കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനി എക്‌സാലോജിക്കിനെതിരേ കർണ്ണാടക ഹൈക്കോടതിയുടെ വിധി അതിനിർണ്ണായകം. നിർണായക റിപ്പോർട്ടുമായി രജിസ്ട്രാർ ഓഫ് കമ്പനീസ് നേരത്തെ പുറത്തു വിട്ടിരുന്നു. സിഎംആർഎല്ലിൽ നിന്ന് പണം വാങ്ങിയത് സേവനത്തിനാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ എക്‌സാലോജിക്കിനായില്ല. കമ്പനീസ് ആക്ട് സെക്ഷൻ 188 ന്റെ ലംഘനം നടന്നതായും ആർഒസി റിപ്പോർട്ടിൽ പറയുന്നു. വീണാ വിജയനോട് വിശദീകരണം തേടിയ ശേഷമായിരുന്നു നിർണ്ണായക നിരീക്ഷണങ്ങൾ.

എക്‌സാലോജിക്കിന്റെ ഭാഗം കേൾക്കാതെയാണ് ഇന്റ്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിട്ടത് എന്നായിരുന്നു തുടക്കം മുതൽ മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റെയും പ്രധാന വാദം. എന്നാൽ ആർഒസി വിശദാംശങ്ങൾ തേടിയിട്ടും എക്‌സാലോജിക്കിന് ഒരു രേഖ പോലും ഹാജരാക്കാനായില്ലെന്നതാണ് ബെംഗളൂരു ആർഒസിയുടെ റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. ഇഡിക്കും സിബിഐയ്ക്കും അന്വേഷണം പോകാനുള്ള സാധ്യതയും ഉണ്ട്.

കരാർ വിവരങ്ങൾ പോലും ഹാജരാക്കാൻ കഴിയാത്തത് വീണാ വിജയന് ഇനി കുടുക്കാകും. കൂടുതൽ അധികാരങ്ങളുള്ള സംവിധാനമാണ് സീരയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി. അവർക്ക് കൃത്യമായ തെളിവുകൾ നൽകണം. ഇല്ലെങ്കിൽ അവർ റെയ്ഡ് നടത്തും. അറസ്റ്റിനും അധികാരമുണ്ട്. ഇതെല്ലാം ഇനിയുള്ള ദിവസങ്ങളിൽ മുഖ്യമന്ത്രിക്കും മകൾക്കും വെല്ലുവിളിയാണ്. വീണയുടെ വാദങ്ങളെ പൂർണ്ണമായും തള്ളുന്നതാണ് കർണ്ണാടക ഹൈക്കോടതിയുടെ വിധി. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാം. ഇതിലാണ് വീണയുടെ അഭിഭാഷകരുടെ പ്രതീക്ഷ.

എക്‌സാലോജിക്കിനെതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണം നിയമപരമാണെന്ന് കർണാടക ഹൈക്കോടതി വിധിച്ചിട്ടുണ്ട്. 46 പേജുള്ള വിധിപ്രസ്താവത്തിലാണു ജസ്റ്റിസ് എം.നാഗപ്രസന്ന ഇക്കാര്യം വ്യക്തമാക്കിയത്. വസ്തുതകൾ കണ്ടെത്താൻ എസ്എഫ്ഐഒ അന്വേഷണം ആവശ്യമാണെന്നും വ്യക്തമാക്കിയ കോടതി എസ്എഫ്‌ഐഒയ്ക്ക് നിയമപരമായ ഒരു തടസവും അന്വേഷണത്തിന് ഇല്ലെന്നും വിധി പ്രസ്താവത്തിൽ പറയുന്നു. അന്വേഷണം തടസപ്പെടുത്താനോ റദ്ദാക്കാനോ കഴിയില്ല. വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം അന്വേഷണം എസ്എഫ്‌ഐഒയെ ഏൽപ്പിച്ചിരിക്കുന്നത്. ഇതിൽ ഒരു തെറ്റുമില്ല. സാമ്പത്തിക കുറ്റകൃത്യങ്ങൾ സമ്പദ്രംഗത്തിന് ഭീഷണിയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആർഒസിയുടെ പഴയ അന്വേഷണത്തിലെ റിപ്പോർട്ട് നിർണ്ണായകമാകും

വീണയും സിഎംആർഎല്ലും തമ്മിലുള്ളത് രണ്ടു കമ്പനികൾ തമ്മിലുള്ള ഇടപാട് ആണെന്ന വാദം വില പോകില്ല. ഇതിന് കാരണം സിഎംആർഎല്ലിൽ സർക്കാർ കമ്പനിയായ കെഎസ്‌ഐഡിക്കുള്ള ഓഹരിയാണ്. അതുകൊണ്ട് തന്നെ ഖജനാവുമായി ബന്ധപ്പെട്ടതാണ് ഈ വിഷയമെല്ലാം. ആർക്കും പരാതി നൽകാനും വിശദീകരണം ചോദിക്കാനുമെല്ലാം കഴിയും. ഷോൺ ജോർജാണ് പരാതിക്കാരൻ. ഒരു തരത്തിലും വിട്ടുവീഴ്ചയ്ക്ക് ഷോൺ ജോർജ് തയ്യാറല്ല. അതുകൊണ്ട് തന്നെ ഈ പരാതിയും കേസുമെല്ലാം ആർക്കും അട്ടിമറിക്കാൻ കഴിയില്ല. അഴിമതിയും കള്ളപ്പണം വെളുപ്പിക്കലുമാണ് ആരോപണത്തിൽ. എക്‌സാലോജിക് എന്ന കമ്പനി പ്രവർത്തനം നിർത്താൻ നൽകിയ അപേക്ഷയും നിയമ വിരുദ്ധമാണെന്ന് ആർ ഒ സി കണ്ടെത്തിയിട്ടുണ്ട്. ഇതും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷനിൽ നിർണ്ണായകമാകും.

ഒരു ബാധ്യതയുമില്ലെന്ന് പറഞ്ഞാണ് കമ്പനി മരവിപ്പിക്കാൻ വീണാ വിജയൻ അപേക്ഷ നൽകിയത്. എന്നാൽ ആദായ നികുതി വകുപ്പിന്റെ രേഖകളിൽ തെളിഞ്ഞത് കുടിശികയുണ്ടെന്നായിരുന്നു. ഇതെല്ലാം തട്ടിപ്പിന് തെളിവാണെന്ന് ആർ ഒ സി പറയുന്നു. ഓഡിറ്ററുടെ ഒപ്പും സീലുമില്ലാത്ത ഓഡിറ്റ് റിപ്പോർട്ടും നൽകി. ഇത് തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. അങ്ങനെ ഗുരുതരമായ ആരോപണങ്ങളാണ് ചർച്ചകളിൽ ഉള്ളത്. ബംഗളൂരു രജിസിട്രാർ ഓഫ് കമ്പനീസാണ് നിർണായക കണ്ടെത്തലുകൾ നടത്തിയത്. ഇതിന് പിന്നാലെണ് എസ് എഫ് ഐ ഒ അന്വേഷണം എത്തിയത്.

സിഎംആർഎല്ലും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയുമായി നടന്ന ഇടപാടുകളിൽ ദുരൂഹതയെന്നാണ് ആർ ഒ സി റിപ്പോർട്ട്. ഇരു കമ്പനികളുമായി നടന്ന കരാറോ മറ്റ് ഇടപാടുകൾ തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയില്ലെന്നും കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആർഒസി റിപ്പോർട്ട് നിർദ്ദേശിച്ചു. കൈപ്പറ്റിയ പണവുമായി ബന്ധപ്പെട്ട് ജിഎസ്ടി രേഖകൾ മാത്രമാണ് എക്‌സാലോജിക്ക് ഹാജരാക്കിയത്. ഇതിനെപ്പറ്റി മാത്രമാണ് വിശദീകരണം നൽക്കിയതെന്നും ആർഒസി ചൂണ്ടിക്കാട്ടി. സെക്ഷൻ 447, സെക്ഷൻ 448, എന്നീ വകുപ്പുകൾ ചുമത്തി എക്‌സാലോജിക്കിനെതിരെ നടപടി എടുക്കാമെന്നും ബെംഗളൂരു ആർഒസിയുടെ റിപ്പോർട്ടിൽ പറയുന്നു.

2017 ലാണ് എക്സാലോജിക്കും സിഎംആർഎല്ലും മാർക്കറ്റിങ് കൺസൾട്ടൻസി സേവനങ്ങൾക്കായി കരാറിൽ ഒപ്പ് വച്ചത്. കരാർ പ്രകാരം വീണയ്ക്ക് എല്ലാ മാസവും അഞ്ച് ലക്ഷം രൂപയും എക്സാലോജിക്കിന് മൂന്ന് ലക്ഷം രൂപയും സിഎംആർഎൽ നൽകി വന്നിരുന്നത്. എന്നാൽ പണം നൽകിയ കാലയളവിൽ വീണയോ കമ്പനിയോ ഒരു തരത്തിലുള്ള സേവനവും സിഎംആർഎല്ലിന് നൽകിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. പിഴയും തടവ് ശിക്ഷയും കിട്ടാവുന്ന വകുപ്പുകൾ പ്രകാരം എക്‌സാലോജിക്കിന് എതിരെ നടപടി എടുക്കാമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. ഇതാണ് എസ് എഫ് ഐ ഒ അന്വേഷിക്കുന്നത്.

അടിമുടി ദുരൂഹ ഇടപാടുകളാണ് നടന്നതെന്നാണ് ആർഒസി റിപ്പോർട്ടിലുള്ളത്. സോഫ്റ്റ് വെയർ സർവീസ് ആവശ്യപ്പെട്ട് സിഎംആർഎൽ പരസ്യം നൽകിയതിന്റെയോ ഇടപാടിന് മുമ്പോ, ശേഷമോ സിഎംആർഎല്ലോ, എക്‌സാലോജിക്കോ നടത്തിയ ആശയവിനിമയത്തിന് രേഖകൾ സമർപ്പിച്ചില്ലെന്നാണ് ബെംഗളൂരു രജിസ്റ്റാർ ഓഫ് കമ്പനീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുന്നത്. കരാർ പോലും എക്‌സാലോജിക്കിനോ, സിഎംആർഎല്ലിനോ ഹാജരാക്കാനായില്ലെന്നും റിപ്പോർട്ടിലുണ്ട്. കിട്ടിയ പണത്തിന് ജിഎസ്ടി അടച്ചിട്ടുണ്ടെന്ന് മാത്രമാണ് ബെംഗളൂരൂ ആർഒസിക്ക് നൽകിയ മറുപടിയിൽ എക്‌സാലോജിക്ക് ആകെ വിശദീകരിക്കുന്നത്. എന്തിന് പണം കിട്ടിയെന്നതിന് ഒരു തെളിവും എക്ലാലോജിക്ക് ഹാജരാക്കിയിട്ടില്ലെന്നാണ് ആർഒസിയുടെ കണ്ടെത്തൽ.

സർക്കാർ ഓഹരിയുള്ള കമ്പനിയാണ് സിഎംആർഎൽ. കമ്പനീസ് ആക്ട് പ്രകാരം, റിലേറ്റഡ് പാർട്ടിയുമായി ഇടപാട് നത്തുമ്പോൾ അത് ബോർഡിനെ അറിയിക്കണം. ഇവിടെ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായുള്ള ഇടപാട് സിഎംആർഎൽ ബോർഡിനെ അറിയിച്ചിരുന്നില്ല. ഇത് സെക്ഷൻ 188ന്റെ ലംഘനമാണ്. നൽകാത്ത സേവനത്തിനാണ് എക്‌സാലോജിക്ക് പണം കൈപ്പറ്റിയതെന്ന ആദായനികുതി ഇന്റ്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിലെ കണ്ടെത്തലുകൾ തന്നെയാണ് ആർഒസി റിപ്പോർട്ടിലുമുള്ളത്.