- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നഴ്സുമാർക്കും കെയറർമാർക്കും പുറമേ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും ഇനി യു കെയിലേക്ക് ദന്ത ഡോക്ടർമാരുടെ കുത്തൊഴുക്ക് ഉണ്ടാകുമോ? ദന്ത ചികിത്സാ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ ജോലിക്കു വേണ്ട പരീക്ഷ ഇല്ലാതാക്കാൻ ആലോചന
ലണ്ടൻ: ബ്രിട്ടനിലെ ദന്ത ചികിത്സാരംഗത്ത് നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി വിദേശ ഡോക്ടർമാർക്ക്, യോഗ്യതാ പരീക്ഷയിൽ പങ്കെടുക്കാതെ തന്നെ ബ്രിട്ടനിൽ ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുവാൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാർക്കാണ് ബ്രിട്ടനിൽ ജോലി ചെയ്യുവാൻ ഇപ്പോൾ യോഗ്യതാ പരീക്ഷയിൽ വിജയിക്കേണ്ടത്. പുതിയ നയം നടപ്പിൽ വരികയാണെങ്കിൽ ഇന്ത്യയുൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ പഠിച്ച ദന്ത ഡോക്ടർമാർക്ക് യോഗ്യതാ പരീക്ഷയിൽ പങ്കെടുക്കാതെ തന്നെ എൻ എച്ച് എസ്സിൽ ജോലി ചെയ്യാൻ ആകും. ഇത് ദന്ത ചികിത്സയുടെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന സംശയവും ചില കോണുകളിൽ നിന്നും ഉയരുന്നുണ്ട്.
നിലവിൽ അഞ്ചിൽ നാല് എൻ എച്ച് എസ് ദന്ത ഡോക്ടർമാരും പുതിയ രോഗികളെ കാണുന്നില്ല. ഇത് പല്ലുമായി ബന്ധപ്പെട്ട രോഗങ്ങൾ വർദ്ധിപ്പിക്കുകയും അടിയന്തിര വിഭാഗത്തിൽ എത്തുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. കുട്ടികൾ വരെ വിവിധ ദന്ത രോഗങ്ങളുമായി എത്തുന്നുണ്ട് എന്നാണ് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ, ദന്തഡോക്ടർമാരെ എൻ എച്ച് എസ്സിൽ നിന്നും അകറ്റി നിർത്തുന്ന യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാതെ ചോർച്ചയുള്ള ബക്കറ്റിൽ വെള്ളം നിറക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഡെന്റിസ്റ്റ് യൂണിയൻ ആരോപിക്കുന്നു.
ഇപ്പോഴത്തെ നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ ഉടൻ തന്നെ വിദേശ ഡോക്ടർമാർ പ്രാക്ടീസ് ആരംഭിച്ചേക്കും. ഈ രംഗത്തെ റെഗുലേറ്റർമാരായ ജനറൽ ഡെന്റൽ കൗൺസിൽ, തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച്, വിദ്യാഭ്യാസ യോഗ്യതയുടെ ഗുണനിലവാരം തീരുമാനിച്ച് ദന്ത ഡോക്ടർമാർക്ക് താത്ക്കാലിക റെജിസ്ട്രേഷൻ നൽകാനാൺ' ഉദ്ദേശിക്കുന്നത്.
ഇത്തരത്തിൽ താത്ക്കാലിക റെജിസ്ട്രേഷൻ ലഭിക്കുന്ന ദന്ത ഡോക്ടർമാർ, ബന്ധപ്പെട്ടവരുടെ കർശന നിരീക്ഷണത്തിലായിരിക്കും ജോലി ചെയ്യുക എന്നും അത് ചികിത്സയുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുമെന്നും അധികൃതർ അവകാശപ്പെടുന്നു. പൂർണ്ണ യോഗ്യത നേടിയ വിദേശ ദന്ത ഡോക്ടർമാരെ ബ്രിട്ടനിൽ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്നും വിലക്കുന്ന ചുവപ്പു നാടകളുടെ കുരുക്കഴിക്കാൻ പുതിയ നിർദ്ദേശത്തിന് കഴിയുമെന്നാണ് ആരോഗ്യ മന്ത്രി ആൻഡ്രിയ ലീഡ്സം പറയുന്നത്. അതേസമയം ഉയർന്ന ചികിത്സാ നിലവാരവും സുരക്ഷയും ഉറപ്പു വരുത്താനും കഴിയും.
എൻ എച്ച് എസ്സിലെ ദന്ത ഡോക്ടർമാരുടെ ക്ഷാമം വെളിപ്പെടുത്തുനന്തായിരുന്നു ഈ മാസം ആദ്യം ബ്രിസ്റ്റോളിൽ പുതിയ ദന്ത ക്ലിനിക് തുറന്നപ്പോൾ കണ്ടത്. നൂറു കണക്കിന് ആളുകൾ ക്യുവിൽ എത്തിയപ്പോൾ അവരെ നിയന്ത്രിക്കാൻ പൊലീസിന് എത്തേണ്ടതായി വന്നു. ആറു മാസത്തിലധികം ഇടവേളയിൽ ആദ്യമായി പുതിയ രോഗികളെ സ്വീകരിച്ച ക്ലിനിക്ക് ആയിരുന്നു അത്.
അതേസമയം, സർക്കാരിന്റെ പുതിയ നയത്തിന്റെ ഫലക്ഷമതയെ കുറിച്ച് രോഗികൾക്കിടയിലും സംശയങ്ങൾ ഉണ്ട്. താത്ക്കാലിക റെജിസ്ട്രേഷൻ ലഭിക്കുന്നവർ എൻ എച്ച് എസ്സിൽ ജോലി ചെയ്യണം എന്നത് നിർബന്ധമാക്കിയില്ലെങ്കിൽ ഇത് ഏറെ പ്രയോജനം ചെയ്യില്ല എന്നാണ് അവർ വിലയിരുത്തുന്നത്. ഡോക്ടർമാരുടെ എണ്ണത്തിലല്ല പ്രശ്നമെന്നും, എൻ എച്ച് എസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡോക്ടർമാരുടെ എണ്ണത്തിലാണ് പ്രശ്നമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടു തന്നെ താത്ക്കാലിക റെജിസ്ട്രേഷന് എൻ എച്ച് എസ്സ് സേവനം നിർബന്ധമാക്കിയില്ലെങ്കിൽ, പുതിയ നയം മൂലം സ്വകാര്യ ആശുപത്രികളിൽ നിരവധി ഡോക്ടർമാർ എത്തുക എന്നതായിരിക്കും സംഭവിക്കുക എന്നും അവർ പറയുന്നു.
ഈ നയം ഏറെ പ്രയോജനം ചെയ്യില്ല എന്ന് തന്നെയാണ് ബ്രിട്ടീഷ് ഡെന്റൽ അസ്സോസിയേഷന്റെയും അഭിപ്രായം. വിദേശത്തു നിന്നും എത്തുന്നവർ, നിലവിൽ ബ്രിട്ടനിലുള്ള ഡോക്ടർമാരെക്കാൾ അധികമായി എൻ എച്ച് എസ്സിൽ ജോലി ചെയ്യും എന്നതിന് ഒരു ഉറപ്പുമില്ലെന്ന് അവർ പറയുന്നു. ജി ഡി സിയിൽ റെജിസ്റ്റർ ചെയ്യുന്ന ദന്ത ഡോക്ടർമാരുടെ എണ്ണം റെക്കോർഡ് നിലയിൽ എത്തിയപ്പോഴും എൻ എച്ച് എസ്സിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 2016 മുതൽ കുത്തനെ താഴുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക്, സിംഗപ്പൂർ, ഹോങ്കോംഗ്, മലേഷ്യ, ന്യുസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 14 യൂണിവേഴ്സിറ്റികളിൽ പഠിച്ച ദന്ത ഡോക്ടർമാർക്ക് ബ്രിട്ടനിൽ പ്രാക്ടീസ് ചെയ്യാൻ യോഗ്യതാ പരീക്ഷ എഴുതേണ്ടതില്ല. പക്ഷെ., 2001 ന് മുൻപായി ബിരുദമെടുത്തവർക്ക് മാത്രമാണ് ഈ ഇളവുള്ളത്.
മറുനാടന് മലയാളി ബ്യൂറോ