ലണ്ടൻ: യുകെ കെയർ വിസ തട്ടിപ്പിനെ കുറിച്ച് ഇതുവരെ കേൾക്കാത്ത വിധത്തിൽ ഉള്ള വെളിപ്പെടുത്തലുമായി നിരവധി ചെറുപ്പക്കാർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നു. ഇതുവരെ പണം വാങ്ങിയ ശേഷം ജോലി സംബന്ധിച്ച അറിയിപ്പ് ലഭിച്ചില്ല എന്നതായിരുന്നു തട്ടിപ്പുകളുടെ പൊതുരീതി. എന്നാൽ കെയർ വിസയിൽ എത്തുന്നവർക്കും ആശ്രിത വിസയിൽ കുടുംബത്തെ കൊണ്ടുവരാൻ ആകില്ലെന്ന് ബ്രിട്ടനിൽ കഴിഞ്ഞ മാസം മുതൽ നിയമം വന്നതോടെ മാസങ്ങൾക്ക് മുൻപേ പണം വാങ്ങി കയ്യിൽ വച്ച ഏജന്റുമാരാണ് ഇപ്പോൾ അനേകം മലയാളി കുടുംബങ്ങളുടെ ജീവിതം ഇരുളിൽ ആക്കുന്നത്.

യുകെയിൽ എത്താനാവശ്യമായ വിസയും ജോലിക്ക് വേണ്ട സിഓഎസ് സർട്ടിഫിക്കറ്റും അടക്കം സകലതും വ്യാജമായി നിർമ്മിച്ച് തൃശൂർ സ്വദേശിയായ നിഷാന്ത് എന്നയാൾക്ക് എതിരാണ് കൂത്താട്ടുകുളം അടക്കം നിരവധി സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ കേസ് എത്തിയിക്കുന്നത്. കേസിന് ആസ്പദമായ സംഭവത്തെ കുറിച്ചുള്ള എഫ്ഐആർ റിപ്പോർട്ടും നിഷാന്ത് വ്യാജമായി നിർമ്മിച്ചുവെന്ന് പറയപ്പെടുന്ന യുകെയിലെ കെയർ ഹോമിന്റെ പേരിൽ ഉള്ള വ്യാജ സിഒഎസ് സർട്ടിഫിക്കറ്റും അടക്കമുള്ള രേഖകൾ രണ്ടാഴ്ച മുൻപേ ലഭിച്ചിരുന്നെങ്കിലും പൊലീസ് അന്വേഷണം തുടങ്ങാൻ വൈകിയതോടെയാണ് ഈ വാർത്ത പുറത്തു വരുന്നത് വൈകാൻ ഇടയായത്.

ആരാണ് ജോസ്? അങ്ങനെ ഒരാൾ ഇല്ലേ?

അനേകം ചെറുപ്പക്കാർ യുകെയിൽ എത്താൻ ശ്രമിച്ചു പരാജയപ്പെട്ട സംഭവത്തിൽ ഇപ്പോൾ അവസാന കുരുക്ക് എത്തി നിൽക്കുന്നത് യുകെ മലയാളി എന്ന് പരിചയപ്പെടുത്തുന്ന ജോസ് എന്നയാളുടെ പേരിലേക്ക് ആണ്. ഇയാൾക്ക് മുൻപ് സ്‌ട്രോക് വന്നു ശാരീരിക അവശത വന്നയാൾ ആണെന്നും പറയപ്പെടുന്നു. യുകെയിൽ എത്തിയിട്ട് അധികം കാലം ആയില്ലെന്നു ഇയാൾ തന്നെ പറയുന്ന ശബ്ദ സന്ദേശം ഏതാനും ദിവസമായി യുകെ മലയാളികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ സജീവമാണ്.

എന്നാൽ അയാളുടേത് എന്ന് പറയപ്പെടുന്ന ഫോൺ നമ്പറിൽ വിളിച്ചാൽ ആളെ കിട്ടാതാകുന്നത് ദുരൂഹത വളർത്തുകയാണ്. തന്നെ മറ്റൊരാൾ വഞ്ചിക്കുക ആയിരുന്നു എന്നാണ് ഇയാൾ പറയുന്നത്. ഇവർ ഇരുവരും പരസ്പരം ഒത്തുകളി നാടകം നടത്തുന്നത് ആയിരിക്കും എന്ന സംശയവും ഇപ്പോൾ പുറത്തു വരുന്നുണ്ട്. ഒന്നുകിൽ ഉദ്യോഗാർത്ഥികളുടെ രോഷം ശമിപ്പിക്കാൻ ഉള്ള ശ്രമമാണ് ഇയാളുടെ മുൻകൈയിൽ നടന്നു വരുന്നത് എന്നും സംശയിക്കണം.

താൻ പണവുമായി ഇങ്ങോട്ടും മുങ്ങിയതല്ലെന്നും പണം നൽകിയ 48 പേർക്കും അത് മടക്കി കിട്ടുമെന്നും ജോസ് അടിവരയിട്ടു പറയുന്നു. പക്ഷെ എങ്ങനെ എന്ന ചോദ്യം ഉയരുമ്പോൾ ഒരാഴ്ചയ്ക്കു ശേഷം മാസം രണ്ടു പേരെ വീതം എങ്കിലും രക്ഷപ്പെടുത്താം എന്ന് ആണ് ജോസ് പറയുന്നത്. എന്നാൽ മാസം രണ്ടു പേരെ വച്ച് 48 പേരെ യുകെയിൽ എത്തിക്കാൻ എത്രകാലം വേണ്ടിവരും എന്ന ചോദ്യത്തിന് വലിയ ഉത്തരം ഒന്നുമില്ല. അതിനിടെ ഏഴു മുതൽ 18 ലക്ഷം രൂപ വരെ ജോസും നിഷാന്തും കൈപറ്റിയിരിക്കാം എന്നാണ് സംശയിക്കപ്പെടുന്നത്, ഇപ്പോൾ ജോസും സന്ദീപും കാണാമറയത്ത് ആണെന്നാണ് ലഭിക്കുന്ന സന്ദേശം.

സിഒഎസും വിസയും എല്ലാം വ്യാജം, ഉദ്യോഗാർത്ഥികൾ പിടിക്കപ്പെട്ടത് ഡൽഹിയിൽ, എല്ലാവർക്കും നിരോധനം

സാധാരണ തട്ടിപ്പുകളെ അപേക്ഷിച്ചു യുകെയിലെ ഒരു കെയർ ഹോമിന്റെ അഡ്രസ് ദുരുപയോഗം ചെയ്തു വ്യാജ സിഒഎസും വ്യാജ വിസയും സംഘടിപ്പിച്ച കൂർമ്മ ബുദ്ധിയാണ് തട്ടിപ്പുകാർ പുറത്തെടുത്തത്. യുകെയിലും യൂറോപ്പിലും അമേരിക്കയിലും ഒക്കെയുള്ള കർക്കശവും പഴുതടച്ചതുമായ വിസ സമ്പ്രദായത്തെ തികച്ചും നിസാരമായി കണ്ടാണ് നിഷാന്തും കൂട്ടാളികളും ഉദ്യോഗാർത്ഥികളെ ഡൽഹി വരെ എത്തിച്ചത്.

വിസ ലഭിക്കാൻ ബയോ മെട്രിക് പരിശോധനക്ക് വിഎഫ്എസിൽ എത്തണമെങ്കിലും അതൊക്കെ ചെന്നൈയിൽ തങ്ങൾ ചെയ്യിച്ചോളാം എന്നാണ് ഉദ്യോഗാർത്ഥികളെ തട്ടിപ്പുകാർ വിശ്വസിപ്പിച്ചത്. യുകെയിലേക്കു വരാൻ ശ്രമിച്ച ഉദ്യോഗാർത്ഥികൾക്കും വിസ സമ്പ്രദായത്തെ കുറിച്ച് ഒട്ടും അവബോധം ഇല്ലെന്നും ഈ സംഭവം തെളിയിക്കുന്നു. വിസ അപേക്ഷ എന്ന പേരിൽ നൽകിയ അപേക്ഷാഫോമിൽ ഉദ്യോഗാർത്ഥിയുടെ ഇമെയിൽ നൽകാതെ ഏജന്റിന്റെ ഇമെയിൽ നൽകുക എന്ന പുത്തൻ പരീക്ഷണവും ഈ തട്ടിപ്പിൽ പ്രയോഗിക്കപ്പെട്ടു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ യുകെ യാത്ര സഫലമാകുന്നു എന്ന സ്വപ്നത്തോടെയാണ് കൂത്താട്ടുകുളം സ്വദേശി അടക്കമുള്ള അനേകമാളുകൾ കൊച്ചിയിൽ നിന്നും ആദ്യം ഹൈദരാബാദിലേക്ക് വിമാനം കയറുന്നത്. തുടർന്ന് ഇവരെ നിഷാന്ത് ഡൽഹിയിൽ എത്തിക്കുക ആയിരുന്നു. എന്നാൽ ഡൽഹിയിൽ നിന്നും ലണ്ടനിലേക്ക് പറക്കാനുള്ള ടിക്കറ്റ് ഇതിനകം തന്നെ നിഷാന്ത് റദ്ദാക്കിയിരുന്നു. ആ പണവും അയാൾ അങ്ങനെ പോക്കറ്റിലാക്കി. വ്യാജ വിസയുമായി എത്തിയ ഏഴു മലയാളികളും അവരുടെ കുടുംബ അംഗങ്ങളെയും പത്തു വർഷത്തേക്ക് യുകെ മോഹം പോലും ഉണ്ടാകരുത് എന്ന മട്ടിൽ നിരോധിച്ചിരിക്കുകയാണ്.

ഭാവിയിൽ നഴ്സ് ആയി മാറേണ്ട യുവതിയാണ് പണവും പോയി, മറ്റൊരിടത്തു ശ്രമിക്കാനുള്ള അവസരവും നഷ്ടമായി എന്നോർത്ത് വിലപിക്കുന്നത്. ഇവരുടെ ഭർത്താവും മകളും ഒക്കെ ആശ്വാസവുമായി കൂടെ ഉണ്ടെങ്കിലും വഞ്ചനയുടെ അങ്ങേയറ്റം വരെ കണ്ടുമടങ്ങിയ ഏഴു പേർക്കും ഇപ്പോൾ നിരാശയാണ് മുന്നിൽ നിറയുന്നത്. ഇവർക്കൊപ്പം മറ്റു 41 പേർ കൂടി കുടുങ്ങിയിട്ടുണ്ട് എന്നാണ് ബ്രിട്ടീഷ് മലയാളിക്ക് ലഭിക്കുന്ന രഹസ്യ സന്ദേശം. ഈ തട്ടിപ്പിൽ ഇതുവരെ കോടികൾ കൈമറിഞ്ഞതായും സംശയിക്കപ്പെടുന്നു.

ദുരുപയോഗം ചെയ്യപ്പെട്ടത് മാൽവേനിലെ അനേകം മലയാളികൾക്ക് അത്താണിയായ നഴ്‌സിങ് ഹോമിന്റെ സൽപ്പേര്

അതിനിടെ അനേകം മലയാളികൾ ജോലി ചെയ്തിട്ടുള്ള വൂസ്റ്ററിന് അടുത്ത മാൽവേനിലെ നഴ്‌സിങ് ഹോമിന്റെ പേരാണ് വ്യാജ സിഒഎസിന് വേണ്ടി ദുരുപയോഗം ചെയ്തിരിക്കുന്നത്. ഇവരുടെ കൂടി അറിവോടെയാണോ വ്യാജ സിഒഎസ് തയ്യാറായത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു. മുൻപ് ഉണ്ടായിരുന്നതിൽ നിന്നും വ്യത്യസ്തമായി പണം നൽകി ജോലി കണ്ടെത്തിയ ഇന്ത്യക്കാരുടെയും ഫിലിപ്പിനോകളുടെയും തള്ളിക്കയറ്റമാണ് ഈ നേഴ്‌സിങ് ഹോമിൽ ദൃശ്യമാകുന്നത്.

അതിനാൽ തന്നെ വിസ കച്ചവടത്തിന് ഈ നഴ്‌സിങ് ഹോമിന്റെ തണൽ ഉണ്ടോ എന്നും സംശയിക്കപ്പെടുകയാണ്. ഒന്നിലേറെ നഴ്‌സിങ് - കെയർ ഹോമുകൾ ഉള്ള ഗ്രൂപ്പിന്റെ പേരിൽ ഇപ്പോൾ ആദ്യമായാണ് ഇത്തരം ഒരു ആരോപണം ഉണ്ടാകുന്നത്. ഈ സ്ഥാപനത്തിന്റെ പേരിൽ സിഒഎസ് വ്യാജമായി നിർമ്മിക്കപ്പെട്ടതോടെ ഈ സ്ഥാപനം ഭാവിയിൽ ജോലിക്ക് ആളെ ലഭിക്കാൻ ഇന്ത്യയിൽ നിന്നും ശ്രമം നടത്തിയാലും നിരസിക്കപ്പെടാൻ സാധ്യത ഏറെയാണ്. ഇപ്പോൾ കേസിൽ കൂത്താട്ടുകുളം പൊലീസാണ് കേസ് എടുത്തിരിക്കുന്നത്.