് വളരെ കുറച്ചു പേർക്ക് മാത്രമായിരിക്കും .
ഈ ശമ്പള സ്കെയിൽ വിസ അനുവദിക്കാൻ നടപ്പാക്കിയാൽ നിലവിൽ ജോലി ചെയ്യുന്ന അനേകായിരങ്ങൾക്ക് പോലും യുകെ വിടേണ്ടതായി വന്നേക്കാം . ഇത് മനസിലാക്കി ഇക്കാര്യത്തിൽ ഇളവ് അനുവദിക്കണമെന്നു സർക്കാരിൽ ശക്തമായ സമ്മർദം ഉണ്ടായതിനെ തുടർന്ന് ഇളവിന് ശ്രമിക്കം എന്ന് സൂചന ഉണ്ടായിരുന്നെകിലും സർക്കാർ ഒരിഞ്ചു പിന്നോട്ടില്ല എന്നാണ് പുതിയ സർക്കാർ വിജ്ഞാപനം തെളിയിക്കുന്നതും . ഈ വര്ഷം ഏപ്രിൽ നാലു മുതൽ നൽകുന്ന വിസ അപേക്ഷകളിൽ ഈ തുക ശമ്പളം ആയി കാണിക്കാനാകില്ലെങ്കിൽ വിസ അനുവദിക്കപ്പെടില്ല എന്നുറപ്പു .
വിസ കിട്ടാനുള്ള തൊഴിലുകൾ പലതും ലിസ്റ്റിൽ നിന്നും പുറത്താകും
ബ്രെക്സിറ്റിനെ തുടർന്ന് ബ്രിട്ടൻ യൂറോപ് വിട്ടപ്പോഴാണ് മീൻ പിടിക്കാനും ഇറച്ചി വെട്ടാനും പശുവിനെ കറക്കാനും ആപ്പിൾ പറിക്കാനും ഒക്കെ പലവിധ ജോലികൾക്ക് ഷോർട്ടേജ് ഒക്കുപ്പേഷൻ ലിസ്റ്റിൽ ഇടം കണ്ടെത്താനായത് . ഇതിൽ ആപ്പിൾ പറിക്കുന്നത് ഒഴികെ എല്ലാ ജോലികൾക്കും മലയാളികളും വിസ നേടി എത്തി എന്നതും കൗതുകകരമാണ് . മീൻ വിസയിൽ തിരുവനതപുരം , വൈപ്പിൻ മേഖലയിൽ ഉള്ള അനേകം മലയാളി യുവാക്കൾ സ്കോട്ലൻഡ് പ്രദേശത്തു എത്തിയത്പ്പോൾ ഇറച്ചി വെട്ടുകാരായി എത്തിയത് നൂറിലേറെ മലയാളി ചെറുപ്പക്കാരാണ് .
ത്രീശൂർ , പാലക്കാട് , മലപ്പുറം ജില്ലകളിൽ നിന്നുമാണ് പ്രധാനമായും ഇറച്ചി വെട്ടിനു ആൾ എത്തിയത് . താമസവും ഭക്ഷണവും ഒക്കെ നൽകിയ മാംസ വില്പന കമ്പനികൾ വിസ കാലാവധി കഴിഞ്ഞ യുവാക്കൾക്ക് അത് പുതുക്കി നല്കാൻ തയാറാകാതെ കേരളത്തിലേക്ക് മടക്കി അയച്ചു കൊണ്ടിരുന്നതിനാലാണ് ഈ വിസ കച്ചവടം ലോബിയിങ് വഴി പച്ച പിടിക്കാതെ പോയത് . ഇപ്പോൾ മാർച്ച് 14 നു ഷോർട്ടേജ് ഒക്കുപേൻസി ലിസ്റ്റിൽ നിന്നും പല ജോലികളും അപ്രത്യക്ഷം ആകും എന്നുറപ്പായപ്പോൾ മീൻ പിടുത്തവും ഇറച്ചി വെട്ടും ഒക്കെ ലിസ്റ്റിൽ നിന്നും പുറത്താകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .
അനേകം ജോലികളോട് സർക്കാർ പറയുന്നു , കടക്ക് പുറത്ത്
സർക്കാർ പറയുന്ന ശമ്പളം നല്കാൻ ഈ തൊഴിൽ രംഗത്ത് സാധിക്കില്ല എന്നതോടെയാണ് ഇവയൊക്കെ ലിസ്റ്റിൽ നിന്നും പുറംതള്ളപ്പെടുക . തല്ക്കാലം ഈ ശമ്പളം ഇല്ലെങ്കിലും കെയർ വിസ അനുവദിക്കപ്പെടും , പക്ഷെ ആശ്രിതരെ കൊണ്ട് വരാൻ ആകില്ല എന്നാകുന്നതോടെ ദശ ലക്ഷങ്ങൾ നൽകി ക്യൂവിൽ ഇടം പിടിക്കാൻ ഇടി കൂടുന്നവർ കാര്യമായി കാണില്ല എന്നുറപ്പാണ് . ഏപ്രിൽ നാലു മുതൽ ഇക്കാര്യത്തിലും വക്തത ഉണ്ടാകും എന്നാണ് ഹോം ഓഫിസ് പറയുന്നത് . ഇതോടെ ഇപ്പോൾ ഉള്ള ലിസ്റ്റിൽ നിന്നും 20 ശതമാനം ജോലികൾക്കും കടക്ക് പുറത്തു എന്ന തരത്തിൽ ഉള്ള കടുപ്പിച്ച നിയമത്തെ പിന്തുടരുകയേ വഴിയുള്ളൂ . മൈഗ്രെഷൻ അഡൈ്വസറി കമ്മിറ്റി ശുപാർശ പ്രകാരമാണ് സർക്കാർ ഈ തീരുമാനം സ്വീകരിച്ചിരിക്കുന്നത് എന്നതിനാൽ രാഷ്ട്രീയ തീരുമാനം എന്ന് ചൂണ്ടിക്കാട്ടി സർക്കാരിൽ സമ്മർദം ചെലുത്താനുമാകില്ല . അടുത്തിടെ അധികാരത്തിനു പുറത്തേക്ക് പോയ മുൻ ഹോം സെക്രട്ടറി സ്യുവേല ബ്രെവർമാൻ നടപ്പാക്കാനിരുന്ന പരിഷ്കാരങ്ങളാണ് അല്പം വൈകിയാണെങ്കിലും ഇപ്പോൾ തീരുമാനമായി മാറുന്നത് .
വിസ കച്ചവടക്കാരുടെ ചതിക്ക് ഇരയായ ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ളവരുടെ പരാതികൾ കൂമ്പാരമായി ഹോം ഓഫിസിൽ എത്തിയതോടെയാണ് സ്യുവേല തന്റെ ശബ്ദം കടുപ്പിച്ചത് . ഇക്കാര്യത്തിൽ നിരന്തരം നടത്തിയ കാമ്പയിൻ വഴിയാണ് ബ്രിട്ടീഷ് മലയാളി വായനക്കാരും വിസ കച്ചവടക്കാരാൽ ചതിക്കപ്പെട്ട മലയാളികളും കൂട്ടമായ പരാതി നല്കാനുണ്ടായ സാഹചര്യവും നിരന്തരം സൃഷ്ടിക്കപ്പെട്ടത് .പണം വാങ്ങാതെ സഹായിക്കാൻ തയ്യാറായി എത്തിയ അഭിഭാഷകരും ഹോം ഓഫിസുമായി ബന്ധപ്പെട്ട മലയാളി വളണ്ടിയർമാരും അര ഡസനോളം ബ്രിട്ടീഷ് ചാരിറ്റി സംഘടനകളും ഒത്തുചേർന്നു നടത്തിയ പ്രചാരണമാണ് വിസ കച്ചവട ലോബിയുടെ ശവപ്പെട്ടിയിൽ അവസാന ആണിയും അടിച്ചുകയറ്റിയതു എന്നതും ഈ ഘട്ടത്തിൽ പ്രസക്തമാണ് .