- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ വിധി പിണറായി കുടുംബത്തിന് സമ്പൂർണ്ണ തിരിച്ചടി
ബംഗ്ലൂരു: കർണ്ണാടക ഹൈക്കോടതിയുടെ അന്തിമ വിധിയിൽ ഞെട്ടി വിറച്ച് പിണറായി കുടുംബം. ഒരു ആശ്വാസവുമില്ലാത്ത വിധി പ്രസ്താവമാണ് കർണ്ണാടകയിൽ ഉണ്ടായത്. കേരളാ ഹൈക്കോടതിയിൽ ഹർജി നൽകാത്തത് വിധി പ്രതികൂലമാകുമെന്ന മുൻവിധിയിലാണ്. എന്നാൽ അതിലും അപ്പുറത്തേക്കായി കർണ്ണാടക ഹൈക്കോടതിയിലെ വിധി. അപ്പീൽ നൽകാമെന്നതാണ് ഏക പ്രതീക്ഷ. പട പേടിച്ച് പന്തളത്ത് പോയപ്പോൾ അവിടെ പന്തം കൊളുത്തി പട... എന്നതു പോലെയായി കാര്യങ്ങളെന്നാണ് സിപിഎം വിലയിരുത്തുന്നത്. കോടതി വിധി അക്ഷരാർത്ഥത്തിൽ സിപിഎമ്മനേയും ഞെട്ടിച്ചു.
അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ ടി.വീണ നൽകിയ ഹർജി തള്ളി തള്ളിയ കർണാടക ഹൈക്കോടതി ഇന്നലെ പുറപ്പെടുവിച്ച വിധിയുടെ വിശദാംശങ്ങൾ ഇന്നാണു പുറത്തുവന്നത്. ജനുവരി 31നു അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യമാണ് ജസ്റ്റിസ് എം.നാഗപ്രസന്ന നിരസിച്ചത്. അന്വേഷണം സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന വാദവും കോടതി അംഗീകരിച്ചില്ല. അറസ്റ്റു തടഞ്ഞു കൊണ്ട് ഉത്തരവു വരുമെന്നും വീണ പ്രതീക്ഷിച്ചിരുന്നു. അതും ഉണ്ടായില്ല. അറസ്റ്റ് തടയുന്ന ഇടക്കാല ഉത്തരവും പിന്നീട് കൂടുതൽ വാദം കേട്ട് അന്തിമ വിധിയുമാണ് പ്രതീക്ഷിച്ചത്.
വാദം കേട്ടശേഷം അറസ്റ്റ് പാടില്ലെന്നും വിധി വരെ കാത്തിരിക്കണമെന്നും എസ് എഫ് ഐ ഒയ്ക്ക് കോടതി നിർദ്ദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ വിധിയിൽ എന്തെങ്കിലും ആനുകൂല്യങ്ങൾ കിട്ടുമെന്നും പ്രതീക്ഷിച്ചു. എന്നാൽ ഒന്നും ഉണ്ടായില്ല. കമ്പനികാര്യ നിയമപ്രകാരം രജിസ്റ്റ്രാർ ഓഫ് കമ്പനീസ് (ആർഒസി) നടത്തുന്ന അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും ഇതേ നിയമത്തിന്റെ മറ്റൊരു വകുപ്പു ചുമത്തി എസ്എഫ്ഐഒ സമാന്തരമായി അന്വേഷിക്കുന്നത് തടയണമെന്നുമാണ് എക്സാലോജിക് വാദിച്ചത്. ഗുരുതര കുറ്റകൃത്യമല്ലെങ്കിലും കമ്പനികാര്യ നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് (212) ചുമത്തിയാണ് അന്വേഷിക്കുന്നതെന്നും യുഎപിഎയ്ക്ക് തുല്യമായ വകുപ്പു ചുമത്താനാകില്ലെന്നും കമ്പനി വാദിച്ചു.
എന്നാൽ, സിഎംആർഎൽ രാഷ്ട്രീയ പാർട്ടികൾക്ക് 135 കോടി രൂപ നൽകിയതുമായി ബന്ധപ്പെട്ട ഗുരുതര സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചാണ് അന്വേഷണമെന്നാണ് എസ്എഫ്ഐഒ വാദിച്ചത്. ഒരു സേവനവും നൽകാതെ സിഎംആർഎലിൽ നിന്നു 1.72 കോടി രൂപ എക്സാലോജിക് കൈപ്പറ്റിയതിനു തെളിവുണ്ടെന്നും ചൂണ്ടിക്കാട്ടി. രജിസ്റ്റ്രാർ ഓഫ് കമ്പനീസിൽനിന്നു ലഭിച്ച ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഏറ്റെടുത്തത്. മറ്റ് ഏജൻസികളുടെ അന്വേഷണം സ്വാഭാവികമായും മരവിച്ചു. അധികാര ദുർവിനിയോഗം നടന്നിട്ടുണ്ടോ എന്നു പരിശോധിക്കാൻ വിപുലമായ അധികാരങ്ങളുള്ള ഏജൻസിക്ക് കഴിയുമെന്നും കേന്ദ്രസർക്കാർ വാദിച്ചു. ഇതെല്ലാം അംഗീകരിച്ചു.
ജാമ്യമില്ലാ വകുപ്പും യുഎപിഎയേയും ചുമത്തിയുള്ള ആരോപണം കോടതി ഗൗരവത്തോടെ എടുത്തില്ല. ഇതോടെ അറസ്റ്റിന് സാധ്യത കൂടുകയും ചെയ്തു. പ്രതി തന്നെ അറസ്റ്റ് ചെയ്യേണ്ട കുറ്റകൃത്യമാണ് ഇതെന്ന് സമ്മതിക്കുന്നത് അപൂർവ്വങ്ങളിൽ അത്യപൂർവ്വമാണ്. ഇനി കേന്ദ്ര ഏജൻസിയുടെ നടപടികളാണ് നിർണ്ണായകം. തിങ്കളാഴ്ച തന്നെ അപ്പീൽ നൽകും. അത് ഡിവിഷൻ ബഞ്ചിലാകാനാണ് സാധ്യത. നേരെ സുപ്രീംകോടതിയിൽ പോകുന്നത് തൽകാലം പരിഗണിക്കില്ല. എന്നാൽ മറ്റെന്തെങ്കിലും നിയമ തടസ്സങ്ങൾ ഹൈക്കോടതിയിലെ ഡിവിഷൻ ബെഞ്ച് ഉന്നയിച്ചാൽ സുപ്രീംകോടതിയിൽ പോവേണ്ടി വരും. ഇതിനൊപ്പം മുൻ കൂർ ജാമ്യത്തിന് അപേക്ഷ നൽകുന്തനും പരിഗണനയിലുണ്ട്.
കേസ് ഇങ്ങനെ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ കമ്പനിയായ എക്സാലോജിക്, കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, സിഎംആർഎലിൽ ഓഹരിപങ്കാളിത്തമുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസി എന്നിവയ്ക്കെതിരെയാണ് എസ്എഫ്ഐഒ അന്വേഷണം. ഒരു സേവനവും നൽകാത്ത എക്സാലോജിക്കിനു സിഎംആർഎൽ വൻ തുക കൈമാറിയെന്ന് കേന്ദ്ര ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു.
സിഎംആർഎല്ലും എക്സാലോജിക്കും തമ്മിൽ നടത്തിയ പണമിടപാട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയിൽ വരുന്ന കുറ്റകൃത്യമാണെന്നാണു രജിസ്റ്റ്രാർ ഓഫ് കമ്പനീസിന്റെ (ആർഒസി) കണ്ടെത്തൽ.