- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠിച്ചയുടൻ രാജ്യം വിടുക എന്ന നയത്തിലേക്ക് ബ്രിട്ടൻ!
ലണ്ടൻ: പ്ലസ് ടു പരീക്ഷ കഴിയും മുൻപേ കേരളത്തിലെ കോളേജുകളിൽ മാനേജമെന്റുകളും വിദേശ പഠന സഹായമൊരുക്കുന്ന ഏജൻസികളും ചേർന്ന് ഒരുക്കുന്ന ഉത്സവച്ഛായയുള്ള സെമിനാറുകളാണ് ഏതാനും വർഷമായി കാമ്പസിനോടും സ്കൂളിനോടും വിട പറയാൻ ഒരുങ്ങുന്ന വിദ്യാർത്ഥികളുടെ മനസിലെ നിറമുള്ള കാഴ്ച. എങ്ങനെ വിദേശത്തു പോകാം എന്ന ഒരൊറ്റ വഴി മാത്രം തെളിച്ചു നൽകുന്ന ആ സെമിനാറുകൾ വിദേശത്തു ചെന്നാൽ എവിടെ പഠിക്കണം, എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം, പഠിച്ചാൽ പ്രയോജനമുണ്ടോ, എന്ത് പഠിച്ചാണ് വിദേശത്തു ജോലിക്ക് ശ്രമിക്കേണ്ടത്, പഠിക്കുന്ന കോഴ്സുമായി തിരികെ വരേണ്ടി വന്നാൽ നാട്ടിൽ എന്ത് ജോലി ലഭിക്കും എന്നൊന്നും പറഞ്ഞ് നൽകാറില്ല. കാരണം ഏജൻസികളുടെ ലക്ഷ്യം കയറ്റുമതിയാണ്. എങ്ങനെയും ആയിരക്കണക്കിന് വിദ്യാർത്ഥികളെ ഏതെങ്കിലും വിദേശത്തേക്ക് കയറ്റുമതി ചെയ്യണം.
അതിനായി താരതമ്യേനേ ലളിതമായ യുകെയും കാനഡയും ഫോക്കസ് ചെയ്യും. മിക്കവാറും പട്ടണ പ്രദേശത്തെ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും പകുതി വിദ്യാർത്ഥികളുടെ അപേക്ഷകൾ എങ്കിലും കയ്യോടെ ലഭിക്കും. ബാക്കി പകുതിക്ക് വേണ്ടിയെ പിന്നീട് ക്യാൻവാസ് ചെയ്യേണ്ടി വരാറുള്ളൂ. സർക്കാർ ജീവനക്കാരുടെയും സാമ്പത്തികമായി ഇടത്തട്ടിൽ ഉള്ള കുടുംബങ്ങളിലെയും വിദ്യാർത്ഥികളുടെ ലിസ്റ്റ് പ്രിൻസിപ്പൾമാരുടെ സഹായത്തോടെ കണ്ടെത്തി അത്തരം വിദ്യാർത്ഥികളെ പ്രത്യേകമായി ക്യാൻവാസ് ചെയ്യാനും സംവിധാനമുണ്ട്. അരുമ സന്താനം വീട്ടിൽ വന്നു പറയുന്ന, ലണ്ടന്റെയും മാഞ്ചസ്റ്ററിന്റെയും ലിവർപൂളിന്റെയും ബിർമിൻഹാമിന്റെയും വാൻ കൂവറിന്റെയും ഒട്ടവയുടെയും ബ്രിട്ടീഷ് കൊളമ്പിയയുടെയും ഒക്കെ അതിമനോഹര ചിത്രങ്ങൾ ഓരോ വീടിന്റെയും നിത്യ സ്വപ്നമായി മാറും.
ഇതോടെ എങ്ങനെയും ബ്രിട്ടനിലും കാനഡയിലും എത്തുക. കോഴ്സുകൾ ഒക്കെ ഈസി ആയി പാസാകും. ഇടയ്ക്ക് ഓരോ പാർട്ട് ടൈം ജോലിക്ക് പോകുക. മണിക്കൂറിൽ ലഭിക്കുന്ന ആയിരം രൂപ വച്ച് ഏതാനും മണിക്കൂർ ജോലി ചെയ്തു പതിനായിരങ്ങൾ പോക്കറ്റിൽ വെറുതെ നിറച്ചു വയ്ക്കുക. വേണമെങ്കിൽ നല്ല റെസ്റ്റോറന്റിൽ ഒക്കെ കയറി കോണ്ടിനെന്റൽ ഫുഡ് ഒക്കെ കഴിച്ചു നാട് വിട്ട നൊസ്റ്റാൾജിയ മാറ്റിയെടുക്കുക. മാതാപിതാക്കൾ ബാങ്കിൽ വെറുതെ ഇട്ടിരിക്കുന്ന ഏതാനും ലക്ഷങ്ങൾ അവിടെ കിടന്നിട്ടു എന്ത് പ്രയോജനം. ഒന്നോ രണ്ടോ വർഷത്തെ കോഴ്സ് കഴിഞ്ഞാൽ ബ്രിട്ടനിലും കാനഡയിലും ഒക്കെ ലഭിക്കുന്ന ജോലിക്കുള്ള ശമ്പളം എത്രയാണെന്നോ? മാസം രണ്ടു ലക്ഷം രൂപ കയ്യിൽ വന്നാ നിങ്ങൾക്ക് വല്ല പ്രയാസവും ഉണ്ടോ?
ഇത് കേട്ടിരിക്കുന്ന ഒരു വിദ്യാർത്ഥിക്കും ഈ സമ്പന്ന രാജ്യങ്ങളിലെ ജീവിത ചെലവ് എന്താണ് എന്ന് ഓരോ രൂപവും മനസ്സിൽ ഉണ്ടാവുകയില്ല, കാരണം സെമിനാറിന് വന്ന എക്സിക്യൂട്ടീവ് നൽകുന്ന വർണ കാഴ്ചകളിൽ ലയിച്ചിരിക്കുകയാണ് അവരൊക്കെ. അത്ര സ്റ്റൈലൻ വീഡിയോ പ്രസന്റേഷൻ ആണ് സെമിനാറിന്റെ ഹൈലൈറ്റ്. ഇതിനിടയിൽ പ്ലസ് ടു കഴിഞ്ഞ താൻ എന്ത് കോഴ്സ് പഠിക്കണം എന്ന ആദ്യ ചോദ്യവും ഏജൻസിക്കാരോട് തന്നെയാകും.
അവരാകട്ടെ ഒരു വിദ്യാർത്ഥിയിൽ നിന്നും അവർ അടക്കുന്ന ഫീസിൽ നിന്നും ഏഴു ലക്ഷം വാഗ്ദാനം ചെയ്യുന്ന യൂണിവേഴ്സിറ്റിയും കോഴ്സും വിദ്യാർത്ഥി എന്താണ് പഠിക്കാൻ ആഗ്രഹിക്കുന്നത് എന്ന് പോലും ചോദിക്കാതെ ശുപാർശ ചെയ്യും. കമ്പ്യുട്ടർ സയൻസ് പഠിക്കാൻ ആഗ്രഹിച്ചവർ മറൈൻ സയൻസിലും സൈബർ സെക്യൂരിറ്റി ഇഷ്ടമായവർ മാർക്കറ്റിങ് ഡിപ്ലോമയിലും മെഡിക്കൽ ഫീൽഡിൽ ഏതെങ്കിലും മേഖല മതിയെന്ന് പറഞ്ഞവരെ ഇന്റർനാഷണൽ ബിസിനസിലും അതിമനോഹരമായി ഈ ഏജൻസി വാചകമടിയിലൂടെ എത്തിക്കും.
താൻ ഇതല്ലല്ലോ ആഗ്രഹിച്ചത് എന്ന് പറയുമ്പോൾ ഇപ്പോൾ അഡ്മിഷന് വേണ്ടി ഇതെടുക്കുക, ബാക്കി കോഴ്സ് മാറ്റം ഒക്കെ അവിടെ ചെന്നാൽ എന്തൊരു ഈസി എന്ന് കിലുക്കം സിനിമയിൽ ജഗതി പറയുന്നതിലും വെടിപ്പായി ഏജൻസി പറയുന്നത് കേട്ട് മറ്റൊന്നും ഇനി നോക്കാനില്ല എന്നും പറഞ്ഞാണ് കഴിഞ്ഞ ഏതാനും വർഷമായി പതിനായിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾ യുകെയിലേക്ക് ഒഴുകിയത്. അതൊരു ജ്വരമായി, ട്രെന്റായി നാടെങ്ങും പടർന്നു പിടിച്ചു. മഹാവ്യാധി പടരുന്നതിലും വേഗതയിലാണ് വിദേശ പഠന ജ്വരം കൗമാരക്കാരിലേക്ക് വരെ പടർന്നു കയറിയത്.
യുകെയിൽ എത്തി പിറ്റേന്ന് മുതൽ ജോലിക്ക് പോകുന്നതും ഒരു വർഷത്തെ പഠനം കഴിഞ്ഞു സ്റ്റൈലിഷ് ഓഫിസിൽ ജോലി ചെയ്യുന്നതും അഞ്ചു വർഷം കൊണ്ട് ബ്രിട്ടീഷുകാരൻ ആയി മാറുന്നത് സ്വപ്നം കണ്ടും ദിവസവും നൂറുകണക്കിന് വിദ്യാർത്ഥികൾ വിമാനം കയറി തുടങ്ങിയപ്പോൾ കേരളത്തിലെ ഏജൻസി നടത്തിപ്പുകാർ നൊടിയിടയിലാണ് സഹസ്ര കോടീശ്വരന്മാരായി മാറിയത്.
ഇപ്പോൾ ഈ അന്തരീക്ഷം പാടേ മാറിയിരിക്കുകയാണ്. ഇടിച്ചു തിക്കി വരുന്ന വിദേശ വിദ്യാർത്ഥികളെ കണ്ടു ഭയന്ന ബ്രിട്ടൻ നിയമം അടിമുടി മാറ്റി. ഇവിടേയ്ക്ക് കുടിയേറാം എന്ന ചിന്തയോടെ ആരും തിരക്കിട്ടു ഇങ്ങോട്ടു വരണ്ട എന്ന് ബ്രിട്ടൻ കർക്കശമായി പറഞ്ഞു. അത് പറയിപ്പിക്കാൻ പ്രധാന കാരണമായത് ബ്രിട്ടനിൽ എത്തി തങ്ങൾ ആശിച്ചതു ഒന്നുമല്ല ഇവിടെ കാണാൻ ആയതു എന്ന് മനസിലാക്കിയ മലയാളികൾ ഉൾപ്പെടെയുള്ളവർ അതിവേഗം കുടിയേറ്റക്കാരായി വേര് പിടിക്കാൻ നടത്തിയ ശ്രമങ്ങൾ തന്നെയാണ്.
പഠിക്കാൻ വന്നവർ ആ വഴി മറന്നു മറ്റു വഴികൾ തേടിയപ്പോൾ അതിവേഗം സ്കൂളുകളും ആശുപത്രികളും ജനബാഹുല്യത്തിന്റെ തീക്ഷ്ണത അറിഞ്ഞു തുടങ്ങി. വീടുകൾ തേടി വിദ്യാർത്ഥികൾ അനേകം മൈലുകൾ സഞ്ചരിക്കുന്ന കഥകൾ യൂണിവേഴ്സിറ്റികളിൽ അങ്ങാടി പാട്ടായി. റിപ്പോർട്ടുകൾ മാധ്യമങ്ങളിലും യൂണിവേഴ്സിറ്റി അധികൃതർ വഴി സർക്കാർ വകുപ്പുകളുടെ തലപ്പത്തും എത്തി.
ആളെണ്ണം കൂടിയപ്പോൾ സ്വാഭാവികമായും ഉണ്ടാകാവുന്ന സാമൂഹ്യ പ്രത്യാഘാതങ്ങളും കൂട്ടിനു എത്തിയപ്പോൾ സ്നേഹത്തോടെ കൈകൊടുക്കാൻ വന്നവർ തന്നെ തിരിഞ്ഞു നിന്നും തുടങ്ങി. പഠന ചെലവിന്റെ വലിയൊരു ഭാഗം താമസത്തിനു വേണ്ടി വരും എന്നായപ്പോൾ കിടപ്പുമുറികളിൽ പോലും ആൾപെരുപ്പം എന്നതായി അവസ്ഥ. രണ്ടോ മൂന്നോ പേർക്ക് ഉള്ള ഇടത്തിലേക്ക് ഏഴും എട്ടും പേര് ഇടിച്ചു കയറിയപ്പോൾ സ്വകാര്യത പോലും ഇല്ലാത്ത വിധം കുടിയേറ്റ ചെറുപ്പക്കാരുടെ ജീവിതം അസഹ്യതകൾ നിറയുകയായി. ആട് ജീവിതത്തിന്റെ മറ്റൊരു വേർഷൻ പലയിടത്തു നിന്നും റിപ്പോർട്ട് ചെയ്തു തുടങ്ങി.
അനധികൃതമായി ജോലി ചെയ്യാതെ, ശീലമില്ലാത്ത പട്ടിണിയിൽ നിന്നും രക്ഷപ്പെടുക അസാധ്യമായി. നിർഭാഗ്യം ചെയ്തവർ പൊലീസ് പിടിയിലായി, നേരെ അടുത്ത വിമാനത്തിൽ നാട്ടിൽ ചെന്നിറങ്ങേണ്ട അവസ്ഥയായി. കുറ്റം മുഴുവൻ അവന്റെയും അവളുടെയും തലയിലും ചാർത്തി നാട്ടുകാരും വേണ്ടപ്പെട്ടവരും കൈ കഴുകി കാഴ്ചക്കാരായി. സർക്കാരിന് ശ്രദ്ധിക്കാൻ ഇതത്ര വലിയ വിഷയവും അല്ലാതായി. പല ഏജൻസികളിലും രാഷ്ട്രീയ ഉദ്യോഗസ്ഥ ബിനാമി നിക്ഷേപം എന്ന ആരോപണം എത്തിയപ്പോഴും കിട്ടാവുന്നത്ര പോരട്ടെ എന്ന നിലപാടിൽ സ്വകാര്യ ഏജൻസികൾക്ക് ഒരു നിയന്ത്രണവും വേണമെന്ന് ചിന്തിക്കാൻ സർക്കാരിന് തോന്നിയില്ല.
ഈ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് മുന്നിൽ വന്നു നിൽക്കവേ ഏഴു ലക്ഷം വിദേശികൾ ഒരൊറ്റ വർഷം നാട്ടിലെത്തി എന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് ബ്രിട്ടീഷ് മാധ്യമങ്ങളുടെ തലകെട്ടായി പിറന്നത്. പിന്നെല്ലാം വേഗത്തിൽ ആയിരുന്നു. സ്റ്റുഡന്റ് വിസയിൽ വരുന്നവർക്ക് കൂടെ ആശ്രിതരായി ഭർത്താവിനെയോ ഭാര്യയെയോ കൊണ്ട് വരാൻ സാധിക്കില്ല എന്ന പ്രഖ്യാപനം എത്തി. ഇതോടെ കുടുംബമായി എത്തി ചുവടുറപ്പിക്കാൻ പറ്റില്ല എന്ന് വ്യക്തമായപ്പോൾ തന്നെ നാട്ടിലെ തിരക്കിന് ശമനമായി. ഇതിനൊപ്പം പഠന ശേഷം രണ്ടു വർഷം നിന്നും എന്തെങ്കിലും പണിയെടുത്തു കടം വീട്ടാൻ സഹായിക്കുമായിരുന്ന പോസ്റ്റ് സ്റ്റഡി വിസ കൂടി ഇല്ലാതാവുകയാണ് എന്ന പ്രചാരണം ശക്തമായി. അതോടെ കടം മേടിച്ചെത്തി അതിലും വലിയ കടവുമായി മടങ്ങണം എന്നതായി അവസ്ഥ. ദിവസവും വിദേശ വാർത്തകൾ വായിക്കുന്ന മലയാളി കുടുംബങ്ങൾക്ക് വേഗം അപകടം മനസ്സിൽ കത്തി. ബ്രിട്ടീഷ് സർക്കാർ ഇക്കാര്യത്തിൽ തീരുമാനം പറയാൻ ഈ വർഷം ഡിസംബർ വരെ അവധി എടുത്തിരിക്കുക ആണെങ്കിലും ഈ നിയന്ത്രണം വരും എന്ന് തന്നെ ഉറപ്പിക്കുകയാണ് ബഹുഭൂരിഭാഗം മലയാളികളും.
ഇതിന്റെ പ്രതിഫലനമാണ് ഇത്തവണത്തെ യൂണിവേഴ്സിറ്റി അഡ്മിഷനിൽ തെളിഞ്ഞ ഇന്ത്യയിലെയും നൈജീരിയയിലെയും കുത്തനെയുള്ള ഇടിവ്. ഈ രണ്ടു രാജ്യങ്ങളിലും നിന്നാണ് ബ്രിട്ടനിലേക്ക് വിദ്യാർത്ഥി കയറ്റുമതി പ്രധാനമായും നടന്നത്. യൂണിവേഴ്സിറ്റീസ് ആൻഡ് കോളേജ് അഡ്മിഷൻ സർവീസ് എന്ന യൂകാസ് കണക്കുകൾ പ്രകാരം ഈ വർഷം ഇന്ത്യയിൽ നിന്നും യുകെ വിസ നേടിയത് വെറും 8770 പേരാണ്. നൈജീരിയയിൽ നിന്നും എത്തിയത് വെറും 1570 പേരും.
കഴിഞ്ഞ വർഷം ഈ സമയത്തി ഈ രാജ്യങ്ങളിൽ നിന്നും എത്തിയവരുടെ എണ്ണം ഇതിന്റെ പല മടങ്ങു ആയിരുന്നു. സമൂഹത്തിന്റെ ഉന്നത ്രേശണിയിൽ നിൽക്കുന്ന, ലക്ഷക്കണക്കിന് രൂപ വാരിവിതറാൻ ആവശ്യത്തിന് ഏറെ കയ്യിൽ ഉള്ളവരാകും ഈ കണക്കിലെ നല്ല പങ്കും എന്നും സാമാന്യ ചിന്തയിൽ ഊഹിക്കാം. വിദേശ പഠനം സോഷ്യൽ സ്റ്റാറ്റസ് ആയി കരുതുന്നവർക്കും വിദേശ രാജ്യങ്ങളിലേക്ക് കുടിയേണം എന്ന ചിന്ത ഇല്ലാത്തവരും ആയിരിക്കും ഇപ്പോൾ എത്തുന്ന വിദ്യാർത്ഥികളിലെ നല്ല പങ്കും എന്ന് ഊഹിക്കപ്പെടുകയാണ്.
അല്ലാത്ത വിദ്യാർത്ഥികൾ നഴ്സിങ് അടക്കം യുകെയിൽ പഠിച്ചാൽ ജോലി ലഭിക്കും എന്നുറപ്പുള്ള മെഡിക്കൽ ഫീൽഡിലെ കോഴ്സുകൾ മാത്രമാണ് തിരഞ്ഞെടുക്കുന്നത്. അതാകുമ്പോൾ പഠിച്ചു കഴിഞ്ഞ ഉടനെ ജോലി എന്നത് ഉറപ്പുള്ള കാര്യവും ആയതിനാൽ രാജ്യത്തിനും പ്രയോജനമുണ്ട് എന്ന നിലപാട് ആണ് യുകാസ് പങ്കുവയ്ക്കുന്നതും. മെച്വർ ആയ വിദ്യാർത്ഥികളാണ് ഇപ്പോൾ എത്തുന്നത് എന്ന യുകാസ് സിഇഒ ജോ സാക്സ്റ്റന്റെ വാക്കുകൾ തന്നെ ഇതിനു തെളിവായി മാറുകയാണ്. വിദ്യാർത്ഥി വിസ പല രാജ്യങ്ങളും ദുരുപയോഗം ചെയ്തു എന്ന റിപ്പോർട്ടും സർക്കാരിന് മുന്നിൽ എത്തിയതും യൂണിവേഴ്സിറ്റികളിൽ നിന്നും തന്നെയാണ്. ഇതിനൊക്കെ കൃത്യമായ കണക്കുകളും രേഖകളും ഹോം ഓഫിസ് കൃത്യമായി പുറത്തു വിടുകയും ചെയ്തിട്ടുണ്ട്.