- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയിൽ റെയ്ഡുകൾ തുടരാൻ ഹോം ഓഫിസ്
ലണ്ടൻ: മിനിമം കൂലി പോലും നൽകാത്ത മലയാളി നഴ്‌സിങ് ഏജൻസികൾ സ്റ്റുഡന്റ് വിസയിൽ എത്തിയ വിദ്യർത്ഥികളെ അടിമപ്പണി ചെയ്യിച്ച ക്രൂരത പലവട്ടം ബ്രിട്ടീഷ് മലയാളി റിപ്പോർട്ട് ചെയ്തതാണ്. നോർത്ത് വെയ്ൽസിൽ ഇത്തരത്തിൽ അഞ്ചു മലയാളികൾ ചേർന്ന് നടത്തിയ നഴ്‌സിങ് ഏജൻസി ജോലിക്കിടയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തെ തുടർന്നാണ് ഇപ്പോൾ കുടിയേറ്റ വിഷയം രാജ്യ വ്യാപകമായ ചർച്ചയായി വരുന്നത്തിലേക്കു നയിച്ചതും. എന്തിനേറെ അനാവശ്യമായി വിദ്യാർത്ഥി വിസക്കാരെ ആകർഷിച്ചത് പോലും യുകെയിൽ എത്തിയാൽ ഉടൻ ജോലിയാണ് എന്ന പ്രചാരണമാണ്. അത് സാധിച്ചെടുത്തതു ആകട്ടെ കുറഞ്ഞ കൂലി നൽകി ജോലി ചെയ്യിച്ചു തടിച്ചു കൊഴുത്ത നഴ്‌സിങ് ഏജൻസികളെ പോലെയുള്ള ആർത്തിക്കാരും.
തുടർന്ന് അനധികൃത തൊഴിൽ കണ്ടെത്താൻ ഏറ്റവും പ്രയാസം കുറഞ്ഞ മേഖലയായി മാറിയത് റെസ്റ്റോറന്റുകളും ഹോട്ടലുകളുമാണ്. പേരെടുത്ത സ്ഥാപനങ്ങൾ അനധികൃത ജോലിക്ക് ആളെ എടുക്കില്ലെങ്കിലും ഒറ്റപ്പെട്ട റെസ്റ്റോറന്റുകളും മറ്റും അടുക്കള ജോലിക്കും മറ്റും നിയമപരമായി ജോലി ചെയ്യാൻ അർഹത ഇല്ലാത്ത തൊഴിലാളികളെയാണ് മിക്കപ്പോഴും കണ്ടെത്തുന്നത്. ഇത്തരം ജോലിക്കാരെ പിടികൂടിയാൽ ഉടമകൾക്ക് അഞ്ചു വർഷം തടവും ഓരോ ജോലിക്കാരന്റെയും പേരിൽ 60,000 പൗണ്ട് കനത്ത പിഴയും സർക്കാർ ശിക്ഷ ഉറപ്പാക്കിയിട്ടും ഇപ്പോഴും അനധികൃത ജോലികൾ യുകെയിൽ നിർബാധം തുടരുകയാണ്.
എന്നാൽ സർക്കാരിന്റെ ശക്തമായ നിയമങ്ങളെ അവഗണിച്ചു അനധികൃത ജോലിക്കാരെ ശമ്പളം നൽകാതെ പകരം ഭക്ഷണം മാത്രം നൽകിയ തൊഴിൽ പീഡനമാണ് ഇപ്പോൾ നോർഫോക്കിൽ നിന്നും പുറത്ത് വരുന്നത്. ദി രാജ് എന്ന പേരിൽ പ്രദേശത്തെ അറിയപ്പെടുന്ന റെസ്റ്റോറന്റിൽ ഹോം ഓഫിസ് നടത്തിയ റെയ്ഡിലാണ് ഇപ്പോൾ ക്രൂരമായ തൊഴിൽ പീഡനം പുറത്തു വന്നത്. ഇപ്പോൾ കടുത്ത തൊഴിൽ നിയമ ലംഘനം കണ്ടെത്തിയതോടെ പിഴ ശിക്ഷ നൽകുന്നതിന് പകരം സ്ഥാപനം തന്നെ അടച്ചു പൂട്ടാൻ ഉത്തരവിട്ടിരിക്കുകയാണ്.
സർക്കാർ കുടിയേറ്റം നിയന്ത്രിക്കാൻ ശക്തമായ ശ്രമങ്ങൾ നടത്തുമ്പോൾ അതിനെതിരെ നീങ്ങുന്നവർക്കു കിട്ടുന്ന താക്കീത് കൂടിയാണ് ഹോം ഓഫിസിന്റെ തീരുമാനം. യുകെയിൽ കേട്ട് കേൾവി ഇല്ലാത്ത വിധത്തിൽ തൊഴിൽ പീഡനം നടക്കുന്നു എന്ന് വ്യക്തമായതോടെ രാജ്യമെങ്ങും വരും ദിവസങ്ങളിൽ ശക്തമായ റെയ്ഡ് നടത്താൻ തന്നെയാണ് ഹോം ഓഫിസിന്റെ തീരുമാനവും.
രാജ് ഓൺ ബ്രിഡ്ജ് എന്ന സ്ഥാപനത്തിൽ തൊഴിൽ പീഡനം നടക്കുന്നു എന്ന കാരണത്താൽ രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഹോം ഓഫിസ് റെയ്ഡ് നടത്തുന്നത്. തുടർന്ന് ഹോം ഓഫിസിന്റെ ഇന്റലിജൻസ് വിഭാഗം രഹസ്യമായി ഹോട്ടലിന്റെ പ്രവർത്തനം നിരീക്ഷിക്കുക ആയിരുന്നു. രഹസ്യ വിവരം ശരിയായിരുന്നുവെന്ന് ബോധ്യപ്പെട്ട ശേഷമാണു റെയ്ഡ് നടന്നത്. ആകെയുള്ള നാലു ജീവനക്കാരിൽ രണ്ടു പേരും അവിടെ അനധികൃത ജോലിക്കാർ ആണെന്ന് കണ്ടെത്തിയതിനു ശേഷമാണു സ്ഥാപനത്തെ അടച്ചു പൂട്ടിക്കുന്നതിലേക്കുള്ള ശക്തമായ നടപടികളിലേക്ക് ഹോം ഓഫീസ് എത്തുന്നത്.
പ്രാദേശിക കൗൺസിലുമായി ബന്ധപ്പെട്ട ശേഷം സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കാൻ ഉള്ള നീക്കമാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്. നിയമം പാലിക്കുന്നതിൽ സ്ഥാപന നടത്തിപ്പുകാർ അശേഷം പരാജയമായി എന്ന താക്കീതാണ് ഇപ്പോൾ കൗൺസിൽ നടപടികളെ തുടർന്ന് പുറത്തു വന്നിരിക്കുന്നതും. മുഹമ്മദ് ഉദ്യൻ എന്ന മാനേജർ സ്ഥാപനത്തിൽ ജോലിക്കാരെ വയ്ക്കുന്നതിൽ കൃത്യമായ മാർഗരേഖകൾ പരിശോധിച്ചില്ല എന്ന് അന്വേഷ്ണ ഉദ്യോഗസ്ഥർക്ക് മുന്നിൽ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. എന്നാൽ ശമ്പളം നൽകാതെ ഭക്ഷണം മാത്രം നൽകിയത് എന്തിനെന്ന ചോദ്യത്തിന് ഇയാൾക്ക് ഉത്തരം ഉണ്ടായിരുന്നതുമില്ല.
ഇതേത്തുടർന്നാണ് സ്ഥാപനത്തിൽ നടന്നത് മനുഷ്യക്കടത്തു ആണെന്നും ഹോം ഓഫിസ് വിലയിരുത്തിയത്. എന്നാൽ ഹോം ഓഫിസ് അറസ്റ്റ് ചെയ്തത് തന്റെ ജീവനക്കാരെ അല്ലെന്നും അവർ സ്ഥാപനം വൃത്തിയാക്കാൻ ഒന്നോ രണ്ടോ മണിക്കൂർ നേരത്തേക്ക് എത്തുന്ന തൊഴിലാളികൾ ആയിരുന്നു എന്നും മുഹമ്മദ് വാദിച്ചു. ഹോം ഓഫിസ് തെറ്റായ ആളുകളെയാണ് തന്റെ സ്ഥാപനത്തിൽ നിന്നും റെയ്ഡ് ചെയ്തു പിടിച്ചത് എന്നും അയാൾ വാദിച്ചെങ്കിലും അതൊന്നും ഉദ്യോഗസ്ഥർ മുഖവിലയ്ക്ക് എടുത്തില്ല.
അതേസമയം കോവിഡിന് ശേഷമുള്ള ജീവിതത്തിലേക്ക് അനേകം റെസ്റ്റോറന്റുകൾ ഉൾപ്പെടയുള്ള ബിസിനസുകൾ സജീവമാകുന്ന കാലമാണിപ്പോൾ. കുടിയേറ്റക്കാരുടെ ബിസിനസ് കൂടി ലക്ഷ്യം വച്ച് റെസ്റ്റോറന്റ് ബിസിനസ് വ്യാപകമാകുന്ന സാഹചര്യത്തിൽ ലാഭം കണ്ടെത്താൻ ദി രാജ് റെസ്റ്റോറന്റ് നടത്തിപ്പിച്ചുകാർ സ്വീകരിച്ചത് പോലെയുള്ള മാർഗങ്ങൾ അനേക കാലത്തെ കഠിനാധ്വാനം വേണ്ടി വരുന്ന സ്ഥാപനത്തെ തന്നെ ഇല്ലാതാക്കി കളയും എന്ന മുന്നറിയിപ്പാണ് ബിസിനസ് ലോകത്തിനും അനധികൃത തൊഴിൽ പ്രോത്സാഹനം നൽകുന്ന സ്ഥാപന ഉടമകൾക്കും നൽകുന്നതും.