കാട്ടാക്കട: തലക്കോണം വിഷ്ണുവിനെ കുത്തി പരിക്കേൽപ്പിച്ചതിന് പിന്നിൽ പഴയ പക. മാസങ്ങൾക്ക് മുമ്പ് കാട്ടാക്കടയ്ക്ക് അടുത്തുള്ള കുരുതംകോട് ക്ഷേത്രവുമായി ബന്ധപ്പെട്ട ഉത്സവ തർക്ക പ്രതികാരമാണ് അമ്പലത്തിൻകാലയിൽ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ആക്രമണത്തിന് കാരണം. കുരുതംകോട് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് തലക്കോണം ജംഗ്ഷനിൽ ഗാനമേള നടന്നിരുന്നു. അന്ന് അമ്പലത്തിൻകാലയിൽ നിന്നെത്തിയവർ പ്രശ്‌നമുണ്ടാക്കി. അന്ന് വിഷ്ണുവും സംഘവും അവരെ കൈകാര്യം ചെയ്തു. അതിന്റെ പ്രതികാരമായിരുന്നു അമ്പലത്തിൻകാലയിലെ തിരിച്ചടി.

പ്ലാവൂർ ആർഎസ്എസ് മണ്ഡൽ കാര്യവാഹ് വിഷ്ണുവിനാണ് കുത്തേറ്റത്. കീഴാറൂർ കാഞ്ഞിരംവിള ക്ഷേത്ര ഘോഷയാത്രയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ അമ്പലത്തിൻകാല ക്ഷേത്രത്തിന് മുന്നിൽ വച്ചായിരുന്നു ആക്രമിച്ചത്. വിഷ്ണുവിന് നെറ്റിയിലും പുറകു വശത്തും കുത്തേറ്റിട്ടുണ്ട്. പുറകിലെ കുത്ത് ആഴത്തിലുള്ളതാണ്. കരുതംകോട് വച്ച് മർദ്ദനമേറ്റവർ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു വിഷ്ണുവിനെ. ആർ എസ് എസ് നേതാവായതിനാൽ പ്രദേശത്തെ എല്ലാ ക്ഷേത്രോത്സവത്തിനും വിഷ്ണു പോകാറുണ്ട്. ഇത് മനസ്സിലാക്കിയായിരുന്നു ആക്രമണം.

അമ്പലത്തിൻകാലയിൽ നിന്നും ഒറ്റയ്ക്കാണ് വിഷ്ണു പുറത്തേക്ക് വന്നത്. ഇതിനിടെയാണ് അക്രമികൾ പാഞ്ഞടുത്തത്. അവിടെ കിടന്നിരുന്ന ടൈൽ കഷ്ണം കൊണ്ടായിരുന്നു ആക്രമണം. ശരിരമാകെ കുത്തി വരിഞ്ഞു. നിരവധി പരിക്കുകൾ ഉണ്ടാവുകയും ചെയ്തു. അക്രമികൾക്ക് സിപിഎം ബന്ധമുണ്ടെന്നാണ് സൂചന. എങ്കിലും ആക്രമണത്തിന് പിന്നിലുള്ളത് വ്യക്തിവിരോധം മാത്രമാണ്. രാഷ്ട്രീയ സംഘർഷങ്ങൾ ഈ മേഖലയിൽ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. കരുതംകോട് മുമ്പ് സംഘർഷമുണ്ടായപ്പോൾ പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

കുരുതംകോട് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ആർ എസ് എസ് നിയന്ത്രണത്തിലുള്ള ക്ലബ്ബാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഇത് അലങ്കോലപ്പെടുത്താൻ എത്തിയവരെയാണ് അന്ന് കൈകാര്യം ചെയ്തത്. ഇവരാണ് വിഷ്ണുവിനെ ആക്രമിച്ചവർ എന്നാണ് പൊലീസും കണ്ടെത്തുന്നത്. വിഷ്ണുവിനെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആൾ ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ ആയിട്ടുണ്ട്. മറ്റൊരു പ്രതി ജിത്തു ഒളിവില്ലാണെന്ന് പൊലീസ് അറിയിച്ചു. ജിത്തുവിന്റെ സുഹൃത്ത് നെവിയും രണ്ട് പേരുമാണ് കസ്റ്റഡിയിലുള്ളത്. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമല്ലെന്നും വ്യക്തിപരമായ പകയെന്നും പൊലീസ് പറഞ്ഞു. പ്രതികൾക്ക് സിപിഎം ബന്ധമുണ്ടെന്ന് ബിജെപിയും ആർ എസ് എസും ആരോപിച്ചിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് അമ്പലത്തിൻകാലയിലെ കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടെയാണ് തലക്കോണം സ്വദേശിയായ ആർഎസ്എസ് പ്രവർത്തകൻ വിഷ്ണുവിന് കുത്തേറ്റത്. വിഷ്ണു ബൈക്കിൽ കയറുന്നതിനിടെ ചവിട്ടി വീഴ്‌ത്തിയ അഞ്ചംഗ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര കടന്നുപോയ ഉടനായിരുന്നു ആക്രമണം.

ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. അമ്പലത്തിൻകാലയിൽ ആർഎസ്എസ് പ്ലാവൂർ മണ്ഡലം കാര്യവാഹാണ് വിഷ്ണു. സ്ഥലത്ത് പൊലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

വിഷ്ണുവിനെ കാട്ടാക്കട നെയ്യാർ മെഡിസിറ്റി ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട ഡി.വൈ.എസ്‌പിയുടെ കീഴിൽ വിവിധ സ്റ്റേഷനുകളിലെ പൊലീസുകാർ സ്ഥലത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ അക്രമമാണോ എന്ന് സംശയിക്കുന്നു.