ലണ്ടൻ: കഴിഞ്ഞ വർഷം ജൂൺ 11നു വായനക്കാർക്ക് ഞെട്ടൽ നൽകിയ വാർത്തയുമായാണ് ബ്രിട്ടീഷ് മലയാളി പുറത്തു വന്നത്. യുകെയിൽ കെയർ വിസയുടെ പേരിൽ തട്ടിപ്പ് തുടർക്കഥയാവുകയും വിസ തട്ടിപ്പിന് മനുഷ്യക്കടത്തിന്റെയും റിക്രൂട്ടിങ് മാഫിയയുടെയും രൂപം കൈവന്നതും തുടർച്ചയായി റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്ന അവസരത്തിലാണ് മാഞ്ചസ്റ്റർ എയർപോർട്ടിൽ എത്തിയ മലയാളി മധ്യവയസ്‌ക നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. ഇപ്‌സ്വിച്ചിലെ കെയർ ഹോമിൽ ജോലി ചെയ്തിരുന്ന സ്ത്രീക്ക് ജോലി നഷ്ടമായ സാഹചര്യത്തിൽ തന്നെ എത്തിച്ച സ്റ്റോക് ഓൺ ട്രെന്റിന് അടുത്തുള്ള ക്രൂവിലെ ഏജന്റിനെ പോയി കണ്ട യുവതിക്ക് നാട്ടിലേക്ക് മടങ്ങാൻ ഉള്ള നിർദ്ദേശമാണ് ഏജന്റ് നൽകിയത്.

യാത്ര തിരിക്കും മുൻപേ 18 ലക്ഷം രൂപയും നൽകാം എന്നതായിരുന്നു വാക്കാലുള്ള കരാർ. എന്നാൽ വിമാനത്താവളത്തിൽ എത്തിയിട്ടും പണം കിട്ടാതായ സ്ത്രീ അവിടെ വച്ച് ബഹളമുണ്ടാക്കി പണം കിട്ടാതെ താൻ മടങ്ങില്ല എന്ന് പറഞ്ഞതോടെ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ഈ ഘട്ടത്തിൽ ബ്രിട്ടീഷ് മലയാളിക്കു വിവരം ലഭിക്കുകയും ലോക കേരള സഭാംഗം ദിലീപ് കുമാറും ഹോം ഓഫീസിനു വേണ്ടി വളണ്ടിയർ ആയി സേവനം ചെയ്യുന്ന ബാസിൽഡണിലെ യുവ തലമുറയിൽ പെട്ട മലയാളി യുവതിയും ചേർന്ന് നടത്തിയ നീക്കങ്ങളുടെ ഭാഗമായി മണിക്കൂറുകൾക്കൊടുവിൽ സ്ത്രീക്ക് ലഭിക്കാൻ ഉണ്ടായ 18 ലക്ഷം രൂപയും മടക്കി കിട്ടുക ആയിരുന്നു.

സ്ത്രീ ജോലി ചെയ്തിരുന്ന കെയർ ഹോമിന്റെ ഉടമയെ ബന്ധപ്പെട്ടു സ്ഥാപനത്തിൽ ഹോം ഓഫിസ് ഉദ്യോഗസ്ഥർ എത്തും എന്ന് വ്യക്തമായി ധരിപ്പിച്ചപ്പോളാണ് താൻ അറിയാതെ ഏജന്റ് വാങ്ങി എന്ന് കെയർ ഹോം ഉടമ പറഞ്ഞ പണം മടക്കി കിട്ടിയത്. തുടർന്ന് ഈ സംഭവത്തിന് അവകാശവാദക്കാർ അനേകം വന്നെങ്കിലും നഷ്ടമായ പണം മടക്കി കിട്ടിയ സ്ത്രീക്ക് യുകെയിൽ വീണ്ടും തങ്ങാൻ താൽപര്യം ഉണ്ടായിരുന്നതുകൊണ്ടാണ് അവരുടെ തുടർ ജീവിതത്തിനു തടസം ഉണ്ടാകരുത് എന്ന ചിന്തയിലാണ് ആ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തു വിടാതിരുന്നത്.

വിമാനത്താവള ജോലിക്കാരി കെയർ വിസയിൽ വന്നപ്പോൾ സംഭവിച്ചത്

ഇപ്പോൾ ഈ സംഭവത്തിലെ മുഴുവൻ കാര്യങ്ങളും ഒരിക്കൽ കൂടി ആവർത്തിച്ചിരിക്കുകയാണ്. സ്ഥലവും കഥാപാത്രങ്ങളും മാത്രം മാറിയെന്നു മാത്രം. (ഈ സംഭവത്തിലെ ഇരയുടെയും വേട്ടക്കാരന്റെയും പേരുകൾ മറച്ചു വയ്ക്കുന്നത് ബ്രിട്ടീഷ് മലയാളി ഇടപെടലിലൂടെ പണം മടക്കി നൽകി ഇരയുടെ പരാതിക്ക് പരിഹാരം ഉണ്ടായതു കൊണ്ട് മാത്രമാണ്. ഇരയായ തൃശൂർക്കാരി യുവതിക്കും പണം മടക്കി ലഭിച്ചിരിക്കുകയാണ്.

കഴിഞ്ഞ വർഷം 18 ലക്ഷം രൂപ മടക്കി കിട്ടിയ വാർത്ത ഓർമ്മയിൽ വന്നതുകൊണ്ടാണ് യുവതിയോട് പ്രദേശവാസിയയായ മലയാളി വ്യക്തമാക്കിയത് അനുസരിച്ചാണ് ഇടപെടലുകൾ നടത്തിയത്. ഡോമിസിലറി കെയർ ജോലിക്കെത്തിയ യുവതിക്ക് മൊബൈൽ ആപ് വഴി കണ്ടെത്തേണ്ട ജോലി സ്ഥലം ആപ് പണിമുടക്കിയത് മൂലം കണ്ടെത്താനാകാതെ പോയതോടെ കലിപൂണ്ട കെയർ ഏജൻസി ഉടമ ജോലിയിൽ നിന്നും പിരിച്ചു വിടുക ആയിരുന്നു. ഇക്കഴിഞ്ഞ ജനുവരി 13 ആണ് താൻ യുകെയിൽ കാലുകുത്തിയതെന്നും യുവതി പറയുന്നു.

ഇതിനിടയിൽ ആകെ മൂന്നു ദിവസം മാത്രമാണ് ജോലി ചെയ്തത്. അതിന്റെ കൂലിയായി മുന്നൂറു പൗണ്ടോളം ലഭിക്കുകയും ചെയ്തു. എന്നാൽ ചെന്നൈ വിമാനത്താവളത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്ന യുവതി ഐഇഎൽടിഎസ് സെന്ററിൽ കോച്ചിങ്ങിനു പോയ സമയത്താണ് യുകെ ജോലിയെക്കുറിച്ചു അറിയുന്നതും ഗ്ലാസ്ഗോയിൽ ഓഫിസുള്ള സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവിനെ പരിചയപ്പെടുന്നതും.

തുടർന്ന് യുവാവ് ആവശ്യപ്പെട്ടത് അനുസരിച്ച് എട്ടു ലക്ഷം രൂപ അയാൾ പറഞ്ഞ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയുമായിരുന്നു. ജോലിയെ കുറിച്ച് എവിടെയും തൊടാതെ നൽകിയ വിവരണമാണ് യുവതിയെ യുകെ മോഹത്തിലേക്ക് വലിച്ചടുപ്പിച്ചത്. എന്നാൽ യുകെയിൽ എത്തിയത് മുതൽ തനിക്ക് ഈ ജോലിയിൽ തുടരാനാകില്ല എന്ന് യുവതിക്ക് ബോധ്യപ്പെടുക ആയിരുന്നു. ആരോഗ്യ രംഗവുമായി ഒരു പരിചയവും ഇല്ലാത്ത യുവതി ഇപ്പോൾ കേരളത്തിൽ നിലനിൽക്കുന്ന ട്രെന്റിന് ഒപ്പം ഒഴുകിയാണ് യുകെയിൽ എത്തിയത്.

യുകെയെ കുറിച്ച് കേട്ടത് മോഹിപ്പിക്കുന്ന കാര്യങ്ങൾ, കണ്ടത് നരക തുല്യ ജീവിതം

സാമാന്യം തരക്കേടില്ലാത്ത ജോലിയും സാമ്പത്തിക ഭദ്രത ഉള്ള ഇടത്തരം കുടുംബത്തിൽ നിന്നും എത്തിയ യുവതിക്ക് യുകെയിലെ ജോലി നഷ്ടമായതോടെ എങ്ങനെയും നാട്ടിൽ മടങ്ങി എത്തിയാൽ മതിയെന്ന അവസ്ഥയായി. എന്നാൽ യുകെയിൽ എത്താൻ കടം വാങ്ങിയ എട്ടുലക്ഷം രൂപ ഇല്ലാതെ ചെന്നാൽ ആത്മഹത്യ ചെയ്യുകയാണ് ഏക വഴിയെന്ന് കരച്ചിലോടെയാണ് ഇവർ ഇമെയിൽ ചെയ്തത്.

തുടർന്ന് ഇവരുമായി ബന്ധപ്പെട്ടപ്പോൾ പറയുന്ന കാര്യങ്ങൾ വാസ്തവം ആണെന്നും പണം നാട്ടിൽ വച്ച് മടക്കി നൽകാമെന്ന് യുവാവ് പറയുന്നത് കബളിപ്പിക്കൽ തന്ത്രം മാത്രം ആണെന്ന് ബോധ്യപ്പെടുകയും ആയിരുന്നു. ഇതേത്തുടർന്നാണ് പണം വാങ്ങി ജോലി നൽകി എന്ന കുറ്റത്തിന് തൊഴിൽ സ്ഥാപനത്തിന് എതിരെ നിയമ നടപടി സ്വീകരിക്കാൻ അഡ്വക്കേറ്റിന്റെ സഹായം തേടിയത്.

ഇതിനിടയിൽ യുവാവുമായി സംസാരിക്കേണ്ടി വന്ന ഘട്ടത്തിൽ ഈ ഇടപാടിന് യുകെയിലെ സാമൂഹ്യ രംഗത്തുള്ള ഒരു പ്രമുഖന്റെ പേരും കടന്നു വന്നിട്ടുണ്ട്. തനിക്ക് വേണ്ടി ഈ പ്രമുഖൻ ചില സഹായങ്ങൾ ചെയ്യുകയും അതിനു ഫീസെന്ന പേരിൽ തന്നെ പണം നൽകിയിട്ടുണ്ടെന്നും യുവാവ് സൂചിപ്പിച്ചതു വിസ തട്ടിപ്പിൽ ഇതുവരെ പൊതുസമൂഹത്തിൽ നിന്നും എന്തുകൊണ്ട് പ്രതികരണം ഉണ്ടായില്ല എന്ന സംശയം കൂടി മാറികിട്ടാൻ കാരണമായിരിക്കുകയാണ്. തുടക്കത്തിൽ വെല്ലുവിളിക്ക് തയ്യാറായ യുവാവ് പണം മടക്കി നൽകിയില്ലെങ്കിൽ താൻ കൂടി ജോലി ചെയ്യുന്ന കെയർ സ്ഥാപനം പൂട്ടിപ്പോകും എന്ന് തിരിച്ചറിഞ്ഞാണ് ഇപ്പോൾ അഞ്ചേമുക്കാൽ ലക്ഷം രൂപ മടക്കി നൽകിയത്.

മുഴുവൻ തുകയും ആവശ്യപ്പെട്ട യുവതിയോട് ഒന്നേകാൽ ലക്ഷം രൂപ സോളിസിറ്റർക്ക് നൽകി എന്നാണ് യുവാവ് അറിയിച്ചത്. കൂടാതെ വിസയ്ക്ക് വേണ്ടി വന്ന പണവും അടക്കമുള്ള ചെലവ് യുവതി വഹിക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ജോലി ഇല്ലാതെ അധിക നാൾ യുകെയിൽ നിന്നു പോരാടാൻ ഉള്ള പ്രയാസവും നാട്ടിൽ മടങ്ങി എത്തിയാൽ ഒരു പണവും ലഭിക്കാൻ സാധ്യത ഇല്ലെന്ന വിവരവും യുവതിയെ ബോധ്യപ്പെടുത്തിയതോടെ മനസില്ല മനസോടെ കിട്ടിയ പണം വാങ്ങാൻ യുവതി തയ്യാറാവുക ആയിരുന്നു. തന്റെ കൈയിൽ നിന്നും ഒരു പൗണ്ട് പോലും നൽകേണ്ടി വരില്ലെന്ന് മനസിലാക്കിയ യുവാവ് കയ്യോടെ പണം യുവതിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിരിക്കുകയുമാണ്.

ഏതായാലും കണ്ണീരോടെ യുകെ മോഹം ഉപേക്ഷിച്ചു മടങ്ങാൻ തയ്യാറായ യുവതിക്കാണ് ആശ്വാസത്തോടെ ഇപ്പോൾ നാട്ടിൽ മടങ്ങി എത്താൻ സാധിക്കുന്നത്. നാട്ടിൽ എത്തിയാൽ തനിക്ക് സാധിക്കുന്നത് പോലെ യുകെ വിസ ലോബിക്ക് എതിരെ പ്രവർത്തിക്കും എന്ന് യുവതി വാക്ക് നൽകുന്നു. ഒരാൾക്കെങ്കിലും യുകെയിൽ വരാനുള്ള ആഗ്രഹത്തിന് തടയിടാൻ കഴിഞ്ഞാൽ അത്രയും നല്ലതെന്ന ചിന്തയിലാണ് യുവതി മടക്ക യാത്രയ്ക്ക് തയ്യാറാകുന്നത്. കഴിവതും ഒന്നോ രണ്ടോ ദിവസത്തിനകം കുറഞ്ഞ നിരക്കിൽ ടിക്കറ്റു ലഭിച്ചാൽ യുകെയോട് വിടപറയാൻ തയ്യാറാവുകയാണ് 31 കാരിയായ ഈ യുവതി.

താൻ അകപ്പെട്ട ഊരാക്കുടുക്കിൽ ദൈവദൂതരെ പോലെ സഹായിക്കാൻ എത്തിയ സ്‌കോട്ലൻഡിലെ മലയാളി കുടുംബം, ലോക കേരള സഭാംഗം ദിലീപ് കുമാർ എന്നിവർക്ക് ഹൃദയത്തിൽ ചേർത്ത പ്രാർത്ഥനകൾക്കൊപ്പം നന്ദി കൂടി അറിയിച്ചാണ് യുവതി ഇപ്പോൾ മടക്ക യാത്രയ്ക്ക് ഒരുങ്ങുന്നത്. തന്റെ പേരും ചിത്രവും വാർത്തയിൽ ഉപയോഗിക്കുന്നതിനു തടസം ഇല്ലെന്നു യുവതി അറിയിച്ചെങ്കിലും യുവാവ് വഴി എത്തിയവരെല്ലാം ഇപ്പോൾ പണം ചോദിച്ചു എത്തുന്ന സാഹചര്യത്തിൽ ആ സ്ഥാപനം പൂട്ടാൻ മാത്രമേ അത് വഴി ഒരുക്കൂ എന്നതിനാലാണ് ഇവരുടെ വിശദാംശങ്ങൾ പുറത്തു വിടാത്തത്.

നിലവിൽ എത്തിയവർക്കെല്ലാം കൃത്യമായി ജോലിയും ശമ്പളവും ഉണ്ടെന്നു യുവാവ് പറയുന്നതും സ്ഥാപനത്തിന്റെ പേര് പുറത്തു വിടാതിരിക്കാനുള്ള പ്രധാന കാരണമാണ്. ഈ സംഭവത്തിൽ യുവാവ് പറയുന്ന കാര്യങ്ങൾ തിരക്കാൻ ബ്രിട്ടീഷുകാരനായ ഏജൻസി ഉടമയെ ബന്ധപ്പെട്ടപ്പോൾ തന്റെ സ്ഥാപനത്തിലേക്ക് ഒരാളെ പോലും കാശു വാങ്ങി നിയമിച്ചിട്ടില്ല എന്നാണ് അയാൾ വെളിപ്പെടുത്തിയത്. അതിനർത്ഥം ഉദ്യോഗാർത്ഥികൾ നൽകിയ പണം എല്ലാം യുവാവ് ഒറ്റയ്ക്കു കൈക്കലാക്കുക ആയിരുന്നു എന്ന് തന്നെയാണ്.

പണം നൽകി യുകെയിൽ എത്തിയവർ ജോലി നഷ്ടമാകുന്ന സാഹചര്യത്തിൽ മൗനത്തിന്റെയും ഭയത്തിന്റെയും മൂടുപടം അണിഞ്ഞിരുന്നാൽ ധനനഷ്ടവും മാന നഷ്ടവും മാത്രമാകും സംഭവിക്കുക എന്നതാണ് തൃശൂർക്കാരിയായ യുവതിയുടെ അനുഭവം ബോധ്യപ്പെടുത്തുന്നതും. ദിവസവും ഒരു ഡസൻ പരാതികൾ എങ്കിലും വിസ കച്ചവടത്തെ കുറിച്ച് എത്തുന്നുണ്ടെങ്കിലും പരാതിയുമായി മുന്നോട്ടു പോകാൻ തയ്യാറാകാത്ത ഇരവാദക്കാരുടെ കാര്യത്തിൽ ഇടപെടാൻ ബ്രിട്ടീഷ് മലയാളിക്കും പരിമിതികളുണ്ട്.

സ്‌കോട്ലൻഡിലെ തൃശൂർകാരിയായ യുവതി പൊലീസിൽ പരാതിപ്പെടാനും ഹോം ഓഫിസിൽ നേരിട്ട് കീഴടങ്ങാനും വരെ തയ്യാറാണ് എന്നറിയിച്ചതു കൊണ്ട് മാത്രമാണ് യുവാവിനെ ബന്ധപ്പെട്ടു കാര്യങ്ങൾ വഷളാക്കാതെ യുവതിയെ നാട്ടിൽ എത്തിക്കാൻ സഹായിക്കാൻ പ്രേരിപ്പിച്ചതും. പൊലീസിൽ പോയതുകൊണ്ട് കേരളത്തിൽ കൈമാറിയ പണം തിരികെ കിട്ടുക എന്നത് അത്ര വേഗത്തിൽ സംഭവിക്കുന്ന കാര്യം അല്ലെന്നു വ്യക്തമായതിനാൽ പരാതി സൃഷ്ടിക്കാൻ അവസരം നൽകരുതെന്ന നിയമ ഉപദേശം സ്വീകരിക്കാൻ അയാൾ തയ്യാറായതും ഈ സംഭവത്തിൽ വേഗത്തിൽ പരിസമാപ്തി സൃഷ്ടിച്ച പ്രധാന ഘടകമാണ്.