തിരുവനന്തപുരം: വിഴിഞ്ഞത്തേക്ക് തമിഴ്‌നാട്ടിൽനിന്ന് പാറയുമായി എത്തുന്ന ടിപ്പർ ലോറികൾ നിയമ ലംഘനങ്ങൾ നടത്തിയിട്ടും നടപടി സ്വീകരിക്കാൻ പൊലീസോ മോട്ടോർ വാഹന വകുപ്പ് അധികൃതരോ തയ്യാറാകാത്താതിന് പിന്നിൽ രാഷ്ട്രീയ സ്വാധീനം. തിരുവനന്തപുരത്തെ പ്രമുഖ സിപിഎം കുടുംബത്തിൽ പെട്ടവരാണ് നിലവിൽ ടിപ്പറിൽ കല്ലെത്തിക്കുന്ന കരാറുകാർ. അടുത്തകാലത്ത് അന്തരിച്ച സിപിഎം നേതാവിന്റെ അടുത്ത ബന്ധുവാണ്. ഇതിനൊപ്പം അന്തരിച്ച മറ്റൊരു നേതാവിന്റെ കുടുംബത്തിനും ഈ കല്ലുകടത്തിൽ പങ്കുണ്ട്. അതുകൊണ്ട് തന്നെ പൊലീസിന് ഒന്നും ചെയ്യാനാകുന്നില്ല.

ആരോപണം. വലിയ പാറക്കഷണങ്ങൾ ഏതുനിമിഷവും പുറത്തേക്ക് തെറിച്ചു വീഴാവുന്ന നിലയിലാണ് വർഷങ്ങളായി ടിപ്പറുകൾ അതിർത്തി കടന്ന് വരുന്നത്. അനുവദനീയമായതിലും ഇരട്ടിയിലധികം ഭാരവുമായി പായുന്ന ടിപ്പറുകൾ വഴിയാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും ഭീഷണിയാണ്. രാഷ്ട്രീയ പിൻബലമുള്ളതു കൊണ്ട് തന്നെ ആർക്കും ഒന്നും ചെയ്യാനാകുന്നില്ല. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് വേണ്ടിയുള്ള പാറയുമായി പോയ ടിപ്പറിൽ നിന്ന് കല്ല് തെറിച്ചു വീണ് ഒരു വിദ്യാർത്ഥി മരിച്ചിരുന്നു. രണ്ട് മാസം മുമ്പുണ്ടായ സമാനമായ അപകടത്തിൽ പരിക്കേറ്റ സ്ത്രീയുടെ കാൽ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. എന്നാൽ ഇവർക്കൊന്നും ആരും നഷ്ടപരിഹാരം പോലും കൊടുക്കുന്നില്ല.

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പിന്നിൽ അദാനി ഗ്രൂപ്പാണ്. പാറ എത്തിക്കാനുള്ള ചുമതലയാണ് സിപിഎം അടുപ്പമുള്ളവർ ഏറ്റെടുക്കുന്നത്. സംസ്ഥാനത്തെ പല ക്വാറികളും ഇവർക്ക് തുച്ഛമായ നിലയിൽ നൽകിയിട്ടുണ്ട്. ഇവിടെ നിന്ന് എത്തിക്കുന്ന പാറക്കല്ലുകൾക്ക് അപ്പുറത്തേക്കുള്ളവ തമിഴ്‌നാട് അതിർത്തി കടന്നെത്തും. ഇങ്ങനെ എത്തുന്ന ലോറികൾ പരമാവധി ലോഡ് അടിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമിക്കും. ഇതിന് വേണ്ടി ലോറിയിൽ അനുവദനീയമായതിന് അപ്പുറത്തേക്ക് കല്ലും കയറ്റും. ഈ കല്ലിറക്കുന്ന അദാനിക്കും നിയമ ലംഘനം അറിയാം. എന്നാൽ നടപടികളൊന്നും എടുക്കില്ല. അതുകൊണ്ട് തന്നെ അദാനിയും വിഴിഞ്ഞത്തെ ബിഡിഎസ് വിദ്യാർത്ഥിയുടെ മരണത്തിൽ ഉത്തരവാദികളാണ്.

അറിയപ്പെടുന്ന സിപിഎം കുടുംബത്തിലെ അനന്തുവാണ് കൊല്ലപ്പെട്ടത്. ആ കുടുംബം പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന ഒരു വാക്കു പോലും പറയില്ല. ഈ സാഹചര്യത്തിൽ അനന്തുവിന്റെ മരണം വലിയ പ്രതിഷേധമായി ഉയരില്ലെന്ന് അദാനിയും കണക്കു കൂട്ടുന്നു. വിഴിഞ്ഞത്ത് സാധാരണ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നവരും ഈ വിഷയത്തോട് കടുത്ത നിലപാട് എടുക്കുന്നില്ല. അതുകൊണ്ട് തന്നെ പദ്ധതി പ്രദേശത്തിന് പുറത്തെ അപകടത്തിൽ അനന്തുവിന്റെ കുടുംബത്തിന് അദാനിയുടെ കമ്പനി ഒന്നും നൽകില്ലെന്നാണ് സൂചന. സർക്കാർ ഇതിനായുള്ള സമ്മർദ്ദം തുടരുന്നുണ്ട്.

വിഴിഞ്ഞത്തു മാത്രമല്ല ഈ ടിപ്പറുകൾ അപകടമുണ്ടാക്കുന്നത്. കഴിഞ്ഞദിവസം പുലർച്ചെ നാലിന് പാറ ഇറക്കിയശേഷം തമിഴ്‌നാട്ടിലേക്ക് അമിത വേഗത്തിൽ പോയ ടിപ്പർ ലോറി ഗുഡ്സ് ഓട്ടോ ഇടിച്ചു തെറിപ്പിച്ചിരുന്നു. കളിയിക്കാവിള സ്‌കൂളിന് സമീപത്തായിരുന്നു അപകടം. ഗുഡ്സ് ഓട്ടോ ഡ്രൈവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. തൊട്ടുപിന്നാലെ എത്തിയ മറ്റൊരു ടിപ്പർലോറി നിയന്ത്രണംവിട്ട് ഒറ്റാമരത്തുള്ള വീടിന്റെ മതിൽ തകർത്ത് ഇടിച്ചുകയറിയ സംഭവവും ഉണ്ടായി.

അനന്തുവിന്റെ ജീവനെടുത്തത് 25ഓളം തവണ പെറ്റിക്കേസെടുത്ത് പിഴ ഈടാക്കിയിട്ടുള്ള ടിപ്പർ ലോറിയെന്ന് റിപ്പോർട്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹൻ വെബ്സൈറ്റിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി 23നും അമിതഭാരത്തിന് 250 രൂപ ടിപ്പറിന് പിഴ ചുമത്തിയിട്ടുണ്ട്.ശബ്ദ മലിനീകരണത്തിനും മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലാതെയുമുള്ള ഓട്ടത്തിന് കഴിഞ്ഞ 14ന് കാട്ടാക്കട സബ് ആർടിഒ 2000 രൂപ പിഴ ചുമത്തിയിരുന്നു. പിഴ അടച്ചാലും കൂടുതൽ ലോഡ് എത്തിച്ചു ലാഭം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പല ടിപ്പറുകളും മരണപ്പാച്ചിൽ നടത്തുന്നത്. അനന്തുവിന്റെ മരണകാരണം ലോറിയുടെ അമിതവേഗവും മോശം റോഡും ആണെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ കണ്ടെത്തൽ.

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള കരിങ്കൽ ലോഡുമായി പോവുകയായിരുന്ന ടിപ്പറിൽ നിന്ന് കരിങ്കൽ ദേഹത്തേക്ക് വീണാണ് ബൈക്ക് യാത്രികനായ അനന്തു മരിച്ചത്. ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു. അപകടം ഉണ്ടായത് തുറമുഖ പദ്ധതി പ്രദേശത്തിന് പുറത്തായതിനാൽ തങ്ങൾക്ക് ഉത്തരവാദിത്തം ഇല്ലെന്ന നിലപാടിലാണ് അദാനി ഗ്രൂപ്പ്. അതേസമയം, നിയന്ത്രണമുള്ള സമയത്ത് ടിപ്പർ ഓടുന്നത് തടയാറുണ്ടെന്ന പൊലീസ് വാദം ശരിയല്ലെന്നാണ് നാട്ടുകാരുടെ വാദം. ഒന്നും നടക്കാറില്ല. അപകടശേഷം ടിപ്പർ കസ്റ്റഡിയിൽ എടുക്കുന്നതിൽ പൊലീസിന് വീഴ്ച ഉണ്ടായെന്നും നാട്ടുകാർ ആരോപിക്കുന്നു.

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ടിപ്പറുകൾ മൂലം അപകടങ്ങൾ തുടർക്കഥകൾ ആയതോടെയാണ് സ്‌കൂൾ, കോളേജ് സമയങ്ങളിൽ ഈ മേഖലകളിൽ ടിപ്പർ ഓടുന്നത് ജില്ലാ ഭരണകൂടം കർശനമായി നിരോധിച്ചത്. രാവിലെ എട്ടുമുതൽ പത്ത് വരെയും വൈകിട്ട് മൂന്നുമുതൽ അഞ്ചുവരെയുമാണ് നിരോധനം. എന്നാൽ, ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ല.