ലണ്ടൻ: ഇക്കഴിഞ്ഞ നവംബറിൽ കൊല്ലത്തു നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ വാർത്ത കേട്ട് കുലുങ്ങിയ കേരളത്തിന് മുന്നിലേക്ക് അതിനേക്കാൾ വലിയ ഞെട്ടലോടെയാണ് സംഭവത്തിനു പിന്നിൽ നഴ്സുമാർക്കുള്ള വിദേശ യോഗ്യത പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട ലോബിയുടെ കരങ്ങൾ ഉണ്ടെന്ന ആരോപണം ഉണ്ടായത്. കൊല്ലം സംഭവത്തിന് തൊട്ടു മുൻപ് പരീക്ഷ സെന്റർ നടത്തിപ്പുകാരനായ തൃശൂർ സ്വദേശിയെ തട്ടിക്കൊണ്ടു പോയി രണ്ടര കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടതായിരുന്നു കൊല്ലം സംഭവത്തെ ഇതുമായി കൂട്ടിയിണക്കാൻ കാരണമായത്. എന്നാൽ ആരോപണം അന്വേഷിക്കാൻ പോലും തയ്യാറാകാതെ പൊലീസും ആരോപണത്തെ പ്രതിരോധിക്കാൻ കുഞ്ഞിന്റെ അച്ഛനായ നഴ്‌സിങ് സംഘടനാ ഭാരവാഹി അടക്കം ഉള്ളവർ എത്തിയതോടെ ആ ആരോപണത്തിന്റെ മുനയൊടിഞ്ഞു.

എന്നാൽ അന്തരീക്ഷത്തിൽ ഏതാനും മാസങ്ങളായി ഉയർന്നു നിൽക്കുന്ന വിദേശ രാജ്യത്തേക്ക് പോകാനുള്ള യോഗ്യത പരീക്ഷ ആയ ഒഇടി തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണം യുകെയിൽ നഴ്‌സിങ് രംഗത്തെ നിയന്ത്രണ ഏജൻസിയായ എൻഎംസിയിൽ എത്തിയതോടെ തട്ടിപ്പ് നടത്തി എന്ന് സംശയിക്കുന്ന നൂറുകണക്കിന് മലയാളി നഴ്‌സുമാരോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ സംശയലേശമന്യേ ആരോപണം തെളിഞ്ഞാൽ ഒന്നുകിൽ വളഞ്ഞ വഴിയിൽ എത്തിയ മലയാളി നഴ്‌സുമാർക്ക് ജോലി നഷ്ടപ്പെടുകയും അതോടെ രാജ്യം വിടുകയും വേണ്ടി വരും.

എന്നാൽ ഇതിനകം യുകെയിൽ എത്തിയ നഴ്‌സുമാരോട് സഹതാപപൂർണമായ സമീപനമാണ് എൻഎംസി സ്വീകരിക്കുക എങ്കിൽ ഒരിക്കൽ കൂടി ഒഇടി പരീക്ഷ എഴുതാൻ അനുവാദം നൽകുകയും യോഗ്യത നേടിയെടുത്താൽ യുകെയിൽ തുടരാൻ അനുവാദം നൽകുകയും ചെയ്തേക്കാം എന്നും സൂചനയുണ്ട്.

വളഞ്ഞ വഴി തേടിയവർ നൈജീരിയക്കാർ മാത്രമല്ല മലയാളികളും

ഒഇടി പരീക്ഷക്ക് ചോദ്യ പേപ്പർ ചോരുന്നു എന്ന ആരോപണം ഉയർന്നതോടെയാണ് നൈജീരിയയിൽ നിന്നും എത്തിയ 500 ഓളം നഴ്‌സുമാർ എൻഎംസിയുടെ നിരീക്ഷണ കണ്ണിൽ ആയത്. തുടർന്നു മുഴുവൻ ആശുപത്രികൾക്കും ലഭിച്ച നിർദ്ദേശത്തെ തുടർന്ന് ഏതാനും വർഷമായി യുകെയിൽ എത്തിയ നൈജീരിയൻ നഴ്‌സുമാരുടെ യോഗ്യത പരീക്ഷയിൽ വിപുലമായ അന്വേഷണമാണ് നടത്തിയത്. പിന്നീട് ഏതാനും മാസമായി നൈജീരിയയിൽ നിന്നുള്ള നഴ്‌സുമാരുടെ യുകെ പ്രവേശനവും അവതാളത്തിൽ ആകുക ആയിരുന്നു.

ഇപ്പോൾ അനേകം മലയാളി നഴ്‌സുമാർ സമാനമായ തരത്തിൽ യോഗ്യത പരീക്ഷയിൽ കൃത്രിമം നടത്തിയാണ് യുകെയിൽ എത്തിയത് എന്ന ആരോപണം ശക്തമാകുമ്പോൾ നൈജീരിയൻ നഴ്‌സുമാർ നേരിട്ട അതേ നിയമ നടപടികൾ മലയാളി നഴ്‌സുമാരെ തേടിയും എത്തുമെന്നാണ് സൂചന. കേരളത്തിൽ നിന്നുള്ള നഴ്‌സുമാരുടെ യുകെ റിക്രൂട്മെന്റിനെ പോലും ഗൗരവമായി ബാധിക്കാൻ ഇടയാകുന്ന സാഹചര്യമാണ് രൂപമെടുക്കുന്നത് എന്നാണ് ലഭ്യമാകുന്ന സൂചന.

കുടുങ്ങിയത് 150 മലയാളി നഴ്‌സുമാർ, യഥാർത്ഥ സംഖ്യാ ഇരട്ടിയിലേറെ വരുമെന്നും

എൻഎംസിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ 150 നഴ്സുമാർക്കാണ് നിയമ നടപടി നേരിടുന്നതിന്റെ ഭാഗമായി കത്തുകൾ എത്തിയതോടെയാണ് ഈ വിവരം പുറത്തായത്. എൻഎംസി ആവശ്യപ്പെട്ട കാര്യങ്ങൾക്ക് ഉടൻ മറുപടി നൽകാൻ ആണ് ഈമെയിലിൽ ഉള്ള പ്രധാന നിർദ്ദേശം. എന്നാൽ കത്തുകൾ കിട്ടിയതോടെ പരിഭ്രാന്തരായ നഴ്‌സുമാർ തങ്ങളെ ഒഇടി പരീക്ഷ എഴുതിച്ച ഏജൻസിയെ ബന്ധപ്പെട്ടിരിക്കുകയാണ്. കോടികൾ കൈമറിഞ്ഞ ഏർപ്പാടിൽ കൈപൊള്ളാതിരിക്കാൻ ഏജൻസി തന്നെ ഇപ്പോൾ നിയമ സഹായവും ബ്രിട്ടനിൽ ഒരുക്കിയിരിക്കുകയാണ് എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

അതിനാൽ എൻഎംസി ഇമെയിലുകൾക്ക് മറുപടി നൽകേണ്ട എന്നാണ് അഭിഭാഷക സ്ഥാപനം ഇപ്പോൾ നൽകിയിരിക്കുന്ന ഉപദേശം. അതിനിടെ എൻഎംസി നിരീക്ഷണ കണ്ണിൽ 150 നഴ്സുമാരല്ല അതിന്റെ ഇരട്ടിയിൽ അധികം മലയാളി നഴ്‌സുമാർ ചണ്ഡീഗഡിലെ വിവാദ പരീക്ഷ സെന്റർ വഴി യുകെയിൽ എത്തി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

കേരളത്തിൽ പരീക്ഷ സെന്റർ ഉള്ളപ്പോൾ രണ്ടായിരം മൈൽ അകലെ പോയി പരീക്ഷ എഴുതിയത് എന്തിന്?

നൈജീരിയയിൽ ഒഇടി പരീക്ഷ ക്രമക്കേട് നടന്നപ്പോൾ എൻഎംസി കണ്ടെത്തിയ പ്രധാന ക്രമക്കേട് ഒരു പ്രത്യേക പരീക്ഷ സെന്റർ തേടി ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ എത്തുന്നു എന്നതായിരുന്നു. ഇപ്പോൾ കേരളത്തിൽ ഒഇടി പരീക്ഷ എഴുതാൻ അനേകം സെന്ററുകൾ ഉണ്ടെങ്കിലും രണ്ടായിരം മൈലോളം അകലെയുള്ള ചണ്ഡീഗഡ് വരെ എന്തിനു പോയി എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഇപ്പോൾ യുകെയിൽ ഉള്ള മലയാളി നഴ്‌സുമാർ വിഷമിക്കും.

മാത്രമല്ല പരീക്ഷ എഴുതിയ മുഴുവൻ നഴ്‌സുമാർക്കും വേണ്ടിയും പരീക്ഷ ഫീസ് ടെസ്റ്റ് സെന്റർ ഉടമയുടെ കൈവശമുള്ള ക്രെഡിറ്റ് കാർഡിൽ നിന്നും പേയ്‌മെന്റ് നടത്തിയതും കുരുക്കാകും. മറ്റു പരീക്ഷ സെന്ററുകളിൽ ഇല്ലാത്ത ഈ ഏർപ്പാട് ക്രമക്കേടിന് വേണ്ടി തരപ്പടുത്തിയ സംവിധാനത്തിന്റെ ഭാഗമായിരുന്നു എന്നും എൻഎംസി കണ്ടെത്തുമ്പോൾ അതിനു മറുവാദം ഉയർത്താൻ നഴ്‌സുമാർക്ക് കഴിഞ്ഞേക്കില്ല. ആലപ്പുഴ കേന്ദ്രീകരിച്ച് ഒഇടി ട്രെയിനിങ് നടത്തിയ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്തവരാണ് കോപ്പിയടി പരീക്ഷ എഴുതാൻ ചണ്ഡീഗഡിലേക്ക് പറന്നത് എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം.

മലയാളി നഴ്‌സുമാർ എന്നാൽ മിടുക്കരെന്ന കാഴ്ചപ്പാട് മാറി മടിയരും കോപ്പിയടിക്കാരും എന്ന ലേബൽ കിട്ടുമ്പോൾ മലയാളി നഴ്‌സുമാർ മിടുക്കരും കഠിനാധ്വാനികളും എന്ന വിലയിരുത്തലാണ് അടുത്തകാലത്തായി പതിനായിരക്കണക്കിന് ചെറുപ്പക്കാരായ മലയാളി നഴ്‌സുമാർക്ക് വേഗത്തിൽ യുകെയിലേക്കുള്ള വഴി തുറന്നത്. രണ്ടു പതിറ്റാണ്ട് മുൻപ് യുകെയിൽ എത്തിയ മലയാളി നഴ്‌സുമാർ സൃഷ്ടിച്ചെടുത്ത ബ്രാൻഡ് ഇമേജാണ് ഇപ്പോൾ തകർന്നു വീഴുന്നത്. അക്കാരണത്താൽ തന്നെ നടപടികൾ എങ്ങനെ വേണമെന്ന് ഓരോ ട്രസ്റ്റിനും തീരുമാനിക്കാം എന്നാണ് ഇപ്പോൾ എൻഎംസി നിലപാടിന്റെ കാതൽ.

എന്നാൽ പൊതുജന കാഴ്ചപ്പാടിൽ മലയാളി നഴ്‌സുമാരെ കുറിച്ച് തെറ്റായ ഇമേജ് സൃഷ്ടിക്കപ്പെട്ടാൽ ഭാവി റിക്രൂട്മെന്റിന്റെ കാര്യത്തിൽ തിരിച്ചടി ആകും എന്നുറപ്പ്. ബ്രിട്ടീഷ് മാധ്യമങ്ങളിൽ ഒഇടി പരീക്ഷ ക്രമക്കേട് വാർത്തയായി എത്തിയാൽ മിടുക്കരെന്നു വിളിച്ച ജനത തന്നെ പരീക്ഷ എഴുതാൻ മടി കാട്ടി കോപ്പിയടിച്ചു യുകെയിൽ എത്തിയവരെന്നു മലയാളിനഴ്‌സുമാരെ കളിയാക്കുകയും ചെയ്യും. വിദേശ റിക്രൂട്മെന്റിനെ എതിർക്കുന്നവർക്ക് സർക്കാരിനെ വിമർശിക്കാനും നേരിടാനും ഇതൊരു കാരണമാകുകയും ചെയ്യും.

ഇരിക്കുന്ന കൊമ്പു മുറിച്ചിട്ടത് ആർത്തി തന്നെ

യുകെ വിസ കച്ചവടത്തിന് സമാനമായ ആർത്തി തന്നെയാണ് ഒഇടി പരീക്ഷ ക്രമക്കേടിലും സംഭവിച്ചത്. കഴിഞ്ഞ മൂന്നോ നാലോ വർഷമായി നടന്നു കൊണ്ടിരിക്കുന്ന ഈ ക്രമക്കേട് അതിന്റെ മൂർദ്ധന്യത്തിൽ എത്തിയത് രണ്ടു വർഷം മുൻപാണ്. ഒരു ഉദ്യോഗാർത്ഥി കേവലം പതിനായിരം രൂപ മാത്രം നൽകുന്ന പരീക്ഷക്ക് ഒരു ഏജൻസിക്ക് ലഭിക്കുന്ന വരുമാനം ഊഹിക്കാനാകും. എന്നാൽ മാസം നാലു ലക്ഷം രൂപ വാടക നൽകി ഒരു ഒഇടി പരിശീലന സ്ഥാപനത്തിന് പരസ്യഫലകം വയ്ക്കണമെങ്കിൽ അവർക്കു ലഭിക്കുന്ന മാസ വരുമാനം എത്രയായിരിക്കും? ചാനലുകളിൽ പ്രൈം സ്ലോട്ടിൽ പരസ്യം നൽകാനും കോടികൾ വരുമാനം ഉള്ള സ്ഥാപനങ്ങൾക്ക് മാത്രമേ കഴിയൂ.

ഇവിടെയാണ് പരീക്ഷ ചോദ്യ ചോർച്ചയിൽ ഒരു ഉദ്യോഗാർത്ഥി നൽകുന്നത് 15 ലക്ഷം വരെയാണ് എന്ന വിവരം പുറത്തു വരുന്നത്. ഒരു വട്ടം പരീക്ഷ നടക്കുമ്പോൾ കേരളത്തിൽ മാത്രമായി നൂറുകണക്കിന് കോടി രൂപയാണ് കൈമറിഞ്ഞിരുന്നത്. അടുത്തകാലത്തായി ഇതിന്റെ ഒഴുക്ക് അൽപം മയപ്പെട്ടു എന്നുമാത്രം. കാരണം യുകെ അടക്കമുള്ള നാടുകളിലേക്ക് റിക്രൂട്മെന്റിന്റെ വേഗത കുറഞ്ഞതിനാൽ ഒഇടി പാസായി എന്നതുകൊണ്ട് മാത്രം വേഗത്തിൽ വിദേശത്ത് എത്താനാകില്ല. അതിനാൽ ചോദ്യ പേപ്പർ ചോർച്ചയ്ക്ക് പണം നൽകാൻ കാത്തു നിൽക്കുന്നവരുടെ എണ്ണവും ക്രമാതീതമായി ഇടിഞ്ഞിരിക്കുകയാണ്. ചോദ്യ പേപ്പർ ചോർന്നു എന്ന് ഉറപ്പാക്കുന്ന ഏജൻസി സെന്ററുകൾ അടച്ചു പൂട്ടുകയാണ് സാധാരണ ഒഇടി ചെയ്യുക. അതിനാൽ ചണ്ഡീഗഡിൽ ഉദ്യോഗാർത്ഥികളെ എത്തിച്ച കേരളത്തിലെ ഏജൻസിക്ക് എന്ത് സംഭവിക്കും എന്ന് കാത്തിരുന്ന് കാണാം.