- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെവിടെ നിന്നും യുകെയിൽ എത്തുന്നവരും നേരിടാത്ത ഒരു പ്രതിസന്ധി കൂടി
ലണ്ടൻ: പാപ്പരാകുന്ന കേരളത്തെ കുറിച്ചാകുമോ നാളെകളിൽ യുകെയിൽ എത്തുന്ന മലയാളികൾക്ക് പറയാനുണ്ടാവുക? കഴിഞ്ഞ ഏതാനും മാസമായി കേരളത്തിൽ ഡ്രൈവിങ് ലൈസൻസുകൾ അച്ചടിക്കുന്നില്ല എന്ന വാർത്തകൾ വന്നത് ഇപ്പോൾ പ്രവാസ ലോകത്തേക്ക് ജോലി തേടി പോകുന്ന മലയാളികളെയും ബാധിച്ചിരിക്കുകയാണ് എന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ മറുനാടൻ മലയാളിയെ തേടി യുകെയിൽ എത്തിയ കണ്ണൂർ ഇരിട്ടി സ്വദേശിയായ അനീഷ് മാത്യു വട്ടമാറ്റത്തിലിന്റെ കത്ത്.
അനീഷ് പറയുന്നത് അടുത്ത മാസം യുകെയിലേക്ക് വരാനിരിക്കുകയാണ്. പക്ഷെ കേരളത്തിൽ നിന്നും ഇപ്പോൾ അച്ചടിച്ച ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ഇല്ലാത്തതിനാൽ യുകെയിൽ എത്തുമ്പോൾ ലൈസൻസിന്റെ ഡിജിറ്റൽ കോപ്പി കാണിച്ചു വാഹനം ഓടിക്കുന്നതിനു നിയമ തടസ്സമുണ്ടോ എന്ന ചോദ്യമാണ്. ഇത്തരം ഒരു സാഹചര്യം നേരത്തെ ആർക്കും നേരിടേണ്ടി വന്നിട്ടില്ലാത്തതിനാൽ കൃത്യമായ ഉത്തരം നൽകാൻ നിയമ രംഗത്തുള്ളവർക്കും സാധിക്കുന്നില്ല.
മാത്രമല്ല ലോകത്തെ മറ്റെവിടെ നിന്നും യുകെയിൽ എത്തുന്നവർക്കും നേരിടാൻ സാധ്യത ഇല്ലാത്ത വിഷമ ഘട്ടമാണ് ഇപ്പോൾ കേരളത്തിൽ നിന്നും യുകെയിൽ എത്തുന്നവർ നേരിടേണ്ടി വരുക എന്നും അനീഷിന്റെ കത്ത് സൂചന നൽകുന്നു. അടുത്തിടെയായി കേരളത്തിൽ പണം ഇല്ലാത്ത സാഹചര്യത്തിൽ ലക്ഷക്കണക്കിന് ഡ്രൈവിങ് ലൈസൻസുകൾ പ്രിന്റ് ചെയ്യാത്ത വാർത്തകൾ പതിവായി മാധ്യമങ്ങളിൽ എത്തിക്കൊണ്ടിരിക്കുകയാണ്.
ഒടുവിൽ ഇപ്പോൾ വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയിലും എത്തിയിരിക്കുന്നു. സാധാരണക്കാരുടെ അടിസ്ഥാന ആവശ്യപ്പട്ടികയിൽ പെട്ടതും പല ജോലികൾക്കും അത്യാവശ്യവുമായ ഡ്രൈവിങ് ലൈസൻസ് നൽകാൻ പണം ഇല്ല എന്ന സാഹചര്യം പോലും കേരളത്തിന് പുതുമയുള്ളതാണ്. അതിനാൽ തന്നെ പരിഹാരം എന്നതും വൈകാൻ തന്നെയാണ് സാധ്യത. ഇത് ബ്രിട്ടൻ അടക്കം വിദേശത്തു പോകാൻ കാത്തിരിക്കുന്ന അനീഷിനെപോലെ ഉള്ളവർക്ക് ഇരുട്ടടിയായി മാറുകയും ചെയ്യും.
സാധാരണ യുകെയിൽ എത്തുന്ന ചെറുപ്പക്കാർ കേരളത്തിൽ നിന്നും തന്നെ ഒരു വർഷ കാലാവധിയുള്ള ഇന്റർനാഷണൽ ലൈസൻസും സ്വന്തമാക്കിയാണ് വരുന്നത്. ആദ്യ ഒരു വർഷം ഇത്തരത്തിൽ യുകെയിൽ വാഹനം ഓടിക്കാൻ തടസ്സവുമില്ല. ആ സമയം കൊണ്ട് തിയറിയും പ്രാക്ടിക്കലും ഒകെ എഴുതിയെടുത്തു യുകെ ലൈസൻസ് സ്വന്തമാക്കുന്നവരാണ് നല്ല പങ്കു മലയാളികളും.
ഇതറിഞ്ഞതുകൊണ്ടാകാം എന്ത് ചെയ്യാനാകും എന്ന ചോദ്യവുമായി അനീഷ് ബ്രിട്ടീഷ് മലയാളിക്ക് കത്തെഴുതിയത്. പക്ഷെ കേരളത്തിലെ സാഹചര്യത്തിന് അനുസരിച്ചു ബ്രിട്ടനിലെ നിയമത്തിൽ വെള്ളം ചേർക്കാനാകുമോ എന്ന മറുചോദ്യവും ഇത്തരം സാഹചര്യങ്ങളിൽ ഉയരും. സർക്കാർ 11 കോടി രൂപ കുടിശിക വരുത്തിയതോടെയാണ് പ്രിന്റിങ് പൂർണമായും കരാർ എടുത്ത കമ്പനി നിർത്തിവച്ചിരിക്കുന്നത്.
ആറുമാസമായി വാർധക്യ പെൻഷൻ അടക്കമുള്ള ക്ഷേമ പ്രവർത്തനം വരെ തകരാറിൽ ആയി നിൽക്കുന്നത് സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക ബാധ്യതയുടെ പേരിലാണ്. അതിനിടയിൽ സർക്കാർ നടത്തുന്ന മറ്റു സേവനങ്ങൾ കൂടി മുന്നറിയിപ്പില്ലാത്ത വിധം മുടങ്ങുകയാണ് എന്ന സൂചനയാണ് ഇപ്പോൾ ഡ്രൈവിങ് ലൈസൻസ് നൽകാൻ പോലും പറ്റാത്ത സാഹചര്യം ചൂണ്ടിക്കാട്ടുന്നത്.