ലണ്ടൻ: പിതാവിന്റെ മരണ വിവരമറിഞ്ഞു സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കുടുംബം, സഹോദര കുടുംബത്തിലെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിച്ചേരേണ്ടവർ, ശബരിമല യാത്രക്ക് വീട്ടുകാരും മറ്റു സ്വാമിമാരും ഒരുക്കങ്ങൾ നടത്തി കാത്തിരിക്കുന്നവർ, യുകെ മലയാളി കുടുംബം നാട്ടിൽ നടത്തുന്ന വിവാഹത്തിൽ പങ്കെടുക്കാൻ യാത്രയായ സുഹൃത്തുക്കൾ, അത്യാവശ്യ കോടതി കാര്യങ്ങളിൽ തിങ്കളാഴ്ച തന്നെ ഹാജരാകേണ്ട സാഹചര്യം ഉള്ളയാൾ, ഇത്തരത്തിൽ ഓരോ യാത്രക്കാരെയും സംബന്ധിച്ച് അത്യാവശ്യങ്ങളുടെ നീണ്ട പട്ടിക തന്നെ ആയിരുന്നു പറക്കുന്നതിന് അൽപം മുൻപ് മാത്രം റദ്ദാക്കി എന്നറിയിച്ച എയർ ഇന്ത്യ ഗാട്വിക് - കൊച്ചി വിമാനത്തിലെ യാത്രക്കാരുടേത്.

ഇതിൽ ആരുടേതാണ് അത്യാവശ്യം എന്ന് തിരക്കുന്നതിൽ ഒരു കാര്യവുമില്ല, കാരണം ആയിരം പൗണ്ടിലേറെ മുടക്കി വേഗത്തിൽ നാട്ടിൽ എത്താൻ വേണ്ടിയാണു ഓരോ യാത്രക്കാരും നേരിട്ടുള്ള ഈ വിമാനത്തിൽ ടിക്കറ്റ് എടുക്കുന്നത്. എന്നാൽ യന്ത്ര തകരാർ എന്നത് ലോകത്തെ ഏതു വിമാനക്കമ്പനിയും നേരിടുന്ന സാധാരണ കാര്യമാണ് എങ്കിലും അത് യാത്രക്കാരെ കൃത്യസമയത്തിനു ബോധപൂർവം അറിയിക്കാതിരിക്കുക എന്ന അസാധാരണത്വം പ്രകടിപ്പിക്കുന്ന ലോകത്തെ അപൂർവ വിമാനക്കമ്പനി ആയി മാറിയിരിക്കുകയാണ് എയർ ഇന്ത്യ.

വെള്ളിയാഴ്ച വൈകിട്ട് എട്ടരയ്ക്ക് പുറപ്പെടേണ്ട വിമാനത്തിനായി മണിക്കൂറുകൾ യാത്ര ചെയ്ത് അഞ്ചു മണിക്ക് മുൻപായി തന്നെ എയർപോർട്ടിൽ എത്തിയ മുഴുവൻ യാത്രക്കാരും ചെക് ഇൻ കൗണ്ടർ തുറക്കുന്നത് കാത്തിരിക്കവെയാണ് യാത്ര സമയത്തിന് വെറും രണ്ടു മണിക്കൂർ മുൻപേ ഗാട്വിക് എയർപോർട്ട് ഉദ്യോഗസ്ഥർ എയർ ഇന്ത്യ ഇന്ന് പറക്കുന്നില്ല എന്നറിയിച്ചത്. കൂടുതൽ വിവരങ്ങൾ തങ്ങൾക്ക് അറിയില്ലെന്നും നിങ്ങൾ വിമാനക്കമ്പനിയോട് നേരിട്ട് തിരക്കു എന്നുമാണ് എയർപോർട്ട് ഉദ്യോഗസ്ഥർ അറിയിച്ചത്.

ഇതോടെ ആവശ്യങ്ങളുടെ നീണ്ട പട്ടികയുമായി യാത്രയ്ക്ക് എത്തിയ ഓരോ യാത്രക്കാരും ചകിത മനസോടെ നാലുപാടും വിളികളായി. ഈ ഘട്ടത്തിൽ ഒരിക്കൽ പോലും ഒരു എയർ ഇന്ത്യ ഉദ്യോഗസ്ഥർ പോലും ആ പരിസരത്തു പോലും എത്തി നോക്കാൻ തയ്യാറായില്ല എന്നാണ് വിമാനക്കമ്പനിയുടെ അപ്രതീക്ഷിത ചതിക്ക് ഇരയായ യാത്രക്കാർ പറയുന്നത്.

വാസ്തവത്തിൽ സംഭവിച്ചതെന്ത്

ഉച്ചക്ക് മൂന്നു മണിക്ക് പഞ്ചാബിലെ അമൃത്സറിൽ നിന്നും പുറപ്പെട്ട് വൈകിട്ട് ആറുമണിയോടെ എത്തുന്ന വിമാനമാണ് രാത്രി എട്ടരയ്ക്ക് കൊച്ചി യാത്രക്ക് ഉപയോഗിക്കുന്നത് എന്നതിനാൽ അമൃത്സറിൽ നിന്നുള്ള വിമാനം വരാതായതോടെ ആ വിവരം ഏറ്റവും കുറഞ്ഞത് പത്തു മണിക്കൂർ മുൻപെങ്കിലും എയർ ഇന്ത്യ ജീവനക്കാർ അറിയേണ്ടതാണ്. കാരണം അമൃത്സറിൽ നിന്നും ഗാട്വികിലേക്കുള്ള കുറഞ്ഞ യാത്ര ദൂരം പത്തു മണിക്കൂർ ആണെന്നതിനാൽ തീർച്ചയായും ഈ സമയപരിധിയിൽ മറ്റൊരു വിമാനം സ്റ്റാൻഡ് ബൈ ആയി ഗാട്വികിൽ എത്തില്ല എന്നറിയാവുന്ന ഉദ്യോഗസ്ഥർ ഇമെയിൽ മുഖേനെ യാത്രക്കാരെ വിവരം അറിയിക്കാതെ ധിക്കാരം കാട്ടിയതാണ് എയർ ഇന്ത്യക്കെതിരെ പ്രതിഷേധം ഓൺലൈനിൽ വരെ എത്തിക്കാൻ യാത്രക്കാരെ പ്രേരിപ്പിച്ചത്. ഒരു ഘട്ടത്തിൽ എയർപോർട്ടിൽ സമചിത്തത നഷ്ടമായ യാത്രക്കാർ പ്രതിഷേധത്തിന് ഒരുങ്ങിയെങ്കിലും എയർ ഇന്ത്യയുടെ ഒരു പ്രതിനിധി പോലും അവിടെ ഇല്ലെന്നു മനസിലാക്കിയാണ് ഒടുവിൽ ആ ഉദ്യമത്തിൽ നിന്നും പിന്മാറിയത്.

അമൃത്സറിൽ നിന്നുള്ള വിമാനം ഇല്ലാതായ വിവരം അറിഞ്ഞിട്ടും ലണ്ടൻ എയർ ഇന്ത്യ ഓഫിസിലെ ഉദ്യോഗസ്ഥർ എന്തുകൊണ്ടാണ് അനങ്ങാപ്പാറ നയം സ്വീകരിച്ചത്. ഇക്കാര്യമറിയാൻ ഇന്നലെ ബ്രിട്ടീഷ് മലയാളി മറ്റു സോഴ്സുകൾ മുഖേന എയർ ഇന്ത്യ ലണ്ടൻ സെയ്ൽസ് ഓഫിസ് ചുമതലയുള്ള ഇന്ത്യക്കാരായ ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോൾ പതിവുള്ള സ്റ്റീരിയോടൈപ് മറുപടി തന്നെയാണ് ലഭിച്ചത്.

ഓപ്രെഷണൽ റീസൺസ് എന്നാണ് തങ്ങൾക്ക് മാധ്യമങ്ങളോട് അടക്കം നൽകാൻ ഉള്ള മറുപടി എന്നും അവർ തുടർന്നു. ബാക്കി കാര്യങ്ങളൊക്കെ ഹെഡ് ഓഫിസ് ആണ് തീരുമാനിക്കേണ്ടത് എന്ന് ലണ്ടൻ ജീവനക്കാർ പറയുന്നു. പക്ഷെ അമൃത്സർ വിമാനം ഇല്ലാതാകുന്നു എന്നറിഞ്ഞിട്ടും അക്കാര്യം സമയം വൈകാതെ അറിയിക്കുന്നതിൽ പരാജയമായതു ലണ്ടൻ ഓഫിസിലെ ജീവനക്കാരാണ് എന്ന ആക്ഷേപത്തിന് മൗനമാണ് മറുപടിയായി ലഭിക്കുന്നത്.

ഗാട്വികിൽ നിന്നും വിദൂര നാടുകളായ നോർത്താംപ്ടൺ, ഗ്ലോസ്റ്റർ, ന്യുകാസിൽ, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ നിന്നൊക്കെ നാലും അഞ്ചും മണിക്കൂർ യാത്ര ചെയ്തു വൈകുന്നേരം അഞ്ചു മണിക്ക് മുൻപ് എയർപോർട്ടിൽ എത്തിയവരാണ് ഭൂരിഭാഗം യാത്രക്കാരും. പലരും സ്‌കൂൾ അവസാന പ്രവർത്തി ദിവസം ആയതിനാൽ മക്കളെ ഉച്ചക്ക് പോയി വിളിച്ചു വരുത്തി നേരെ എയർ പോർട്ടിലേക്ക് യാത്ര ചെയ്യുക ആയിരുന്നു.

വിമാനം ഇല്ലാതായ വിവരം ഈ സമയത്ത് എങ്കിലും അറിയിച്ചിരുന്നെങ്കിൽ ഓരോ കുടുംബത്തിന്റെയും ദുരിതം അത്രയെങ്കിലും കുറയ്ക്കാമായിരുന്നു എന്ന പരിദേവനം പോലും ഗോസായി രീതി വിടാത്ത എയർ ഇന്ത്യ ജീവനക്കാർ ഉപേക്ഷിക്കുന്നില്ല എന്ന് ടിക്കറ്റ് വിറ്റ സ്വകാര്യ ഏജൻസികളും വ്യക്തമാകുന്നു. യാത്രക്കാരാകട്ടെ എയർ ഇന്ത്യ ജീവനക്കാരെ കയ്യിൽ കിട്ടാതെ വന്നതോടെ ഏജൻസിക്കാരെയാണ് പരാതിയും പരിഭവവും അറിയിക്കുന്നത്.

ഉച്ചക്ക് എങ്കിലും ഇമെയിൽ ചെയ്തിരുന്നെങ്കിൽ ഒരാൾക്ക് പോലും എയർപോർട്ടിൽ എത്താതെ ബദൽ യാത്ര തരപ്പെടുത്താമായിരുന്നു. വിമാനം വൈകിയത് അറിയിക്കാതെ എയർ ഇന്ത്യ കാണിച്ച തെമ്മാടിത്തരം അഭിഭാഷകൻ കൂടിയായ ലോക് കേരള സഭാംഗം നോർത്താംപ്ടൺ മലയാളി ദിലീപ് കുമാറാണ് ആദ്യമായി ബ്രിട്ടീഷ് മലയാളിയെ അറിയിക്കുന്നത്. തുടർന്ന് പരിഭ്രാന്തരായ യാത്രകകർ തലങ്ങും വിലങ്ങും എന്ത് ചെയ്യണം എന്ന സഹായം തേടുക ആയിരുന്നു. മരണാന്തര ചടങ്ങിൽ പോലും പങ്കെടുക്കേണ്ട ആൾ യാത്ര മുടങ്ങിയതറിഞ്ഞു നിറകണ്ണുകളോടെ നിൽക്കുന്ന കാഴ്ച ഇതിനിടെ നൊമ്പരമുയർത്തി. ഇതോടെ നിയന്ത്രണം നഷ്ടമായ പല യാത്രക്കാരും സോഷ്യൽ മീഡിയ വഴി ലൈവായി ദൃശ്യങ്ങൾ നൽകിക്കൊണ്ടിരുന്നു.

കുട്ടികളും പ്രായമായവരും മക്കളെ കാണാൻ എത്തിയ മാതാപിതാക്കളും ഒക്കെയായി വിഷമിച്ചു നിൽക്കുന്ന കാഴ്ച ടിക്കറ്റ് വിറ്റ ഏജൻസികൾക്ക് ലഭിച്ചതോടെ അവർ യുദ്ധകാല അടിസ്ഥാനത്തിൽ ജീവനക്കാരെ മടക്കി വിളിച്ചാണ് സഹായിക്കാനുള്ള സന്നദ്ധത കാട്ടിയത്. എന്നാൽ ഈ മര്യാദയുടെ ഒരംശം പോലും എയർ ഇന്ത്യ കാണിച്ചില്ലെന്നാണ് യാത്രക്കാർ എയർപോർട്ടിൽ നിന്നും പുറത്തു വിട്ട ലൈവ് ദൃശ്യങ്ങളിൽ വ്യക്തമാക്കുന്നത്.

വീടുകളിലേക്ക് മടങ്ങേണ്ടി വന്നവരുടെ യാത്രാച്ചിലവും ഹോട്ടൽ മുറിയെടുത്തവരുടെ നഷ്ടവും ഒക്കെ ചേർത്ത് എയർ ഇന്ത്യക്ക് എതിരെ നിയമ നടപടി ആലോചിക്കുന്ന കാര്യം മടങ്ങി എത്തിയ ശേഷം ആലോചിക്കും എന്നും ദിലീപ് കുമാർ വ്യക്തമാക്കി. കാരണം ഇനിയെങ്കിലും ഇത്തരം സംഭവം ആവർത്തിച്ചാൽ കൂടുതൽ ഉത്തരവാദിത്തം എയർ ഇന്ത്യ കാണിക്കാൻ മൗനം ഭേദിക്കുകയെ വഴിയുള്ളൂ എന്നാണ് ദിലീപ് അടക്കമുള്ള യാത്രകകർ ബ്രിട്ടീഷ് മലയാളിയോട് സംസാരിച്ചപ്പോൾ സൂചിപ്പിച്ചത്.

വൈകൽ പതിവായി, റദ്ദാക്കൽ രണ്ടാം തവണ

കൊച്ചി - ഗാട്വിക് വിമാനം തുടങ്ങിയ കാലം മുതൽ നിറയെ യാത്രക്കാരുമായാണ് പറക്കുന്നത്. അതിനാൽ തുടങ്ങിയ കാലം മുതൽ എയർ ഇന്ത്യ ഈ സെക്ടർ പ്രസ്റ്റീജ് റൂട്ട് ആയാണ് കണക്കാക്കുന്നതും. പക്ഷെ സർവീസ് കാര്യക്ഷമായി നടത്തുന്നതിൽ എയർ ഇന്ത്യക്ക് ഈ പ്രസ്റ്റീജ് ഒന്നും വിഷയമല്ലെന്നും എയർ ഇന്ത്യ ഈ വിമാനത്തിന്റെ കാര്യത്തിൽ ഇന്ത്യൻ റെയിൽവേയ്ക്ക് പഠിക്കുക ആണെന്നുമാണ് സ്ഥിരം യാത്രക്കാരുടെ പരാതി. ഈ വിമാനം കൃത്യസമയത്തു ടേക്ക് ഓഫ് ചെയ്യുന്നത് അപൂർവ കാഴ്ചയാണ്. മിക്കപ്പോഴും മണിക്കൂറുകളുടെ വൈകൽ പതിവ് കാഴ്ചയും.

എന്നാൽ നാലുമണിക്കൂർ വൈകിയാൽ യാത്രക്കാർ നഷ്ടപരിഹാരം തേടും എന്നതിനാൽ പരമാവധി ആ സമയ ഘട്ടത്തിലേക്ക് എത്താതെ പറക്കാൻ നിര്ബന്ധിതമാകുകയാണ് എയർ ഇന്ത്യയുടെ രീതി. എന്നാൽ വിമാനം റദ്ദായൽ കഥ മാറും. നഷ്ടപരിഹാരം നൽകിയേ പറ്റൂ. ഈ വിമാനം ഇക്കഴിഞ്ഞ ഒക്ടോബർ 23 നു സാങ്കേതിക തകരാർ എന്ന പേരിൽ അവിചാരിതമായി റദ്ദായതാണ്. ഇപ്പോൾ മാർച്ച് 22 നും റദ്ദായിരിക്കുന്നു. ഇത് പതിവായി മാറുമോ എന്നാണ് ഇനി അറിയാനുള്ളത്.

മികച്ച ഏജൻസികൾ നടത്തിയത് ഉടൻ 'രക്ഷാപ്രവർത്തനം', ഒറ്റയാൾ ഏജൻസികൾ യാത്രക്കാരെ കൈവിട്ടതായും ആക്ഷേപം, വൻതുക നഷ്ടപരിഹാര സാധ്യത

പ്രമുഖ മലയാളി ടിക്കറ്റ് ഏജൻസികളിൽ പലതിലും പത്തോളം കുടുംബങ്ങളുടെ ടിക്കറ്റ് ബുക്കിങ്ങിന്റെ ഉത്തരവാദിത്തം ഉണ്ടായിരുന്നു. ടൂർ ഡിസൈനേഴ്‌സ്, സൗത്താൽ തുടങ്ങിയ ട്രാവൽ ഏജൻസികൾ വിമാനം ഇല്ലാതായതറിഞ്ഞു ഉറക്കമൊഴിഞ്ഞു മറ്റ് എയർലൈനുകളെ കൂടി ബന്ധപ്പെട്ടാണ് ഒട്ടേറെ യാത്രക്കാരെ ഇന്നലെ പുലർച്ചെയ്ക്കുള്ള ഖത്തർ, എമിറേറ്റ്സ് തുടങ്ങിയ വിമാനങ്ങളിൽ നാട്ടിലേക്ക് യാത്രയാക്കിയത്. അവരൊക്കെ ഇപ്പോൾ നാട്ടിൽ എത്തിക്കഴിഞ്ഞു. എന്നാൽ എയർ ഇന്ത്യയോട് നേരിട്ട് ബന്ധപ്പെടാൻ കഴിയാതെ പോയ ഒറ്റയാൾ ഏജൻസികളിൽ നിന്നും ടിക്കറ്റ് എടുത്ത യാത്രക്കാരാകട്ടെ വലഞ്ഞു പോകുക ആയിരുന്നു. ഇവരിൽ ചിലർക്കൊക്കെ അടുത്ത ബുധനാഴ്ചത്തെ നേരിട്ടുള്ള വിമാനം എത്തും വരെ കാത്തിരിക്കുകയെ നിർവാഹമുള്ളൂ.

ഇതിനർത്ഥം അവധിക്കാല യാത്രയിലെ പ്രധാനപ്പെട്ട ആറു ദിവസങ്ങൾ നഷ്ടമാകുന്നു എന്നാണ്. എന്നാൽ വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള ടിക്കറ്റ് ഏജൻസികൾ പരസ്പരം ബന്ധപ്പെട്ടും എയർ ലൈനിൽ സമ്മർദ്ദം ചെലുത്തിയും യാത്രക്കാരെ വേഗത്തിൽ നാട്ടിൽ എത്തിക്കുന്ന "രക്ഷാപ്രവർത്തനം" നടത്തിയപ്പോൾ കിട്ടുന്ന കച്ചവടത്തിൽ തൃപ്തരായി കഴിയുന്ന വിൽപനക്കാരാകട്ടെ ഇതൊന്നും തങ്ങളുടെ കുഴപ്പം അല്ലല്ലോ എന്ന മട്ടിലാണ് യാത്രക്കാരോട് പെരുമാറിയത്. മികച്ച പ്രവർത്തനം നടത്തുന്ന ഏജൻസികൾ യാത്രക്കാർ മടങ്ങി എത്തുമ്പോൾ നഷ്ടപരിഹാരം തേടിയുള്ള കാര്യങ്ങൾക്ക് ആവശ്യമായ സഹായം നൽകുമെന്നും ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കി.

ഇത്തരം യാത്രക്കാർ മറ്റു വഴികൾ ഇല്ലാതെ അർദ്ധ രാത്രിയോടെ ടാക്സി വിളിച്ചു വീടുകളിലേക്ക് തന്നെ മടങ്ങുക ആയിരുന്നു. ഇത് സൂചിപ്പിക്കുന്നത് എയർ ലൈനും ട്രാവൽ ഏജൻസിയും കൈകഴുകുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് സംഭവിക്കുന്നത് കനത്ത നഷ്ടം തന്നെയാണ് എന്ന വസ്തുതയാണ്. നിരുത്തരവാദ സമീപനത്തിന് എയർ ലൈനറായ എയർ ഇന്ത്യക്കും സഹായിക്കാൻ തയ്യാറാകാതെ കൈകഴുകി നിന്ന ട്രാവൽ ഏജൻസികൾക്കും എതിരെ നിയമ നടപടിക്ക് പോലും ഉള്ള സാധ്യതയാണ് യാത്ര മുടങ്ങിയ യാത്രക്കാർക്ക് തുറന്നു കിട്ടിയിരിക്കുന്നത്. ഇത്തരം കേസുകളിൽ വൻതുക നഷ്ടപരിഹാരം ലഭിച്ച വാർത്ത അടുത്തയിടെ ബിർമിങ്ഹാം മലയാളിയായ കോട്ടയം സ്വദേശി പങ്കുവച്ചത് പ്രവാസികൾക്കിടയിൽ വൈറൽ ആയി മാറിയിരുന്നു.