ലണ്ടൻ: പ്ലസ് ടു പരീക്ഷയിൽ 90 ശതമാനം മാർക്കിലേറെ നേടി എഞ്ചിനീയറിങ്ങിന് ശ്രമിക്കാതെ നഴ്‌സിങ് പഠനം തിരഞ്ഞെടുക്കുന്നവരാണ് ഇപ്പോൾ മലയാളി കൗമാരക്കാർ. കേരളത്തിന് പുറത്തു പോയി പഠിക്കാൻ ത്രാണി ഇല്ലെങ്കിൽ പോലും വീട് പണയം വച്ചും 15 മുതൽ 20 ലക്ഷം വരെ സ്വകാര്യ നഴ്‌സിങ് കോളേജുകൾക്ക് ഫീസ് കൊടുക്കുന്നതിൽ ഒരൊറ്റ ലക്ഷ്യമേയുള്ളൂ. പഠനം പൂർത്തിയാക്കി എങ്ങനെയും യുകെയിലോ വിദേശ രാജ്യങ്ങളിലോ എത്തുക. എല്ലാ വിദേശ രാജ്യങ്ങളും നഴ്‌സുമാരെ കൈനീട്ടി സ്വീകരിക്കാൻ കാത്തിരിക്കുക ആണെങ്കിലും മലയാളി കൗമാരക്കാരുടെ ഒന്നാം നമ്പർ ലിസ്റ്റിൽ ഉള്ളത് യുകെയാണ്.

അനേകായിരം യുകെ മലയാളികൾ കേരളത്തിൽ നിന്നും എത്തി സ്വസ്ഥ ജീവിതം നയിക്കുന്ന നാടിനെ പറ്റിയുള്ള കേട്ടറിവ് മാത്രമല്ല, തൊഴിൽ മേഖലയിൽ ഏറ്റവും വേഗത്തിൽ ഉയരത്തിൽ എത്താൻ സ്വദേശി എന്നോ വിദേശി എന്നോ ഉള്ള പരിഗണന നോക്കാതെ പിന്തുണ നൽകുന്ന രാജ്യം കൂടിയാണ് ബ്രിട്ടൻ. പുതുതായി എത്തുന്ന നഴ്‌സുമാർ ആരംഭ ശമ്പളമായി കിട്ടുന്ന 28,000 പൗണ്ടിൽ നിന്നും ഉയർന്ന പോസ്റ്റ് ആയ ബാൻഡ് സെവനിലെ 43,000 പൗണ്ടിലേക്ക് എത്തുന്നത് അതിവേഗതയിലാണ്. എല്ലാവർക്കും ഈ സൗഭാഗ്യം കിട്ടില്ലെങ്കിലും അവസരം മുതലാക്കുന്ന മിടുക്കർ അനേകമാണ് ഇപ്പോൾ എത്തുന്ന ചെറുപ്പക്കാർക്കിടയിൽ എന്നതാണ് എൻഎച്ച്എസ് ഡാറ്റാ ബാങ്ക് നൽകുന്ന വിവരണം.

മലയാളി ചെറുപ്പക്കാർക്ക് ലഭിച്ച സൗഭാഗ്യങ്ങൾ ഒക്കെ പൊടുന്നനെ ഇല്ലാതാവുകയാണോ?

എന്നാൽ ഈ സൗഭാഗ്യങ്ങൾ ഒക്കെ പൊടുന്നനെ ഇല്ലാതാവുകയാണോ? യുകെയടക്കമുള്ള വിദേശ മോഹം മനസ്സിൽ കണ്ടു നഴ്‌സിങ് പഠിക്കാൻ പോയ മലയാളി കൗമാരക്കാർക്ക് മുൻപിൽ ബ്രിട്ടൻ വാതിൽ അടയ്ക്കാൻ തയ്യാറാവുകയാണോ? ഇക്കഴിഞ്ഞ ബജറ്റിൽ പുതുതായി 150 നേഴ്‌സിങ് കോളേജുകൾ തുടങ്ങാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചതും അനേകം ചെറുപ്പക്കാരെ നക്കാപ്പിച്ച ശമ്പളത്തിൽ ജോലി ചെയ്യിക്കാൻ വേണ്ടിയുള്ള ശ്രമമായി മാറുമോ? ഈ ചോദ്യങ്ങൾ ഒക്കെ ഉയരാൻ കാരണം കഴിഞ്ഞ ദിവസം ബ്രിട്ടനിലെ ചീഫ് നഴ്‌സിങ് ഓഫിസർ ആയ റൂത്ത് മേ നടത്തിയ പ്രസ്താവനയാണ്.

സർക്കാർ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സമയത്തു തന്നെ വിദേശ നഴ്‌സുമാരുടെ വരവ് കുറയ്ക്കണം എന്ന റൂത്തിന്റെ പരസ്യ പ്രസ്താവനയിൽ പല സംശയങ്ങളും ഉയരുകയാണ്. വാസ്തവത്തിൽ സർക്കാരിന് വേണ്ടി തന്നെയാണോ റൂത് പ്രസ്താവന നടത്തിയത് എന്ന സംശയമാണ് ഇപ്പോൾ പ്രധാനമായും ഉയരുന്നത്. ഇന്ത്യയും ബ്രിട്ടനും തമ്മിൽ വ്യാപാര കരാറുകൾ ഒപ്പിടുമ്പോൾ ചെറുപ്പക്കാർക്ക് ഇരു രാജ്യങ്ങളിലും ആവശ്യത്തിന് തൊഴിൽ ചെയ്യാൻ വിസ അനുവദിക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. എന്നാൽ ഓരോ വർഷവും പതിനായിരക്കണക്കിന് നഴ്‌സുമാർ ഇന്ത്യയിൽ നിന്നും എത്തുന്നത് ബ്രിട്ടൻ തടഞ്ഞാൽ അത് വലിയ പ്രത്യാഘാതം തന്നെയാകും എന്നുറപ്പ്.

കണക്കിൽ വലിയ അക്കങ്ങളിൽ ആണ് നഴ്‌സുമാരുടെ ഒഴിവെങ്കിലും യുകെയിലെ ആശുപത്രികളിൽ ഇപ്പോൾ അത്ര വലിയ ഒഴിവുകൾ ഇല്ലെന്നാണ് റിക്രൂട്ടിങ് ചുമതലയുള്ള മുതിർന്ന നഴ്‌സുമാർ സാക്ഷ്യപ്പെടുത്തുന്നത്. യുകെയിലെ ഓരോ ആശുപത്രിയിലേക്കും നൂറുകണക്കിന് മലയാളി നഴ്‌സുമാർ ഓരോ മാസവും എത്തിക്കൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോൾ മാസത്തിൽ രണ്ടോ മൂന്നോ പേര് മാത്രമാണ് എത്തുന്നത്.

ഇക്കാര്യം താൽക്കാലിക നിരോധനം എത്തുകയാണ് എന്ന തലക്കെട്ടോടെ ഒരു മാസം മുൻപ് ബ്രിട്ടീഷ് മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ആ വാർത്തയാണ് ചീഫ് നഴ്‌സിങ് ഓഫിസറുടെ വാക്കുകളിലൂടെ സ്ഥിരീകരിക്കപ്പെടുന്നത്. ഇപ്പോഴും 40,000 ലേറെ ഒഴിവുകൾ നികത്തപ്പെടാൻ ഉണ്ടെന്നു കണക്കുകൾ പറയുമ്പോഴും പ്രായോഗിക തലത്തിൽ അത്രയും ഒഴിവുകൾ ഇല്ലെന്നതിന്റെ സൂചനയാണ് നഴ്‌സിങ് ഓഫിസർ നൽകുന്നതും.

സ്വപ്നങ്ങൾക്ക് വിലക്ക് വീഴാൻ ഒന്നിലേറെ കാരണമുണ്ട്

വന്ന വഴി മറന്നാണ് ഇപ്പോൾ എത്തുന്ന ചെറുപ്പക്കാർ യുകെയിൽ നഴ്‌സിങ് ജോലി ചെയ്യുന്നത് എന്ന പരാതിയും ഇപ്പോൾ സ്ഥിരീകരിക്കപ്പെടുകയാണ്. ഒരു രൂപ പോലും യുകെയിൽ എത്താൻ മുടക്കാതെ മുഴുവൻ ചിലവും എൻഎച്ച്എസ് ഏറ്റെടുത്തു കൊണ്ട് വന്ന പുതു തലമുറ നഴ്‌സുമാരുടെ പ്രൊഡക്ടിവിറ്റി ലെവൽ താഴേക്ക് വീഴുകയാണ് എന്ന റിപ്പോർട്ടുകളാണ് പരാതികളുടെ രൂപത്തിൽ ട്രസ്റ്റ് സിഇഒയുടെ മേശപ്പുറത്ത് എത്തുന്നത്. പണ്ട് എത്തിയ നഴ്‌സുമാർ പാഷനോട് കൂടി ചെയ്ത നഴ്‌സിങ് ജോലിയുടെ റിസൾട്ട് ആണ് പുതു തലമുറ മലയാളി നഴ്‌സുമാർക്ക് യുകെയിലേക്കുള്ള വഴി തുറന്നിട്ടത്.

ആ വഴി അടുത്തിടെയായി ഉത്തരേന്ത്യൻ നഴ്‌സുമാർ, ഫിലിപ്പിനോ നഴ്‌സുമാർ, ആഫ്രിക്കൻ നഴ്‌സുമാർ എന്നിവരെ തേടി എത്തുക ആയിരുന്നു. കേരളത്തിൽ നിന്നുള്ള നഴ്‌സിങ് അപേക്ഷകൾ പഠിച്ചിറങ്ങി ഒരു മാസം പോലും ജോലി പരിചയം ഇല്ലാത്തവരുടേത് ആകുമ്പോൾ ഇപ്പോൾ എൻഎച്ച്എസ് തേടുന്നത് ചുരുങ്ങിയത് രണ്ടു വർഷം എങ്കിലും തൊഴിൽ പരിചയം ഉളവരെയാണ്. ഈ സാധ്യതയിലും അനേകായിരം മലയാളി നഴ്‌സുമാരുടെ സ്വപ്നങ്ങൾക്ക് വിലക്ക് വീഴുകയാണ്.

ഇപ്പോൾ നടത്തുന്നത് പോലെ വലിയ തോതിൽ വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനാകില്ല എന്നാണ് റൂത് മേ പറയുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഏകദേശം 20,000 വിദേശ നഴ്സുമാരെയാണ് എൻഎച്ച്എസ് യുകെയിലേക്ക് എത്തിച്ചത്. തിങ്കളാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ചീഫ് നഴ്‌സിങ് ഓഫീസർ തന്റെ ആശങ്ക പങ്കുവച്ചത്. നിലവിൽ പത്തു ശതമാനം ഒഴിവുകൾ മാത്രമാണ് ബ്രിട്ടനിൽ ഉള്ളവരിൽ നിന്നും നികത്തപ്പെടുന്നതും എന്നും റൂത് മേ സൂചിപ്പിച്ചു. തൊഴിൽ രംഗത്ത് ജീവനക്കാരുടെ എത്‌നിക് ബാലൻസ് സൂക്ഷിക്കാനും തദ്ദേശീയമായി കൂടുതൽ പേരെ കണ്ടുപിടിക്കാൻ ഉള്ള തീരുമാനത്തിന് പ്രധാന കാരണമാണ്.

മാത്രമല്ല ഏതു വിധത്തിലും കുടിയേറ്റ കണക്ക് കുറയ്ക്കാൻ ശ്രമിക്കുന്ന സർക്കാറിനും ഈ നീക്കം തുണയായി മാറും. പ്രതിവർഷം അയ്യായിരം മുതൽ ആറായിരം വരെ വിദേശ നഴ്‌സുമാരെ യുകെയിൽ എത്തിക്കും എന്ന കൺസർവേറ്റീവ് സർക്കാരിന്റെ പ്രതിജ്ഞയാണ് ഇപ്പോൾ 20,000 എന്ന ഭീമൻ അക്കത്തിലേക്ക് എത്തിയിരിക്കുന്നത്. എന്നാൽ വിദേശ റിക്രൂട്മെന്റ് പൂർണമായും നിർത്തില്ല എന്ന വാക്ക് നൽകാനും റൂത് മേ തയ്യാറായി എന്നത് മുഴുവൻ പ്രതീക്ഷയും നഷ്ടപ്പെടുത്തേണ്ട എന്ന സൂചനയാണ് പങ്കു വയ്ക്കുന്നത്.

എന്നാൽ ഈ വർഷത്തെയും യൂണിവേഴ്‌സിറ്റി പ്രവേശന കണക്കുകൾ പുറത്തു വരുമ്പോൾ നഴ്‌സിങ് പഠിക്കാൻ ആഗ്രഹിച്ചവരുടെ എണ്ണം വീണ്ടും താഴേക്ക് വീണത് റൂത് മേ പറയുന്ന വാക്കുകളായി പൊരുത്തപ്പെടുന്നുമില്ല. മൂന്നു വർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ എട്ടു ശതമാനം കുറവാണു നഴ്‌സിങ് പഠിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം. ഈ വർഷം നഴ്‌സിങ് പ്രവേശനം നേടിയത് 24,680 വിദ്യാർത്ഥികൾ മാത്രമാണ്.